ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകുന്ന സോളോ ഡെെനിങ്; ഇനി ആസ്വദിച്ചു കഴിക്കാം...

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

റസ്‌റ്റോറന്റില്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകാറുണ്ടോ? മറ്റുള്ളവരുമായി റസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സന്തോഷം തരുന്ന കാര്യമാണെങ്കിലും ഇടയ്‌ക്കെങ്കിലും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ശീലമാക്കേണ്ട ഒന്നാണ്. പരമ്പരാഗതമായി, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഏകാന്തതയുള്ളവരാണെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയ്ക്ക് ഭക്ഷണം ആസ്വദിക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണിത്.

നിങ്ങള്‍ക്കിഷ്ടമുള്ളത്, ഇഷ്ടമുള്ള അളവില്‍ കഴിക്കുകയും കുടിക്കുകയും  ചെയ്യാനും മനസ്സിന്‌ സന്തോഷം നല്‍കാനും ഇത്തരം സോളോ ഡൈനിങ്ങുകള്‍ക്ക് സാധിക്കും.

മുംബൈ, ഡല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന ആളുകള്‍ കൂടുതലാണ്. ഇന്ന് സോളോ ഡൈനിങ്ങുകളെ സ്വാഗതം ചെയ്യുന്ന നിരവധി റസ്‌റ്റോറന്റുകളും ഇന്ത്യയിലുണ്ട്.

ഏകാന്തതയ്ക്കും തിരക്കില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനുമായും സോളോ ഡൈനിങ് സ്വീകരിക്കുന്നവരുണ്ട്. സോളോ ഡൈനിങ്ങിലൂടെ സ്വയം തങ്ങളെ സന്തോഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. നിരവധി ഗുണങ്ങളാണ് സോളോ ഡൈനിങ്ങിനുള്ളത്.

1.ആത്മവിശ്വാസവും സ്വാതന്ത്ര്യവും
റെസ്റ്റോറന്റില്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിലൂടെ അളവറ്റ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് സോളോ ഡൈനിങ്ങില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഒറ്റയ്ക്ക് ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്നു. മറ്റുള്ളവരുടെ ഇടപെടലുകൾ ഇല്ലാത്തതിനാൽ പൂർണ്ണ സ്വാതന്ത്ര്യവും നിങ്ങളുടെ പക്കൽ തന്നെയായിരിക്കും.

2.ഭക്ഷണത്തില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും
കൂട്ടുകാര്‍ക്കൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോവുമ്പോള്‍ നമുക്ക് അവരോട് സംസാരിക്കേണ്ടിവരും. ഒരാളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിൽ പൂർണ്ണമായും ശ്രദ്ധിക്കാനോ ആസ്വദിച്ച് കഴിക്കാനോ സാധിക്കാതെ വരും. എന്നാൽ ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ഭക്ഷണത്തിൽ തന്നെ ആയിരിക്കും.

3.നിങ്ങള്‍ക്ക് ആവശ്യമുള്ളത് കഴിക്കാം
ഒരാളോടൊപ്പമോ അല്ലെങ്കില്‍ ഒരു വലിയ സംഘത്തോടൊപ്പമോ ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല. സ്വന്തം ഇഷ്ടവും അഭിരുചിയും കൂടെവന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതും മാന്യമല്ല. ചര്‍ച്ച ചെയ്ത് ഓര്‍ഡര്‍ നൽകുന്നത്‌ ഒഴിവാക്കാനും സ്വന്തം ഇഷ്ടത്തിന് ഭക്ഷണം കഴിക്കാനും സോളോ ഡെെനിങ്ങിലൂടെ സാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ സോളോ ഡൈനിങ് അത്ര മോശം അനുഭവമല്ല, സെല്‍ഫ് ലവിന്റെയും സെല്‍ഫ് കെയറിന്റെയും പുത്തന്‍ വഴികളിലൊന്നാണ്. ഇടയ്‌ക്കെങ്കിലുമൊക്കെ ഒരു സോളോ ഡൈനിങ്ങിന്  പോകുന്നത് നല്ലതാണ്.

സോളോ ഡൈനിങ്‌ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

  • സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ ശാന്തമായ സ്ഥലം തിരഞ്ഞെടുക്കുക.
  • സോളോ ഡൈനിങ്ങിന് ഏറ്റവും മികച്ചത് ഔട്ട്‌ഡോര്‍ കഫേകളാണ്. ഇത് നിങ്ങളുടെ കാഴ്ചകളെ മനോഹരമാക്കുകയും ഭക്ഷണം ആസ്വദിക്കാനും സാധിക്കും.
  • അമിതമായി ശബ്ദം ഉണ്ടാക്കുകയോ ജീവനക്കാരോട് മോശമായി പെരുമാറുകയോ ചെയ്യരുത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore its benefits, tips for a great experience, and find the best solo-friendly restaurants.