ഖാന്തി മാന്സിയിസ്കിലെ ഒരു ഗ്രീഷ്മകാലത്ത്, സൈബീരിയയിലൂടെ ഒരു യാത്ര

ചെറിയൊരു ആശങ്കയുമായാണ് മോസ്കോ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഡി.എം.ഇ. എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന 'ഡൊമോഡെഡോവോ' എയര്‍പോര്‍ട്ടിലാണ് ബഹ്റൈനില്‍ നിന്നും ഗള്‍ഫ് എയറില്‍ ഞങ്ങള്‍ ലാന്‍ഡ് ചെയ്തത്. അരുണ്‍ പൊയ്യേരി എന്ന സുഹൃത്തുമുണ്ട് കൂടെ. റഷ്യയിലേക്ക് വരുമ്പോള്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മോസ്കോ എയര്‍പോര്‍ട്ട് കള്ളന്മാരുടെ താവളമാണ്, സൂക്ഷിക്കണം. പാസ്പോര്‍ട്ട് ആദ്യം അവര്‍ അടിച്ചുമാറ്റും. നമ്മള് അത് തപ്പിപ്പോകുമ്പോള് പിന്നാലെ വേറൊരു സംഘമെത്തി ലഗേജും അടിച്ചുമാറ്റും. ടാക്സിയില്‍ കയറിയാലും ഇങ്ങനെ സംഭവിച്ചേക്കാം. ഏതായാലും മോസ്കോയില്‍ ഒരു മലയാളിയെ കിട്ടിയിരുന്നു.
കേരളത്തിലെ റഷ്യന്‍ കോണ്‍സുലേറ്റിലെ അംഗവും ബഹ്റൈനിലുള്ള ഞങ്ങളുടെ മറ്റൊരു സുഹൃത്തും പരിചയപ്പെടുത്തിയത് ഇദ്ദേഹത്തെയാണ്. മോസ്കോയില്‍ എത്തുന്ന എല്ലാ മലയാളികളെയും കൊണ്ടുനടന്ന് കാണിക്കുന്നത് ഇയാളാണ്. അപ്പോള്‍ തോന്നും ഇയാള്‍ക്ക് വേറേ പണിയില്ലേയെന്ന്. സത്യംപറഞ്ഞാല്‍ ഇതാണ് അയാളുടെ പണി. സഹായിക്കുന്നതിനൊപ്പം നല്ല തുക കമ്മിഷനായും അടിച്ചുമാറ്റിയിട്ടുണ്ടാവും. അയാള്‍ക്ക് മോസ്കോയില്‍ സ്വന്തമായി സ്ഥലവും വീടുമുണ്ട്. നാല് കാറും! 65 കി.മീ അകലേയുള്ള നൂക്കോവോ എയര്‍പോര്‍ട്ടിലേക്കാണ് ഇനി പോകേണ്ടത്. റഷ്യയിലെ ഔദ്യോഗിക ടി.വി. ചാനല്‍ കമ്പനി നടത്തുന്ന 28-ാമത് ഇക്കോളജിക്കല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക് അവരുടെ ക്ഷണം സ്വീകരിച്ചുള്ള യാത്രയിലാണ് ഞങ്ങള്‍. കേരളത്തില്‍നിന്ന് ഞാന്‍ സംവിധാനം ചെയ്ത മാജിക്കല്‍ മില്ലെറ്റ്സ് എന്ന ഡോക്യുമെന്ററിയാണ് തിരഞ്ഞെടുത്തത്.
