അർച്ചനയുടെ കൈ ഒരിക്കലും പഴയതുപോലെയാകില്ലെന്ന് മകൻ; എന്താണ് സിആർപിഎസ്?

2025 ഡിസംബറിലാണ് നടിയും അവതാരകയുമായ അർച്ചന പുരൺ സിങ്ങിന് സെറ്റിൽവെച്ച് ഒരപകടമുണ്ടാവുന്നത്. അതിനുശേഷവും അവർ ഓടിനടന്ന് ജോലിചെയ്യുന്നത് കാണുമ്പോൾ തനിക്കേറെ അഭിമാനമാണ് തോന്നുന്നതെന്ന് മകൻ ആയുഷ്മാൻ തുറന്നുപറയുന്നു.
''എന്റെ അമ്മയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. അവർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വർഷമായിരുന്നു 2025. അവരുടെ കൈ ഒടിഞ്ഞു. സിആർപിഎസ് (കോംപ്ലക്‌സ് റീജിയണൽ പെയിൻ സിൻഡ്രോം) എന്ന അപൂർവ അവസ്ഥയുണ്ടായി. അതായത് ഇനിയൊരിക്കലും അവരുടെ ആ കൈ പഴയതുപോലെയാകില്ല. എന്നിട്ടും അവർ രണ്ടുമൂന്ന് സിനിമകൾക്കും വെബ്‌സീരീസിനും വേണ്ടി അഭിനയിച്ചു. 60 വയസ്സുള്ളപ്പോൾ അമ്മ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അവരുടെ എല്ലാ നേട്ടങ്ങളിലും സ്ഥിരോത്സാഹത്തിലും ഞാൻ അഭിമാനിക്കുന്നു''.
'വിക്കി വിദ്യ കാ വോ വാലാ വീഡിയോ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് അർച്ചനയുടെ കൈത്തണ്ടയ്ക്ക് ഒടിവ് സംഭവിക്കുന്നത്. അതിനുശേഷം ഉടനെ തന്നെ ആസ്പത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു.
എന്താണ് സിആർപിഎസ്?
ഒരു പരിക്ക് അല്ലെങ്കിൽ ഒടിവ് ചികിത്സിച്ച് ഭേദമായശേഷം കുറേക്കാലം കഴിഞ്ഞും കഠിനമായ വേദനയുണ്ടാകുന്നതാണിത്. പലപ്പോഴും തുടർച്ചയായി വേദനയുണ്ടാകും. അതിനൊപ്പം ആ ഭാഗത്ത് വീക്കം, നീര്, സംവേദനക്ഷമതയിൽ മാറ്റങ്ങൾ എന്നിവയുമുണ്ടാകും. ആ ഭാഗത്ത് നിറംമാറ്റവുമുണ്ടാകും. ഈ രോഗം ചിലപ്പോൾ ദൈനംദിന പ്രവർത്തനങ്ങളെ വരെ ബാധിച്ചേക്കാം. സിആർപിഎസ് ബാധിക്കുന്നവർക്ക് വസ്ത്രം ധരിക്കുക, കൈകൾകൊണ്ട് എന്തെങ്കിലും എടുക്കാൻ ശ്രമിക്കുക, എഴുതുക, കമ്പ്യൂട്ടറിൽ ടൈപ് ചെയ്യുക എന്നിവ പോലും വല്ലാതെ വേദനയുണ്ടാക്കും. എന്നാൽ, അത്തരമൊരു പരിക്കോ ഒടിവോ ഉണ്ടാകുന്ന എല്ലാവരെയും ഈ രോഗം ബാധിക്കണമെന്നുമില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Archana Puran Singh`s son shares pride in her strength after a CRPS diagnosis post-injury. Learn what CRPS is and how she continues her career