അഞ്ച് നൂറ്റാണ്ടിന്റെ പൈതൃകമുള്ള വെട്ടുകാട് പള്ളിയിലെ തിരുന്നാൾ പതിനായിരങ്ങളുടെ ആഘോഷമാണ്

വെട്ടുകാട് പള്ളി
വെട്ടുകാട് പള്ളി

ശംഖുമുഖത്തിന്റെ തീരമണലിൽ വേരുറപ്പിച്ച് നീലാകാശത്തോളം ഉയരുന്ന വെട്ടുകാട് മാദ്രേ ദേ ദേവൂസ് പള്ളി. ദൈവത്തിന്റെ അമ്മ എന്നാണ് മാതാവിന് സമർപ്പിക്കപ്പെട്ട ഈ പള്ളിയുടെ പേര്. അമ്മ എന്നാർഥം വരുന്ന മാദ്രേ എന്ന ഇറ്റാലിയൻ പദത്തിന്റെയും ദേവാലയം എന്നാർഥം വരുന്ന ദേ ദേവൂസ് എന്ന പോർച്ചുഗീസ് പദത്തിന്റെയും കലർപ്പ്. അഞ്ച് നൂറ്റാണ്ടിന്റെ പ്രൗഢ പൈതൃകം പേറുന്ന ഈ ദേവാലയത്തിൽ ഫ്രാൻസിസ് സേവ്യർ വന്നിട്ടുണ്ടെന്നാണ് വിശ്വാസം. തിരുവനന്തപുരം ലാറ്റിൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള വെട്ടുകാട് പള്ളി കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ സുപ്രധാനമാണ്.

അതിശയിപ്പിക്കുന്ന അൾത്താര

അറ്റമില്ലാത്ത കടലിലേക്കും അനന്തമായ ചക്രവാളത്തിലേക്കും മുഖം നോക്കിയാണ് പള്ളിയുടെ നിൽപ്പ്. റോഡിലൂടെ ചെന്നെത്തുന്നത് പള്ളിയുടെ പിൻവാതിലിലേക്കാണ്. പിൻവാതിലിന് ഇടതുവശത്തായി കുരിശടി. മനുഷ്യന്റെ സർവപാപങ്ങളുടെയും ഭാരം പേറി കരുണാമയനായ ദൈവപുത്രൻ പുഞ്ചിരിക്കുന്നു. പൊള്ളുന്ന വെയിലിലും ക്രിസ്തുവിനോട് സങ്കടം പറഞ്ഞു തേങ്ങുന്നവരെ ഇവിടെക്കാണാം.

ഒറ്റനോട്ടത്തിൽ റോമിലെ ഒരു ദേവാലയമെന്ന് തോന്നിപ്പിക്കും വിധമാണ് വെട്ടുകാട് പള്ളിയുടെ നിർമാണം. കൂർത്ത മിനാരങ്ങൾ, വമ്പൻ ഡോം, ചുമരുകൾ നിറയുന്ന വലിയ ജനാലകൾ, നീളൻ ഇടനാഴി... എല്ലാം പാശ്ചാത്യമാതൃകകൾ. 1899-ൽ ദേവാലയത്തിന്റെ പണി ആരംഭിച്ചപ്പോൾ തന്നെ ഗോഥിക് മാതൃകയാണ് പിന്തുടർന്നത്. രണ്ടാം ഘട്ട പണികൾ 1919-ൽ തുടർന്നപ്പോഴും ശൈലി മാറ്റിയില്ല. 1940-ൽ ഇവിടെയെത്തിച്ച വെട്ടുകാട്ടിലെ ക്രിസ്തുരാജ തിരുസ്വരൂപം റോമിൽ നിന്ന് ലഭിച്ച ചിത്രത്തിന്റെ മാതൃകയിലാണ് രൂപപ്പെടുത്തിയത്.

പള്ളിയുടെ ഉൾഭാഗം

കുത്തനെയുള്ള പടികൾ കയറിച്ചെന്നാൽ വിശാലമായ കമാനം പോലുള്ള വാതിലുകളിലൂടെ പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാം. മൂന്നുപാടുമുണ്ട് വാതിലുകളും ജനാലകളും. ഇക്കാണുന്ന രൂപത്തിലേക്ക് പള്ളി മാറിയത് ഏതാണ്ട് പത്തുവർഷത്തോളം നീണ്ട നിർമാണപ്രവർത്തനങ്ങൾക്കൊടുവിലാണ്. 2018-ലാണ് പണി പൂർത്തിയായത്.

