പ്രായമായെന്നു കരുതി വീട്ടിലിരിക്കേണ്ട, ലോകം ചുറ്റാനിറങ്ങാം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പ്രായമായാല്‍ ഒന്നുകില്‍ വീട്ടിലിരിക്കുക അല്ലെങ്കില്‍ തീര്‍ത്ഥയാത്ര പോകുക... ഈ ട്രെന്‍ഡ് നമ്മുടെ നാട്ടില്‍ മാറുന്നുണ്ടെന്നാണ് സൂചന. ഗോവയിലും പാരീസിലും ഒക്കെ ഒന്ന് കറങ്ങിയാല്‍ യുവത്വം തിരിച്ചുപിടിച്ച ഫീല്‍ തന്നെ വരുമെന്നാണ് വയ്പ്പ്. എന്നാല്‍ പ്രായമായവര്‍ യാത്രപോകുമ്പോള്‍ ശ്രദ്ധിക്കാനേറെയുണ്ട്. 

1. ആരോഗ്യസ്ഥിതി പരിഗണിച്ച് വേണം യാത്രയ്ക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഒറ്റയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലത് സമപ്രായക്കാര്‍ക്കൊപ്പമോ ഏജന്‍സികള്‍ വഴിയോ ഉള്ള യാത്രകളാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. 

2. സന്ദര്‍ശിക്കുന്ന സ്ഥലത്തിനടുത്തുള്ള ആരോഗ്യ സംവിധാനങ്ങള്‍ നേരത്തെ അറിഞ്ഞുവയ്ക്കണം. യാത്രപോകുന്ന സ്ഥലത്തെ ഭാഷ, സംസ്‌കാരം, കാലാവസ്ഥ, നിയമങ്ങള്‍ എന്നിവ അറിയുന്നതിനുള്ള ഗൈഡുകള്‍ മുമ്പേ നോക്കി മനസ്സിലാക്കാം

3. ഡോക്ടറെ കണ്ട് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പുകളും മരുന്നുകളും ഉറപ്പാക്കാം. എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സമയമാണെങ്കില്‍ ആവശ്യമായ പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ച ശേഷമേ യാത്ര ചെയ്യാവൂ

4. യാത്രാരേഖകളുടെ രണ്ട് കോപ്പികള്‍ കൈയില്‍ കരുതുക. വേണ്ടപ്പെട്ട ഒരാള്‍ക്ക് രേഖകളുടെ ഒരു കോപ്പി മെയില്‍ ചെയ്യാനും മറക്കേണ്ട. 

5. മരുന്നുകള്‍, യാത്രാരേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍, പണം, ക്രെഡിറ്റ് കാര്‍ഡ്, ഫോണ്‍, അടിയന്തരസാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍, ചാര്‍ജര്‍, അത്യാവശ്യമുള്ള സ്‌നാക്‌സ് എന്നിവയെല്ലാം എപ്പോഴും കൈയില്‍ കരുതുന്ന ബാഗില്‍ വയ്ക്കാം.എപ്പോഴും ഉപയോഗിക്കുന്ന കണ്ണട കൂടാതെ മറ്റൊന്നുകൂടി കരുതാം.

6. നീണ്ട വിമാനയാത്രകളില്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരെ ബാധിക്കാന്‍ ഇടയുള്ള ഡീപ് വെയിന്‍ ത്രോംബയോസിസ് അഥവാ ഇക്കോണമി ക്ലാസ് സിന്‍ഡ്രോം എന്ന അവസ്ഥയെ സൂക്ഷിക്കണം. കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതാണ് ഈ രോഗാവസ്ഥ. ആവശ്യമായ മരുന്നുകള്‍ യാത്രയ്ക്ക് മുമ്പ് കഴിക്കണം. പുകവലി, മദ്യപാനം എന്നിവ യാത്രയില്‍ ഒഴിവാക്കുക. 

7. സ്ഥലമെത്തിയാല്‍ ജെറ്റ് ലാഗ് ഒഴിവാക്കാനായി ഒരു ദിവസം വിശ്രമിക്കാം. 

8. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍  പരിചയമില്ലാത്തതും പാകം ചെയ്യാത്തതുമായ ഭക്ഷണം ഒഴിവാക്കാം. 

9. വിലകൂടിയ ആഭരണങ്ങളും ആവശ്യത്തിലധികം പണവും കൈയില്‍ കരുതുന്നത് അപകടമുണ്ടാക്കാം.

Content Highlights: Travel tips for seniors