ചൂട് ചായ ഊതിയൂതി കുടിക്കാനൊരു യാത്ര...

'ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയില്‍
പങ്കുചേരുവാന്‍ വന്നൊരു
മധുരമുള്ള വേദനേ'...
കാറില്‍ സിത്താരയുടെ പാട്ടും പുറത്ത് മഴയുടെ താളവും ഒരുമിച്ചുവന്നപ്പോള്‍ ഉള്ളില്‍ ചായ കുടിക്കാന്‍ മോഹം. കനത്തമഴ കാരണം കോഴിക്കോട് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. പന്തീരാങ്കാവുമുതല്‍ വണ്ടി നീങ്ങിയത് ഒച്ചിന്റെ വേഗത്തില്‍. ഇടയ്ക്ക് ചാകാന്‍ പോകുന്ന പാമ്പിനെപ്പോലെയൊന്ന് പിടഞ്ഞ് മുന്നോട്ട് പോകും. അത് കഴിഞ്ഞാല്‍ വണ്ടി വീണ്ടും നില്‍ക്കും. മഴയ്ക്ക് ശക്തി കൂടിയതോടെ ചായമോഹവും വര്‍ധിച്ചു. ചായയ്ക്കായി കണ്ണുകള്‍ പരതി. വലതുഭാഗത്തായി ചായയ്ക്കുമാത്രം ഒരു കട. കോഴിക്കോടിന്റെ സ്വന്തം ക്ലബ്ബ് സുലൈമാനി.
വണ്ടി പാര്‍ക്ക് ചെയ്തു. നേരെ അങ്ങോട്ട്. നമ്മള്‍ കണ്ടുപരിചയിച്ച ചായക്കടയല്ലിത്. സമീപത്തായി രണ്ട് ഐ.ടി. പാര്‍ക്കുകള്‍. ഈ പാര്‍ക്കുകളിലെ ടെക്കികളാണ് ഇവിടത്തെ പ്രധാന ആസ്വാദകര്‍. അതുകൊണ്ടുതന്നെ ഇതിനെ ടെക്കി കാലത്തെ ചായക്കട എന്ന് വിശേഷിപ്പിക്കാം. അമ്പതിന് മുകളില്‍ വ്യത്യസ്ത ചായകളുണ്ട്. വെല്‍വെറ്റ് സുലൈമാനി, റോയല്‍ ബ്ലൂം, റൈഡേഴ്‌സ്, ജിഞ്ചര്‍ ബാം അങ്ങനെ നീളുന്നു മെനു.
പേരില്‍ ആകാംക്ഷ തോന്നി ഒരു വെല്‍വെറ്റ് സുലൈമാനിക്ക് പറഞ്ഞു. കുറച്ചുനേരത്തിനുള്ളില്‍ത്തന്നെ ചായ മുന്നില്‍. ഗ്രീന്‍ ആപ്പിളിന്റെയും കറുവാപ്പട്ടയുടെയും മിക്‌സ് രുചി. ഇതാണ് വെല്‍വെറ്റ്. നാവ് പൊള്ളുന്ന ചൂടില്ല. പൊടിയും പാകത്തിന്.
അതുകൊണ്ടുതന്നെ ചായയുടെ സ്‌നേഹമാവോളം നുകരാനാകുന്നുണ്ട്. ചുണ്ടില്‍നിന്ന് ചുണ്ടിലേക്ക് ആ സ്‌നേഹം പകര്‍ന്നു. ആദ്യത്തെ ചായ കുടിച്ച് കഴിഞ്ഞപ്പോഴേക്കും തണുപ്പ് പറന്നകന്നു. എങ്കില്‍പ്പിന്നെ, ഒന്നുകൂടിയാവാമെന്ന് മനസ്സ്. ഒന്ന് മാറ്റിപ്പിടിച്ചു. ഇത്തവണ രാജകീയമായിക്കോട്ടെ എന്ന് കരുതി. റോയല്‍ ബ്ലൂം തിരഞ്ഞെടുത്തു. ചായയുടെ ആവി പറന്നപ്പോള്‍ നല്ല റോസാപ്പൂവിന്റെ മണം. രുചിയും അതുതന്നെ. ചെറുപ്പത്തില്‍ ആരുമറിയാതെ തിന്ന റോജാപാക്കിനെ ഓര്‍മിപ്പിച്ചു ഈ സുലൈമാനി.
