ചോറ്റുപാത്രത്തിലെ ചോറും ഇടിച്ചമ്മന്തീം മുട്ടറോസ്റ്റും;കുട്ടിക്കാലത്തെ സ്വാദുകള്‍

വര- ലിജീഷ് കാക്കൂർ
വര- ലിജീഷ് കാക്കൂർ

ലിറ്റില്‍ ഫ്‌ളവറില്‍ പഠിക്കുമ്പോള്‍ മിക്കവാറും ടിഫ്ഫിന്‍ ബോക്‌സിലെ വിഭവങ്ങള്‍ ചോറും, ഇടിച്ചമ്മന്തിയും, കുഞ്ഞിക്കരിമീന്‍ വറുത്തതും ആയിരുന്നു. ടിഫിന്‍ ബോക്‌സ് തുറക്കുമ്പോഴേ വറുത്ത തേങ്ങയുടെയും, മീനിന്റെ അരപ്പിന്റെയും മാസ്മരികഗന്ധം അന്തരീക്ഷത്തില്‍ നിറയും, അതിന്റെ മണമാണ് മണം. എത്ര രുചിയായിരുന്നു കുട്ടിക്കാലത്തെ സ്വാദുകള്‍, അതിന്റെ ഓര്‍മ്മ മാത്രം മതി, കണ്ണ് നിറയും സന്തോഷം കൊണ്ട്. ചൂടുചോറ് മീന്‍ വറുത്തതും ചമ്മന്തിപ്പൊടിയും ചേര്‍ന്നൊരു സമവാക്യമുണ്ടാക്കും. അതാണ് ഉച്ചയൂണിന്റെ തൃപ്തി. 

കടമ്പനാട്ട് വന്നപ്പോള്‍ കരിമീനൊക്കെ ഓര്‍മ്മ മാത്രം, ആഴ്ചയില്‍ രണ്ടു ദിവസം ജോസച്ചാന്‍ ചന്തയില്‍ പോകും, പുള്ളിക്കിഷ്ടം ചൂരയാണ്, അല്ലെങ്കില്‍ അയലയോ നെമ്മീനോ മറ്റോ വാങ്ങും. എന്നാലും സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് മീന്‍ പാകം ചെയ്യുന്നത് അപ്രായോഗികമായിരുന്നു. അപ്പോള്‍ പിന്നെ മമ്മി ഒരു പുതിയ മാര്‍ഗം കണ്ടുപിടിച്ചു, അതാണ് മുട്ടറോസ്റ്റ്, മുളകുപൊടിയും, മല്ലിപ്പൊടിയും, ഉപ്പും, മഞ്ഞളും, കുരുമുളകും ചേര്‍ത്താണ് അരപ്പ്. മുട്ട നന്നായി പുഴുങ്ങി തോട് കളഞ്ഞു വെയ്ക്കും. എന്നിട്ട് അതില്‍  നൈസായി വരയിടണം, എന്നിട്ട് നീളത്തില്‍ രണ്ടായി മുറിക്കണം, മെല്ലെ അരപ്പ് പുരട്ടണം. ഒരു കട്ടി ചീനച്ചട്ടി അടുപ്പത്തു വെച്ച് ലേശം വെളിച്ചെണ്ണ ഒഴിച്ചിട്ട് അരപ്പ് പുരട്ടി വെച്ചിരിക്കുന്ന മുട്ടക്കുട്ടന്മാരെ മെല്ലെ അതിലേക്കെടുത്തു വെയ്ക്കണം, അല്‍പ്പം വെള്ളം നനച്ചു കൊടുത്തിട്ടു അത് അടച്ചു വെയ്ക്കണം.

പിന്നെ അവരായി അവരുടെ പാടായി. മുട്ട റോസ്റ്റ് ചെയ്യുമ്പോള്‍ ഒരിക്കലും ചീനച്ചട്ടി അടയ്ക്കാന്‍ മറക്കരുത്. അത്രയ്ക്ക് ടൈറ്റ് സെക്യൂരിറ്റി ആവശ്യമാണ്, കാരണം എണ്ണയില്‍ കിടന്ന് മസാലപുരണ്ട മുട്ടക്കഷ്ണങ്ങള്‍ ഭയങ്കര വയലന്റാവും, പൊട്ടലും ചീറ്റലും നമുക്ക് നല്ലവണ്ണം കേള്‍ക്കാം, തുടങ്ങുമ്പോള്‍ കുറെയൊക്കെ വയലന്റാകും എങ്കിലും കുറച്ച് കഴിഞ്ഞു അരപ്പും, എണ്ണയും, മുട്ടക്കുട്ടന്മാരും അങ്ങ് രമ്യതയിലാവും. അപ്പോള്‍ നല്ല ചൂടോടെ അല്‍പ്പം അരപ്പും കൂട്ടി നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കണം, ഓര്‍മയില്ലേ പണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ള അയക്കൂറ വറുത്തതും അരപ്പും കൂട്ടി ചോറ് കഴിക്കുന്ന കാര്യം പറഞ്ഞത്, അതുപോലെ. അതൊരു ഒന്നൊന്നര രുചിയാണ്, ചപ്പാത്തീടെ കൂടേം കഴിക്കാം, അതും സൂപ്പറാണ്. ശരിക്കുംപറഞ്ഞാല്‍ ചോറ്റുപാത്രത്തില്‍ ഇങ്ങനെ ചോറും ഇടിച്ചമ്മന്തീം മുട്ടറോസ്റ്റും കഴിക്കുമ്പോള്‍ കിട്ടുന്ന ഒരിതുണ്ടല്ലോ അത് ഭയങ്കരമാണ്, എനിക്ക് തോന്നുന്നത് ചോറ്റുപാത്രം തന്നെ ഒരു ഓര്‍മ്മക്കുടുക്കയാണെന്നാണ്. അതിനകത്തു നിറയെ ഓര്‍മ്മകളാണ്, രുചികളുടെയും, മണങ്ങളുടെയും.

