ഇടയ്ക്ക് മഞ്ഞച്ചിന്നന്‍ പുഴയോരത്തെ ചെറുകുഴികളിലെ വെള്ളത്തില്‍ കുളിക്കുന്നത് കാണാം

#എഴുത്തും ചിത്രങ്ങളും: എന്‍.എ.നസീര്‍
മഞ്ഞച്ചിന്നന്‍
മഞ്ഞച്ചിന്നന്‍

മലക്കപ്പാറയില്‍നിന്നു പൂപ്പാറ വഴി പറമ്പിക്കുളത്തേക്ക് ഒരു കാട്ടുവഴിയുണ്ടായിരുന്നു. വൃക്ഷലതാദികളാലും വന്യജീവികളാലും സമ്പന്നമായ ആ കാനനത്തിലൂടെ നടന്നുപോകാന്‍ മാത്രം പറ്റുന്ന ഒരു വഴി. എല്ലാ ഋതുക്കളിലും ഈര്‍പ്പമാര്‍ന്ന് തണുത്തിരുണ്ടുകിടക്കുന്ന കാട്. ആ പാതയിലൂടെ നടന്നുപോയാല്‍ ചെന്നുകയറുന്നത് പൂപ്പാറ മുതുവാക്കുടിയിലേക്കാണ്. അവിടന്നങ്ങോട്ട് തേക്കിന്‍തോട്ടവും ഇലപൊഴിയുംകാടും നിത്യഹരിതവനവും പറമ്പിക്കുളം റിസര്‍വോയറും ഇഴചേര്‍ന്നുകിടക്കുന്ന മറ്റൊരു പാത ആരംഭിക്കുകയായി. അത് പറമ്പിക്കുളത്ത് ചെന്നുചേരുന്നു.

വന്യജീവികളൊന്നും തടസ്സപ്പെടുത്തിയില്ലെങ്കില്‍ രാവിലേ നടന്നാല്‍ വൈകുന്നേരം ചെന്നെത്താം. പക്ഷേ, എല്ലായ്പ്പോഴും പാതയില്‍ നിലയുറപ്പിച്ച ആനക്കൂട്ടങ്ങളെയും കാട്ടുപോത്തിന്‍കൂട്ടങ്ങളെയും കടന്ന് പോവുക ശ്രമകരമാണ്. ഇപ്പോള്‍ ഈ കാനനപാതകളെല്ലാംതന്നെ വനം വകുപ്പ് അടച്ചു. പ്രത്യേകിച്ച് പറമ്പിക്കുളം കടുവാസങ്കേതമായി ഉയര്‍ന്നപ്പോള്‍ ശക്തമായ കാവലും നിരീക്ഷണവുമായി. ആരെയും കടത്തിവിടാറില്ല. അക്കാലത്ത് (1983) ഞങ്ങള്‍ കുറച്ച് ചെറുപ്പക്കാര്‍ ചെറായിയിലെ പി.ജെ. സെബാസ്റ്റ്യന്‍ മാഷിന്റെ നേതൃത്വത്തില്‍ 'വനസീമ നേച്ചര്‍ ക്ലബി'ന്' രൂപം കൊടുത്തിരുന്നു. പ്രകൃതിപഠനയാത്രകള്‍, ക്യാമ്പുകള്‍, പക്ഷിനിരീക്ഷണം, വൃക്ഷത്തൈനടീല്‍, വന്യജീവി കണക്കെടുപ്പുകളിലെ പങ്കാളിത്തം, സ്‌കൂളുകളില്‍ പ്രകൃതിസംരക്ഷണത്തെകുറിച്ച് സംസാരിക്കുക എന്നിങ്ങനെ സജീവമായി മുന്നോട്ടുപോകുന്ന കാലം.

