ഗോവയിൽ, കുതിരയ്ക്ക് കടക്കാനാവാത്ത സാംഗെപാലം, പാലം കടന്നപ്പോഴെല്ലാം അത് വിരണ്ടോടി, കുഴഞ്ഞുവീണുമരിച്ചു

ഒരിക്കൽ ഗോവയിലെ സിയോളീം ഗ്രാമത്തിലൂടെ വണ്ടിയോടിച്ചുപോകുമ്പോഴാണ് ഒരു വലിയ ആൽമരം കണ്ണിൽ പെടുന്നത്. ഇരുട്ടുവീണു തുടങ്ങിയെങ്കിലും ആകാശത്തോളം പടർന്നുനിൽക്കുന്ന ആ മരം കണ്ടപ്പോൾ ഒരു ഫോട്ടോ എടുക്കാത്തെ വരാൻ തോന്നിയില്ല. വണ്ടിയൊതുക്കിവെച്ച് ആൽമരത്തിന്റെ അടുത്തേക്ക് നടന്നടുത്തപ്പോൾ മരത്തിന്റെ ചോട്ടിൽ, ഇരുട്ടത്ത് ഒരു നിഴൽ കണ്ടു. ഇടിത്തീവീണ പോലെ ഞാൻ പേടിച്ച് അവിടെത്തന്നെ കല്ലുപോലെ നിന്നു. പിന്നാലെ വന്ന കാറിന്റെ വെളിച്ചത്തിൽ ഞാൻ ആ രൂപം കണ്ടു. കൊമ്പൻ മീശയും തലപ്പാവും കൈയ്യിലൊരു ദണ്ഡും! പ്രതിമയാണെങ്കിലും എന്തോ ഒരു ഭയം. അപ്പോഴേ അവിടെ നിന്ന് വണ്ടിയുമെടുത്ത് പോയ ഞാൻ പിറ്റേന്ന് രാവിലെ അങ്ങോട്ടേക്ക് വീണ്ടും പുറപ്പെട്ടു. പകലാണല്ലോ! എന്താണെന്നറിയില്ല, വെളിച്ചം വീണാൽ എനിക്ക് വല്ലാത്തൊരു ധൈര്യമാണ്. കഴിഞ്ഞ രാത്രിപോലെ വിജനമല്ല. ആളൊക്കെയുണ്ട്. ആൽമരത്തിന്റെ ചുവട്ടിൽ കണ്ട ആ പ്രതിമയുടെ കീഴിൽ ചിലർ ചന്ദനത്തിരി കത്തിക്കുന്നു, മറ്റുചിലർ ബീഡി സമർപ്പിക്കുന്നു. പുറത്തേക്കിറങ്ങിയ പെൺകുട്ടിയോട് ഞാൻ അതാരാണെന്ന് ചോദിച്ചു. 'അത് ആജോബയാണ്. ഞങ്ങളുടെ രാഖണ്ടാർ.'
ജാതിമതഭേദമന്യേ ഗോവയുടെ വിശ്വാസങ്ങളുടെ ഭാഗമാണ് രാഖണ്ടാറുകൾ. ഓരോ ഗ്രാമത്തിനും ഒന്നോ അതിലധികമോ രാഖണ്ടാറുകൾ ഉണ്ടായിരിക്കും. ആ ഗ്രാമത്തിലെ മനുഷ്യരെയും പക്ഷിമൃഗാദികളെയും കൃഷിസ്ഥലങ്ങളെയും വനങ്ങളേയുമൊക്കെ സംരക്ഷിക്കുന്നത് ഇവരാണ്. രാത്രികാലങ്ങളിൽ രാഖണ്ടാറുകൾ കയ്യിലെ ദണ്ഡുമായി ഇറങ്ങും. ഗ്രാമം മുഴുവൻ റോന്തുചുറ്റാൻ! ദണ്ഡിന്റെ അറ്റത്തെ മണിയുടെ കിലുക്കം ഒരു തവണയെങ്കിലും രാത്രി കേട്ട് ഭയന്നിട്ടില്ലാത്ത ഒരൊറ്റ ഗോവക്കാരനെപ്പോലും കാണാൻ സാധിക്കില്ല. തമിഴ്‌നാട്ടിലെ 'അയ്യനാർ' സങ്കല്പത്തിനോട് വളരെയധികം സാദൃശ്യമുണ്ടെങ്കിലും രാഖണ്ടാറുകൾക്ക് പല രൂപങ്ങളാണ്. ചില ഗ്രാമങ്ങളിൽ 'ആജോബാ' എന്ന കാർന്നോരുടെ രൂപത്തിലാണ് ആരാധനായെങ്കിൽ മറ്റുചില ഗ്രാമങ്ങളിൽ ധീരയോധാവാണ് രാഖണ്ഡറുകൾ. ഗോവയിൽ താമസിച്ച മൂന്നു മാസത്തിനിടയിൽ ഞാൻ കുറഞ്ഞത് മുപ്പത് രാഖണ്ഡർ ക്ഷേത്രങ്ങളിലെങ്കിലും പോയിട്ടുണ്ടാകും.
Content Highlights: Rakhandars are the mythical protectors of Goan villages., Legends of Paikdev and the Sange bridge mystery., Cultural significance of offerings like toddy and dry fish., The role of 'Gaddis' as spiritual mediums for the guardians., Deep-rooted faith connecting Goan villages to their protectors.