ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമാപ്രവര്‍ത്തകരുടെ ഇഷ്ടസ്ഥലം;കരുമാടിക്കുട്ടന്റെ നാട്ടില്‍

അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയിലെത്തുമ്പോള്‍ ഗ്രാമീണഭംഗി മാടിവിളിക്കും. പച്ചവിരിച്ച പാടങ്ങള്‍ക്കരികില്‍ കാമപുരത്തുകാവില്‍ ക്ഷേത്രങ്ങളുടെ നടുവിലൂടെയുള്ള റോഡില്‍ നെല്‍ച്ചെടികള്‍ തഴുകിയെത്തുന്ന കുളിര്‍കാറ്റേറ്റ് അല്പം നടന്നാല്‍ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി കരുമാടിക്കുട്ടനുണ്ട്. മിത്തും ചരിത്രവും ഇടകലര്‍ന്ന ഒരുപാട് കഥകള്‍ ഇവിടെനിന്ന് വായിച്ചെടുക്കാം. പ്രാചീനതയുടെ എല്ലാ അടയാളങ്ങളുമുള്ള കരുമാടിക്കാവില്‍ ഭദ്രകാളീക്ഷേത്രത്തിന്റെയും കാമപുരത്ത് ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രത്തിന്റെയും നടുവിലൂടെ നീളുന്ന പാതയാണ് ദലൈലാമ റോഡ്.
ഇരുക്ഷേത്രങ്ങളും ഒരുമിച്ച് കരുമാടി കാമപുരത്തുകാവില്‍ ക്ഷേത്രം എന്നാണറിയപ്പെടുന്നത്. ഇവിടത്തെ ഉത്സവവും ഒരുമിച്ചാണ്. വഴിയരികിലെ പരമ്പരാഗത കളിത്തട്ടിലും തണല്‍വിരിക്കുന്ന ആല്‍ത്തറയിലും അല്പനേരം വിശ്രമിക്കുകയുമാകാം. കറുപ്പിന്റെയും കരുത്തിന്റെയും പ്രതീകമായ കുട്ടന്റെ നാടായാണ് കുട്ടനാട് അറിയപ്പെടുന്നത്. ബുദ്ധവിഹാരത്തിന്റെ തിരുശേഷിപ്പുകള്‍ തേടി ചരിത്രാന്വേഷികളും സഞ്ചാരികളും ഇവിടേക്കെത്തിച്ചേരുന്നു.
സംസ്ഥാനപാതയില്‍നിന്ന് ദലൈലാമ റോഡിലേക്ക് പ്രവേശിച്ചാല്‍ ആദ്യം കാണുക പഴമയുടെ സ്മാരകമായ കളിത്തട്ടാണ്. ഇതിനു തൊട്ടടുത്ത് തലയുയര്‍ത്തിയ ആലും ആല്‍ത്തറയും. അതിനരികില്‍ ഓണദിനങ്ങളെ ഓര്‍മ്മപ്പെടുത്തി ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ട്. കുട്ടനാടിന്റെ ഗ്രാമച്ചന്തം പൂര്‍ണമായും സന്നിവേശിച്ച പ്രദേശമാണ് കരുമാടി. പച്ചവിരിച്ച പാടങ്ങളുടെ പശ്ചാത്തലത്തില്‍ അസ്തമയക്കാഴ്ച ആരും നോക്കിനിന്നുപോകും. കരുമാടിക്കുട്ടന്‍ സ്മാരകപരിസരത്തായി ബോട്ടുജെട്ടിയുണ്ട്. മുന്‍പ് ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് ഇതുവഴിയാണ് കടന്നുപോയിരുന്നത്. ഇത് നിന്നശേഷം വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക സര്‍വീസും ഉണ്ടായിരുന്നു. ആലപ്പുഴയുടെ ആകര്‍ഷണമായ പുരവഞ്ചികളുടെ സഞ്ചാരമാര്‍ഗം കൂടിയാണ് ടി.എസ്. കനാല്‍.
