ആഡംബര ക്യാബിനുകൾ, ഡൈനിങ് കാറുകൾ, റെസ്റ്റോറൻ്റുകൾ...പതിനെട്ടുകോച്ചുകളടങ്ങിയ ആഡംബര ട്രെയിൻ യാത്രയ്ക്ക് തയ്യാറാണോ?

ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ട്രെയിൻ യാത്ര, ആഡംബര ക്യാബിനുകൾ, ഡൈനിങ് കാറുകൾ, സ്റ്റാഫ് കോച്ചുകൾ, ലോഞ്ചുകൾ, സുരക്ഷ എന്നിവയുൾപ്പെടെ പതിനെട്ടു കോച്ചുകൾ. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ടല്ലേ, എന്നാൽ അത്തരത്തിലൊന്നായിരുന്നു രാഷ്ട്രപതി ദൗപതി മുർമുവിന്റെ ട്രെയിൻ യാത്ര.
മഹാരാജാസ് എക്സ്പ്രസിൽ ഇന്നലെ ന്യൂഡൽഹിയിൽ നിന്ന് മഥുരയിലേക്ക് യാത്ര തിരിച്ച രാഷ്ട്രപതിക്കായി ഇന്ത്യൻ റെയിൽവേ പ്രത്യേക കോച്ചുകൾ ഒരുക്കി. യാത്രയ്ക്കായി ട്രെയിൻ പ്രത്യേകം സജ്ജീകരിച്ചു. ഈ സ്പെഷ്യൽ ട്രെയിനിലെ സജ്ജീകരണങ്ങൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
വ്യക്തിഗത സ്യൂട്ടുകൾ, മികച്ച ഭക്ഷണം, പ്രത്യേക യാത്രാപരിപാടികൾ എന്നിവയാൽ ഒരു ട്രെയിൻ യാത്രയെ കൊട്ടാരസമാനമായ അനുഭവമാക്കി മാറ്റുന്ന കാഴ്ച. രാഷ്ട്രപതിയുടെ ട്രെയിൻ സാധാരണ റെയിൽവേ സർവീസുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
രാഷ്ട്രപതിയുടെ കുടുംബത്തിനും ഓഫീസ് ജീവനക്കാർക്കുമായി പ്രത്യേക കോച്ചുകളും, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക മെഡിക്കൽ കോച്ചും ഇതിലുണ്ട്. രണ്ട് എഞ്ചിനുകൾ, രണ്ട് റെയിൽവേ കോച്ചുകൾ, രണ്ട് പവർ കാറുകൾ, രണ്ട് ലക്ഷ്വറി സ്യൂട്ടുകൾ, ഒരു പ്രസിഡൻഷ്യൽ സ്യൂട്ട്, രണ്ട് ലോഞ്ചുകൾ, ഒരു അടുക്കള, രണ്ട് റെസ്റ്റോറന്റുകൾ, മൂന്ന് ജൂനിയർ സ്യൂട്ടുകൾ, ഒരു സ്റ്റാഫ് കോച്ച് എന്നിവ ഇതിന്റെ ഭാഗമാണ്.
മഹാരാജാസ് എക്സ്പ്രസിലെ ഓരോ കോച്ചും ഒരു പ്രത്യേക ആവശ്യത്തിനായി ക്രമീകരിച്ചിരിക്കുന്നതാണ്. മാത്രമല്ല, ഓരോന്നിനും പേരുകളും നൽകിയിട്ടുണ്ട്.
മെഡിക്കൽ സംഘത്തിൻ്റെ സ്യൂട്ടിന് നീലം എന്നും രാഷ്ട്രപതിയുടെ കുടുംബത്തിൻ്റെ സ്യൂട്ടിന് ഹീര എന്നും രാഷ്ട്രപതിയുടെ സ്യൂട്ടിന് നവരത്ന എന്നുമാണ് പേരിട്ടിരിക്കുന്നത്. സഫാരി എന്നു പേരുള്ള പൊതുവായൊരു ലോഞ്ചുണ്ട്. കൂടാതെ മറ്റ് ഉദ്യോഗസ്ഥർ ഗോമദ്,മാണിക് എന്നീ പേരുള്ള ജൂനിയർ സ്യൂട്ടുകളിൽ യാത്ര ചെയ്യുന്നു.
ഇതിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ട്.
രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ രാജാ ക്ലബ് എന്ന് പേരുള്ള ലോഞ്ചിൽ യാത്ര ചെയ്യുകയും മയൂർ മഹൽ എന്ന റെസ്റ്റോറൻ്റ് കോച്ചിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ട്രെയിനിന്റെ മറ്റൊരു ഭാഗത്ത് രംഗ് മഹൽ എന്നൊരു റെസ്റ്റോറന്റ് കൂടിയുണ്ട്. ട്രെയിനിലെ റെസ്റ്റോറൻ്റിലെ ജീവനക്കാരെല്ലാം രാഷ്ട്രപതി ഭവനിൽ നിന്നുള്ളവരാണ്. മൊത്തത്തിൽ, ട്രെയിനിന് ഒരു മിനി രാഷ്ട്രപതി ഭവൻ്റെ പ്രതീതിയുണ്ട്.
എല്ലാ ഭക്ഷണപാനീയങ്ങളും ട്രെയിനിനുള്ളിൽ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിലൊഴികെ ട്രെയിൻ എവിടെയും നിർത്തുകയില്ല. ട്രെയിൻ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതാണ്, ഇത് രാഷ്ട്രപതിക്ക് മാത്രമായി തയ്യാറാക്കുന്ന സ്പെഷ്യൽ ട്രെയിനുകളാണ്. അവസാനമായി 2023 ജൂണിലാണ് രാഷ്ട്രപതി പ്രത്യേക ട്രെയിനിൽ യാത്ര ചെയ്തത്.
അന്ന് ഭുവനേശ്വറിൽ നിന്ന് ഒഡീഷയിലെ തൻ്റെ ജന്മനാടായ റായ്രംഗ്പൂരിലേക്കായിരുന്നു യാത്ര. രാഷ്ട്രപതി യാത്ര ചെയ്യുന്ന മഹാരാജാസ് എക്സ്പ്രസ്, ജപ്പാൻ്റെ ഷിക്കി- ഷിമ, യൂറോപ്പിലെ വെനീസ് സിംപ്ലോൺ ഓറിയൻ്റ്എക്സ്പ്രസ് എന്നിവയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസീവായ ട്രെയിനുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഐആർസിടിസിയുടെ മുൻനിര ആഡംബര ട്രെയിനാണ് മഹാരാജാസ് എക്സ്പ്രസ്. ഒക്ടോബറിനും ഏപ്രിലിനും ഇടയിൽ ഡൽഹിയിൽ നിന്നോ മുംബൈയിൽ നിന്നോ നിശ്ചിത സമയങ്ങളിൽ ഇത് സർവീസ് നടത്തുന്നു. ആഗ്ര, ജയ്പൂർ, രൺതംഭോർ, ഉദയ്പൂർ, ജോധ്പൂർ, ബിക്കാനീർ, ഖജുരാഹോ, വാരണാസി എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന യാത്രാ പാക്കേജുകൾ യാത്ര വാഗ്ദാനം ചെയ്യുന്നു.
കൊട്ടാര ശൈലിയിലുള്ള സ്യൂട്ടുകൾ, രണ്ട് ഡൈനിങ് റെസ്റ്റോറൻ്റുകൾ, കോട്ടകളിലേക്കും കൊട്ടാരങ്ങളിലേക്കും കടുവ സങ്കേതങ്ങളിലേക്കുമുള്ള യാത്രകൾ എന്നിവയും ഈ ട്രെയിൻ യാത്ര വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ചെറിയ യാത്രയുടെ നിരക്ക് 3.9 ലക്ഷമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: President Droupadi Murmu traveled in the opulent Maharajas` Express from Delhi to Mathura.