ഞാനും നേച്ചര്‍ ക്ലബിന്റെ മറ്റൊരു പ്രവര്‍ത്തകനായ ജയനും മലക്കപ്പാറ വഴി പറമ്പിക്കുളത്തേക്ക് നടന്നുപോകാനുള്ള പ്ലാനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അന്ന് ഷോളയാര്‍ പെരുംകാട്ടില്‍ താമസിക്കുന്ന അടിച്ചില്‍ത്തൊട്ടിയിലെ മുതുവാന്മാരുമായി നല്ല സൗഹൃദത്തിലാണ്. അവരാണ് ഞങ്ങള്‍ക്ക് പറമ്പിക്കുളത്തേക്ക് പോകുന്ന നടപ്പാത പറഞ്ഞുതന്നത്. മലക്കപ്പാറയില്‍ പലചരക്കുസാധനങ്ങള്‍ വാങ്ങിക്കാന്‍ പൂപ്പാറക്കുടിയില്‍നിന്ന് മുതുവാന്മാര്‍ എത്തിച്ചേരും. അവരോടൊപ്പം ഞങ്ങളെ പറഞ്ഞുവിടുകയായിരുന്നു അടിച്ചില്‍ത്തൊട്ടിയിലെ കുമാരന്‍. (പക്ഷേ, പറമ്പിക്കുളത്തെത്തിയ ഞങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് മറ്റൊരു കഥ!)

ഞങ്ങള്‍ മലക്കപ്പാറയില്‍നിന്നു കാട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ മലമുഴക്കിവേഴാമ്പലിന്റെയും കരിങ്കുരങ്ങിന്റെയും ശബ്ദങ്ങളാണ് ആദ്യം കേട്ടത്. പ്രകൃതിയോട് ഇണങ്ങിയും അതിനെ ആരാധിച്ചും പരിപാലിച്ചും ജീവിക്കുന്ന ആദിവാസിസമൂഹമായ മുതുവാന്മാരില്‍നിന്ന് ഏറെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. മലകളെയും വൃക്ഷങ്ങളെയും രാജവെമ്പാലകളെയുമൊക്കെ തൊഴുതുനില്‍ക്കുന്ന ചില മുതുവാന്‍ സുഹൃത്തുക്കളെ ഞാന്‍ ആദരവോടെ നോക്കിനിന്നിട്ടുണ്ട്. 

കാടിന്റെ അതിരില്‍നിന്ന് പലജാതി പക്ഷിക്കൂട്ടങ്ങളും ഞങ്ങള്‍ക്കൊപ്പം കൂടി. ജയന്റെ കൈവശം അന്ന് ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍' ഉണ്ട്. കേള്‍ക്കുന്ന പക്ഷിസ്വരങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്താനാകാതെ ഞങ്ങള്‍ കുഴങ്ങി. പക്ഷേ, അവയില്‍ ആനന്ദിച്ചും അവയുടെ ഒളിവിടങ്ങളില്‍ കണ്ണുകള്‍ പായിച്ചും ഞങ്ങള്‍ നടന്നു. വന്യഗന്ധങ്ങളില്‍നിന്നു കാട്ടുപോത്തിന്റെ രൂക്ഷഗന്ധം മാത്രമേ ഞങ്ങള്‍ തിരിച്ചറിഞ്ഞുള്ളൂ. ഇടതൂര്‍ന്ന, ജൈവപ്രാധാന്യമുള്ള ആ വനാന്തരം ഞങ്ങള്‍ക്ക് ആനന്ദം പകര്‍ന്നുകൊണ്ടിരുന്നു.

ഒരു ഈറ്റക്കാടിന്റെ അതിരില്‍വെച്ചാണ് ഞങ്ങള്‍ ആ ചെറുപക്ഷികളെ കണ്ടെത്തിയത്. നേര്‍ത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച്, ഒരുസ്ഥലത്തും സ്വസ്ഥമായിരിക്കാതെ അവ പാറിപ്പറന്നുകൊണ്ടിരുന്നു. ''അത് മഞ്ഞച്ചിന്നനാണ്''- ജയന്‍ ആഹ്ലാദത്തോടെ പറഞ്ഞു. ബാഗില്‍നിന്നു പുസ്തകമെടുത്ത് അക്കാര്യം ഉറപ്പാക്കുകയുംചെയ്തു. സെബാസ്റ്റ്യന്‍സാര്‍ തന്നുവിട്ട ബൈനോക്കുലറിലൂടെ തെളിമയോടെ ഞാന്‍ ആ പക്ഷിയെ കണ്ടുനിന്നു. എന്റെ ആദ്യത്തെ കാഴ്ചയായിരുന്നു അത് (വര്‍ഷം 1983).