കരുമാടിക്കുട്ടന് സ്മാരകത്തെ തൊട്ടുതലോടിയാണ് ടി.എസ്. കനാല്‍ ഒഴുകുന്നത്. പമ്പയുടെ കൈവഴിയായ പൂക്കൈതയാറ്റില്‍നിന്ന് തോട്ടപ്പള്ളിയിലേക്ക് ഒഴുകിയെത്തിയിരുന്ന കരുമാടിത്തോടിനെ പരിഷ്‌കരിച്ച് സഞ്ചാരയോഗ്യമാക്കി ടി.എസ്. കനാലായി ഉയര്‍ത്തിയത് തിരുവിതാംകൂര്‍ ഭരണകാലത്താണ്. അതിന്റെ പണിയിലേര്‍പ്പെട്ടിരുന്ന ആളുകളാണ് തോട്ടിലെ ചേറില്‍ പുതഞ്ഞുകിടന്നിരുന്ന ബുദ്ധന്റെ കല്ലില്‍ കൊത്തിയ രൂപം കണ്ടെത്തുകയും അത് തോട്ടിന്‍കരയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത്.
പീഠമുള്‍പ്പെടെ മൂന്നടിയോളം ഉയരമുള്ള കല്‍രൂപം അതിന്റെ കൗതുകം കൊണ്ടുതന്നെ ഗ്രാമീണജനതയ്ക്ക് പ്രിയപ്പെട്ടതായി. അവിടത്തുകാരിലൊരാളാണ് കുട്ടന്‍ എന്ന വിളിപ്പേര് നല്‍കിയതെന്നാണ് വിശ്വാസം. മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് പൊന്നുവിളയിക്കുന്ന കുട്ടനാടന്‍ ജനതയുടെ ആരാധനാമൂര്‍ത്തിയായി കുട്ടന്‍ മാറി. അവര്‍ കുട്ടച്ചന്‍ എന്നുവിളിച്ച് ബഹുമാനിച്ചു. കുട്ടനെ ചുറ്റിപ്പറ്റി നാട്ടാചാരങ്ങളും കാര്‍ഷികാചാരങ്ങളുമുണ്ടായി. കരുമാടിക്കുട്ടന്‍ ലോകമാകെ അറിപ്പെട്ടു.
ബുദ്ധമതത്തിന്റെ ആത്മീയനേതാവ് ദലൈലാമ 1964-ല്‍ കരുമാടിക്കുട്ടനെ സന്ദര്‍ശിച്ചതോടെ ഇതിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ധിച്ചു. പ്രധാന റോഡില്‍നിന്ന് പാടവരമ്പിലൂടെ ഇവിടേക്കുള്ള വഴി ഉയര്‍ത്തിനിര്‍മിച്ചത് ദലൈലാമയുടെ നിര്‍ദേശപ്രകാരമാണ്. പിന്നീടിത് ദലൈലാമ റോഡ് എന്നറിയപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിനെത്തിയ മഹാത്മാഗാന്ധി ഒരു രാത്രി വിശ്രമിച്ച മുസാവരി ബംഗ്ലാവ് കരുമാടിക്കുട്ടന്‍ സ്മാരകത്തില്‍നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ബുദ്ധസന്ന്യാസിമാര്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ബുദ്ധപൂര്‍ണിമനാളില്‍ ഇവിടെ ബുദ്ധഭിക്ഷുക്കളുടെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്തിപ്പോരുന്നു.
കേരളചരിത്രത്തിന്റെ ഇന്നലെകളില്‍ ഇവിടെ വേരുറപ്പിച്ചിരുന്ന ബുദ്ധമതത്തെക്കുറിച്ചാണ് കരുമാടിക്കുട്ടന്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഇപ്പോഴത്തെ ആലപ്പുഴ, കൊല്ലം ജില്ലകളാണ് ബുദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്നത്. അക്കാലത്ത് പ്രശസ്തമായ ബുദ്ധവിഹാരമായിരുന്ന ശ്രീമൂലവാസത്തിന്റെ ചരിത്രാവശേഷിപ്പുകളിലൊന്നാണ് പ്രാചീനശില്പരചനയുടെ മാതൃകയായ കരുമാടിക്കുട്ടന്‍ എന്ന ബുദ്ധപ്രതിമ.