ഇറക്കുമതി ചെയ്ത തേക്കിൻ തടി കൊണ്ടാണ് പള്ളിയുടെ ഉൾഭാഗം തീർത്തിരിക്കുന്നത്. മനോഹരമായ കൊത്തുപണികൾ. പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നുമുള്ള നിർണായക നിമിഷങ്ങൾ വർണചിത്രങ്ങളായി ഉത്തരത്തിൽ വിരിയുന്നു. കൊത്തുപണികളായിട്ടും ബൈബിൾ മുഹൂർത്തങ്ങൾ ചുമരിലുണ്ട്. ഡോമിന്റെ താഴ്ഭാഗം സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മാതൃകയിലാണ്. ചുമരിൽ വട്ടത്തിൽ ശുദ്ധീകരണത്തിന്റെ കൊത്തുപണി. അതിനു മുകളിലും ചിത്രങ്ങളുണ്ട്.

ഒറ്റ തൂൺ പോലുമില്ലാതെയാണ് പള്ളിയുടെ ഉൾഭാഗം ഒരുക്കിയതെന്നുള്ളതാണ് കൗതുകം. വിശ്വാസികൾക്ക് തടസമായി തൂണുകൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇത്രയും ഭാരമുള്ള താഴികക്കുടവും മിനാരങ്ങളും തൂണില്ലാതെ ചുമരുകളിലെ ബീമിൽ താങ്ങുംവിധമുള്ള നിർമിതി. കടൽക്കാറ്റ് കൂടി കണക്കിലെടുത്തിട്ടാണ് പണി ചെയ്തിരിക്കുന്നത്.

അൾത്താരയ്ക്ക് ഇരുവശത്തുമായി രണ്ട് എൽഇഡി സ്‌ക്രീനുകൾ. പിന്നിൽ നിൽക്കുന്ന വിശ്വാസികൾക്ക് കുർബാന സ്‌ക്രീനിൽ കാണാൻ വേണ്ടിയാണിത്. ആകെ അഞ്ച് പടുകൂറ്റൻ ഫാനുകളാണ് പള്ളിക്കുള്ളിൽ. വെളിച്ചം ചാഞ്ഞുപതിക്കുന്ന വിധത്തിലാണ് ലൈറ്റുകൾ.

അൾത്താര

800 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് പള്ളിയിലുള്ളത്. മുൻവാതിലിനോട് ചേർന്ന് 300ലധികം പേർക്ക് നിൽക്കാനാകും. ഏതാണ്ട് അത്രയും പേർക്ക് അൾത്താരയുടെ മുന്നിലും ഇരിക്കാനാകും. മാമോദീസയ്ക്കുള്ള സൗകര്യം പള്ളിയുടെ വലതുഭാഗത്ത് ഒരുക്കിയിട്ടുണ്ട്. ബാൽക്കണി സൗകര്യം ഉണ്ടെങ്കിലും ഇപ്പോൾ ആർക്കും പ്രവേശനാനുമതിയില്ല.

പള്ളിയുടെ ഇടതുഭാഗത്തായാണ് സെമിത്തേരി. 2005 വരെ പ്രിയപെട്ടവരെ മണ്ണിലടക്കുന്നതായിരുന്നു ഇവിടുത്തെ രീതി. പിന്നീടാണ് സെല്ലർ ശൈലി കൊണ്ടുവന്നത്. പുതിയ പള്ളിയുടെ നിർമാണത്തിന് കൂടുതൽ ഭൂമി കിട്ടാനായിരുന്നു ഇത്. 460 സെല്ലറുകളാണ് ഇവിടെയുള്ളത്. എണ്ണൂറിലധികം വിശ്വാസികൾ ഇവിടെ അന്തിയുറങ്ങുന്നു.