ഏഴുവര്‍ഷം മുന്‍പാണ് കോഴിക്കോട് ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയത്.
''തുടങ്ങിയ കാലംതൊട്ടേ ഞാന്‍ ഇവിടെ വരാറുണ്ട്. തലയിലെന്തെങ്കിലും പ്രശ്‌നം കയറിയാല്‍ ഇവിടെ വന്ന് സുലൈമാനി കുടിക്കും. അതോടെ പ്രശ്‌നങ്ങളൊക്കെ പമ്പ കടക്കും. അതിപ്പോഴും തുടരുന്നു,'' ക്ലബ്ബ് സുലൈമാനിയിലെ സ്ഥിരം ആസ്വാദകനായ പി.വി. പ്രിംജാസ് പറയുന്നു.
അവിടത്തെ ചായ ആസ്വദിച്ച് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ 'ഉസ്താദ് ഹോട്ടല്‍' സിനിമയിലെ ഒരു ഡയലോഗ് ഓര്‍മവന്നു. ''ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബത്ത് വേണം.'' ആ മുഹബത്ത് ആവോളമുണ്ടായിരുന്നു ഇവിടെ. സുലൈമാനിയുടെ മുഹബത്ത്.
മഴയ്ക്ക് നല്ല ശമനമുണ്ട്. റോഡില്‍ ബ്ലോക്കിനും കുറവുണ്ട്. വണ്ടി തൊണ്ടയാടില്‍നിന്ന് ഇടത്തോട്ട് ഇന്‍ഡിക്കേറ്ററിട്ടു. നഗരത്തിന്റെ തിരക്കുകളിലേക്ക്.
കുറ്റിച്ചിറയിലെ ചാമ്പ്യന്‍, ബീച്ചിലെ അതൃപം
കുറ്റിച്ചിറയിലെത്തുമ്പോള്‍ മിഷ്ഖാല്‍ പള്ളിയില്‍നിന്ന് അസര്‍ ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. കുറ്റിച്ചിറകുളത്തിന് എതിരിലായാണ് ചാമ്പ്യന്‍ ഹോട്ടല്‍. സ്‌ട്രോങ് ചായ, രണ്ട് മീഡിയം, ഒരു ലൈറ്റ്, ഒരു വിത്തൗട്ട്, പൊടികൂടിയത് രണ്ട്. ഉള്ളിലേക്ക് കയറുമ്പോള്‍ത്തന്നെ സപ്ലയര്‍ ടീമേക്കറോട് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാല്‍ മതി. എല്ലാം പോയി. സ്‌ട്രോങ് ലൈറ്റാവും. ലൈറ്റ് മീഡിയമാവും. നോര്‍മല്‍ കടുപ്പമാവും. പക്ഷേ, ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍ ചായയടിക്കാരന്‍ തലയാട്ടി. എന്നിട്ട് നീട്ടിയടിച്ചു. എല്ലാം റെഡി. സപ്ലയര്‍ അതൊക്കെ വിതരണം ചെയ്തു. ഇല്ല...! ഒന്നും മാറിയിട്ടില്ല. മധുരവും പൊടിയും ചൂടുമെല്ലാം പാകം. എല്ലാവരുടെയും മുഖത്ത് പുഞ്ചിരിമാത്രം. ആ ചായയൊക്കെ വിതരണം ചെയ്ത് സപ്ലയര്‍ മുന്നിലെത്തി. വിലാസം തെറ്റാതെ കത്ത് വിതരണം ചെയ്ത പോസ്റ്റ്മാന്റെ മുഖത്തുള്ള അതേ സന്തോഷം അദ്ദേഹത്തിലും കാണാം.
