ലിമിറ്റുവെച്ച് കുടിക്കുന്നവരും ശ്രദ്ധിക്കുക; ലഹരി വിമുക്തി എളുപ്പമാവില്ല

'ഞാനൊരു ലിമിറ്റുവെച്ചേ കുടിക്കാറുള്ളൂ ഡോക്ടറേ, മുഴുക്കുടിയനാണെന്ന് വെറുതേ പറയുന്നതാ' - കൗണ്‍സിലിങ്ങിനായി വന്ന രോഗി അപ്പോഴും തന്റെഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. ഭാര്യയും മക്കളും ചേര്‍ന്ന് ഒരുവിധം കൂട്ടിക്കൊണ്ടുവന്നതാണ്. 'എത്രയും പെട്ടെന്ന് ഈ കുടിയൊന്നു നിര്‍ത്തിത്തരണം, ഇനിയും സഹിക്കാന്‍ വയ്യ'എന്നായിരുന്നു അവരുടെ അപേക്ഷ. മുഴുക്കുടിയനായ ആളെ ലഹരിവിമുക്ത ചികിത്സയ്ക്കായി കൊണ്ടുവന്നപ്പോഴുള്ള രംഗം ഡോക്ടറുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. മദ്യം മാത്രമല്ല മറ്റെല്ലാ ലഹരികളും ശരീരത്തെയും മനസ്സിനെയും കീഴടക്കുമ്പോള്‍ അവസാന ആശ്രയമാണ് ഡി-അഡിക്ഷന്‍ അഥവാ വിമുക്തി ചികിത്സ. ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ് ഇത്. രോഗിയും വേണ്ടപ്പെട്ടവരും പൂര്‍ണമനസ്സോടെ ഒരുമിച്ചുനിന്നാല്‍മാത്രം ലക്ഷ്യത്തിലെത്തുന്ന കാര്യം.
വലിച്ച് കുടിച്ച്
കൗമാരത്തിലെ പുകവലിയിലൂടെയാണ് പലരും ലഹരിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പിന്നീട് മദ്യത്തിലേക്ക് കടക്കും. കൗതുകത്തിന് കഴിക്കുന്നവരും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് കഴിക്കുന്നവരും അനുകരിക്കാനായി കഴിക്കുന്നവരുമുണ്ട്. തലേദിവസം നന്നായി മദ്യപിച്ച ഒരാള്‍ക്ക് പിറ്റേന്ന് അതിന്റെ ഹാങ്ഓവര്‍ മാറ്റണമെങ്കില്‍ ഒരു പെഗ് അടിക്കണമെന്ന അവസ്ഥയിലെത്തുന്നു. ഇതാണ് മദ്യഅടിമത്തത്തിന്റെ തുടക്കം. കഞ്ചാവോ രാസലഹരിയോ പോലുള്ളവ കൂടി പരീക്ഷിക്കുന്നതോടെ പൂര്‍ണമായി ലഹരിക്ക് അടിമയിത്തീരുന്നു.
ലഹരി പെട്ടെന്ന് നിര്‍ത്തുമ്പോള്‍
തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം രോഗിയുടെ ശരീരം മോശം അവസ്ഥയില്‍ എത്തിയിട്ടുണ്ടാകാമെന്ന് സൈക്യാട്രിസ്റ്റും ലഹരിവിമുക്തചികിത്സാ വിദഗ്ധനുമായ ഡോ.പി.എന്‍.സുരേഷ്‌കുമാര്‍ പറയുന്നു. 'പെട്ടെന്ന് ലഹരി ലഭിക്കാതെ വരുമ്പോള്‍ ശരീരം ചില വിടുതല്‍ ലക്ഷണങ്ങള്‍ കാണിക്കും. കൈകാല്‍ വിറയല്‍, ഓക്കാനം, തലവേദന, ഉറക്കക്കുറവ്, ജോലിചെയ്യാനുള്ള വൈമനസ്യം, മിഥ്യാഭ്രമം, അപസ്മാരം എന്നീ പ്രശ്‌നങ്ങള്‍ കണ്ടേക്കാം. അമിതരക്തസമ്മര്‍ദം, മായക്കാഴ്ചകള്‍, പിച്ചുംപേയും പറയുക,ഓര്‍മക്കുറവ്, വിഷാദരോഗം എന്നീ പ്രയാസങ്ങളുമുണ്ടാകാം'. വല്ലപ്പോഴും ലഹരി ഉപയോഗിച്ചിരുന്ന ആള്‍ തുടര്‍ച്ചയായി ലഹരി ഉപയോഗിച്ചുതുടങ്ങുക, കൂടുതല്‍ 'കിക്ക്' ലഭിക്കാനായി ഉയര്‍ന്ന അളവില്‍ ലഹരി ഉപയോഗിക്കുക, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നീ ലക്ഷണങ്ങള്‍ ലഹരി അടിമത്തത്തിന്റേതാകാം.
