ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ട; തീര്‍ത്ഥന്‍ താഴ്‌വരയിലെ രഹസ്യങ്ങളിലേക്കൊരു യാത്ര

#എഴുത്തും ചിത്രങ്ങളും: ഡിപിന്‍ അഗസ്റ്റിന്‍
മഞ്ഞുമൂടിയ തീര്‍ത്ഥൻ താഴ്‌വര
മഞ്ഞുമൂടിയ തീര്‍ത്ഥൻ താഴ്‌വര

ഹിമാചല്‍പ്രദേശ് എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന കുറച്ചു സ്ഥലപ്പേരുകളുണ്ട്. കുളു, മണാലി, കസോള്‍ ഷിംല എന്നിങ്ങനെ... എന്നാല്‍, ഓഫ്ബീറ്റ് സ്ഥലങ്ങളെ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് തീര്‍ത്ഥന്‍ താഴ്‌വര. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കും ജെലോരിപാസ്സും രഘുപൂര്‍ കോട്ടയും ഉള്‍പ്പെടെ അനവധി കാഴ്ചകളുണ്ട് ഈ താഴ്വരയില്‍. തീര്‍ത്ഥന്‍ താഴ്വരയിലെ മനോഹര പ്രദേശങ്ങളില്‍ ഒന്നാണ് രഘുപുര്‍ ഫോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടയാണിത്. കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നതെങ്കിലും 12,000 അടി ഉയരത്തില്‍, ഹിമാലയന്‍ മലനിരകളിലെ ഈ കാഴ്ചകള്‍ക്ക് അതി നിഗൂഢമായ സൗന്ദര്യമുണ്ട്. 10,500 അടി ഉയരത്തിലുള്ള ജെലോരി പാസില്‍ നിന്നാണ് രഘുപുര്‍ കോട്ടയിലേക്കുള്ള ട്രെക്കിങ് തുടങ്ങുന്നത്. ഓക് മരങ്ങള്‍ നിറഞ്ഞ വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാണ് രഘുപുര്‍ ഫോര്‍ട്ടിലേക്ക് എത്തുന്നത്. മഴ നനഞ്ഞ് ഘനം തൂങ്ങിയ ഓക് മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ക്ക് കൂട്ടായി മൂടല്‍മഞ്ഞും കിളികളും മാത്രമേ കാണുകയുള്ളൂ. കിളികളോടും കാട്ടുപൂക്കളോടും കഥകള്‍ പറഞ്ഞുള്ള യാത്ര ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലിയൊരു പുല്‍മേടുണ്ട്. അവിടെ ചായയും ലഘുഭക്ഷണവും കിട്ടുന്ന ചെറിയ കടകള്‍ ഉണ്ട്. മാഗ്ഗി നൂഡില്‍സും ആലു പറാത്തയുമാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. അവിടെനിന്നും വീണ്ടും വനത്തിലേക്ക് കടക്കുമ്പോള്‍ യാത്ര അതിന്റെ ഏകാന്ത ഛായ വീണ്ടെടുക്കുകയായി. രണ്ടുകിലോമീറ്ററുകള്‍ കൂടി കാട്ടിലൂടെ നടന്നാല്‍ ചെന്നെത്തുക മറ്റൊരു പറുദീസയിലേക്കാണ്.