ഭൗമാന്തരക്കാഴ്ചകൾ

വിശ്വാസികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ അനുഗ്രഹമായിട്ടാണ് 2024-ൽ വെട്ടുകാട് പള്ളിയുടെ ഭൂഗർഭ അറ ഉദ്ഘാടനം ചെയ്യപ്പെട്ടത്. രണ്ട് ചാപ്പലുകളും ഒരു മ്യൂസിയവുമാണ് ഇതിനുള്ളിൽ. ഒരുവർഷം കൊണ്ടുതന്നെ നിരവധിപേരെ വെട്ടുകാടേയ്ക്ക് ആകർഷിക്കാൻ ഈ പുതിയ നിർമാണത്തിനായിട്ടുണ്ട്.

പടിയിറങ്ങി ചെല്ലുമ്പോൾ തന്നെ തണുപ്പ് പൊതിയും. തിരുവസ്ത്രങ്ങൾ, കാസകൾ, അരുളിക്ക, ധൂപക്കുറ്റി, ഓസ്തി ഉണ്ടാക്കാനുപയോഗിച്ച അച്ചുകൾ, പല ഇന്ത്യൻ ഭാഷകളിലുള്ള ബൈബിൾ എന്നിവ ചില്ലുകൂട്ടിൽ കാണാം. കാനായിലെ കല്യാണം, ചെങ്കടൽ പിളർത്തുന്ന മോസസ് എന്നീ ശില്പങ്ങൾ. പുറത്തുള്ള കുരിശടിയിൽ കാണുന്ന അതേ രൂപവും ഇവിടെയുമുണ്ട്.

പഴയ പള്ളിയുടെ ഓർമ്മകൾ നിലനിർത്താനുള്ള ശ്രമവും കാണാം. പഴയ പള്ളിയുടെ മാതൃക പ്രദർശനത്തിനുണ്ട്. പഴയ പള്ളിയിൽ നിന്നെടുത്ത മണിയും കല്ലും മ്യൂസിയത്തിന്റെ ഭാഗമാണ്.

വെട്ടുകാട് പള്ളിയുടെ വിശദമായ ചരിത്രം ചുമരിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദിവ്യാത്ഭുതങ്ങളുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത കല്ലുകൊണ്ടാണ് ചുമർ പണിതിട്ടുള്ളത്.

മുന്നൂറ് പേർക്ക് ഇരിക്കാനാകുന്ന വിധമാണ് ഒരു ഭൂഗർഭ ചാപ്പൽ നിർമിച്ചിരിക്കുന്നത്. ആദ്യ കുർബാന, മാമോദീസ തൂങ്ങിയ ചടങ്ങുകൾ ഇവിടെ നടത്താറുണ്ട്. ഇന്റിമേറ്റ് വിവാഹങ്ങളും. തിരുഹൃദയം സ്ഥാപിച്ചിട്ടുള്ള, ധ്യാനത്തിനായുള്ള മറ്റൊരു ചാപ്പലും ചേർന്നതാണ് വെട്ടുകാട് പള്ളിയുടെ ഭൗമ അറ. 

വിശ്വാസം

വിശ്വാസികൾക്ക് മെഴുകുതിരി കത്തിക്കാൻ പ്രത്യേക സൗകര്യങ്ങൾ പള്ളിയുടെ പുറത്ത് ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് അവരുടെ ആഗ്രഹത്തിനും സാമ്പത്തികസ്ഥിതിയ്ക്കും അനുസരിച്ച നേർച്ചകൾ നേരാം. എന്തെങ്കിലും ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ച് വെട്ടുകാട് പള്ളിയിൽ നിന്ന് കിട്ടുന്ന നൂൽ വാങ്ങി കയ്യിൽ കെട്ടാം. ആഗ്രഹം പൂർത്തിയായാൽ നൂൽ സ്വയം പൊട്ടിപ്പോകുമെന്നാണ് വിശ്വാസം. മറ്റുള്ളവർക്കായി നൂൽ വാങ്ങിക്കൊണ്ടുപോകാനും അനുവാദമുണ്ട്. വിശ്വാസികൾക്ക് എണ്ണ സേവിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

