അതിരസം മുതല്‍ തേന്‍കുഴല്‍ വരെ: ഓണത്തിന് രുചിക്കാം ഈ പലഹാരങ്ങള്‍

മനോഹരം / ഫോട്ടോ: വിവേക് ആര്‍.നായര്‍
മനോഹരം / ഫോട്ടോ: വിവേക് ആര്‍.നായര്‍

മനോഹരം
കടലമാവ്: ഒരു കപ്പ്
അരിപ്പൊടി: ഒരു കപ്പ്
ഉഴുന്നുമാവ്: ഒരു സ്പൂണ്‍
ഉപ്പ്: ഒരു നുള്ള്
വെള്ളം: ആവശ്യത്തിന്
ശര്‍ക്കര: ഒരു കപ്പ്
ചുക്ക്: ഒരു സ്പൂണ്‍
ഏലയ്ക്ക: ഒരു സ്പൂണ്‍
എണ്ണ: അര ലിറ്റര്‍

ഒരു പാത്രത്തില്‍ കടലമാവ്, അരിപ്പൊടി, ഉഴുന്നുമാവ്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ചൂടായ എണ്ണയിലേക്ക് നീളത്തിലൊഴിച്ച് വറുക്കാം. ശേഷം അവ നീളത്തില്‍ പൊട്ടിച്ചുവെക്കണം. ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ശര്‍ക്കരയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കാം. ഇതിലേക്ക് ഉണ്ടാക്കി വച്ച പലഹാരം ചേര്‍ത്ത് ശര്‍ക്കര പിടിക്കുന്നതുവരെ ഇളക്കുക. 

അതിരസം

അതിരസം
അരിപ്പൊടി: രണ്ട് കപ്പ്
പൊടിച്ച ശര്‍ക്കര: ഒരു കപ്പ്
ഏലയ്ക്കാപ്പൊടി: ഒരു ടീസ്പൂണ്‍
നെയ്യ്: അര ടീസ്പൂണ്‍
എണ്ണ: ആവശ്യത്തിന്

ശര്‍ക്കരയില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് ശര്‍ക്കരപ്പാനിയാക്കുക. അരിപ്പൊടിയിലേക്ക് ശര്‍ക്കരപ്പാനി, ഏലയ്ക്കാപ്പൊടി, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം മാവ് കൈയില്‍വെച്ചോ വാട്ടിയ ഇലയില്‍ വച്ചോ ചെറുതായി ഒന്ന് പരത്തിയെടുത്ത് തിളച്ച എണ്ണയില്‍ വറുത്തുകോരുക. ഇളംതീയിലാണ് വറുത്തെടുക്കേണ്ടത്. 

തേങ്ങാ ചീഡ

തേങ്ങാ ചീഡ
അരിമാവ്: അഞ്ച് കപ്പ്
ചിരകിയ തേങ്ങ: മൂന്നു കപ്പ്
ചെറിയ ഉള്ളി    : 15 എണ്ണം
വെളുത്തുള്ളി: അഞ്ച് അല്ലി
ജീരകം: ഒരു ടേബിള്‍ സ്പൂണ്‍
ചൂടുവെള്ളം:  ആവശ്യത്തിന് 
ഉപ്പ്: ആവശ്യത്തിന്

മാവ് വറുത്തെടുക്കുക. ചിരകിയ തേങ്ങ, ചെറിയുള്ളി, വെളുത്തുള്ളി, ജീരകം, ഉപ്പ് എന്നിവ മിക്‌സിയിലിട്ട് അരച്ചെടുക്കുക (വെണ്ണപോലെ അരയേണ്ടതില്ല). അരപ്പ് അരിപ്പൊടിയില്‍ ചേര്‍ത്ത് ആവശ്യത്തിന് ചൂടുവെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഉരുട്ടിയെടുത്ത് വെളിച്ചെണ്ണയിലിട്ട് വറുത്തുകോരാം. 

തേന്‍ കുഴല്‍

തേന്‍ കുഴല്‍
പച്ചരി: ഒരു കിലോ
ഉഴുന്ന്: 100 ഗ്രാം
ജീരകം: രണ്ട് ടേബിള്‍സ്പൂണ്‍
വെണ്ണ: 50 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
പൊട്ടുകടല    : രണ്ട് ടേബിള്‍സ്പൂണ്‍
എണ്ണ: ആവശ്യത്തിന്

പച്ചരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനുശേഷം വെള്ളം ഊറ്റി ഒരു കോട്ടണ്‍ തുണിയില്‍ വിരിച്ചിട്ടോളൂ. 10 മിനിറ്റിന് ശേഷം തരിയില്ലാതെ പൊടിച്ചെടുക്കാം. ചുവടുകട്ടിയുള്ള പാത്രത്തില്‍ ഉഴുന്നിട്ട് എണ്ണ ചേര്‍ക്കാതെ വറുക്കുക. തണുത്ത ശേഷം ഇത് മിക്‌സിയില്‍ നന്നായി പൊടിക്കാം. പൊട്ടുകടലയും പൊടിച്ച് തരിമാറ്റി അരിച്ചെടുക്കണം. പച്ചരിപ്പൊടി, ഉഴുന്നുപൊടി, പൊട്ടുകടലപപ്പൊടി, ജീരകം, വെണ്ണ, ഉപ്പ് എന്നിവ കുറേശ്ശെ വെള്ളം ചേര്‍ത്ത് ഇടിയപ്പമാവിന്റെ പരുവത്തില്‍ കുഴയ്ക്കുക. സേവനാഴില്‍ മൂന്നുകണ്ണുള്ള ചില്ലിട്ട് ചെറിയ ചുറ്റുകളായി പിഴിഞ്ഞ് വറുത്തെടുക്കാം.


 

Content Highlights: recipes for onam