'ഞാന്‍ കടുത്ത മദ്യപാനിയൊന്നുമല്ല. എനിക്ക് നല്ല കണ്‍ട്രോളുണ്ട്. എപ്പോള്‍ വേണമെങ്കിലും കുടി നിര്‍ത്താന്‍ കഴിയും' എന്നെല്ലാം രോഗി പറയുമെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡി-അഡിക്ഷന് സമയമായി എന്ന് കണക്കാക്കാം.
മരുന്നും സാന്ത്വനവും
മരുന്നുകളുടെ ഉപയോഗവും മാനസികമായ സാന്ത്വനം നല്‍കുന്നതും ഡി-അഡിക്ഷന്‍ ചികിത്സയില്‍ പ്രധാനമാണ്. ലഹരിമൂലം ശരീരത്തിലെത്തിയ ടോക്‌സിക് വസ്തുക്കളെ പുറന്തള്ളുന്ന ചികിത്സയാണ് പ്രധാനം. ഇതിന് കുറച്ചുദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടിവന്നേക്കാം.
മാനസികതകരാറുകള്‍ മാറ്റിയെടുക്കാനും പുതിയ സാഹചര്യങ്ങളിലേക്ക് രോഗിയെ എത്തിക്കാനും കൗണ്‍സിലിങ് സഹിയിക്കും. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന ടീമായിരിക്കും ചികിത്സിക്കുക. പലപ്പോഴും മാതാപിതാക്കളുടെ ലഹരിഉപയോഗം മക്കളുടെ മാനസികനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ ഭാര്യ, മക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ള ഫാമിലി കൗണ്‍സലിങ്ങുമുണ്ടാകും.
ലഹരിഉപയോഗം മൂലമൂള്ള പെരുമാറ്റ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ബിഹേവിയര്‍ തെറാപ്പിയും തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒക്ക്യുപേഷണല്‍ തെറാപ്പിയും ചിലര്‍ക്ക് ആവശ്യമായിവരും.
കുടുംബം കൂടെവേണം
ലഹരി അടിമത്തം മൂലമുള്ള രോഗിയുടെ 'പ്രകടനങ്ങള്‍' കണ്ടുമടുത്തവരായിരിക്കും കൂടെയുള്ളവര്‍. അവര്‍ക്ക് രോഗിയോട് വെറുപ്പുണ്ടാവുക സ്വാഭാവികം. ലഹരിവിമുക്ത ചികിത്സയ്‌ക്കെത്തുന്ന രോഗികളെപ്പോലെ വീട്ടുകാര്‍ക്കും ഏറെ ക്ഷമയും മനസാന്നിധ്യവും ആവശ്യമാണ്. ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കാണ് ഇതില്‍ കാര്യമായി ചെയ്യാന്‍ കഴിയുന്നത്.
ലഹരി നിര്‍ത്താന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ അത് ലഭിക്കാനുള്ള അവസരമൊരുക്കരുത്. വീട്ടിലായാലും ഓഫീസിലായാലും സുഹൃത്തുക്കള്‍ക്കിടയിലായാലും ഇക്കാര്യം ഉറപ്പാക്കണം.
അശാസ്ത്രീയമായ ഡി-അഡിക്ഷന്‍കേന്ദ്രങ്ങളില്‍ കൊണ്ടുപോകുന്നത് ജീവനുതന്നെ ഭീഷണിയാകും. അംഗീകൃതമായ കേന്ദ്രങ്ങളില്‍തന്നെ പോകണം.
ലഹരിക്ക് അടിപ്പെട്ടയാളെ കുറ്റവാളിയായി കാണരുത്
- രോഗിക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ട് മനസ്സിലാക്കണം. ഇത്തരം പ്രയാസങ്ങള്‍ ആര്‍ക്കുവേണമെങ്കിലും വരാമെന്നും ചികിത്സയിലൂടെ പരിഹരിക്കാമെന്നുമുള്ള കാര്യം മനസ്സിലാക്കി നല്‍കണം.
- ലഹരിമൂലം ഉപേക്ഷിക്കപ്പെട്ട ഹോബികള്‍ തുടരാന്‍ പ്രേരിപ്പിക്കാം.
- രോഗിയെ അനാവശ്യമായി കുറ്റപ്പെടുത്തന്നത് ഒഴിവാക്കണം.