പിന്നെയും കുറെ കാത്തിരിക്കേണ്ടിവന്നു, ഈ പക്ഷിയെ ക്യാമറയില്‍ പകര്‍ത്താന്‍. അന്നൊക്കെ ഒരു പക്ഷിനിരീക്ഷകന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ബൈനോക്കുലര്‍. ചെറിയ ഗ്രൂപ്പുകളായി പക്ഷിനിരീക്ഷണത്തിന് പോകുമ്പോള്‍ അതിലൊരാള്‍ക്ക് ചിലപ്പോള്‍ ഒരു ബൈനോക്കുലര്‍ ഉണ്ടെങ്കിലായി. പക്ഷിയെ കണ്ടെത്തിയാല്‍ ബൈനോക്കുലറിലൂടെ നോക്കുന്നയാളുടെ വിവരണങ്ങള്‍ മറ്റുള്ളവര്‍ കുറിച്ചുവെയ്ക്കും. അതുകഴിഞ്ഞ് ബൈനോക്കുലര്‍ മറ്റുള്ളവര്‍ വാങ്ങി പക്ഷിയെ നിരീക്ഷിക്കും. ഇതാണ് അക്കാലത്തെ രീതി. പക്ഷേ, അതുവരെ കണ്ട പക്ഷി അവിടെ മറ്റുള്ളവര്‍ക്ക് കാണാന്‍ പാകത്തില്‍ നില്‍ക്കണമെന്നില്ല. 

1999-ല്‍ പറമ്പിക്കുളത്ത് കടുവയെ തിരക്കി കാട്ടിലലയുകയാണ്, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റായ തോമസ് നെല്‍സണ്‍ സാറിനൊപ്പം ജലീലും ഞാനും. കൂടെ വാച്ചറായ സ്വാമിനാഥനും വിജയനുമുണ്ട്. പകലൊക്കെ നദിയോരത്തുകൂടി നടന്നും നീര്‍ച്ചാലുകളിലൂടെ കടുവയെ അന്വേഷിച്ചും നീങ്ങും. രാത്രിയില്‍ പുഴയോരത്ത് തീകൂട്ടി അവിടെ തങ്ങും. ഏതാണ്ട് രണ്ടാഴ്ചയോളം അങ്ങനെ കാടിനകത്ത് കടുവയുടെ കാലടയാളങ്ങളിലൂടെ നടന്നു. ആ സഞ്ചാരത്തില്‍ നെല്‍സണ്‍ സാര്‍ ഒത്തിരി പക്ഷികളെയും പൂമ്പാറ്റകളെയും സസ്യങ്ങളെയും പരിചയപ്പെടുത്തി. കാട്ടില്‍ എല്ലാത്തിനെയും എല്ലായ്പ്പോഴും അതിന്റെ സൂക്ഷ്മതയിലറിയുക എന്നരീതി സാറാണ് പറഞ്ഞുതന്നത്. 

കുരിയാര്‍കുറ്റി പുഴകടന്ന് അക്കരെ കടുവയുടെ കാലടയാളങ്ങള്‍ സൂക്ഷ്മതയോടെ പിന്തുടരുമ്പോഴാണ് 'Yellow Browed Bulbul' എന്ന് സാര്‍ പറഞ്ഞത്. പുഴയോരത്തെ ഈറ്റക്കാടിനരികിലായി രണ്ട് പക്ഷികള്‍. ഞാന്‍ എന്റെ ഫിലിം ക്യാമറയില്‍ ആ കാഴ്ച പകര്‍ത്തി (വര്‍ഷം 1999, ഡിസംബര്‍). ''മലയാളത്തില്‍ ഈ പക്ഷിയുടെ പേര് മഞ്ഞച്ചിന്നന്‍''-നെല്‍സണ്‍ സാര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. സഞ്ചാരങ്ങളില്‍ ഞങ്ങള്‍ക്ക് വിരുന്നായി പിന്നെയും പിന്നെയും ആ പക്ഷികളെ കാണുകയുണ്ടായി. കടുവയെ തേടിയുള്ള യാത്രയാണെങ്കിലും ധാരാളം പക്ഷികളെ അടുത്തറിഞ്ഞ ദിനങ്ങളായിരുന്നു അവ!