വൈകാതെ റഷ്യയിലെ മലയാളിയുടെ ഉപദേശമെത്തി. ''ട്രെയിനിലോ മെട്രോയിലോ ബസ്സിലോ പോകണ്ട. ടാക്സി വിളിച്ചാല്മതി. 5,000 റൂബിളെങ്കിലും ആവും!'' എയര്‍പോര്‍ട്ടില്‍നിന്നുതന്നെ ഡോളര്‍ എക്സ്ചേഞ്ച് ചെയ്തിരുന്നു. രൂപയും റൂബിളും തമ്മില്‍ മൂല്യത്തില്‍ വലിയ അന്തരമില്ല. പുറത്തിറങ്ങിയപ്പോള്‍ ടാക്സിക്കാര്‍ ചുറ്റും കൂടി. കണ്ടപ്പോഴേ അവര്‍ക്ക് മനസ്സിലായി ഇന്ത്യക്കാരാണെന്ന്. അവര്‍ക്ക് ഇംഗ്ലീഷ് ഒരു തരിമ്പുപോലും അറിയില്ല. ഒടുക്കം കൈയും കലാശവുമൊക്കെ കാണിച്ച് ഞങ്ങള്‍ക്ക് പോകേണ്ടസ്ഥലം ഏതെന്ന് മനസ്സിലാക്കിച്ചു. ഉടന്‍വന്നു റേറ്റ്. 5,000 റൂബിള്‍. ഒടുവില്‍ 3,000 റൂബിളിന് മറ്റൊരു ടാക്സിക്കാരന് സമ്മതിച്ചു. ചെറുപ്പക്കാരനായ ഡ്രൈവറായിരുന്നു. താജിക്കിസ്താന്കാരന്. ഭാഷയറിയാതെ ഞങ്ങള്‍ എന്തെല്ലാമോ ആംഗ്യത്തില്‍ സംസാരിച്ചു.
ഭക്ഷണം കഴിക്കാന്‍ ഇന്ത്യന്‍ റസ്റ്ററന്റ് തിരക്കി. ഒന്നിനും കൃത്യമായ ഉത്തരംകിട്ടിയില്ല. അപ്പോഴാണ് ഒരുകാര്യം ഓര്‍മ്മവന്നത്. കൈയിലെ മൊബൈലില്‍ ഗൂഗിള്‍ ട്രാന്സ്ലേറ്റര് ഉണ്ടല്ലോ. ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും മൊബൈലിനോട് പറയും. അത് ഉടന്‍ റഷ്യന്‍ ഭാഷയില്‍ തെളിഞ്ഞുവരും. അത് അയാളെ കാണിക്കും. അയാള്‍ റഷ്യനില്‍ മൊബൈലിനോട് പറയും. മൊബൈല്‍ അത് മലയാളത്തില്‍ എഴുതിക്കാണിക്കും. സംഗതി സൂപ്പര്‍. കുറച്ചുകാര്യങ്ങള്‍ പിടികിട്ടി. ഇന്ത്യന്‍ റസ്റ്ററന്റുമില്ല, താമസിക്കാന്‍ റൂമും ഉടന്‍ കിട്ടില്ല. നൂക്കോവോ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സമയം 11 മണി. രാത്രി 11.30-നാണ് സൈബീരിയയിലേക്കുള്ള വിമാനം.
എന്തെങ്കിലും കഴിക്കണം. എയര്‍പോര്‍ട്ടിലെ റസ്റ്ററന്റില്‍ കയറി. ബാറും ഉണ്ട്. റഷ്യയില്‍ ആദ്യം എത്തുന്നതല്ലേ. വോഡ്കതന്നെ കഴിച്ചേക്കാം. ചെറുപ്പക്കാരിയായിരുന്നു വെയ്റ്റര്‍. അവരെ നോക്കി അരുണ്‍ പറഞ്ഞു: ''വോഡ്ക ഒരു പൈന്റ്''. അവര്‍ അന്തംവിട്ട് നോക്കിനിന്നു. അപ്പോള്‍ അരുണ്‍ വീണ്ടും: ''പൈന്റില്ലേല് അഞ്ഞൂറായാലും മതി. ഫൈവ് ഹണ്‍ഡ്രഡ് മില്ലി. പിന്നൊരു തണുത്ത വെള്ളവും. വേഗം വേണം''. ''ചങ്ങാതീ, ഇത് കേരളമല്ല. പൈന്റും അഞ്ഞൂറുമൊക്കെ ചോദിക്കാന്‍. റഷ്യയാ, റഷ്യ!'' ഞാന്‍ പറഞ്ഞു. ഈസമയംകൊണ്ട് അവര്‍ മെനുകാര്‍ഡ് കൊണ്ടുവന്നു. അതിലെ റേറ്റ് കണ്ട് കണ്ണുതള്ളി. 40 മില്ലി വോഡ്കയ്ക്ക് 550 റൂബിള്‍! എങ്കിലും രണ്ട് 40 മില്ലി വോഡ്ക ഓര്‍ഡര്‍ ചെയ്തു. ഷോര്‍ട് ഗ്ലാസില്‍ 40 മില്ലി വോഡ്കവീതം കൊണ്ടുവെച്ചു. വെള്ളമില്ല. പിന്നീടാണ് മനസ്സിലായത് അവിടെ ആരും മദ്യത്തിനൊപ്പം വെള്ളം ഉപയോഗിക്കാറില്ലെന്ന്.
