കന്നിമാസത്തിലെ മകം നാളാണ് നെല്ലിന്റെ പിറന്നാള്‍

മഞ്ഞു പുതച്ച് കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാര്‍ന്ന നെല്‍പാടങ്ങള്‍. വിതയും നാട്ടിയും കൊയ്ത്തും മെതിയുമായി സജീവമായ കൃഷിയിടങ്ങള്‍. ഞണ്ടു മാളങ്ങളിലൂടെ വെള്ളമൊഴുകുന്ന ശബ്ദമാസ്വദിച്ച് വയല്‍ വരമ്പിലെ ചെളിയില്‍ കാല്‍ പൂഴ്ത്തി നടക്കുന്ന കുട്ടികള്‍. നെല്‍കളത്തില്‍ പുലരുവോളം ഉരുളുന്ന വലിയ ഒക്കല്‍കല്ലുകള്‍. കാളകള്‍ അമറുന്നതിന്റെ മുഴക്കം. ഇതെല്ലാം തന്നെ ഒരു കാലത്ത് വയനാടന്‍ ഗ്രാമങ്ങളിലെ പതിവു കാഴ്ചകളായിരുന്നു. സ്ഥലപ്പേരില്‍ തന്നെ നെല്‍കൃഷിയുമായുള്ള ബന്ധം പതിഞ്ഞു കിടക്കുന്ന ഈ നാട്ടില്‍ നിന്ന് വയല്‍കാഴ്ചകളുടെ പച്ചപ്പ് ഇന്നും പൂര്‍ണമായി അകന്നിട്ടില്ല. കൃഷിയിറക്കുന്ന പാടങ്ങള്‍ കുറഞ്ഞു കുറഞ്ഞു വരുന്ന നൊമ്പരക്കാഴ്ചയോടൊപ്പം കൃഷി നിലച്ച പാടങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പുതുതലമുറ നടത്തുന്ന ചില ശ്രമങ്ങളും കാണാതെ പോകാനാവില്ല. ഇതിനെല്ലാമിടയില്‍ നെല്‍കൃഷിയുമായി ചേര്‍ന്നു നില്‍ക്കുന്ന ആചാരങ്ങളുടെ പാരമ്പര്യത്തനിമ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന കര്‍ഷകരുമുണ്ട്.
കാര്‍ഷിക വിഭവങ്ങള്‍ കണികണ്ടുണരുന്ന വിഷുക്കാലത്താണ് വയലില്‍ കൃഷിത്തുടിപ്പുകളുടെ ആരംഭം. വിഷുപ്പിറ്റേന്നാണ് വിത്തിടല്‍ചടങ്ങ്. നിലവിളക്ക് കത്തിച്ചു വച്ച് മുറത്തില്‍ നെല്‍വിത്തിനോടൊപ്പം പൂവും തേങ്ങയും ചന്ദനത്തിരിയും കര്‍പ്പൂരവുമൊക്കെയായി വീട്ടുകാര്‍ വയലിലെത്തുന്നു. ഒരു ഭാഗത്ത് കിളച്ച് നിലംപൂജിച്ച് വിത്തിടുന്നു. തുടര്‍ന്ന് വിഷുവാഘോഷത്തിനിടെ മാറ്റി വച്ച പടക്കം പൊട്ടിക്കുന്നതിലൂടെ വിത്തിടല്‍ചടങ്ങ് നാടറിയുന്നു. ഈ വിത്ത് മുളച്ചുണ്ടാകുന്ന ഞാറാണ് പിന്നീട് ആദ്യം നട്ടു തുടങ്ങുന്നതും .
വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ ചടങ്ങില്‍ പ്രാമുഖ്യം. ഉച്ചയ്ക്ക് സദ്യയൊരുക്കി ഗണപതിക്കു വിളമ്പുന്നതോടെ കതിരുകുളിപ്പിക്കലെന്നറിയപ്പെടുന്ന ചടങ്ങ് അവസാനിക്കുന്നു.
തുലാപ്പത്തിനാണ് കതിരുകയറ്റല്‍. മൂപ്പെത്താത്ത ഒരു പിടി നെല്‍ക്കതിര്‍ പൂജാമുറിയില്‍ വച്ചു പൂജിച്ചു പ്രാര്‍ത്ഥനയോടെ വീടിനുമ്മറത്ത് തൂക്കുന്നു. വീടിനൈശ്വര്യമായി ഏറെക്കാലം ഇതവിടെ നിലകൊള്ളുന്നു.
