കറുമുറെ കൊറിക്കാന്‍ കോവക്ക 65, വഴുതനങ്ങ തവ ഫ്രൈ, പിന്നെ കുര്‍കുറി ഭിണ്ടിയും

കോളിഫ്‌ളവർ ബൈറ്റ്‌സ്/ Photo: Shutterstock
കോളിഫ്‌ളവർ ബൈറ്റ്‌സ്/ Photo: Shutterstock

പച്ചക്കറികളെയും നോണ്‍വെജിനോടൊപ്പം തന്നെ പരിഗണിക്കണമെന്ന് ഇടയ്‌ക്കെങ്കിലും തോന്നിയിട്ടില്ലേ? വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ഉള്ളിവടയോ പരിപ്പുവടയോ രുചിക്കുമ്പോള്‍ കിട്ടുന്നൊരു സന്തോഷം വേറെതന്നെയാണ്. നോണ്‍വെജ് സ്‌നാക്കുകളോട് കിടപിടിക്കുന്ന തരത്തില്‍ പച്ചക്കറികൊണ്ടും നിരവധി സ്‌നാക്കുകള്‍ തയ്യാറാക്കാനാവും. എന്നാല്‍ ഒരു കൈ നോക്കിയാലോ…
കോളിഫ്‌ളവർ ബൈറ്റ്‌സ്
ചേരുവകള്‍:

കോളിഫ്‌ളവർ - ഒന്ന്
മൈദ - അരക്കപ്പ്
മുട്ട - ഒന്ന്
ബ്രെഡ് ക്രമ്പ്‌സ് - ഒരു കപ്പ്
പാര്‍മെസാന്‍ ചീസ് ഗ്രേറ്റ് ചെയ്തത് - അരക്കപ്പ്
ഇറ്റാലിയന്‍ സീസണിങ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കോളിഫ്‌ളവർ ചെറിയ കഷണങ്ങളാക്കി, ചൂടുവെള്ളത്തില്‍ അഞ്ചു മിനിറ്റ് വെച്ചതിനുശേഷം വെള്ളത്തില്‍നിന്ന് മാറ്റിവയ്ക്കുക. മൈദയിലേക്ക് മുട്ടയും അല്പം ഉപ്പും കുരുമുളകുപൊടിയും വെള്ളവും ചേര്‍ത്ത് പാന്‍ കേക്ക് ബാറ്ററിന്റെ പരുവത്തില്‍ കലക്കുക. ഒരു പരന്ന പ്ലേറ്റില്‍ ബ്രഡ് ക്രമ്പ്‌സ്, ചീസ്, ഇറ്റാലിയന്‍ സീസണിങ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇനി പാനില്‍ എണ്ണ ചൂടാക്കി, കോളിഫ്‌ളവർ ഓരോന്നായി തയ്യാറാക്കിവെച്ച മൈദ ബാറ്ററില്‍ മുക്കിയതിനുശേഷം ബ്രഡ് ക്രമ്പ്‌സ് കൂട്ടില്‍ പൊതിഞ്ഞ് എണ്ണയിലിട്ട് നന്നായി മൊരിച്ചെടുക്കാം. സോസ് ചേര്‍ത്ത് കഴിക്കാം.

കോവക്ക 65
ചേരുവകള്‍:

കോവക്ക - കാല്‍ കിലോ
കോൺഫ്‌ളോർ - മൂന്ന് ടേബിള്‍സ്പൂണ്‍
അരിപ്പൊടി - മൂന്ന് ടേബിള്‍സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
കാശ്മീരിമുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് - ആറ്
നാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം: കോവക്ക ഓരോന്നും നാലാക്കി നീളത്തില്‍ അരിയുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റും എല്ലാ പൊടികളും നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അല്പം വീതം വെള്ളം തളിച്ച് യോജിപ്പിക്കുക. പാനില്‍ എണ്ണ ചൂടാക്കിയതിനുശേഷം ഇടത്തരം തീയില്‍ വെച്ച് കോവക്ക ചേര്‍ത്ത്, കൂടെ പച്ചമുളക് നടുവേ കീറിയതും കറിവേപ്പിലയും ചേര്‍ത്ത് വറുത്തു കോരുക.

കുര്‍കുറി ഭിണ്ടി/Photo: Shutterstock

കുര്‍കുറി ഭിണ്ടി
ചേരുവകള്‍:
വെണ്ടയ്ക്ക - 200 ഗ്രാം
കടലമാവ് - മൂന്ന് ടേബിള്‍സ്പൂണ്‍
അരിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - അര ടീസ്പൂണ്‍
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: വെണ്ടയ്ക്ക നീളത്തില്‍ ഓരോന്നും നാലോ അഞ്ചോ കഷണങ്ങളാക്കി നേരിയതായി അരിഞ്ഞു വയ്ക്കുക. എല്ലാ പൊടികളും ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കുറേശ്ശേ വെള്ളം തളിച്ച് എല്ലാ കഷണങ്ങളിലും മാവ് പൊതിഞ്ഞിരിക്കുന്ന വിധത്തില്‍ യോജിപ്പിക്കുക. ശേഷം എണ്ണ ചൂടാക്കി വെണ്ടയ്ക്ക നന്നായി മൊരിയുന്നത് വരെ വറുക്കുക.

ബ്രിന്‍ജാള്‍ തവ ഫ്രൈ/Photo: Shutterstock

ബ്രിന്‍ജാള്‍ തവ ഫ്രൈ
ചേരുവകള്‍:

വഴുതനങ്ങ - രണ്ട്
മുട്ട - ഒന്ന്
കോൺഫ്‌ളോർ - കാല്‍ കപ്പ്
ബ്രഡ് ക്രമ്പ്‌സ് - അര കപ്പ്
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: വട്ടത്തില്‍ നേരിയതായി വഴുതനങ്ങ അരിഞ്ഞുവെക്കുക. മുട്ടയിലേക്ക് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കലക്കുക. ഒരു പരന്ന പാത്രത്തില്‍ കോൺഫ്‌ളോറും മറ്റൊരു പാത്രത്തില്‍ ബ്രഡ് ക്രമ്പ്‌സും വയ്ക്കുക. വഴുതനങ്ങ ഓരോന്നായി മുട്ടയില്‍ മുക്കി, കോൺഫ്‌ളോറില്‍ പൊതിഞ്ഞതിനുശേഷം വീണ്ടും മുട്ടയില്‍ മുക്കി, ബ്രഡ് ക്രമ്പ്‌സില്‍ നന്നായി യോജിപ്പിക്കുക. തവ ചൂടാക്കി, അല്പം എണ്ണ തൂവിയതിനു ശേഷം വഴുതനങ്ങ ഓരോന്നായി നിരത്തുക. ഇടത്തരം തീയില്‍ വെച്ച് രണ്ടു വശവും നന്നായി മൊരിയിച്ചെടുക്കാം.

Content Highlights: Veggie delights to brighten your snack time