പച്ചമാങ്ങ കൊണ്ടുള്ള അവിയലും കരിക്ക് ചേര്‍ത്ത ഓലനും മത്തനില ചേര്‍ത്ത പരിപ്പ് കൂട്ടും

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

പച്ചമാങ്ങ അവിയല്‍
പച്ചമാങ്ങ തൊലികളഞ്ഞത്: രണ്ടെണ്ണം
വെള്ളം, ഉപ്പ്, മഞ്ഞള്‍പ്പൊടി: ആവശ്യത്തിന്
തേങ്ങ ചിരകിയത്: ഒരു മുറി
പച്ചമുളക്: അഞ്ചാറെണ്ണം
വെളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍ 
കറിവേപ്പില: രണ്ട് തണ്ട്

മാങ്ങ രണ്ടിഞ്ച് നീളത്തില്‍ അധികം കട്ടിയില്ലാതെ മുറിക്കുക. ഇത് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും അല്പം വെള്ളവും തൂവി കുഴയാതെ വേവിക്കുക. അതിലേക്ക് തേങ്ങയും പച്ചമുളകും ചതച്ചത് ചേര്‍ത്തിളക്കി ചൂടാവുമ്പോള്‍ വെളിച്ചെണ്ണ, കറിവേപ്പില എന്നീ ചേരുവകള്‍ ചേര്‍ത്തിളക്കി അടച്ചുവെയ്ക്കാം. 

മധുരക്കറി
ഉണക്കമുന്തിരി: 50 ഗ്രാം
ഈന്തപ്പഴം കുരുനീക്കിയത്: 50 ഗ്രാം 
പുളി: 50 ഗ്രാം 
വെള്ളം: ആവശ്യത്തിന്
ഇഞ്ചി അരച്ചത്: 50 ഗ്രാം 
മുളകുപൊടി: ഒരു ടേബിള്‍ സ്പൂണ്‍
ശര്‍ക്കര പൊടിച്ചത്: മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

അല്പം വെള്ളത്തില്‍ പുളി കുതിര്‍ത്തത് പിഴിഞ്ഞെടുത്തതിലേക്ക് കഴുകിവെച്ച ഉണക്കമുന്തിരി, ഈന്തപ്പഴം, ഇഞ്ചി, മുളകുപൊടി, ശര്‍ക്കര പൊടിച്ചത്, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് കുഴമ്പുപരുവമാകുംവരെ കുറുക്കുക.

ആപ്പിള്‍ പച്ചടി / ചിത്രങ്ങള്‍: അരുണ്‍ പയ്യടിമീത്തല്‍

ആപ്പിള്‍ പച്ചടി
ആപ്പിള്‍: ഒന്ന് (തൊലി കളഞ്ഞ് ചെറുതായരിഞ്ഞത്)
സവാള ചെറുതായരിഞ്ഞത്: ഒന്ന് 
കുക്കുമ്പര്‍: ഒന്ന്
ഉപ്പ്: ആവശ്യത്തിന്
കട്ടത്തൈര്: 100 ഗ്രാം
തേങ്ങ ചിരകിയത്: ഒരുമുറിയുടെ പകുതി
പച്ചമുളക്: നാലെണ്ണം
കടുക്: ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്: രണ്ടെണ്ണം
കറിവേപ്പില: ആവശ്യത്തിന്

ആപ്പിള്‍, സവാള, കുക്കുമ്പര്‍ എന്നിവ ചെറുതായരിയുക. ഇതിലേക്ക് ഉപ്പുചേര്‍ത്ത് ഇളക്കിവയ്ക്കുക. തൈരില്‍ തേങ്ങയും പച്ചമുളകും കടുകും ചേര്‍ത്ത് നന്നായരച്ച്, അരിഞ്ഞുവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. വെളിച്ചെണ്ണയില്‍ വറ്റല്‍മുളകും കറിവേപ്പിലയും കടുകും താളിച്ച് പച്ചടിയില്‍ ചേര്‍ക്കാം. 

പരിപ്പ് കൂട്ട്

പരിപ്പ് കൂട്ട്
ചെറുപയര്‍ പരിപ്പ് വറുത്തത്: 50 ഗ്രാം 
മത്തനില/കോവല്‍ ഇല: പത്തെണ്ണം (കഴുകി നാരുകളഞ്ഞ്, നേര്‍മയായരിഞ്ഞത്)
ഉപ്പ്, വെള്ളം: ആവശ്യത്തിന്
പച്ചമുളക്: മൂന്നെണ്ണം
വെള്ളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി, ചുവന്നുള്ളി: നാലെണ്ണം വീതം 

പരിപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തുടയരുത്. ഇതിലേക്ക് അരിഞ്ഞുവെച്ച ഇലയും ആവശ്യത്തിന് ഉപ്പും വെള്ളവും പച്ചമുളകും ചേര്‍ത്ത് കുഴഞ്ഞപരുവത്തില്‍ വേവിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോള്‍ ചതച്ചുവെച്ച വെളുത്തുള്ളിയും ചുവന്നുള്ളിയും താളിച്ച് കറിയില്‍ ചേര്‍ത്തിളക്കുക.

കരിക്ക് ഓലന്‍

കരിക്ക് ഓലന്‍  
കരിക്ക് കഷണങ്ങള്‍: 100 ഗ്രാം
കാരറ്റ്: 100 ഗ്രാം
അണ്ടിപ്പരിപ്പ്: 16 എണ്ണം
പച്ചമുളക്: നാലെണ്ണം
ഉപ്പ്: ആവശ്യത്തിന്
തേങ്ങാപ്പാല്‍: രണ്ടാംപാല്‍ 
തേങ്ങാപ്പാല്‍: ഒന്നാംപാല്‍ 
വെളിച്ചെണ്ണ: ഒരു ടേബിള്‍സ്പൂണ്‍

കാരറ്റ് വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് പച്ചമുളക്, ഉപ്പ്, രണ്ടാംപാല്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും കരിക്കും ചേര്‍ത്ത് ഒന്നു തിളച്ചാല്‍ തേങ്ങയുടെ ഒന്നാംപാലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്തിളക്കി തീയണച്ച് അടച്ചുവെയ്ക്കാം. 

മസാലക്കൂട്ട്

മസാലക്കൂട്ട്
കോവയ്ക്ക: കാല്‍ കിലോ
വെളിച്ചെണ്ണ: 50 ഗ്രാം
സവാള: ഒന്ന്
വെളുത്തുള്ളി: അഞ്ച് അല്ലി
ഇഞ്ചി നീളത്തിലരിഞ്ഞത്: ചെറിയ കഷണം 
മല്ലി: ഒരു ടീസ്പൂണ്‍
മുളക്: നാലെണ്ണം
ഗരംമസാല, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചൂടാക്കി പൊടിച്ചത്: ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്, മഞ്ഞള്‍പ്പൊടി, വെള്ളം: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്

കോവയ്ക്ക നെടുകെ പിളര്‍ന്ന് കനംകുറച്ച് അരിയുക. ഒരു കടായിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലി, മുളക്, ഗരംമസാല, പട്ട, കരാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചൂടാക്കി പൊടിച്ചത് എന്നീ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി വെള്ളം തളിച്ച് അടച്ചുവെയ്ക്കാം. ശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച ശേഷം പിന്നീട് വിളമ്പാം.

തയ്യാറാക്കിയത്: ശോഭ. സി, പാലക്കാട്


 

Content Highlights: tasty curry recipes for onam