വൃശ്ചികക്കുളിരിലാണ് കൊയ്ത്ത്. നെല്‍കറ്റകള്‍ വയലില്‍ നിന്നും കൊണ്ടു പോകുമ്പോള്‍ അതില്‍ നിന്നൊരു ചെറിയ കെട്ട് വയലില്‍ ബാക്കി വച്ച് പരമ്പിട്ടു മൂടുന്നു. കറ്റകള്‍ കളത്തില്‍ വെതയിട്ടശേഷം വയലില്‍ മാറ്റി വച്ച ചെറിയകറ്റ കുടുംബനാഥന്‍ തലയിലേറ്റി വെതയില്‍ കൊണ്ടുവയ്ക്കുന്നു. ഈ കെട്ടിലെ നെല്‍മണികള്‍ അടര്‍ത്തിയെടുത്താണ് ഗുളികനു കൊടുക്കല്‍ എന്ന ചടങ്ങ്. ഗുളികനെന്നാല്‍ നാല്‍ക്കാലികളെപ്പോലും സംരക്ഷിക്കുന്ന ശൈവാംശമുള്ള ദൈവമെന്നു സങ്കല്പം. അടുത്തൊരു ദിവസം രാത്രി വയലില്‍ വാഴപ്പോളകൊണ്ട് സമചതുരമുണ്ടാക്കി നാലുഭാഗത്തും കോത്തിരി കത്തിച്ച് നടുക്ക് മുക്കണ്ണന്‍ കോത്തിരിവച്ച് വാഴയില കുമ്പിളുകുത്തി അതില്‍ കറുപ്പും ചുവപ്പും [കരിയും ചുണ്ണാമ്പും മഞ്ഞളും] നിറങ്ങളൊഴിച്ച് ഇലയില്‍ ഗുളികന് അരി ചൊരിയുന്നു.
പൊട്ടും പതിരും മാറ്റി വൃത്തിയാക്കിയ നെല്ല് പത്തായത്തില്‍ നിറച്ചു തുടങ്ങുന്നത് ചൊവ്വ ,വെള്ളി ദിവസങ്ങളിലാവരുതെന്ന നിഷ്ഠയുണ്ട്. സമൃദ്ധിക്കായുള്ള പ്രാര്‍ത്ഥനയോടെ കുടുംബത്തിലെ സ്ത്രീകളാണ് പത്തായത്തില്‍ ആദ്യം നെല്ലിട്ടു തുടങ്ങുക.
നെല്‍കര്‍ഷകര്‍ ഉപയോഗിച്ചു വന്ന പല പദങ്ങളും ഇന്നു സംസാരഭാഷയില്ല. ഒക്കലെന്നാല്‍ നെല്ലും പുല്ലും വേര്‍തിരിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒക്കല്‍ക്കല്ലിന്റെ സുഗമമായ ചലനത്തിന് സഹായിക്കാനായി കളത്തിനു നടുവില്‍ സ്ഥാപിക്കുന്നതാണ് മേട്ടിക്കുറ്റി. ഒക്കലിടുമ്പോള്‍ കാളകള്‍ നെല്ലു തിന്നാതിരിക്കാനായി മുഖത്ത് ഓടകൊണ്ടുണ്ടാക്കി ഇടുന്നതാണ് മീട്ടു കൊട്ട. നെല്ലിലെ പൊടിയും പതിരും മാറ്റാന്‍ സഹായിക്കുന്ന പൊലിപ്പാറ്റയും കൊങ്കനെന്ന നീളമുള്ള വീതി കുറഞ്ഞ മുറവും നെല്ല് കൂനകൂട്ടുന്ന പൊലിക്കൂട്ടിയും നെല്‍ക്കറ്റകള്‍ വൃത്താകൃതിയില്‍ കൂട്ടിയിടുന്ന വെതയും പുല്ല് മാറ്റിയിടുന്ന മരോലും മുളങ്കമ്പിന്റെ അറ്റത്ത് തുണി ചുറ്റി ഉണ്ടാക്കുന്ന കോത്തിരിയും ഇതില്‍ ചിലതു മാത്രം.
ഒരു കാലത്ത് നെല്‍കൃഷിക്കുണ്ടായിരുന്ന പ്രാധാന്യവും പവിത്രതയും ഓര്‍മ്മിപ്പിക്കുന്നു ഈ ചടങ്ങുകളുടെ ശേഷിപ്പ്. പറയപ്പെടാതെ എഴുതപ്പെടാതെ കാലക്രമേണ ഈ വയല്‍ കാഴ്ചകളും മണ്‍മറഞ്ഞു പോയേക്കാം.
Content Highlights: wayanadan farming traditional rituals in kerala