ഏതായാലും ഓരോന്നുകൂടി റിപ്പീറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ ഓരോ സാന്ഡ്വിച്ച്കൂടി ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ റസ്റ്ററന്റില്നിന്നിറങ്ങിയപ്പോള് ഒരുമണി. ഇനിയും കിടക്കുന്നു സമയം. അവിടെ സമയം പോകണമെങ്കില്‍ കാശുമുടക്കാതെ രക്ഷയില്ല. നല്ല ഉറക്കക്ഷീണമുണ്ട്. മുകള്‍നിലയിലെ കാപ്സ്യൂള്‍ ഹോട്ടലില്‍ പോയിനോക്കാമെന്ന് കരുതി. ഒരാള്‍ക്കുമാത്രം നീണ്ടുനിവര്ന്നുകിടക്കാന്പാകത്തില് ഉള്ള ഒരു കൂട്. ഉള്ളില്‍ എ.സി.യും ചാര്‍ജ്ചെയ്യാനുള്ള പോര്‍ട്ടുമുണ്ട്. നല്ല കിടക്കയും തലയിണയും. മണിക്കൂറിന് 450 റൂബിള്‍! ദൈവമേ, നാലുമണിക്കൂര്‍ കിടന്നാല്‍ കൈയിലുള്ള റൂബിള്‍ തീര്‍ന്നുപോകും. തത്കാലം കിടപ്പുവേണ്ടെന്ന് തീരുമാനിച്ച് കസേരകള്‍ ലക്ഷ്യമാക്കി നടന്നു. ഏഴുമണിയായപ്പോള്‍ അരുണ്‍ മറ്റൊരു കണ്ടുപിടിത്തവുമായി വന്നു. ഒരു റസ്റ്ററന്റില്‍ വലിയൊരു ഗ്ലാസ് നിറയെ ബിയര്കിട്ടും.
അതും 40 മില്ലി വോഡ്കയുടെ റേറ്റില്‍. സമയം പോകണമല്ലോ. എങ്കില്‍ അങ്ങോട്ട് പോയേക്കാമെന്നുവെച്ചു. അവിടെ അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന വെയ്റ്റര്സുന്ദരിയാണ് വന്നത്, ഫാത്തിമ. അരുണ്‍ അവളുമായി ചങ്ങാത്തംകൂടി. ടച്ചിങ്ങിനായി ബ്രൗണ്‍നിറമുള്ള ബ്രഡ് ഫ്രൈചെയ്തത് കൊണ്ടുവെച്ചു. കുറെനേരം അവിടെയും ചെലവഴിച്ചു. അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകേണ്ട വിമാനത്തിന്റെ നമ്പര്‍ ബോര്‍ഡില്‍ തെളിഞ്ഞുതുടങ്ങി.'യു.ടി.എയര്‍' വിമാനമാണ് സൈബീരിയയിലെ ഖാന്തി മാന്സിയിസ്കിലേക്ക്. കേട്ടുകേള്‍വിമാത്രമുള്ള, ഇതുവരെ പോകാത്ത ലോകത്തിന്റെ മറ്റൊരുകോണിലേക്കുള്ള യാത്ര. മഞ്ഞുവീണ് തണുത്തുറഞ്ഞുകിടക്കുന്ന ഭൂപ്രദേശം. അതാണ് സൈബീരിയയെക്കുറിച്ചുള്ള കേട്ടറിവ്.
