പമ്പാതീരത്തെ കഥകളി ഗ്രാമം തേടി

#വി.പ്രവീണ
കഥകളിഗ്രാമത്തിലെ കാഴ്ച
കഥകളിഗ്രാമത്തിലെ കാഴ്ച

ആട്ടവിളക്കിലെ തിരിപോലെ വെയില്‍ ഒളിവീശുന്നു. കത്തിവേഷമണിഞ്ഞ രാക്ഷസക്കിടാങ്ങളെപ്പോലെ കരിമേഘങ്ങള്‍ അങ്ങിങ്ങ് ആകാശത്ത് പാഞ്ഞുനടക്കുന്നുണ്ട്. ശാന്തമായൊഴുകുന്ന പമ്പയ്ക്ക് പച്ചവേഷത്തിന്റെ വിശുദ്ധി. ഇവിടെ ഈ പമ്പാതീരത്ത് സര്‍വം കഥകളിമയം. ഒരു കലയെ പേരില്‍ ഉറപ്പിച്ച ഇന്ത്യയിലെ ഏകഗ്രാമം. കോഴഞ്ചേരിപ്പട്ടണം കടന്ന് മേലുകര വഴി ചെറുകോല്‍പ്പുഴ പാലത്തിനോരത്ത് ഉറപ്പിച്ച ബോര്‍ഡില്‍ ആ പേര് കാണാം. അയിരൂര്‍ കഥകളിഗ്രാമം. പാലത്തിന് താഴെ വെള്ളിയിലെഴുതിച്ചേര്‍ത്ത അക്ഷരംകണക്കെ മിനുങ്ങിയൊഴുകുന്ന പമ്പ. ഒരറ്റത്ത് പുരാതനമായ ഓര്‍ത്തഡോക്‌സ് പഴയപള്ളി. ഒരു മതിലിനപ്പുറം തലമുറകള്‍ നിതാന്ത നിദ്രയിലാണ്ട കല്ലറകള്‍. കഥകളിഗ്രാമം കവാടം തുറക്കുകയാണ്.

പമ്പാതീരം
നീര്‍ച്ചാലുകളുടെ ഓരംപറ്റി കഥകളിഗ്രാമത്തിലേക്ക്. പമ്പ ഈറന്‍ തണുപ്പുള്ള കാറ്റുവീശി സ്വാഗതമോതുന്നു. കഥകളിഗ്രാമത്തിന്റെ സിരാകേന്ദ്രം ചെറുകോല്‍പ്പുഴ. തുഴകള്‍ അടുക്കിയ വള്ളപ്പുരയുടെ ഓരംപറ്റി കടവിലേക്ക്. പഞ്ചാരമണല്‍ പരവതാനി വിരിച്ച പമ്പാതീരം. അവിടെ പമ്പയാറിലേക്ക് മുഖംനോക്കുന്നൊരു ഗോപുരമന്ദിരം. ചട്ടമ്പിസ്വാമിയുടെ സ്മാരകം. തലയുയര്‍ത്തിനില്‍ക്കുന്ന സ്മാരകമന്ദിരത്തിന് അഭിമുഖമായി പമ്പ വെയിലിനെ നിലാവാക്കി മാറ്റുന്നു.

മറുകരയില്‍ ദര്‍ഭപ്പുല്ലുകളുടെ രസനടനം. പമ്പയുടെ ജലത്തണുപ്പില്‍ മേനി നനയ്ക്കുന്ന പൈക്കള്‍. പരല്‍മീനുകളെ കൊക്കിലേറ്റി ചില്ലതേടി പറക്കുന്ന നീലപ്പൊന്‍മാനുകള്‍. അരികിലെ മുളങ്കാടുകള്‍ക്കുള്ളില്‍ നെറ്റിക്കുറിയണിഞ്ഞ നാട്ടാനയുടെ മസ്തകമിളകി. ഉലഞ്ഞ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് ഇരട്ടവാലന്‍കിളികളുടെ ചെറുസംഘം കലപിലകൂട്ടി ഏതോ ദിക്കിലേക്ക് പറന്നു.

കിരീടങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും അരികില്‍ കഥകളി ക്ലബ് പ്രതിനിധികളായ ഹരികൃഷ്ണന്‍, വിമല്‍ രാജ്, കെ. എന്‍. ചന്ദ്രബോസ് എന്നിവര്‍

കൈതപ്പൊന്തകള്‍ കഥകളിക്കിരീടങ്ങള്‍
പമ്പാതീരത്താണ് കഥകളിഗ്രാമം. ഗ്രാമത്തിലേക്കുള്ള പാലത്തിനോരത്ത് കാണാം കഥകളിഗ്രാമത്തിലേക്ക് സ്വാഗതമോതുന്ന ബോര്‍ഡ്. ചിതറിയ വൈരക്കല്ലുപോലെ ഒഴുകുന്നു പമ്പ. ഗ്രാമവഴികളില്‍ പലയിടങ്ങളില്‍ ചുവരുകളിലും ബോര്‍ഡുകളിലും കഥകളി എന്നെഴുതിക്കണ്ടു.

