സായാഹ്നകാഴ്ചകള്‍ കാണാന്‍ മേട്ടുക്കുഴിമെട്ടിലേക്ക്...

ഇടുക്കിയുടെ വ്യാപാരകേന്ദ്രമാണ് കട്ടപ്പന. തിരക്കൊഴിഞ്ഞ നേരം കമ്പോളത്തിലൂടെ നടന്നാല്‍ ഏലയ്ക്കയുടെയും കാപ്പിപ്പൊടിയുടെയും സുഗന്ധം മൂക്കിലേക്ക് അടിച്ചുകയറും. നഗരത്തിന്റെ സമീപത്തുതന്നെയുള്ള അധികം അറിയപ്പെടാത്ത വ്യൂ പോയിന്റിലേക്ക് അവിടുന്ന് യാത്ര തിരിക്കാം. മേട്ടുക്കുഴി വ്യൂ പോയിന്റ് എന്ന് സഞ്ചാരികളും മേട്ടുക്കുഴിമെട്ട് എന്ന് നാട്ടുകാരും വിളിക്കുന്ന മല കയറിയാല്‍ അവിടെയെത്താം. മേട്ടുക്കുഴിമെട്ടിലെ സായാഹ്നങ്ങളും അസ്തമയക്കാഴ്ചയുമാണ് ഏറെ സുന്ദരം. വൈകുന്നേരം നഗരത്തിലെ തിരക്കൊഴിയുമ്പോള്‍ നാട്ടുവഴിയിലൂടെ നടക്കാം.
കുത്തനെയുള്ള കയറ്റംകയറുമ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിവന്നു. മുന്നോട്ട് പോകുംതോറും നാട്ടുവഴി ഇടുങ്ങിവന്നു. അഞ്ച് കിലോമീറ്ററോളം പിന്നിട്ടതോടെ ടാര്‍ റോഡില്‍നിന്ന് സമീപത്തെ മണ്‍പാതയിലേക്ക് തിരിഞ്ഞു. രണ്ട് കിലോമീറ്ററിലധികം ഏലക്കാട്ടിനുള്ളിലൂടെയുള്ള വിജനമായ വഴി. ഇടയ്ക്ക് ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാം.
റോഡ് എന്നത് ഒരു സങ്കല്പം മാത്രമായതിനാല്‍ ഓഫ് റോഡ് കയറാന്‍ ശേഷിയുള്ള ജീപ്പുകളും സാഹസികരായ ബൈക്ക് റൈഡര്‍മാരും മാത്രമാണ് ഇതുവഴിയെത്തുക. റൈഡര്‍മാര്‍ ചാര്‍ത്തിയ കൈയൊപ്പുപോലെ കടന്നുപോകുന്ന ഓരോ ബൈക്കിന്റെയും അടിഭാഗം റോഡിലെ കല്ലുകളില്‍ ഉരഞ്ഞ പാടുകള്‍ കാണാം. തുടര്‍ച്ചയായി കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ യാത്ര കൂടുതല്‍ ദുഷ്‌കരമാക്കുന്നു. മഴക്കാലമായാല്‍ വഴിനിറയെ ചെളിനിറയും. പിന്നെ ഓഫ് റോഡ് ബൈക്കുകള്‍ക്കോ ഫോര്‍ വീല്‍ ഡ്രൈവില്‍ ജീപ്പിനോപോലും ഇവിടേക്കെത്തുക പ്രയാസമാകും.
കല്ല് നിറഞ്ഞ വഴി താണ്ടിയെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരാള്‍ പൊക്കത്തോളം വളര്‍ന്നുനില്‍ക്കുന്ന പുല്ലുകളാണ്. പുല്ലുകളെ വകഞ്ഞുമാറ്റി അകത്തേക്ക് കടന്നാല്‍ മറ്റൊരു ലോകമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. വീശിയടിക്കുന്ന കാറ്റ് ഏറെ ശക്തമായതിനാല്‍ പലപ്പോഴും എവിടെയെങ്കിലും പിടിച്ചുനില്‍ക്കണോ എന്ന് തോന്നിപ്പോകും. പുല്‍ക്കാടുകള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ കാണുമ്പോള്‍ ആരോ കൊത്തിവെച്ചതാണോ എന്ന് തോന്നിപ്പോകും.
