ലോകത്തിലെ വിലയേറിയ ചായ; ഒരു കിലോയ്ക്ക് കോടികൾ വില, എന്നിട്ടും ചൈന നിരോധിക്കാൻ കാരണമെന്ത്?

ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന ചായപ്പൊടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിശ്വസിക്കാൻ പ്രയാസമായി തോന്നാം. എന്നാൽ 'ഡാ ഹോങ് പാവോ' (Da Hong Pao) എന്ന ചായപ്പൊടിയെ ഏറ്റവും കൗതുകകരമാക്കി മാറ്റുന്നതും അതാണ്. ചൈനയിൽനിന്നുള്ള ഈ ചായപ്പൊടിയുടെ പ്രത്യേകത വമ്പൻ വില മാത്രമല്ല. അതിന്റെ ലഭ്യതക്കുറവും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവുമെല്ലാം ചേർന്ന് ഇതിനെ ലോകത്തിലെ ഏറ്റവും വലിയ നിധികളിലൊന്നാക്കി മാറ്റിയിരിക്കുന്നു.
പക്ഷേ, ഇതിലൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഈ ചായപ്പൊടി വാണിജ്യാടിസ്ഥാനത്തിൽ ശേഖരിക്കുന്നത് ഇപ്പോൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്. 'ഡാ ഹോങ് പാവോ' എന്ന പേരിൽ ഇപ്പോൾ എവിടെയെങ്കിലും വിൽക്കുന്നുണ്ടെങ്കിൽ, അത് വ്യാജനാണെന്ന് അർത്ഥം.
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വുയി പർവതനിരകളിലാണിത് വളർത്തുന്നത്. വുയി പർവ്വതനിരകളിലെ പാറക്കെട്ടുകൾക്കിടയിൽ, 'മദർ ട്രീസ്' എന്ന് വിളിക്കപ്പെടുന്ന, 'ഡാ ഹോങ് പാവോ' ഇനത്തിൽപ്പെട്ട ആറ് ചെടികൾ മാത്രമാണുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ പുരാതന ചെടികൾ, വിലമതിക്കാനാവാത്ത ദേശീയ സമ്പത്തായാണ് കണക്കാക്കപ്പെടുന്നത്. ആകെ ആറു ചെടികൾ മാത്രമായതിനാൽ, ഇവയിൽനിന്ന് ലഭിക്കുന്ന ചായയുടെ അളവും പരിമിതമാണ്. ഈ അപൂർവത തന്നെയാണ് ഇതിന്റെ വില നിശ്ചയിക്കുന്നതും. ഒരു കിലോഗ്രാമിന് 9 കോടിയിലധികം രൂപ വരാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലേലങ്ങളിൽ 20 ഗ്രാം ചായപ്പൊടി വിറ്റുപോയത് 1.23 ലക്ഷം രൂപയ്ക്കാണ്. ബി.ബി.സി റിപ്പോർട്ട് പ്രകാരം ഒരു ഗ്രാമിന് തന്നെ 1.2 ലക്ഷം രൂപ വരെ വില വരാം. ഈ ചെടികളിൽനിന്നെടുത്ത ഇലകളുപയോഗിച്ച് തയ്യാറാക്കുന്ന ഒരു പാത്രം ചായയ്ക്ക് ഏകദേശം 9.5 ലക്ഷം രൂപവരും.
നിരോധനം എന്തിന്?
ഭാവി തലമുറയ്ക്കായി ഇത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇലകൾ വാണിജ്യാടിസ്ഥാനത്തിൽ ശേഖരിക്കുന്നത് ചൈനീസ് സർക്കാർ നിരോധിച്ചത്. 2006-ലായിരുന്നുവത്. ഇപ്പോഴിത് ചൈനയുടെ സാംസ്കാരികപൈതൃകത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ മൂല്യം കാരണം സർക്കാർ ഏകദേശം 142 കോടിക്ക് ഈ ചെടികൾ ഇൻഷുർ ചെയ്തിട്ടുമുണ്ട്. ഇവയിൽനിന്ന് അവസാനമായി വിളവെടുത്ത ഇലകൾ, ബീജിങ്ങിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചായ തയ്യാറാക്കുന്നതിങ്ങനെ
ഉണങ്ങിയ ചായയിലകൾ മുറുക്കിക്കെട്ടിയ കയറുകളുടെ കഷണം പോലെയാണ് കാണപ്പെടുക. ഇവയ്ക്ക് പച്ചയും തവിട്ടും കലർന്ന നിറമാണുള്ളത്. ഈ ചായ തയ്യാറാക്കുന്നതും ഏറെ വ്യത്യസ്തമായാണ്. 95 മുതൽ 100 ഡിഗ്രി വരെ ചൂടുള്ള വെള്ളത്തിലിട്ട്, ചൈനീസ് ടീപ്പോട്ടിലാണിത് തയ്യാറാക്കുന്നത്. ഈ ചായയ്ക്ക് ഓറഞ്ചും മഞ്ഞയും കലർന്ന നിറമാണുണ്ടാവുക.
മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഇവ ഒരുതവണ ഉപയോഗിച്ചുകഴിഞ്ഞാലും വലിച്ചെറിയില്ല. ഇത് പലതവണ വെള്ളത്തിലിട്ട് ഉപയോഗിക്കാം. ഒമ്പതുതവണ വരെ ചായയുണ്ടാക്കാൻ പറ്റും. അപ്പോഴും രുചി നഷ്ടപ്പെടാതെ നിലനിൽക്കും.
വെള്ളം ദീർഘനേരം തിളപ്പിക്കുകയോ, തിളപ്പിച്ച ശേഷം കുറെ നേരം സൂക്ഷിച്ചുവെക്കുകയോ ചെയ്യുന്നത് രുചിയെ ബാധിക്കും. മൂന്നാമതും നാലാമതും വെള്ളമൊഴിച്ച് ചായ തയ്യാറാക്കുമ്പോഴാണ് ഈ ചായയുടെ മികച്ച രുചി പുറത്തുവരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ തവണ തിളപ്പിക്കുമ്പോഴും ഇതിന്റെ സുഗന്ധം കൂടുതൽ അനുഭവവേദ്യമാകുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Da Hong Pao is the world's most expensive tea, valued at over 9 crore rupees per kilogram., Only six original Mother Trees remain in China's Wuyi mountains, protected as a national treasure., China banned commercial harvesting of these rare plants in 2006 to preserve them for future generations