ഖാന്തി മാന്സിയിസ്ക്; സൈബീരിയയിലെ പ്രധാന നഗരങ്ങളിലൊന്ന്. അവിടെയാണ് ഫിലിം മേള നടക്കുന്നത്. പുലര്‍ച്ചെ മൂന്നര ആയപ്പോഴേക്കും പ്രകാശം വിമാനത്തിന്റെ ജാലകംവഴി കടന്നുവരാന്‍ തുടങ്ങി. റഷ്യയില്‍ മിക്കയിടത്തും പകല്‍ കൂടുതലാണ്. താഴെ ഇര്‍ട്ടിഷ് നദി ഒഴുകുന്നത് കാണാം. വിമാനത്താവളത്തിന്റെ ലോബിയില്‍ എത്തിയ ഞങ്ങളെ എതിരേറ്റത് തദ്ദേശീയരായ കലാകാരന്മാര് അണിനിരന്നുള്ള നാടന്‍ പാട്ടും നൃത്തവും വാദ്യഘോഷങ്ങളുമാണ്. വിമാനത്തില്‍ എത്തിയവരെയെല്ലാം ആനയിച്ച് മറ്റൊരുബസ്സില്‍ കയറ്റി. എയര്‍പോര്‍ട്ടില്‍നിന്ന് എട്ട് കി.മീ. അകലേയുള്ള ഹോട്ടല്‍ ഒളിമ്പിസ്ക്യയിലാണ് താമസം ഒരുക്കിയത്. വലിയ ഫൈവ്സ്റ്റാര്‍ ഹോട്ടലാണിത്. ഒരാള്‍ക്ക് ഒരു ഡബിള്‍ റൂം.
പുറത്തേക്ക് നോക്കിയാല്‍ ധാരാളം ബഹുനിലക്കെട്ടിടങ്ങള്‍. അതിനപ്പുറം വിശാലമായി ഒഴുകുന്ന ഇര്‍ട്ടിഷ് നദി. റോഡില്‍ ആരെയും കാണാനില്ല. വല്ലപ്പോഴും പോകുന്ന കാറുകളും ബസ്സും മാത്രം. ടൂവീലറുകള്‍ ഇല്ലെന്നുതന്നെ പറയാം. ഹോട്ടലിലെ പ്രഭാതഭക്ഷണം വിഭവസമൃദ്ധമാണെങ്കിലും നമ്മള്‍ക്ക് അത്ര രുചികരമായി തോന്നണമെന്നില്ല. സാലഡുകള്‍, റൊട്ടി, സ്റ്റീക്കുകള്‍, സോസേജുകള്‍, സാന്ഡ്വിച്ചുകള് അങ്ങനെ പലതും. പിന്നാലെ അറിയാത്തതും കണ്ടിട്ടില്ലാത്തതുമായ വിഭവങ്ങളും.
മേളയിലേക്ക് വണ്ടി പുറപ്പെട്ടു. വിദേശികളോട് സംസാരിക്കാനായി ഇംഗ്ലീഷ് അറിയാവുന്ന ഒസിന്സോവ ഒക്സാന എന്നൊരു വനിതാ വൊളന്റിയറെ ഏര്‍പ്പാടാക്കിയിരുന്നു. ചുറ്റുമുള്ള കാഴ്ചകള്‍ അവര്‍ വിശദീകരിച്ചു. ഖാന്തി മാന്സിയിസ്കിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന ഇര്‍ട്ടിഷ് നദിക്ക് കുറുകേയുള്ള കൂറ്റന്‍ പാലമായ ഡ്രാഗണ്‍ ബ്രിഡ്ജ് ഞങ്ങള്‍ പോകുന്ന വഴിയിലായിരുന്നു. വിശാലമായ പാതയ്ക്ക് ഒരുവശം പുഴയും ചതുപ്പും, മറുവശം പൈന്മരങ്ങള് നിറഞ്ഞ കാടും. ചിലയിടത്ത് കെട്ടിടങ്ങള്‍ കാണാം. എന്നാല്‍, നമ്മുടെ നാട്ടിലെപ്പോലെ കടകളൊന്നും പുറത്തുകാണില്ല. കൂറ്റന്‍ കെട്ടിടങ്ങളുണ്ടെങ്കിലും വഴിയില്‍ ജനത്തിരക്കേയില്ല. അതുകൊണ്ട് വാഹനങ്ങള്‍ ബ്ലോക്കില്‍ പെടില്ല.