- പ്രയാസങ്ങളെക്കുറിച്ച് ഏറ്റവും അടുപ്പമുള്ളവരോട് സംസാരിച്ച് പോംവഴികള്‍ തേടണം.
- ചികിത്സ ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ കുറയുന്നതുകാണാം. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ഉറക്കം ക്രമമാവുകയും ചെയ്യും. ഇതെല്ലാം ഡി-അഡിക്ഷന്‍ ഫലപ്രദമായിത്തുടങ്ങി എന്നതിന്റെ ലക്ഷണങ്ങളാണ്.
ന്യൂജെന്‍ ലഹരികള്‍
പുതിയ തലമുറ എം.ഡി.എം.എ., എല്‍.എസ്.ഡി., മാജിക് മഷ്‌റൂം പോലുള്ള ലഹരികള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് ലഹരികളെപ്പോലെയല്ല ഇവ. കാരണം ഇവയുടെ ആസക്തി കുറയ്ക്കാനുള്ള മരുന്നുകള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇത്തരം ലഹരികള്‍ ലഭിക്കുന്നത് തടയുക എന്നത് മാത്രമാണ് പോംവഴി.
ചേര്‍ത്തുനിര്‍ത്താം
ലഹരി നിര്‍ത്തണമെന്ന് ചെറിയതോതിലെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാല്‍ രോഗിയെ മനസ്സുതുറന്ന് അഭിനന്ദിക്കണം. ലഹരി നിര്‍ത്താന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ അത് ലഭിക്കാനുള്ള അവസരമൊരുക്കരുതെന്ന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. പത്മകുമാര്‍ പറയുന്നു. വീട്ടിലായാലും ഓഫീസിലായാലും സുഹൃത്തുക്കള്‍ക്കിടയിലായാലും ഇക്കാര്യം ഉറപ്പാക്കണം
- നിന്നെക്കൊണ്ടൊന്നും പറ്റില്ല, നടക്കില്ല തുടങ്ങിയ വാക്കുകളിലൂടെ നിരുത്സാഹപ്പെടുത്തരുത്.
- രോഗിക്ക് ആവശ്യമായ ഉറക്കവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
- ലഹരിവിമുക്തി ചികിത്സ തേടുമ്പോള്‍ ജോലിയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നതാകും ഉചിതം.
- പ്രമേഹം, അമിത രക്തസമ്മര്‍ദം, മറ്റ് ജീവിതശൈലി രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, ചികിത്സാവേളയിലും തുടരണം.
വീട്ടില്‍ വേണ്ടാ മദ്യസദസ്സ്
സന്തോഷാവസരങ്ങളോ ദു:ഖാവസ്ഥകളോ എന്തുമാകട്ടെ, വീട്ടില്‍വെച്ച് കുടിക്കുന്നത് നാട്ടുനടപ്പായിത്തീര്‍ന്നിട്ടുണ്ട്. പലപ്പോഴും ഇത്തരം മദ്യസദസ്സുകളില്‍ കുട്ടികള്‍ കാഴ്ചക്കാരായോ സഹായികളായോ എത്താറുണ്ട്. ഇത് ചെറുപ്രായത്തില്‍തന്നെ ലഹരിയിലേക്ക് അവരെ ആകര്‍ഷിക്കും. ഇത്തരം 'ആഘോഷവേളകള്‍' പുറത്തുസംഘടിപ്പിക്കുന്നതാണ് നല്ലത്.
വീണ്ടും ലഹരിയിലേക്ക് തിരിഞ്ഞാല്‍
ഡിഅഡിക്ഷന്‍ കഴിഞ്ഞവര്‍ വീണ്ടും ലഹരിയിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ചികിത്സ കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോള്‍ ചിലപ്പോള്‍ അപായസൂചനകള്‍ കാണിച്ചേക്കാം. അലസത, ജോലിയില്‍ താത്പര്യക്കുറവ്, വിഷാദം, അനിയന്ത്രിതമായ കോപം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെയോ കൗണ്‍സിലറെയോ ബന്ധപ്പെടുന്നതാണ് ഉചിതം. പെട്ടെന്ന് ലഹരി ലഭിക്കാതെ വരുമ്പോള്‍ കൈകാല്‍ വിറയല്‍, ഓക്കാനം, ജോലിചെയ്യാനുള്ള വൈമനസ്യം, മിഥ്യാഭ്രമം, അപസ്മാരം എന്നീ പ്രശ്‌നങ്ങള്‍ കണ്ടേക്കാമെന്ന് സൈക്യാട്രിസ്റ്റായ ഡോ. പി.എന്‍. സുരേഷ് കുമാര്‍ പറയുന്നു.
Content Highlights: alcohol deaddiction treatment drinking rehabilitation