''ചായയെടുത്താലോ?'' ആ... ആവാം എന്ന മട്ടില്‍ തലയാട്ടി.
''കൂടെ കഴിക്കാന്‍ പൊറോട്ടയും ബീഫും ആയാലോ?''
ആ ചോദ്യത്തില്‍ വീഴാത്ത മലയാളിയുണ്ടോ? ഞാന്‍ മലര്‍ന്നുവീണു.
''സിംഗിള്‍ പൊറോട്ടയും ബീഫും. അതുമതി.''
കാത്തിരിക്കേണ്ടി വന്നില്ല. സാധനം മുന്നില്‍. നല്ല കടുപ്പമുള്ള ചായ. ഊതിയൂതി കുടി തുടങ്ങി. ചായയ്ക്ക് തുടക്കത്തിലേ മധുരമുണ്ട്. അവസാനംവരെ ഒരുപോലെ. മധുരം കൂടുതലുമില്ല, കുറവുമില്ല. പായസം കുടിക്കുന്ന ഫീല്‍. പൊറോട്ടയ്ക്കും നല്ല ചൂടുണ്ട്. ഈ ചായയാണെങ്കില്‍ ബീഫിന്റെ ആവശ്യമില്ലായിരുന്നു. കാലിച്ചായയും പൊറോട്ടയുംതന്നെ ധാരാളം. പക്ഷേ, ബീഫിനെ മാറ്റിനിര്‍ത്താനാവില്ലല്ലോ. ബീഫും കിടിലന്‍.
ചായ കുടിച്ച് തീര്‍ന്നപ്പോഴേക്കും മിഷ്ഖാല്‍ പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞ് മുതിര്‍ന്നവരുടെ വന്‍സംഘം ചാമ്പ്യനിലെത്തി. അവരൊക്കെ കാലിച്ചായയും പൊറോട്ടയും മാത്രമാണ് കഴിക്കുന്നത്. അത് കണ്ടപ്പോള്‍ മനസ്സ് പറഞ്ഞു: ''എന്താ ദാസാ, ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ?''
കുറ്റിച്ചിറയില്‍നിന്ന് നേരെ പോയത് കോഴിക്കോട്ടെ പ്രധാന ബീച്ചിലേക്ക്. അവിടത്തെ തട്ടുകടകളിലെ ഓരോ ചായയ്ക്കും ഓരോ കഥ പറയാനുണ്ട്. വൈകുന്നേരമായതുകൊണ്ട് എല്ലാ കടയ്ക്കുചുറ്റും വന്‍ജനക്കൂട്ടം. സമോവറുകള്‍ക്കും ചീനവലപോലത്തെ ചായപോഞ്ചിക്കും ചുറ്റുമെല്ലാം ആളുകള്‍ കാത്തിരിക്കുന്നു. ബീച്ചിലെ ഒച്ചപ്പാടിനും ബഹളങ്ങള്‍ക്കുമിടയില്‍ ശാന്തമായ ഒരിടം തേടി. എന്നാല്‍, അങ്ങനെയൊരു ഇടം കണ്ടെത്തല്‍ അസാധ്യം. ഒടുവില്‍ തിരക്കുകുറഞ്ഞ കട തിരഞ്ഞെടുത്തു. ആ തട്ടുകടയിലെ ചായമേക്കര്‍ നീട്ടിയടിക്കുകയാണ്. ആ അടിക്കിടയില്‍ അദ്ദേഹം ഞങ്ങളോട് ഏത് ചായ വേണമെന്ന് ചോദിച്ചു. ''അടിച്ചൊരു ലൈറ്റ് ചായ,'' മതി.
പ്രകാശവേഗത്തില്‍ അദ്ദേഹം ലൈറ്റ് ചായയടിച്ചു. ''ചായ അടിച്ചാലേ രുചി കൂടൂ. അടിക്കുമ്പോള്‍ എല്ലാം പാകത്തിലാകും'', ചായമേക്കര്‍ ഹംസ പറഞ്ഞു.