പിന്നീട് മഞ്ഞച്ചിന്നന്‍മാരെ ഫിലിംക്യാമറക്കാലത്ത് പകര്‍ത്താനായത് 2000-ത്തിലാണ്. തമിഴ്നാട്ടിലെ ആനമല കടുവസങ്കേതത്തില്‍വെച്ച്. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന മഹാവൃക്ഷങ്ങളുടെ ആരണ്യമായ കരിയന്‍ ചോലയില്‍ മലമുഴക്കികള്‍ക്കായി മറഞ്ഞിരിക്കുമ്പോള്‍ തൊട്ടരികില്‍ എവിടെയോ മഞ്ഞച്ചിന്നന്‍ കൂടൊരുക്കിയിരുന്നു. അവ അടിക്കടി എന്റെ ഒളിയിടത്തിന് മുന്നിലൂടെയായിരുന്നു പോയ്ക്കൊണ്ടിരുന്നത്. 

അവയുടെ കൊക്കില്‍ ചെറു കാട്ടുപഴങ്ങളും പ്രാണികളുമൊക്കെ ഉണ്ടായിരുന്നതും ഓര്‍ക്കുന്നു. ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുഗം ആരംഭിച്ച വേളയില്‍ വാഴച്ചാലില്‍നിന്നായിരുന്നു മഞ്ഞച്ചിന്നനെ പിന്നീട് പകര്‍ത്തിയത്. ചൂളം വിളിക്കുന്നപോലെയും മറ്റ് ബുള്‍ബുള്‍ പക്ഷികളുടെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദങ്ങളോടെയുമാണ് അവയെ കണ്ടത്. അന്ന് ആ പക്ഷികള്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പ്രാണികളെയും മറ്റും കണ്ടെത്തി ഭക്ഷിക്കുന്നുണ്ടായിരുന്നു. ചെറിയൊരു സംശയം തോന്നിയാല്‍ അതിവേഗത്തില്‍ അവിടംവിട്ട് പോകും. പ്രാപ്പിടിയന്മാരായ മറ്റുപക്ഷികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഉടനെ പൊന്തകളുടെ ഇടയിലേക്ക് നുഴഞ്ഞുകയറി മറയും. അധികം ഉയരമില്ലാത്ത മരങ്ങളുടെ കവരകളാണ് ഇവ കൂടുകൂട്ടാന്‍ ഉപയോഗിക്കുന്നത്. 

പെട്ടെന്ന് അത് കണ്ടെത്താനും സാധ്യമല്ല. ആണ്‍പക്ഷിയെയും പെണ്‍പക്ഷിയെയും ഇതുവരെ എനിക്ക് തിരിച്ചറിയാനായിട്ടില്ല. ആറുപക്ഷികള്‍ അടങ്ങിയ കൂട്ടത്തെ വാഴച്ചാല്‍ ഭാഗത്ത് 1999-ല്‍ കണ്ടിട്ടുണ്ട്. ചെറു കാട്ടുപഴങ്ങളും പ്രാണികളുമൊക്കെയാണ് ആഹാരം. ഉച്ചസമയങ്ങളില്‍ ശത്രുക്കള്‍ ഒന്നുംതന്നെ അരികിലില്ലെന്ന് ഉറപ്പുവരുത്തി പുഴയോരത്തെ ചെറുകുഴികളിലെ വെള്ളത്തില്‍ കുളിക്കുന്നത് കാണാം. തറയിലേക്ക് പറന്നിറങ്ങി ഇരതേടുന്നതും കണ്ടിട്ടുണ്ട്. പക്ഷികളുടെ പിന്നാലെ ബൈനോക്കുലറോ ക്യാമറയോ കൈവശം കരുതി അലഞ്ഞാല്‍ അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് അറിയില്ല. പലപ്പോഴും അത്തരത്തില്‍ ഞാന്‍ കാടിനകത്ത് ചെന്നുപെട്ടിട്ടുണ്ട്. 

