ഈസ്റ്റർ വിരുന്നൊരുക്കാൻ ഈസ്റ്റർ എഗ്ഗും കൊഴുക്കട്ടയും സുറിയാനി അപ്പവും

കൊഴുക്കട്ട / ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌
കൊഴുക്കട്ട / ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

ഈസ്റ്റർ എഗ്ഗ്
ബദാം: രണ്ട് കപ്പ്
ഐസിങ് ഷുഗർ: രണ്ട് കപ്പ്
ആൽമണ്ട് എസൻസ്: രണ്ട് തുള്ളി
ബട്ടർ പേപ്പർ: ഒരു വലിയ ഷീറ്റ്
ചെറുനാരങ്ങ: ഒരെണ്ണം
മുട്ട: ഒരെണ്ണം
ജാം: രണ്ട് ടേബിൾ സ്പൂൺ
ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത്: ഒരു കപ്പ്

ബദാം ചെറു ചൂടുവെള്ളത്തിൽ ഒരു മണിക്കൂർ കുതിർക്കുക. ശേഷം തൊലി കളഞ്ഞ്, വെള്ളം മുഴുവൻ ഒപ്പിയെടുത്ത് ഉണക്കി നന്നായി പൊടിച്ചെടുക്കുക. പൊടിച്ച ബദാമും ഐസിങ് ഷുഗറും മിക്‌സ് ചെയ്ത് ആൽമണ്ട് എസൻസ് ചേർത്തിളക്കുക. ബട്ടർ പേപ്പറിൽ പൊതിഞ്ഞ് 20 മിനിറ്റ് ഫ്രീസറിൽവെക്കുക. ഒന്നരക്കപ്പ് ഐസിങ് ഷുഗർ എടുത്ത് മുട്ടയുടെ വെള്ളമാത്രം ചേർത്തിളക്കി ഇതിലേക്ക് കാൽ ടീസ്പൂൺ നാരങ്ങാനീരൊഴിച്ച് യോജിപ്പിക്കുക.

ബദാംകൂട്ട് ഫ്രീസറിൽ നിന്നെടുത്ത് ചെറുനാരങ്ങാ വലിപ്പത്തിൽ ഉരുട്ടുക. നടുവിൽ അൽപം ജാം പുരട്ടുക. ഇനി ഒരു ട്രേയിൽ നിരത്തുക. ഐസിങ് മിശ്രിതം അതിന് പുറംഭാഗത്തായി ഒഴിക്കുക. മുകളിൽ ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് വിതറുക.

വറുത്തരച്ച ചിക്കൻകറി
ചിക്കൻ: ഒരു കിലോ
ഗരംമസാല: രണ്ടര ടീസ്പൂൺ
തക്കാളി: രണ്ടെണ്ണം
സവാള: ഒന്നര മുറി
പച്ചമുളക്: നാലെണ്ണം
വെളുത്തുള്ളി: 10 അല്ലി
മുളകുപൊടി: ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി: ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി: ഒന്നര ടീസ്പൂൺ
കടുക്: ഒര ടീസ്പൂൺ
ഇഞ്ചി: ഒരു കഷണം
തേങ്ങ ചിരകിയത്: ഒരു കപ്പ്
ഉപ്പ്: പാകത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്
കറിവേപ്പില: അഞ്ച് തണ്ട്
കാപ്‌സിക്കം: ഒരെണ്ണം
പഞ്ചസാര: ഒരു ടീസ്പൂൺ
കിസ്മിസ്: ഒന്നര ടീസ്പൂൺ

വലിയ കഷണങ്ങളാക്കി മുറിച്ച ചിക്കൻ വൃത്തിയാക്കി അല്പം മഞ്ഞൾപ്പൊടി, പകുതി ഗരംമസാല, അല്പം ഉപ്പ് എന്നിവ പുരട്ടിവെക്കുക. പാകത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കുക. ഒരു പാനിൽ തേങ്ങ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, എന്നിവ വറുക്കുക. ചൂടാറിയശേഷം അല്പം വെള്ളംചേർത്ത് അരയ്ക്കുക. പാനിൽ എണ്ണയൊഴിച്ച് കുറച്ച് കറിവേപ്പില, കിസ്മിസ് എന്നിവ വറുത്ത് കോരുക. ശേഷം കടുക് പൊട്ടിച്ച് നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി, സവാള, തക്കാളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. പഞ്ചസാര ചേർത്ത് വഴറ്റുക. ഇതിലേക്ക് വെന്ത ചിക്കനും ബാക്കി ഗരംമസാലയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. വറുത്തരച്ച കൂട്ടും ചെറിയ ചതുരക്കഷണങ്ങളാക്കിയ കാപ്‌സിക്കവും ബാക്കി കറിവേപ്പിലയും ചേർത്ത് ഇളക്കി മൂടി 15 മിനിറ്റ് വേവിക്കുക. ശേഷം ഇതിന് മുകളിൽ വറുത്ത കറിവേപ്പിലയും കിസ്മിസും വിതറി വിളമ്പാം.