''കൂടെ, കാടമുട്ട എടുത്താലോ?'', അദ്ദേഹം വീണ്ടും ചോദിച്ചു. എങ്കില്‍ ഒരു കൈ നോക്കാമെന്നായി. മസാലയിട്ട കാടമുട്ട. ബീച്ചിലെ സ്‌പെഷലാണ്.
വയനാടന്‍ ചുരമിറങ്ങി വന്നതാണ് ഈ ഐറ്റം. ചുരത്തിലെ കോടമഞ്ഞില്‍ തണുപ്പകറ്റാന്‍ കട്ടന്‍ചായയ്‌ക്കൊപ്പം കിട്ടുന്ന അതേ മസാലമുട്ട. ലൈറ്റായതുകൊണ്ടാവും ചായയ്ക്ക് ചൂട് കുറവാണ്. രുചിയില്‍ കുറവൊന്നുമില്ല. കാടമുട്ടയും ചായയും ചേരുമ്പോള്‍ സംഗതി നല്ല ഉഷാര്‍.
ചായ ആസ്വാദനത്തിനിടെയാണ് മുഹമ്മദ് ബഷീറിനെ പരിചയപ്പെടുന്നത്. നൈനാന്‍വളപ്പ് സ്വദേശി. യാത്രയുടെ ലക്ഷ്യം ചായകുടിയാണെന്ന് പറഞ്ഞപ്പോള്‍ ബഷീര്‍ക്ക ഒരു സ്ഥലം പരിചയപ്പെടുത്തി. മുഖദാര്‍ ബീച്ചിന് എതിര്‍വശത്തുള്ള മൊയ്തീന്‍ക്കയുടെ ചായക്കട. ബഷീര്‍ക്കായെ വിശ്വാസത്തിലെടുത്ത് അങ്ങോട്ട് പാഞ്ഞു. പ്രധാന ബീച്ചുപോലെയല്ല മുഖദാര്‍. വലിയ തിരക്കില്ല. എന്നാല്‍, തിരക്കില്ലായ്മയിലും തിരക്കുള്ള സ്ഥലം അവിടെ കണ്ടു. അതാണ് നമ്മുടെ മൊയ്തീന്‍ക്കയുടെ ചായക്കട. വിവിധതരം ചായകളാണ് ഇവിടത്തെ സ്‌പെഷ്യല്‍. മാഞ്ഞാള കട്ടന്‍, വീഞ്ഞ് കട്ടന്‍, ഓമന കട്ടന്‍, പുന്നാര കട്ടന്‍, പൈ കട്ടന്‍, അതൃപ കട്ടന്‍ അങ്ങനെ നീളുന്നു പേരുകള്‍. പേരില്‍ തൃപ്തി തോന്നിയ അതൃപ കട്ടന്‍തന്നെ പറഞ്ഞു. പാകമുള്ള ചൂടില്‍ ഉഗ്രന്‍ ചായ. ഏലക്കായും കറുവാപ്പട്ടയുമാണ് കൂട്ട്.
ചില്ലുകൂട്ടില്‍ ഒരുപാട് പലഹാരങ്ങളുണ്ട്. എന്നാല്‍, നേരത്തേ തിന്ന പൊറോട്ടയും ബീഫും കാടമുട്ടയും മറ്റൊരു യുദ്ധത്തിന് സമ്മതിച്ചില്ല. കടലിനെ നോക്കി ഓരോ സിപ്പും ആസ്വദിച്ചു. അതൃപ കട്ടന്‍ നല്ല തൃപ്തി തന്നു. ഓരോ സിപ്പിലും അതിലലിഞ്ഞുചേര്‍ന്നു.
അതെ, ഉയരത്തില്‍ മാത്രമല്ല, ചായയ്ക്ക് എല്ലായിടത്തും നല്ല സ്വാദാണ്.
Content Highlights: travel and taste of tea