പണ്ടൊക്കെ സ്‌കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ ചായ കുടിക്കുന്നതിനു മുന്‍പ് തന്നെ ചോറുണ്ണും. മിക്കവാറും ചോറും സാമ്പാറും  മീന്‍കൂട്ടാനും ആയിരിക്കും, ചിലപ്പോള്‍ രസം, അല്ലെങ്കില്‍ മോര് ഇങ്ങനെ ഒഴിച്ചുകറികള്‍ മാറി മാറി വരും. പക്ഷെ മിക്കവാറും മീന്‍കറി കാണും. എന്നാല്‍ ചിലദിവസങ്ങളില്‍  മീന്‍ കറിക്കു പകരം മീന്‍ പീര പറ്റിച്ചതാകും,അത് മത്തിയാണെങ്കില്‍ എനിക്കത്ര താല്‍പ്പര്യമില്ല, പ്രത്യേകിച്ചും സ്‌കൂള്‍ വിട്ടു വരുമ്പോള്‍ മോരും മീന്‍പീരേം മാത്രമേ ഉള്ളുവെങ്കില്‍. പക്ഷെ റോഷന്‍ മോന് ഇങ്ങനത്തെ ഒരു നിര്‍ബന്ധവുമില്ല, അന്നും ഇന്നും ഭക്ഷണത്തിനു യാതൊരു ശാഠ്യവുമില്ലാത്ത കുട്ടി. 

ഇഷ്ടവിഭവങ്ങളൊക്കെ കൂട്ടി ഊണ് കഴിക്കാന്‍ ഇഷ്ടമാണ്, പക്ഷേ ഇഷ്ടവിഭവങ്ങള്‍ ഇല്ല എങ്കിലും പരാതി ഇല്ല. അതെങ്ങനെ എന്ന് അനിയന്‍കുഞ്ഞ് സ്‌കൂളില്‍ പഠിക്കുമ്പോഴേ പറഞ്ഞുതന്നിട്ടുണ്ട്. ഇഷ്ടമില്ലാത്തതും പരിമിതവുമായ വിഭവങ്ങള്‍ കൂട്ടി സന്തോഷത്തോടെ ഊണ് കഴിക്കാം, പക്ഷേ അല്‍പ്പം ഭാവന വേണമെന്ന് മാത്രം.

ഒരിക്കല്‍ മോരും ക്യാബേജ് തോരനും മീന്‍പീരയുമാണ് ചോറിന് കൂട്ടാന്‍. മനംമടുപ്പോടെ ഞാന്‍ ചോറ് വെറുതെ കുഴച്ചു കൊണ്ടിരിക്കുമ്പോള്‍ കാണാം ആശാന്‍ നല്ല സന്തോഷത്തോടെ ഇരുന്ന് ചോറ് കഴിക്കുന്നു. എന്റെ മനോവിഷമം കണ്ട് അദ്ദേഹം ഒരു ഉപായം പറഞ്ഞു തന്നു. 'ചേച്ചി എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്, ഞാന്‍ ഒരു സൂത്രം പറയാം, ചോറും മോരും ഇങ്ങനെ കുഴക്കണം, അപ്പോള്‍ ചോറ് മുഴുവന്‍ ഒരു മഞ്ഞ നിറമാകില്ലേ, എന്നിട്ടു അത് പാത്രത്തിലിങ്ങനെ നിരത്തണം, എന്നിട്ട് മീന്‍പീരേം ക്യാബേജ് തോരനും ചോറില്‍ അവിടിവിടെ നിരത്തി വെക്കണം. എന്നിട്ട് നമ്മള്‍ ഇങ്ങനെ വിചാരിക്കണം നമ്മള്‍ ഇപ്പോള്‍ ബിരിയാണി ആണ് കഴിക്കുന്നത്, ഇടയ്ക്കു കഴിക്കുന്ന ക്യാബേജ് തോരനും മീന്‍ പീരയും ചിക്കന്‍ പീസസ് ആണ് എന്ന് വെറുതെ അങ്ങ് വിചാരിക്കണം. അങ്ങനെ നമ്മുടെ സ്വപ്നത്തില്‍ മാത്രം ശ്രദ്ധിച്ച് ചോറ് കഴിക്കണം, നമുക്ക് സങ്കടോം തോന്നില്ല, വയറും നിറയും. റോഷന്‍ മോന്‍ പറഞ്ഞു തന്ന ഈ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് ഇപ്പോഴും ഇടക്കൊക്കെ ഞാന്‍ പരീക്ഷിക്കാറുണ്ട്.

Content Highlights: ruchiyorma food memories by dr.gigi j alex