മെട്ടിലെ പാറക്കൂട്ടങ്ങളില്‍ കയറിനിന്നാല്‍ കാണാന്‍ കഴിയുന്ന ഹൈറേഞ്ചിലെ ഏലമലക്കാടുകളുടെ ആകാശക്കാഴ്ച ഡ്രോണ്‍ ചിത്രങ്ങള്‍പോലെ തോന്നിക്കും. അങ്ങ് താഴെ കട്ടപ്പന നഗരവും തീപ്പെട്ടിക്കൂട് അടുക്കിവെച്ചതുപോലെ നഗരത്തിലെ കെട്ടിടങ്ങളും കാണാം. അപ്പോഴേക്കും ചില വിരുതന്മാര്‍ ബൈക്കും സ്‌കൂട്ടറുമൊക്കെ മെട്ടിലേക്ക് കയറ്റി. വ്യൂ പോയിന്റുകളുടെ അരികില്‍ അന്തരീക്ഷത്തിലേക്ക് തലനീട്ടിയതുപോലെയുള്ള പാറക്കൂട്ടങ്ങളില്‍ ബൈക്കോടിച്ച് കയറ്റുകയാണ് ലക്ഷ്യം. ഏറെ സാഹസികത നിറഞ്ഞ ഈ പ്രവൃത്തി ഒന്ന് പിഴച്ചാല്‍ കുതിരവട്ടംപപ്പു പറഞ്ഞതുപോലെ 'എന്‍ജിനും ഞമ്മളും തവിട് പൊടി'.
ഭയപ്പാടില്ലാതെ പാറക്കൂട്ടത്തിന് മുകളില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവാക്കളെയും മെട്ടിന്റെ ഭംഗി ആസ്വദിക്കുന്നവരെയും ചിലയിടങ്ങില്‍ കാണാം. അകലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ മേഘങ്ങള്‍ക്കും മീതെ തലയുയര്‍ത്തി ഉയരത്തിന്റെ കാര്യത്തില്‍ മത്സരിക്കുന്നതുപോലെ പരന്നുകിടക്കുന്നു. മലനിരകള്‍ക്കിടയിലൂടെ ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി മുനമ്പ് കാണാം. നാല് വശവും മലകളാല്‍ തടയണ കെട്ടിയതുപോലെയുള്ള ജലാശയത്തിന്റെയും ജലപ്പരപ്പിന് മുകളിലെ ഉരുളികമിഴ്ത്തിവെച്ചതുപോലെയുള്ള ചെറുദ്വീപിന്റെയും കാഴ്ച ഏറെ മനോഹരമാണ്.
വൈകുന്നേരമാകുന്നതോടെ വീശിയടിക്കുന്ന തണുത്ത കാറ്റിന് വീര്യം കൂടും. കാറ്റിന് ശക്തിയേറിയതോടെ സംസാരംപോലും കേള്‍ക്കാനാകാത്ത അവസ്ഥ. കൃഷിയിടങ്ങളിലെ ആക്രമണകാരികളായ കാട്ടുപന്നികളെ ഭയന്ന് ഇരുള്‍ പടര്‍ന്നുതുടങ്ങും മുന്‍പുതന്നെ മലയിറങ്ങേണ്ടി വന്നു, അസ്തമയത്തിന്റെ വശ്യതകാണാന്‍ ഒരിക്കല്‍ക്കൂടിയെത്തുമെന്ന് മനസ്സിലുറപ്പിച്ച്...
Content Highlights: thrilling experience at mettukuzhi viewpoint