ഖാന്തി മാന്സിയിസ്കിലുള്ള തനത് ഭക്ഷണങ്ങളുടെ ഒരു മേള ഫെസ്റ്റിവല്‍ പ്രതിനിധികള്‍ക്കായി ഒരുക്കിയിരുന്നു. റസ്കും ബ്രഡുമാണ് പ്രധാനഭക്ഷണം. പിന്നെ ഇര്‍ട്ടിഷ് നദിയില്‍നിന്ന് പിടിച്ച മത്സ്യവിഭവങ്ങളും. കണ്ടാല്‍ ചോറിനൊപ്പം കിട്ടുന്ന പൊരിച്ചമീന്പോലെ തോന്നും. ഒരുകഷണം മീന്‍ എടുത്ത് കുടുങ്ങി എന്ന് പറഞ്ഞാല്‍മതി. ഒരു കടിയോടെ രുചി മനസ്സിലായി. ഇറക്കാനുംവയ്യ, തുപ്പാനുംവയ്യ. ചുറ്റും ആള്‍ക്കാരല്ലേ. വായിലാക്കിയത് ഒരുവിധം ഇറക്കി. ഭാഗ്യത്തിന് മേളയിലെ മണംപിടിച്ച് ഒരു തെരുവുപട്ടി അവിടെ ഉണ്ടായിരുന്നു. ബാക്കി പീസ് ആരുംകാണാതെ അവന് കൊടുത്തു. ഇതുമാത്രമല്ല, ഫിഷ്സൂപ്പ്, ഫിഷ് സാലഡ്, അത്രയധികം വേവിക്കാത്ത മറ്റേതോതരം മീന്‍. ഒന്നിലും മസാല ഉണ്ടായിരുന്നതേയില്ല.
മൂന്നുദിവസത്തെ മേളയില്‍ ഇന്ത്യക്കാരുടെ ഫിലിംമാത്രമേ അവിടെ പ്രദര്‍ശിപ്പിച്ചുള്ളൂ. പിന്നെ ഇന്ത്യന്‍ ഫിലിം മേക്കേഴ്സുമായുള്ള ഇന്ററാക്ടീവ് സെഷനും. അവരുടെ ആവശ്യപ്രകാരം നമ്മുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് പ്രസന്റേഷന് പങ്കെടുത്തത്. ഞാന്‍ ധരിച്ചത് ജുബ്ബയും കസവുമുണ്ടുമായിരുന്നു. മേളയില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് അവിടത്തെ പ്രശസ്തമായ റസ്റ്ററന്റിലാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. തടിയില്‍ പണിത ഡൈനിങ് ടേബിളുകള്‍. സോഫപോലുള്ള ഇരിപ്പിടങ്ങള്‍. ഭക്ഷണം ഒരുക്കിവെച്ചിരിക്കുന്ന മേശയിലേക്ക് ഞങ്ങളെ നയിച്ചു. എല്ലാ മേശയുടെയും മധ്യത്തിലായി ചെറിയ ബാസ്കറ്റുകളില്‍ റൊട്ടികള്‍ വെച്ചിട്ടുണ്ട്. പല വലുപ്പത്തിലും രൂപത്തിലുമുള്ളവ. അതാണ് അവരുടെ പ്രധാന ഭക്ഷണം. ഓരോ സീറ്റിലും ഗ്ലാസില്‍ റെഡ്വൈന് നിറച്ചുവെച്ചിട്ടുണ്ട്. ആദ്യം അത് കുടിച്ചശേഷമേ അടുത്ത വിഭവം വരൂ. അത് കുടിച്ചുകഴിഞ്ഞപ്പോഴേക്കും പ്ലെയിറ്റില്‍ സൂപ്പ് വന്നു.
