‘ഫ്രാൻസിസ് പാപ്പായോടൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ എനിക്കും അവസരം ലഭിച്ചു’

മരണത്തിനു മുന്നിൽ വിജയം വരിച്ച യേശുവിന്റെ 'ഉത്ഥാന ദിനം' അതാണ് ക്രൈസ്തവർക്ക് ഈസ്റ്റർ. ദുഃഖവെള്ളിയിൽ കുരിശിലേറ്റിയവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ അനുസ്മരണം. മൃത്യുവിൽനിന്ന് നിത്യതയിലേക്കുള്ള പ്രത്യാശയുടെ കവാടം കൂടിയാകുന്നു ഈസ്റ്റർ. 40 ദിവസത്തെ വലിയ നോമ്പിലൂടെ ശാരീരികവും ആത്മീയവുമായ ഒരുക്കങ്ങളിലൂടെയാണ് ഉത്ഥാന തിരുന്നാൾ ആഘോഷിക്കുന്നത്. വസന്തകാലത്തിന്റെയും പുനർജനിയുടെയും ദേവതയായ 'ഈയോസ്റ്ററേ' (Eostre) എന്ന പേരിൽ നിന്നാണ് ഈസ്റ്റർ എന്ന വാക്ക് വരുന്നത്. ഇറ്റാലിയനിൽ 'പാസ്‌ക്വ' (Pasqua) എന്ന് അറിയപ്പെടുന്ന ഈ ആഘോഷം, കടന്നുപോകൽ എന്നർഥമുള്ള 'പെസഹാ' എന്ന പദവുമായി ചേർന്നുകിടക്കുന്നു. ഈജിപ്തിലെ അടിമത്തത്തിൽനിന്നും ദൈവം ഇസ്രായേൽ ജനതയെ മോചിപ്പിച്ചതിന്റെ ഓർമ്മ ആചരണമാണ് പഴയനിയമത്തിലെ പെസഹാ. എന്നാൽ, പുതിയനിയമത്തിൽ സ്വജീവൻ വെടിഞ്ഞ് യേശു പ്രത്യാശയുടെയും രക്ഷയുടെയും സുവിശേഷമാകുന്നു. യേശു മരുഭൂമിയിൽ ഉപവസിച്ചു പ്രാർഥിച്ച 40 ദിനരാത്രങ്ങൾ അനുസ്മരിക്കുന്ന നോമ്പുകാലത്ത് മത്സ്യ-മാംസാദികൾ വർജിക്കുകയും വെള്ളിയാഴ്ചകളിൽ പ്രത്യേകമായി കുരിശിന്റെ വഴി നടത്തുന്ന പതിവുമുണ്ട്. യേശുവിന്റെ ജറൂസലേം പ്രവേശനത്തിന്റെ ഓർമ്മ ആചരിക്കുന്ന ഓശാന ഞായറിനുശേഷം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഇത് ഭരക്തിനിർഭരമായ ആഴ്ചകൂടിയാണ്.
പെസഹാ വ്യാഴാഴ്ച, യേശുവിന്റെ അന്ത്യ അത്താഴവും ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ അനുസ്മരണവുമാണ്. പുരോഹിതന്മാർ ദേവാലയങ്ങളിലെത്തുന്ന 12 ആളുകളുടെ കാലുകൾ കഴുകി മുത്തുന്നു. എളിമയുടെയും പരസ്പരസ്‌നേഹത്തിന്റെയും മാതൃകയാണിത്. 'അത്താഴത്തിനുശേഷം യേശു ഗത്സെമെൻ തോട്ടത്തിൽ പ്രാർഥിക്കുമ്പോൾ രക്തം വിയർത്തു. 'കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകന്നുപോകട്ടെ, എങ്കിലും എന്റെ ഹിതം പോലെയല്ല അവിടുത്തെ ഹിതം പോലെയാകട്ടെ'' (മത്തായി 26, 39) ഇങ്ങനെ ബൈബിൾ ഭാഗങ്ങൾ അനുസ്മരിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും അന്നേദിവസങ്ങളിൽ ദേവാലയങ്ങളിൽ നടക്കും.
