ബാലി സന്ദർശിച്ചശേഷം കമിതാക്കൾ വേർപിരിയുന്നു! പ്രദേശത്തെ ബാധിച്ച ശാപമോ കാരണം?

പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇന്തോനേഷ്യയിലുള്ള ബാലി ദ്വീപ്. ചരിത്രം കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമായ ഇവിടം സഞ്ചാരികൾക്ക് താരതമ്യേന ചെലവുകുറഞ്ഞ സഞ്ചാരകേന്ദ്രം കൂടിയാണ്. അതുകൊണ്ടു തന്നെ 2024-ൽ മാത്രം 63 ലക്ഷം രാജ്യാന്തര സഞ്ചാരികളാണ് ബാലി സന്ദർശിച്ചിട്ടുള്ളത്. മധുവിധു ആഘോഷിക്കാൻ വരുന്നവരും കുടുംബമായി യാത്ര ചെയ്യുന്നവരും മാത്രമല്ല ഇവിടം സന്ദർശിക്കുന്നത്, മറിച്ച് തനിച്ച് യാത്രചെയ്യുന്നവരുടെയും പ്രണയിതാക്കളുടെയും വരെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ് ബാലി. എന്നാൽ ഈ അടുത്ത് ബാലിയെ ബാധിച്ച നിഗൂഢ ശാപം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഇത് സഞ്ചാരികൾക്കിടയിൽ ആശങ്ക ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്.
'ജമ്പേഴ്സ് ജമ്പ് റീപ്ലേ'യിലെ വൈറലായ ഒരു പോഡ്കാസ്റ്റ് ക്ലിപ്പിൽ ബാലി സന്ദർശിച്ചശേഷം നിരവധി അവിവാഹിതരായ ദമ്പതികൾ വേർപിരിയുന്നു എന്നാണ് അവകാശപ്പെടുന്നത്. ദ്വീപിലേക്കുള്ള യാത്രകൾക്ക് ശേഷം നിരവധി ആളുകൾ റെഡ്ഡിറ്റിൽ തങ്ങളുടെ വേർപിരിയൽ കഥകൾ പങ്കുവെച്ചിട്ടുണ്ടെന്ന് അവതാരകർ അവകാശപ്പെടുന്നു. റെഡ്ഡിറ്റ് ത്രെഡുകളും വൈറൽ വീഡിയോയുടെ കമന്റ് വിഭാഗവും സമാനമായ അനുഭവങ്ങൾ വിവരിക്കുന്ന ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 'ഞങ്ങൾ ഹണിമൂണിനായി ബാലിയിലേക്ക് പോയി, 6 മാസത്തിനുശേഷം വിവാഹമോചനം നേടി.' ഒരു ഉപയോക്താവ് പങ്കിട്ടു. 'ഞങ്ങൾ അവിടെ പോയപ്പോൾ എന്റെ കാമുകനും ഞാനും വേർപിരിഞ്ഞു. അത് ഞങ്ങൾക്ക് നല്ലതിനാണ്. അതിനുപിന്നാലെയാണ് ഞാൻ എന്റെ ഭർത്താവിനെ കണ്ടെത്തിയത്. ഒരുപക്ഷേ അത് ഒരു ശാപമല്ല, മറിച്ച് ഒരു അനുഗ്രഹമായിരിക്കാം.' മറ്റൊരാൾ എഴുതി. 'ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ രണ്ടുവർഷത്തെ ബന്ധവും ഞാൻ അവിടെയാണ് അവസാനിപ്പിച്ചത്.' മറ്റൊരാൾ കൂട്ടിച്ചേർത്തു.
ബാലിയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് പാറക്കെട്ടുകളിൽ സ്ഥിതിചെയ്യുന്ന തനാ ലോട്ട് ക്ഷേത്രം ദ്വീപിലെ ഏറ്റവും പവിത്രവും മനോഹരവുമായ ലാൻഡ്മാർക്കുകളിൽ ഒന്നാണ്. പതിനാറാം നൂറ്റാണ്ടിൽ പുരോഹിതൻ ഡാങ് ഹ്യാങ് നിരാർത്ത സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ പുരാതന ഹിന്ദുക്ഷേത്രം, കടൽദേവന്മാർക്ക് സമർപ്പിച്ചിരിക്കുന്നതും പ്രകൃതിക്കും ദൈവത്തിനും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നതുമാണ്.
ക്ഷേത്രത്തിന്റെ പേരിന്റെ അർത്ഥം 'കടലിലെ കര' എന്നാണ്. അതിന്റെ സ്ഥാനത്തിന് അനുയോജ്യമായ ഒരു വിവരണം. സമുദ്ര തിരമാലകളാൽ ചുറ്റപ്പെട്ട ഇത് വേലിയേറ്റ സമയത്ത് പൊങ്ങിക്കിടക്കുന്നതായി തോന്നും. തദ്ദേശവാസികൾക്ക് ഒരു ആത്മീയകേന്ദ്രം മാത്രമല്ല തനാ ലോട്ട്, അതിന്റെ ആകർഷകമായ സൂര്യാസ്തമയം, അതുല്യമായ വാസ്തുവിദ്യ, ശാന്തമായ പ്രഭാവലയം എന്നിവയാൽ ആകർഷിക്കപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. എന്നാൽ അതിന്റെ സൗന്ദര്യത്തിനും ആത്മീയതയ്ക്കും അപ്പുറം, ഇന്റർനെറ്റ് 'ബ്രേക്ക്അപ്പ് ശാപം' എന്ന് വിശേഷിപ്പിച്ച ഒരു കൗതുകകരമായ കാര്യത്തിലാണ് ഇതിപ്പോൾ ചർച്ചയാവുന്നത്.