ക്രീം നിറം. കുടിച്ചുനോക്കിയപ്പോള്‍ പരിചയമുള്ള രുചിയും ഗന്ധവും. പക്ഷേ, എന്താണെന്ന് മനസ്സിലായില്ല. അടുത്തിരുന്ന റഷ്യക്കാരനോടു ചോദിച്ചു. അത് മഷ്റൂംസൂപ്പാണെന്ന് അയാള്‍ പറഞ്ഞു. സൂപ്പില്‍ ഇട്ട് കഴിക്കാനായി റസ്കിന്റെ കഷണങ്ങളുണ്ട്. സൂപ്പ് കുടിച്ചുകഴിഞ്ഞപ്പോള്‍ അടുത്ത വിഭവം വന്നു. വെജിറ്റബിള്‍ സാലഡ്. കിഴങ്ങ്, സവാള, കക്കിരി, സ്പിനാഷ്, തക്കാളി പിന്നെ പരിചയമില്ലാത്ത ഒന്നുരണ്ട് കഷണങ്ങളും. അടുത്തദിവസവും ഇതേവിഭവങ്ങള്തന്നെ കഴിച്ചതോടെ മടുപ്പായി. ഞങ്ങളോടൊപ്പം പുറത്തേക്കുവരാതിരുന്ന ബംഗ്ലാദേശുകാരന് പിന്നീടാണ് വന്നത്. അയാള്‍ ഞങ്ങളോടായി പറഞ്ഞു. ''നിങ്ങള്‍ക്ക് ഒരു ഡിഷ് നഷ്ടമായി''. എന്തോ ഒരു സൂപ്പില്‍ ഉരുളക്കിഴങ്ങിന്റെ വലുപ്പത്തിലുള്ള ബോളുപോലുള്ള സാധനമാണത്രേ! വെജിറ്റബിളാണ്. എന്തായിരുന്നു അതെന്ന് ബംഗ്ലാദേശുകാരനും പിടിയില്ല.
എന്തായാലും അടുത്തദിവസം ഇത് നഷ്ടപ്പെടുത്തേണ്ടെന്ന് ഉറപ്പിച്ചു. പിറ്റേന്ന് കഴിക്കാന്ചെന്നപ്പോള് വോളന്റിയറോട് പറഞ്ഞു. എനിക്ക് നോണ്‍വെജ് മതി. പക്ഷേ, ഞാന്‍ പറഞ്ഞത് മനസ്സിലായില്ല. അവര്‍ക്ക് വെജ്, നോണ്‍വെജ് എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാവില്ല. വെജിറ്റേറിയന്‍സിനെ വീഗന്‍ എന്നാണ് പറയുന്നത്. നോണ്വെജിറ്റേറിയന്സിനെ നോട്ട് വീഗന്‍ എന്നും. ഒരുവിധം പറഞ്ഞുമനസ്സിലാക്കി ഞാനും രണ്ടുമൂന്ന് ഇന്ത്യക്കാരും നോട്ട് വീഗന്‍ മേശയില്‍ ഇരുന്നു. ആദ്യം വൈന്‍ വന്നു. പിന്നെ സൂപ്പും. അതും ഫിഷ് സൂപ്പ്. തെളിഞ്ഞ കഞ്ഞിവെള്ളംപോലെ.
മനംമടുപ്പിക്കുന്ന ടേസ്റ്റായിരുന്നു സൂപ്പിന്. പച്ചമീന്‍ കഴുകിയ വെള്ളം കുടിക്കുന്നപോലെ തോന്നി. ഉള്ളില്‍ മീനിന്റെയും ഉരുളക്കിഴങ്ങിന്റെയും ചെറിയ കഷണങ്ങളും. ഒരുവിധം ആ കഷണങ്ങള്മാത്രം കഴിച്ച് സൂപ്പ് മാറ്റിവെച്ച് അടുത്തിരുന്ന ഒരു റഷ്യക്കാരനെ ശ്രദ്ധിച്ചു. അയാള്‍ മേശപ്പുറത്തുള്ള റൊട്ടിയെടുത്ത് മീന്സൂപ്പില് മുക്കി ആസ്വദിച്ച് കഴിക്കുകയാണ്. എന്തായാലും സൂപ്പ് കഴിഞ്ഞുള്ള വിഭവത്തിനായി കാത്തിരുന്നു. അപ്പോഴതാ വരുന്നു ഒരു കുഴിയന്‍ പാത്രത്തില്‍ ചിക്കനും കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും. ഒരു പീസ് കഴിച്ചുനോക്കി. ചുട്ടെടുത്തിരിക്കുന്ന ചിക്കനാണ്. എന്നാല്‍, അത്രയധികം ചുട്ടിട്ടുമില്ല. പറയത്തക്ക ഉപ്പോ എരിവോ മറ്റ് മസാലകളോ ഒന്നുമില്ല. രണ്ട് പീസുമാത്രം കഴിച്ചിട്ട് പ്ലേറ്റ് നീക്കിവെച്ച് പുറത്തിറങ്ങി. എന്റെ സുഹൃത്ത് അരുണ്‍ വെജ് ആയതുകൊണ്ട് എല്ലാ ദിവസത്തെയുംപോലെ മഷ്റൂം സൂപ്പ് കുടിച്ചു.