ഓശാന ഞായറാഴ്ച പള്ളികളിൽനിന്നും സ്വീകരിക്കുന്ന വെഞ്ചരിച്ച കുരുത്തോല വെച്ചുണ്ടാക്കുന്ന പെസഹ അപ്പവും പാലും കേരളത്തിലെ മാർത്തോമ ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ അപ്പം മുറിക്കൽ ചടങ്ങായി നടത്തുന്നു. തുടർന്ന് ദുഃഖ വെള്ളിയാഴ്ച ഉപവസിച്ചും പ്രദക്ഷിണമായി യേശുവിന്റെ പീഡാനുഭവവും കുരിശു മരണവും അനുസ്മരിക്കുന്ന കുരിശിന്റെ വഴിയും നടത്തപ്പെടുന്നു. യഹൂദർ നിന്ദ്യമായി കണ്ടിരുന്ന കുരിശ് യേശുവിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായപ്പോൾ, പുതിയ നിയമത്തിൽ അത് മഹത്വരവും രക്ഷയുടെ പ്രതീകവുമായി. ദുഃഖവെള്ളിയ്ക്കുശേഷം വരുന്ന ശനി നിശ്ശബ്ദമാണ്. രാജാവ് ഉറങ്ങിയ ദിനം, യേശു കല്ലറയ്ക്കുള്ളിൽ. ഈ മൗനം വിട്ട് ഞായറാഴ്ച ഉത്ഥാന പുലരിയോടെ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നു. ദേവാലയങ്ങളിലെ ഉയിർപ്പ് ആചരണവും മറ്റു പ്രാർഥനകൾക്കും ശേഷം ബന്ധുമിത്രാദികളോടൊപ്പം കുടുംബങ്ങളിൽ വിഭവസമൃദ്ധമായ സദ്യകൾ കഴിക്കുന്നു. ഒരുമയുടെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീകാത്മകമാണിത്. 'ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ' എന്ന കൽപ്പനയുടെ അനുവർത്തനം.
ഇവിടെ, ഇറ്റലിയിൽ പ്രഭാതഭക്ഷണത്തിന് പുഴുങ്ങിയ കോഴി മുട്ടകൾ നിർബന്ധമാണ്. എന്നാൽ, വിഭവസമൃദ്ധമായ സദ്യയിൽ ആടിന്റെ മാംസവും റെഡ് വൈനും പാൽക്കട്ടി കൊണ്ടുള്ള റൊട്ടികളും മേശയിൽ നിരക്കും.ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ച ഈസ്റ്റർ മുട്ടകൾ പരസ്പരം കൈമാറുന്നത് ഈ ദിനത്തിന്റെ പ്രത്യേകതയാണ്. പുതുജീവന്റെയും പുനർജന്മത്തിന്റെയും പ്രതീകമാണിത്. മുട്ടയുടെ തോട് യേശുവിനെ അടക്കം ചെയ്ത കല്ലറയെ പ്രതിനിധാനം ചെയ്യുന്നു, അതായത് മുട്ടയിൽനിന്നും തോടു പൊട്ടിച്ച് കുഞ്ഞ് പുറത്തുവരുന്നതുപോലെ യേശു, കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റുവന്നുവെന്ന വിശ്വാസ പൈതൃകത്തിന്മേലാണ് ഊന്നി നിൽക്കുന്നത്.മറ്റൊരു പ്രധാന വിഭവമാണ് കൊളോംബ (colomba). ഗോതമ്പും ഡ്രൈഫൂട്ടുകളും നട്‌സും കൂട്ടിക്കുഴച്ച് പാകം ചെയ്യുന്ന മധുരമുള്ള ഈ റൊട്ടി പ്രാവിന്റെ രൂപത്തിലാണ് തയ്യാറാക്കുന്നത്. ഇറ്റാലിയൻ ഭാഷയിൽ പ്രാവ് എന്നർത്ഥമുള്ള കൊളോംബ സദ്യയുടെ അവസാനം വൈനിൽ മുക്കി ഭക്ഷിക്കുന്നത് സമാധാനത്തിന്റെ പ്രതീകമായാണ്. ലോകമെമ്പാടും ഉറ്റുനോക്കുന്ന വത്തിക്കാനിലെ ചടങ്ങുകൾ മാർപാപ്പയുടെ കാർമികത്വത്തിലാണ് നടക്കുക. ശിഷ്യന്മാരുടെ കാലുകൾ യേശു കഴുകിയതിന്റെ അനുസ്മരണാർഥം നടക്കുന്ന പെസഹാ വ്യാഴത്തിലെ കാൽകഴുകൽ ശുശ്രൂഷ മാർപാപ്പ ചെയ്യുകയാണ് പതിവ്. ഇത്തവണ ലിയോ പതിനാലാമൻ മാർപാപ്പ വൈദികരുടെ കാലുകൾ കഴുകി. മുൻ വർഷങ്ങളിൽ പാപ്പാ ഫ്രാൻസിസ് ഇന്നേദിവസം ജയിൽ തടവുകാരുടെ കാലുകൾ കഴുകിയിരുന്നു. അനുരഞ്ജനത്തിന്റെയും എളിമയുടെയും പ്രതീകമായി നടത്തുന്ന ഈ ശുശ്രൂഷ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ആചരിക്കുന്നു. ദുഃഖവെള്ളിയാഴ്ച, റോമിലെ കൊളോസിയത്തിൽ കാലാകാലങ്ങളായി നടത്തിവരുന്ന മാർപാപ്പയുടെ കുരിശിന്റെ വഴി, ആദ്യകാലത്ത് സെൻ പീറ്റേഴ്‌സ് സ്‌ക്വയറിൽ ആയിരുന്നു നടന്നിരുന്നത്. അതുപിന്നീട് കൊളോസിയത്തിലേക്ക് മാറ്റിയത് പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണ്. പതിനാല് സ്ഥലങ്ങളിലും കുരിശു വഹിച്ചിരുന്നത് ആദ്യകാലങ്ങളിൽ മാർപാപ്പമാർ തന്നെയായിരുന്നു. എന്നാൽ, പിന്നീട് പരിശുദ്ധ പിതാവിന്റെ ആരാധനാക്രമ ആഘോഷങ്ങൾക്കായുള്ള ഓഫീസ് തിരഞ്ഞെടുക്കുന്നവർ പ്രത്യേകിച്ച്, വത്തിക്കാൻ ജോലിക്കാരുടെ കുടുംബങ്ങൾക്കും കുരിശു വഹിക്കാനുള്ള അവസരങ്ങൾ നൽകപ്പെട്ടു. 2013-ൽ ഫ്രാൻസിസ് പാപ്പായോടൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ എനിക്കും കുടുംബത്തിനും അവസരം ലഭിച്ചു.
അത്യപൂർവ്വമായി മാത്രം കിട്ടാവുന്ന ദൈവകൃപയുടെ മഹനീയ മുഹൂർത്തം ആയിരുന്നു അത്.മൂന്നു പതിറ്റാണ്ടിലേറെയായി ഞാൻ റോമിലാണ് ജീവിക്കുന്നത്. ഈസ്റ്റർ കാലത്ത് ലോകത്തിന്റെ നാനാഭാഗത്തുനിന്നും തീർഥാടകർ ഒഴുകിയെത്തും. ആപ്പിയൻ അന്തിക്ക വഴിയിലെ വിശുദ്ധരുടെ കാറ്റകൂം (Catacomb) സന്ദർശിക്കാനാകും തീർഥാടകരുടെ തിരക്ക്. കിലോമീറ്ററുകൾ നീളുന്ന ഈ ഭൂഗർഭ കല്ലറകൾ സഹസ്രാബ്ദങ്ങൾ പഴക്കമുള്ളവയാണ്. ക്രൈസ്തവ വിശ്വാസ പ്രകാരം അന്തിമ വിധിനാളിൽ ഉത്ഥാനം പ്രതീക്ഷിച്ചു കഴിയുന്നവരുടെ ഡോർമെറ്ററികൾ മാത്രമാണ് കല്ലറകൾ. അതായത് നിത്യതയിലേക്കുള്ള ഉറ്റുനോട്ടം.വാഗ്ദത്ത ഭൂമിയായ കാനാൻ ദേശത്തേക്ക് ഇസ്രായേൽ ജനതയെ നയിച്ചതിന്റെ ഓർമ്മ ആചരിച്ചിരുന്ന പഴയ നിയമത്തിലെ പെസഹാ. എന്നാൽ, ഇന്ന് ഈസ്റ്റർ ദിനത്തിൽ തിന്മയെ, നന്മ കൊണ്ട് ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തു, സ്വയം ബലി നൽകിക്കൊണ്ട് അനശ്വര ജീവന്റെ വാതായനങ്ങൾ മാനവരാശിക്ക് മുന്നിൽ തുറക്കുന്നു. സ്വർഗീയതയിലേക്കുള്ള ഒരുക്കം കൂടിയാണ് ക്രൈസ്തവർക്ക് ഓരോ ഈസ്റ്റർ ദിനങ്ങളും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Easter commemorates the resurrection of Jesus Christ, symbolizing hope and eternal life., The 40-day Lenten season serves as a period of spiritual preparation and fasting., Traditions like the Paschal Triduum, foot washing, and the blessing of eggs highlight humility and renewal., Global celebrations, including Vatican ceremonies, emphasize unity, peace, and charity., Easter 2026 continues the legacy of faith, reflecting on the victory of good over evil.