രഘുപുര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍

കണ്ണെത്താദൂരത്തോളം തരംഗങ്ങള്‍ പോലെ പരന്നുകിടക്കുന്ന മലനിരകള്‍. ചുറ്റുമുള്ള പച്ചപ്പിനുമേല്‍ നൃത്തം വയ്ക്കുന്ന കാറ്റ് ദേഹമാസകലം പടരുന്നതറിഞ്ഞുകൊണ്ട് ഒരു ചൂട് ചായയും മോന്തി അവിടെ അങ്ങനെ ഊഞ്ഞാല്‍ ആടി ഇരിക്കാന്‍ രസമാണ്. താഴോട്ട് നോക്കുമ്പോള്‍ മഞ്ഞിന്‍ സമുദ്രമാണ്. നിമിഷനേരം കൊണ്ട് മൂടല്‍മഞ്ഞ് നിങ്ങളെ മറച്ചുകളയും, തൊട്ടടുത്തുനില്‍ക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്ത വിധം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ പൂര്‍ണ്ണമായും മഞ്ഞിനടിയില്‍ മൂടപ്പെടും ഈ പ്രദേശം. ആ സമയത്ത് ഇവിടേക്കുള്ള ട്രെക്കിങ് അല്പം ബുദ്ധിമുട്ടേറിയതാണ്.

ഇവിടെ നിങ്ങളെ കോരിത്തരിപ്പിക്കുന്നത് കനത്ത നിശ്ശബ്ദതയായിരിക്കും. വിനോദ സഞ്ചാരികളുടെ ശബ്ദാധിക്യം തീരെ ഇല്ലാതെ, കയ്യെത്തും ദൂരത്ത് പാഞ്ഞുപോകുന്ന മേഘങ്ങളേ നോക്കി മലമുകളില്‍ മലര്‍ന്നുകിടക്കുമ്പോള്‍ നിങ്ങളും ഒരു മൂടല്‍മഞ്ഞിന്‍ തുണ്ടായി തീരും. രഘുപുര്‍ കോട്ടയുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പതിനേഴാം നൂറ്റാണ്ടില്‍ മാണ്ഡിയിലെ ഭരണാധികാരികള്‍ നിര്‍മ്മിച്ചതാണ് ഈ കോട്ട എന്നാണ് കരുതുന്നത്. എന്നിരുന്നാലും ഈ കോട്ട ഒരിക്കലും യുദ്ധം കണ്ടിട്ടില്ല. ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കാനുള്ള ഒരു വാച്ച് ടവര്‍ ആയിരുന്നു പണ്ടുകാലത്ത് ഈ കോട്ട. മലമുകളിലെത്തിയാല്‍ താമസത്തിനുള്ള ടെന്റ് സൗകര്യവും ഇവിടെയുണ്ട്. രാത്രിയിലെ ആകാശക്കാഴ്ച അതിമനോഹരമാണ്. ഒന്നും തന്നെ ചെയ്യാതെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് മലമുകളില്‍ ഇരിക്കുക. കാട്ടുകുതിരകളും ചെമ്മരിയാടുകളും മേഞ്ഞു നടക്കുന്ന മലമുകളിലെ മൂടല്‍മഞ്ഞില്‍ സ്വയം അലിഞ്ഞില്ലാതാവുക. ഒരുവേള, നിങ്ങളാരാണെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടിയേക്കും.

ട്രക്കിങ് പാതയില്‍

എത്തേണ്ട വിധം:
ചണ്ഡീഗഡ് ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷനും. ചണ്ഡീഗഡ്-മണാലി ഹൈവേയില്‍ 230 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഓട്ട് (AUT) ടണല്‍ ഉണ്ട്. ഓട്ടില്‍നിന്നും വലത്തേക്ക് തിരിഞ്ഞു 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബഞ്ചാര്‍ പട്ടണത്തില്‍ എത്തും. തീര്‍ത്ഥന്‍ താഴ്‌വരയിലെ പ്രധാന പട്ടണമാണ് ബഞ്ചാര്‍. തീര്‍ത്ഥന്‍ താഴ്‌വരയിലെ ചെറുതും വലുതുമായ നൂറുകണക്കിന് ഗ്രാമങ്ങളിലേക്കുള്ള വാഹനങ്ങള്‍ ബഞ്ചറില്‍ നിന്നും ലഭിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Raghupur Fort, India`s highest ancient fort, nestled in the serene Tirthan Valley, Himachal Pradesh. Trek through misty oak forests and enjoy breathtaking Himalayan views.