തനാ ലോട്ടിലെ 'ബ്രേക്ക്അപ്പ്'
ബാലിനീസ് നാടോടിക്കഥകളിൽ ശാപത്തിന്റെ ഉത്ഭവം ഒരു ദാരുണപ്രണയകഥയിൽ നിന്നാണ്. ജാവയിൽ നിന്നുള്ള ഒരു ബ്രാഹ്മണ രാജകുമാരനും രാജകുമാരിയും ഒരിക്കൽ തനാ ലോട്ട് സന്ദർശിച്ചു. സന്ദർശന വേളയിൽ അവർ അടുപ്പത്തിലായി. എന്നാൽ അധികം താമസിയാതെ രാജകുമാരൻ രാജകുമാരിയെ ഉപേക്ഷിച്ചു. വഞ്ചനയിൽ അവളുടെ ഹൃദയം തകർന്നു. ദുഃഖത്തിലും കോപത്തിലും രാജകുമാരി ആ ദേശത്തെ ശപിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. തനാ ലോട്ട് സന്ദർശിക്കുന്ന അവിവാഹിതരായ ദമ്പതികൾ ആറ് മാസത്തിനുള്ളിൽ വേർപിരിയുമെന്ന് അവർ പറഞ്ഞു.
കാലക്രമേണ, ഈ പ്രാദേശിക അന്ധവിശ്വാസത്തിന് അതിന്റേതായ ഒരു ജീവൻ ലഭിച്ചു. ചില കഥകൾ തനാ ലോട്ട് സന്ദർശിക്കുന്ന ദമ്പതികൾക്ക് മാത്രമേ ശാപം ബാധകമാകൂ എന്ന് പറയുമ്പോൾ, മറ്റു ചിലത് ബാലി സന്ദർശിക്കുന്ന എല്ലാ അവിവാഹിതരായ ദമ്പതികൾക്കും ഇത് ബാധകമാണെന്ന് വിശ്വസിക്കുന്നു. വ്യാഖ്യാനം എന്തുതന്നെയായാലും, ഐതിഹ്യം ക്ഷേത്രത്തിന് ഒരു നിഗൂഢമായ ആകർഷണം നൽകുന്നു. ഇത് ഒരു പുണ്യസ്ഥലം മാത്രമല്ല, പ്രാദേശിക പുരാണങ്ങളിൽ കൗതുകമുള്ളവരെ ആകർഷിക്കുന്ന ഒരു കാന്തം കൂടിയാണ്.
ബാലിയുമായി ബന്ധപ്പെട്ട വേർപിരിയൽ കഥകളിൽ ഇന്റർനെറ്റിന് അതിന്റേതായ പങ്കുണ്ടെങ്കിലും, യാത്രയ്ക്കിടെ വിവാഹനിശ്ചയം കഴിഞ്ഞവരോ വിവാഹിതരാകുകയോ ചെയ്ത നിരവധി ദമ്പതികളും ഉണ്ട്. പലരും വിശ്വസിക്കുന്നത് ഈ ശാപം മനുഷ്യരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണെന്നാണ്. നിങ്ങൾ യാത്ര ചെയ്യുമ്പോഴും, പുതിയ ചുറ്റുപാടുകളിലൂടെ സഞ്ചരിക്കുമ്പോഴും, ഉണർന്നിരിക്കുന്ന ഓരോ നിമിഷവും പരസ്പരം ചെലവഴിക്കുമ്പോഴും, രണ്ട് കാര്യങ്ങൾ സംഭവിക്കാം: ഒന്നുകിൽ അയാൾ നിങ്ങളുടെ പങ്കാളിയാവാൻ യോഗ്യനാണെന്ന് തിരിച്ചറിയുന്നു, അല്ലെങ്കിൽ തിരിച്ചും. അതൊരു ശാപമല്ല, ഒരു വ്യക്തത മാത്രമായിരിക്കാം.
കൗതുകകരമെന്നു പറയട്ടെ, കൊൽക്കത്തയിലെ ദക്ഷിണേശ്വർ ക്ഷേത്രവുമായി ബന്ധപ്പെട്ടും പലരും സമാനമായ കഥകൾ പറയുന്നു. അവിടെയും ഇതേ കാരണത്താൽ അവിവാഹിതരായ ദമ്പതികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. ചിലർ വിശ്വസിക്കുന്നത് അത്തരം നിയന്ത്രണങ്ങൾ സമാനമായ പരമ്പരാഗത വിശ്വാസങ്ങളിലോ അന്ധവിശ്വാസങ്ങളിലോ അധിഷ്ഠിതമാണെന്നാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Is baliss tana lot temple cursed. viral videos claim unmarried couples breakup after visiting