വട്ടയപ്പം
പച്ചരി കുതിർത്തത് : ഒരു കപ്പ്
തേങ്ങ ചിരകിയത് : മുക്കാൽ കപ്പ്
ചോറ് : കാൽ കപ്പ്
പഞ്ചസാര : രണ്ട്‌ ടേബിൾ സ്പൂൺ
യീസ്റ്റ് : അര ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
കുതിർത്ത അരി, തേങ്ങ, ചോറ്, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. മാവ് അഞ്ചുമുതൽ ഏഴ് മണിക്കൂർ പുളിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ അല്പം ബട്ടർ പുരട്ടി അതിലേക്ക് പുളിച്ച മാവ് മുക്കാൽഭാഗം ഒഴിക്കുക. ശേഷം സ്റ്റീമറിൽ വെച്ച് വേവിച്ചെടുക്കാം.

പിടി
അരിപ്പൊടി: അര കിലോ
തേങ്ങ: ഒരു കപ്പ്
ജീരകം: ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി: മൂന്നല്ലി

അരിപ്പൊടി നന്നായി വറുത്ത് മാറ്റിവെക്കുക. അതിലേക്ക് തേങ്ങ, ചുവന്നുള്ളി അരിഞ്ഞത്, ജീരകം എന്നിവ ചേർക്കുക. ശേഷം വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് ഉരുളകളാക്കിവെക്കുക. ഒരു പാത്രത്തിൽ വെള്ളം ചൂടാകുമ്പോൾ, ഉരുളകളിട്ട് വേവിച്ചെടുക്കുക. നന്നായി കുറുകിവരുമ്പോൾ, അടുപ്പിൽനിന്നിറക്കാം. (ഒരുപാട് വെള്ളമൊഴിക്കരുത്. തേങ്ങയും ചുവന്നുള്ളിയും മിക്‌സിയിലിട്ട് ഒന്ന് പൾസ് ചെയ്ത് എടുക്കുന്നതും നല്ലതാണ്)

കൊഴുക്കട്ട
കുത്തരി: ഒരു ഗ്ലാസ്
തേങ്ങ ചിരകിയത്: ഒന്നര കപ്പ്
പഞ്ചസാര: മൂന്ന് ടീസ്പൂൺ
ചതച്ച ജീരകം: അര ടീസ്പൂൺ
ഏലയ്ക്ക ചതച്ചത്: അര ടീസ്പൂൺ
ഉപ്പ്: പാകത്തിന്

കുതിർത്ത കുത്തരി വെള്ളം ചേർക്കാതെ അരയ്ക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയത്, പഞ്ചസാര, ചതച്ച ഏലയ്ക്ക, ജീരകം, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. മാവ് ഓരോ ഉരുളകളാക്കി, കൈപതിപ്പിച്ച് ആവികയറ്റുന്ന പാത്രത്തിൽ വാഴയില വിരിച്ച് അതിനുമുകളിൽ വെക്കുക. 25 മിനിറ്റ് വേവിക്കുക.

സുറിയാനി അപ്പം

സുറിയാനി അപ്പം
പച്ചരി: മൂന്ന് ഗ്ലാസ്
തേങ്ങ: ഒരു കപ്പ്
ജീരകം: അര ടീസ്പൂൺ
വെളുത്തുള്ളി: രണ്ട് അല്ലി
ചെറിയ ഉള്ളി: 15 എണ്ണം
പഞ്ചസാര: ഒന്നര ടീസ്പൂൺ
ചോറ്: ഒരു ഗ്ലാസ്
യീസ്റ്റ്: കാൽ ടീസ്പൂൺ
നെയ്യ്: 50 ഗ്രാം
മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
ഉപ്പ്: പാകത്തിന്
നല്ലെണ്ണ: ആവശ്യത്തിന്

കുതിർത്ത പച്ചരി, തേങ്ങ, ജീരകം, ചെറിയ ഉള്ളി, വെളുത്തുള്ളി, പഞ്ചസാര, ചോറ്, യീസ്റ്റ് എന്നിവ ചേർത്ത് അരയ്ക്കുക. ഇത് പുളിപ്പിക്കുക. മാവിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ടിളക്കുക. ഉള്ളി ചെറുതായി അരിഞ്ഞ് നെയ്യിൽ മൂപ്പിക്കുക. ഒരു പാൻ ചൂടാക്കി നല്ലെണ്ണ പുരട്ടി ഓരോ തവി മാവൊഴിച്ച് മുകളിൽ മൂപ്പിച്ച ചെറിയ ഉള്ളി നെയ്യോടെ ഓരോ സ്പൂൺ വീതം വിതറി ചുട്ടെടുക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Authentic step-by-step instructions for traditional Kerala Easter dishes.