ധ്യാനഭാവം, ഉഷ്ണീയം, ഉത്തരീയം, മടിയില്‍ ഒന്നിനുമുകളില്‍ ഒന്നായി വെച്ചിട്ടുള്ള ഹസ്തതലം, ജ്ഞാനമുദ്ര തുടങ്ങി ലക്ഷണമൊത്ത ഒന്നാണ് കരുമാടിയിലെ ബുദ്ധപ്രതിമയെന്നാണ് പുരാവസ്തുഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നിര്‍മിച്ചതാകാമെന്നും കരുതുന്നു. പഗോഡയുടെ മാതൃകയിലാണ് നിര്‍മാണം. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമാണ് കരുമാടിക്കുട്ടന്‍. കാലത്തിന്റെ കരുത്തില്‍ കറുപ്പിന്റെ അഴകാണ് കരുമാടിക്കുട്ടന്. പ്രാചീനശില്പരചനയുടെ മാതൃകയായ ഇത് മധ്യതിരുവിതാംകൂറില്‍നിന്ന് കണ്ടെടുത്ത ബുദ്ധപ്രതിമകളില്‍ ഏറ്റവും പ്രധാനമായതാണ്.
വാമൊഴിയായി പകര്‍ന്നുവന്ന നാട്ടുകഥകളും ജനമനസ്സുകളില്‍ കരുമാടിക്കുട്ടന് സ്ഥാനമുണ്ടാക്കി. ഒരിക്കല്‍ ചമ്പക്കുളം മൂലം വള്ളംകളി കാണാന്‍ ടി.എസ്. കനാല്‍ വഴി അമ്പലപ്പുഴയിലെത്തിയ തിരുവിതാംകൂര്‍ റീജന്റ് സേതു ലക്ഷ്മീബായി കനാല്‍ത്തീരത്ത് ഇടതുവശം തകര്‍ന്നനിലയില്‍ ബുദ്ധപ്രതിമ കണ്ടു. ഇതിന് ആലയം നിര്‍മിക്കാന്‍ ഉത്തരവിട്ടു. നേപ്പാള്‍ രാജാവ് തിരുവിതാംകൂറിനു സമ്മാനിച്ച പഗോഡയുടെ മാതൃകയില്‍ ഇന്നുകാണുന്ന സ്മാരകം നിര്‍മിച്ചത് അക്കാലത്താണ്. പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും തകഴി ധര്‍മശാസ്താക്ഷേത്രവും കരുമാടിക്കുട്ടന്‍ സ്മാരകത്തിന് കിഴക്കും പടിഞ്ഞാറുമായി ഏതാണ്ട് തുല്യ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമാപ്രവര്‍ത്തകര്‍ എത്തിച്ചേരുന്നയിടമാണ് കരുമാടിക്കുട്ടന്‍ സ്മാരകപരിസരം. കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ ആസ്പദമാക്കി 1971-ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനംചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' തുടങ്ങി വേണുനാഗവള്ളിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ആയിരപ്പറ, മോഹന്‍ലാലിന്റെ ലാല്‍സലാം, ബാലചന്ദ്രമേനോന്റെ ദൈവത്തെയോര്‍ത്ത് എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ കരുമാടിയുടെ ദൃശ്യഭംഗി കാണാം. വിവാഹഷൂട്ടിങ്ങുകാരുടെയും വ്‌ളോഗര്‍മാരുടെയും ഇഷ്ടലൊക്കേഷന്‍കൂടിയാണിവിടം.
Content Highlights: travel through karumady in alappuzha