പിന്നെന്തോ സോയാബീന്‍പോലുള്ള വലിയ പയറ് പുഴുങ്ങിയത് കൊടുത്തു. പക്ഷേ, ഇന്ത്യയില്‍നിന്നുള്ള ആരും അത് കഴിച്ചുകണ്ടില്ല. സോസ്വാ നദിയിലെ വെളുത്ത മത്സ്യം കൊണ്ടുള്ള സോസ്വാ ഹെറിങ്, കൈഷിക് ഗ്രാമത്തില്‍നിന്ന് കൊണ്ടുവരുന്ന ഉണക്കമത്സ്യം വെച്ചുള്ള കൈഷിക് ചെബാക്, കോഡിന്സ്കി മുനിസിപ്പല്‍ പ്രദേശത്തുനിന്ന് വരുന്ന പ്രത്യേകതരം കൂണ്കൊണ്ടുള്ള കോഡിന്സ്കി മഷ്റൂം, കൗബറി എന്ന ചുവന്ന ചെറിയ പഴം ഇവയൊക്കെയായിരുന്നു പ്രധാന വിഭവങ്ങള്‍.
ഫിഷ് റിലീസിങ് എന്നപേരില്‍ അധികമാരും കേട്ടിട്ടില്ലാത്ത ഒരു പരിപാടിയിലേക്കാണ് പിന്നീട് പോയത്. പുരാതന ജനുസ്സില്‍പ്പെട്ട, വംശനാശം നേരിടുന്ന മത്സ്യമാണ് സ്റ്റര്ജന്. ഏഴുമുതല്‍ പന്ത്രണ്ടുവരെ അടി നീളത്തില്‍ വളരുകയും 50 മുതല്‍ 60 വരെ വര്‍ഷം ജീവിക്കുകയും ചെയ്യുന്ന ഈ മീനുകളെ 'ഏര്‍ലി പീരിയഡ് ഡൈനോസര്‍' എന്നും പറയുന്നു. ഡൈനോസറുകളുടെ രൂപമാണിവയ്ക്ക്. പോഷകഗുണവും രുചിയും ഉള്ള ഇവയുടെ മുട്ടകൊണ്ടുണ്ടാക്കുന്ന വിലയേറിയ ഭക്ഷണമാണ് കവിയാര്. ഇതിനായി സ്റ്റര്‍ജനുകളെ പിടിക്കുന്നത് വ്യാപകമാവുകയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ മത്സ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടിയാണ് ഫിഷ് റിലീസിങ്. സ്റ്റര്ജന് കുഞ്ഞുങ്ങളെ പുറത്തുള്ള ഫാമില്‍ വളര്‍ത്തും. എന്നിട്ട് വര്‍ഷത്തില്‍ രണ്ടോമൂന്നോതവണ ഇര്‍ട്ടിഷ് നദിയിലേക്ക് ഒഴുക്കിവിടും. ഇവിടത്തെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചെയ്യുന്ന പരിപാടിയാണ്. ക്ഷണിക്കപ്പെട്ട അതിഥികളുടെ കൈയില്‍ ചെറിയ ബക്കറ്റ് കൊടുക്കും. അവര്‍ക്ക് ടാങ്കില്‍നിന്ന് മീനുകളെ കോരി പുഴയിലേക്ക് തുറക്കുന്ന കുഴലിലേക്ക് ഇടാം.
മേളകഴിഞ്ഞുള്ള സായാഹ്നങ്ങള്‍ പാര്‍ട്ടികളുടേതായിരുന്നു. റഷ്യന്‍ സംഗീതത്തിന്റെ അകമ്പടിയിയില് നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്ന സൈബീരിയന്‍ സുന്ദരിമാര്‍. മദ്യവും ഭക്ഷണവും വേണ്ടത്ര എടുത്തുതരുന്ന റഷ്യന്‍ സുഹൃത്തുക്കള്‍. സൗഹൃദത്തിന് ഭാഷ പ്രശ്നമല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. തണുപ്പിനോടും നീണ്ട പകലുകളോടുംയാത്രപറഞ്ഞ് ഞങ്ങള്‍ നേരേ മോസ്കോയിലേക്ക് പറന്നു.
Content Highlights: siberia khanty-mansiysk travelogue