അമ്മച്ചിയുടെ അരിയുണ്ട

രുചിയോര്‍മ
#ഡോ.ജിജി ജെ.അലക്‌സ്‌
വര: ലിജീഷ് കാക്കൂര്‍
വര: ലിജീഷ് കാക്കൂര്‍

കുട്ടിക്കാലത്ത്  ഏറ്റവും ആസ്വദിച്ച വികാരം വിശപ്പിന്റേതായിരുന്നു. എപ്പോഴും വിശപ്പ്, കാപ്പി കുടിച്ചുകഴിഞ്ഞാലും, ചോറുണ്ടു കഴിഞ്ഞാലും, വിശപ്പാണ്. വിശപ്പേ വിശപ്പേ എന്ന് പ്രലപിക്കുന്നതു കേള്‍ക്കുമ്പോള്‍ അമ്മച്ചി ഉണ്ടാക്കിത്തരുന്നൊരു പലഹാരമുണ്ടായിരുന്നു. അതാണ് അരിയുണ്ട. അമ്മച്ചി വളരെ പെട്ടെന്ന് ഉണ്ടാക്കിത്തരുന്ന അതിമധുരോധാരമായ ഒരു പലഹാരമാണെങ്കിലും അന്ന് അതിന്റെ പിന്നിലുള്ള അധ്വാനം വളരെ വലുതായിരുന്നു. അരി നന്നായി വറുത്തു പൊടിച്ചു ഭസ്മം പോലെ ആക്കി പിന്നീട് തേങ്ങാ തിരുമ്മിയതും, ശര്‍ക്കരയും ചേര്‍ത്ത് ഒന്ന് കൂടെ ഇടിച്ചു ചെറിയ ചെറിയ ഉരുളകളാക്കി തരുമായിരുന്നു, അതിന്റെ രുചിയും മണവും ഇന്നും എന്റെ ഓര്‍മയിലുണ്ട്.

അതിന്റെ രുചിയെക്കാളേറെ എന്നെ ഉണര്‍ത്തുന്നത്, അമ്മച്ചി ഉണ്ട ഉണ്ടാക്കുന്നതിനായി എടുക്കുന്ന ഒരുക്കങ്ങളാണ്. ചട്ടയും മുണ്ടുമാണ് അമ്മച്ചിയുടെ വേഷം. ഉച്ച കഴിയുമ്പോഴേക്കും തൂവെള്ള ചട്ടയും മുണ്ടും, ഒരു ഇളംമഞ്ഞ നിറമാകും, അത്രയ്ക്കുണ്ടേ  വീട്ടിലെ പണിയും, തിരക്കും. ഊണ് കഴിഞ്ഞു അടുക്കളയൊക്കെ ഒതുക്കിയതിനു ശേഷം അമ്മച്ചി കുറച്ചു അരി കുതിര്‍ത്തു തോര്‍ത്തി വെച്ചിരിക്കും, പിന്നീട് അത് ഉരലിലിട്ടു നന്നായി ഇടിക്കും, എന്റെ അമ്മയും കൂടും അമ്മച്ചിയെ സഹായിക്കാന്‍. ഒരാള്‍ അരി ഇടിക്കും, മറ്റെയാള്‍ അത് അരിച്ചു വെയ്ക്കും, വീണ്ടും തരി ഇടിക്കും, അരിക്കും, ഇതിങ്ങനെ മൂന്ന് നാല് പ്രാവശ്യം തുടരും. അങ്ങനെ മുഴുവന്‍ അരിയും പൊടിച്ചു ഭസ്മം പോലെയാക്കും, പിന്നീട് ഉരലിലേക്ക്, ഈ പൊടിയും, തേങ്ങയും, ശര്‍ക്കരയും കൂടെ ഒരുമിച്ചിട്ട് ഇടിക്കും, അപ്പോള്‍ അന്തരീക്ഷമാകെ ഒരു മണം, തേങ്ങയാണോ, ശര്‍ക്കരയാണോ, അരിയാണോ, അതോ ഇത് മൂന്നും കൂടി ചേര്‍ന്നതാണോ, എന്ന് മനസ്സിലാക്കാന്‍ പറ്റാത്തതുപോലെ ഒരു നേരിയ ഗന്ധം അന്തരീക്ഷമാകെ പറന്നു പറന്നു പരക്കും. ഈ മണം അങ്ങനെ മൂക്കില്‍ വന്നു തട്ടി വിളിക്കുമ്പോള്‍ പിന്നെ കിടക്കാനോ ഇരിക്കാനോ കളിക്കാനോ ഒന്നും തോന്നുകയില്ല,

ഒറ്റയിരുപ്പില്‍ അഞ്ചും ആറും ഉണ്ടകള്‍ കഴിക്കുമായിരുന്നു, അതൊരു കാലം, ഞാനൊരിക്കലും അരിയുണ്ട ഒരു മഹാപലഹാരമാണെന്നു കരുതിയിരുന്നില്ല. ഇപ്പോള്‍ ഈ നാല്പത്തഞ്ചാം വയസ്സില്‍, പെട്ടെന്ന് ഒരാഗ്രഹം. അങ്ങനെ അമ്മച്ചി ഉണ്ടാക്കിത്തന്നിരുന്ന, പിന്നീട് അമ്മയുണ്ടാക്കിത്തന്നിരുന്ന അരിയുണ്ട ഒന്ന് കൂടെ ഉണ്ടാക്കി. പ്രത്യേകിച്ച് വലിയ താല്പര്യം ഒന്നും കാണിക്കാത്ത മക്കളെ, പ്രത്യേകിച്ചും മകളെ ആ പലഹാരത്തെപ്പറ്റിയും, കല്ലട അമ്മച്ചിയെ പറ്റിയും കുറച്ചേറെ ബില്‍ഡപ്പ്  കൊടുത്തു ഉണ്ട കഴിപ്പിച്ചു. അവളുടെ പേരും പറഞ്ഞു ഞാനാണ് ഉണ്ടാക്കിയ ഉണ്ട മുഴുവന്‍ കഴിച്ചു തീര്‍ത്തതും. ഉണ്ട കഴിക്കുമ്പോഴെല്ലാം അമ്മച്ചി അടുത്തിരിക്കുന്നത് പോലെ തോന്നി.

Content Highlights: ruchiyorma childhood food memories by dr.jiji j alex