മൂന്നാറിലെ കുട്ടേട്ടന്‍, പക്ഷികള്‍ക്കായി വീടിനരികില്‍ ചെറിയൊരു ഉദ്യാനം തീര്‍ത്ത് കാത്തിരിക്കുന്ന ആളാണ്. അവിടെ നിത്യസന്ദര്‍ശകരാണ് മഞ്ഞച്ചിന്നന്‍മാര്‍. വേനല്‍ക്കാലത്ത് ദാഹജലവും മറ്റും കരുതിവയ്ക്കുന്ന അവിടെ പക്ഷികളുടെനേരേ ക്യാമറ തിരിക്കുമ്പോള്‍ പലപ്പോഴും ഡ്രമാറ്റിക് ഫ്രെയിമുകളാണ് പതിയുക. അതെ, ചില ആളുകളുടെ ചുറ്റിനും പക്ഷികള്‍ പാറിപ്പറക്കുന്നു. മസനഗുഡിയിലെ ചീതള്‍വാക്കില്‍ കടുത്ത വേനലില്‍ കാട്ടുനീര്‍ച്ചോലകള്‍ എല്ലാംതന്നെ വറ്റിവരളുന്നു. അത്തരം ദിനങ്ങളില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്ന വേളയില്‍ ചാമ, റാഗി, അരിനുറുക്ക് എന്നിവയൊക്കെ മാര്‍ക്ക് ദാവീദാര്‍ മുറ്റത്തെല്ലാം വിതറുന്നത് കാണാം. 

മസനഗുഡിയില്‍ അല്പംപോലും മഴ പെയ്യാതെ വന്യജീവികള്‍ ഭക്ഷിക്കാന്‍ ഒന്നും ഇല്ലാതെ ചത്തൊടുങ്ങിയ സമയമൊക്കെ ഉണ്ടായിട്ടുണ്ട്. അത്തരം അവസ്ഥകളില്‍ മാര്‍ക്ക് ദാവീദാറിനുചുറ്റും പക്ഷികള്‍ പറന്നുവരും. ഹൃദയത്തില്‍ പച്ചപ്പ് സൂക്ഷിക്കുന്നവര്‍ അങ്ങനെയൊക്കെയാണ്. നഗരങ്ങളിലെ പുലരികളില്‍ പക്ഷിപ്പാട്ട് കേള്‍ക്കാന്‍ സാധിക്കാത്ത കുഞ്ഞുകുട്ടികളെ ഓര്‍ത്ത് സങ്കടം തോന്നിയിട്ടുണ്ട്. നമ്മുടെ നഗരങ്ങളിലെ ബഹളം പക്ഷിസന്ദേശങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് മായ്ച്ചുകളയുന്നു. പ്രജനനകാലത്ത് പരസ്പരം കൈമാറേണ്ട സന്ദേശങ്ങള്‍വരെ അവയ്ക്ക് നഷ്ടപ്പെടുകയാണ്. 

പക്ഷിശാസ്ത്രത്തിന്റെ ചരിത്രം ജീവശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഈജിപ്തുകാര്‍ അവരുടെ ലിപികളില്‍ (HIEROGLYPHIC SCRIPTS) പക്ഷികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ബി.സി 1500-800 കാലഘട്ടങ്ങളിലെ പല രചനകളിലും പക്ഷികളുടെ ജീവിതരീതികളെക്കുറിച്ച് സൂക്ഷ്മനിരീക്ഷണങ്ങള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 

ബി.സി 350-ല്‍ ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ എഴുതിയ 'മൃഗങ്ങളുടെ ചരിത്രം' (History Of Animals) എന്ന ഗ്രന്ഥത്തെ ആദ്യകാല ജന്തുശാസ്ത്ര കൃതിയായി കണക്കാക്കുന്നു. അതില്‍ അദ്ദേഹം പറവകളെക്കുറിച്ച് പറയുന്നുണ്ട്. അതെ, നമ്മുടെ വീടുകളുടെ ജാലകങ്ങള്‍ക്കപ്പുറത്ത് കാണുന്ന പച്ചയില്‍നിന്ന് എത്രമാത്രം വ്യത്യസ്തമായ ശബ്ദങ്ങളാണ് നമുക്കായി തുറക്കപ്പെടുന്നത്. അവിടേക്ക് ശ്രദ്ധിച്ചാല്‍ നമ്മളെ കാത്തിരിക്കുന്നത് പറവകളുടെ മറ്റൊരു ലോകമാണ്. അത്തരമൊരു ലോകം തെളിഞ്ഞുവരണമെങ്കില്‍ അവിടെ നാം പച്ചപ്പ്  നിറയ്‌ക്കേണ്ടിയിരിക്കുന്നു. അത്തരമൊരു പാരസ്പര്യം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം.
 

Content Highlights: The yellow-browed bulbul is from the bulbul family