വെട്ടുകാട് പള്ളി

തിരുനാൾ

വെട്ടുകാട് പള്ളിയിലെ പെരുന്നാൾ ഒരു ദേശത്തിന്റെ ആഘോഷമാണ്. വിദൂരദേശത്ത് നിന്നുപോലും ആയിരക്കണക്കിന് പേർ വെട്ടുകാട് പള്ളിയിൽ പെരുന്നാൾ കൂടാനെത്താറുണ്ട്. പത്തുദിവസം നീളുന്ന ആഘോഷപരിപാടികളോടെയാണ് ക്രിസ്തുരാജാവിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. വിശുദ്ധ കുർബാന, സമൂഹ ദിവ്യബലി തുടങ്ങിയ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിക്കുന്ന പെരുന്നാൾ ക്രിസ്തുരൂപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയോടെ സമാപിക്കുന്നു. പെരുന്നാൾ നാളുകളിൽ മാത്രമാണ് പള്ളിയിലെ അന്നദാനം നിർത്തിവെക്കുന്നത്. സാധാരണ എല്ലാ വെള്ളിയാഴ്ചകളിലും പള്ളിയ്ക്ക് സമീപത്തെ ഓഡിറ്റോറിയത്തിൽ പൊതുജനങ്ങൾക്ക് അന്നദാനം ഉണ്ടാകാറുണ്ട്. മൂവായിരത്തോളം പേരാണ് ഇവിടെയെത്താറ്. എന്നാൽ പെരുന്നാൾ സമയത്ത് ഈ ഓഡിറ്റോറിയത്തിൽ പെരുന്നാളാഘോഷങ്ങൾക്കെത്തുന്ന സന്നദ്ധ പ്രവർത്തകർക്കും പോലീസുകാർക്കുമാണ് ഭക്ഷണം നൽകുന്നത്. എന്നാൽ പെരുന്നാളിന്റെയന്ന് അറുപതിനായിരത്തോളം പേർക്ക് പേർക്ക് അന്നദാനമുണ്ട്.

അന്തിപ്പൊൻവെട്ടം

വെട്ടുകാട് ദേവാലയത്തിനെ അലങ്കരിച്ചൊരുക്കിയാണ് രാവും പകലും ചക്രവാളത്തിൽ മറയുന്നത്. പകൽ കത്തിക്കയറും മുൻപുള്ള തെളിഞ്ഞ നീലവാനം പള്ളിയുടെ വെളുത്തദേഹത്തിന് മേലാപ്പാകും. സൂര്യൻ വെട്ടിത്തിളങ്ങുന്ന ഉച്ചയിൽ ദേവാലയം സ്വർണവർണമണിയും. ദേവാലയത്തിനുമേൽ നക്ഷത്രപ്പുതപ്പ് വിരിക്കുന്ന രാത്രി.

വൈകുന്നേരങ്ങളിലാണ് വെട്ടുകാട് പള്ളിയിലേക്ക് കൂടുതൽ പേരെത്തുന്നത്. ജോലിയുടെ ഭാരമിറക്കിയവരും ശാന്തിയുടെ ഉറക്കം തേടുന്നവരും സന്ധ്യയോടെയാണ് ഇവിടെയത്തുക. കടലിലേക്ക് തുറക്കുന്ന ദേവാലയത്തിന്റെ മുഖ്യകവാടത്തിന് ഏറ്റവും ഭംഗി മൂവന്തിനേരത്താണ്. ചുവപ്പും മഞ്ഞയും ആകാശത്തിന്റെ അരികിൽ പറ്റിപ്പിടിക്കുന്ന ഇരുളും ഇനിയും മാഞ്ഞിട്ടില്ലാത്ത മങ്ങിയ നീലയും ദേവാലത്തെ അതിസുന്ദരമായ ഛായാചിത്രമാക്കിത്തീർക്കും. പ്രശാന്തസുന്ദരമായ ശംഖുമുഖത്തെ കാറ്റാണ് ആ ചിത്രത്തിന് ജീവൻ പകരുന്നത്. അൾത്താരയ്ക്ക് മുന്നിൽ കൂപ്പുകൈകളോടെ വണങ്ങി സൂര്യൻ കടലിൽ താഴും. ദേവാലയത്തിന്റെ താഴികക്കുടത്തിന് മേൽ അപ്പോഴും ചുവപ്പ് ബാക്കിനിൽക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the grandeur of Vettukad Church, a historic Catholic shrine by Shankumukham beach. Discover its Gothic architecture, stunning altar, and unique underground chambers.