പമ്പാതീരം കഥകളിയരങ്ങുപോലെയാണ്. കാറ്റിലുലയുന്ന കൈതപ്പൊന്തകള്‍ കഥകളിക്കിരീടങ്ങളാകുന്നു... അലുക്കുകളായി മാമരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍... ചുട്ടികുത്തുന്ന തെളിവെയില്‍... ചമയങ്ങളൊരുക്കുന്ന നാട്ടുപൂക്കള്‍... കഥകളിപ്പദംപോലെ നദിയൊഴുക്ക്. 

കഥകളുടെ ഗ്രാമം 
റാന്നിയിലേക്ക് നീളുന്ന പാതയുടെ ഓരത്താണ് കഥകളി ക്ലബ്. പത്തനംതിട്ട ജില്ലയിലെ ഏക കഥകളി ക്ലബ് ഇതാണ്. പടികയറി മുകളിലെത്തിയാല്‍ കഥകളിച്ചന്തം നിറഞ്ഞ മുറി. ചുവരിനോട് ചേര്‍ന്നൊരുക്കിയ തട്ടുകളില്‍ കഥകളിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍. ചുവരില്‍ അടുക്കിനിരത്തിയ ചിത്രങ്ങള്‍. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ് കഥകളിയുടെ ലിപി. ആ മുദ്രകളോരോന്നായി വിവരിച്ചുതന്നു കഥകളി ക്ലബ് സെക്രട്ടറി വിമല്‍ രാജ്. രണ്ട് നൂറ്റാണ്ടിന്റെ കഥകളി പാരമ്പര്യമുണ്ട് അയിരൂരിന്. അതേപ്പറ്റി അദ്ദേഹം പറഞ്ഞുതുടങ്ങി... 

''തെക്കന്‍ സമ്പ്രദായത്തില്‍ കഥകളി പരിശീലനങ്ങള്‍ അരങ്ങേറിയ, നിരവധി ആട്ടക്കഥകള്‍ക്ക് അരങ്ങൊരുക്കിയ കഥകളിപ്രേമികളുടെ നാടാണിത്. കാലം മാറിയപ്പോള്‍ കഥകളി ആസ്വദിക്കാന്‍ ആളുകള്‍ ഇല്ലാതായി. പുതുതലമുറയ്ക്ക് കഥകളി മനസ്സിലാകാതെയായി. ഈ പൈതൃകകല അന്യംനിന്നുപോകരുതെന്നുണ്ടായിരുന്നു. അങ്ങനെയാണ് കഥകളി ക്ലബ് ഇടപെടുന്നത്. അയിരൂരിനെ കഥകളിഗ്രാമമാക്കുന്നതില്‍ ക്ലബ് വലിയ പങ്കുവഹിച്ചു. ക്ലബ് മുന്‍കൈയെടുത്ത് ജില്ലയിലെ സ്‌കൂളുകളില്‍ കഥകളി ക്ലാസുകള്‍ നടത്തുന്നുണ്ട്.

കഥകളി സാക്ഷരത ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് ഇവിടം. കഥകളി ആസ്വദിക്കാനുള്ള ജ്ഞാനം വളര്‍ത്തുകയാണ് പ്രധാനം. എല്ലാവര്‍ഷവും ജനുവരിയില്‍ പമ്പാതീരത്ത് കഥകളിമേള നടത്തിവരുന്നു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വരുംതലമുറയിലേക്ക് കഥകളിയെ എത്തിക്കാനുള്ള ശ്രമമാണ് ഇതൊക്കെ. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ നാടിന് കഥകളിഗ്രാമം എന്ന പേര് കൈവന്നതോടെ പരിശ്രമങ്ങള്‍ വിജയംകണ്ടുതുടങ്ങി.''
 
ചമയങ്ങള്‍, ഉടയാടകള്‍
കഥകളി ക്ലബ്ബിന്റെ മുകള്‍നിലയില്‍ പരിശീലനക്കളരിയാണ്. വിവിധ വാദ്യോപകരണങ്ങളും നൃത്തരൂപങ്ങളും കഥകളിയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ക്ലബ്ബിനുള്ളില്‍ കഥകളി ചമയങ്ങളുടേയും ഉടയാടകളുടേയും വലിയ ശേഖരമുണ്ട്. കൃഷ്ണനും ഭീമനും ബകനും നളനും പലയരങ്ങുകളില്‍ അണിഞ്ഞഴിച്ചുവെച്ച ചമയങ്ങള്‍. പച്ച, കത്തിവേഷങ്ങള്‍ അണിയുന്ന കേശഭാരം കിരീടം, വെള്ളത്താടി, ചുവന്ന താടി, മയില്‍പ്പീലിത്തണ്ടില്‍ അലുക്കുകള്‍ അടുക്കിയ കൃഷ്ണമുടി, മുത്തുകള്‍ കോര്‍ത്തുകെട്ടിയ കഴുത്താരം, മാറില്‍ പിടിപ്പിക്കുന്ന കൊരലാരം, തോളഴകിന് ചന്തംകൂട്ടുന്ന തോള്‍പൂട്ട്, പടിയരഞ്ഞാണം. ചിലങ്ക.

മനയോലച്ചായം
കുമിള്‍മരത്തിന്റെ ഭാരംകുറഞ്ഞ തടിയിലാണ് കഥകളിക്കിരീടങ്ങള്‍ ഉണ്ടാക്കുന്നത്. ഇലവുമരത്തിന്റെ തടിയും വേരുംകൂടി ചേരുന്ന ഭാഗവും ഉപയോഗിക്കും. കരിവണ്ടിന്റെ തോടാണ് പണ്ട് ഈ കിരീടങ്ങളുടെ വശങ്ങളില്‍ പതിപ്പിച്ചിരുന്നത്. ഇപ്പോള്‍ അതങ്ങനെയല്ല. വക്കമരത്തിന്റെ നാര് ചതച്ച് നീരുമാറ്റി ചായത്തില്‍ മുക്കിയാണ് മുടിയുണ്ടാക്കുന്നത്. നാരദന്റെ ചെമ്പന്‍മുടി. ദുശ്ശാസനന്റെ ചുവന്ന മുടി. ഹനുമാന്റെ വട്ടമുടി. . 

പ്രകൃതിയില്‍നിന്നുള്ള ചായങ്ങള്‍... മനയോല പൊടിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് മഞ്ഞനിറം. ഇതിലേക്ക് കട്ടനീലം കലര്‍ത്തുമ്പോള്‍ പച്ചനിറം കിട്ടും. ചുണ്ടയ്ക്കകൊണ്ട് കണ്ണ് ചുവപ്പിക്കും. അരങ്ങിലെത്തുംമുന്‍പ് കഥകളിവേഷമൊരുങ്ങാന്‍ ചമയവും ചുട്ടികുത്തലുമൊക്കെയായി ആറ് മണിക്കൂറോളം എടുക്കും. 

ചമയക്കോപ്പുകളുടെ ഓരത്ത് മരമോന്തയും കണ്ടു. അരങ്ങില്‍ കുട്ടിക്കാട്ടാളന്മാരും ചെറുവാനരന്മാരും തമാശ കഥാപാത്രങ്ങളും അണിയുന്ന മുഖപടമാണ് മരമോന്ത. കഥകളിയുമായി ബന്ധപ്പെട്ട ഈ കാഴ്ചകളെല്ലാം കോര്‍ത്തിണക്കി ഒരു മ്യൂസിയവും തെക്കന്‍ കലാമണ്ഡലവും കഥകളിഗ്രാമത്തിന്റെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

കഥകളിയിലലിഞ്ഞ്
നിരവധി ദേവാലയങ്ങളാല്‍ സമൃദ്ധമാണ് കഥകളിഗ്രാമം. പള്ളികളില്‍ നിന്നുയരുന്ന മണിനാദങ്ങള്‍, അമ്പലങ്ങളിലെ ശംഖൊലിയൊച്ചകള്‍.  പമ്പയൊഴുകുന്ന മണ്ണ് പലതരം വിശ്വാസങ്ങള്‍ക്ക് അടിയൊഴുക്കേകുന്നു. പമ്പാതീരത്തുനിന്ന് പടവുകള്‍ കയറിച്ചെന്നാല്‍ ഒരു ക്ഷേത്രം കാണാം. പുതിയകാവ് ദേവീക്ഷേത്രം. 

ക്ഷേത്രവളപ്പിനരികിലെ ആല്‍മരത്തണലില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നുണ്ട് രണ്ട് മുത്തശ്ശിമാര്‍. വാര്യത്ത് ദേവകിയമ്മയും പുറത്തൂട്ട് മണിയമ്മയും. കഥകളിപ്രേമികളാണ് ഇരുവരും. ആട്ടക്കഥകളേറെയുണ്ട് ഇരുവരുടെയും ഓര്‍മകളില്‍. പമ്പയുടെ നറുജലഗന്ധവും പേറി കിഴക്കന്‍ കാറ്റ് വീശി. അസ്തമയം. അന്തിയില്‍ ഗ്രാമത്തിന് ആട്ടവിളക്കിന്റെ അരണ്ട വെളിച്ചം. വെയിലില്‍ മേഘങ്ങള്‍ കവര്‍ന്ന പമ്പാജലം ഒരു ചെറുചാറ്റലായി ഉറവിടത്തിലേക്ക് തിരികെവന്നു. 'കല്പവൃക്ഷത്തിന്റെ കരിക്കിന്‍തൊണ്ടുകള്‍' പോലെ പുഴപ്പരപ്പില്‍ മഴത്തുള്ളികള്‍...  നാട്ടക്കുറിഞ്ഞിയില്‍ മേളപ്പദം മുറുകുന്നു... ഗ്രാമം കഥകളിയിലലിയുന്നു...
 

Content Highlights: story of the kadhakali village of kerala