കുംഭമേള നടക്കുന്ന പ്രയാഗ്‌രാജ്; നെഹ്‌റുവിന്റെ കുടുംബവീടും ത്രിവേണീസംഗമത്തോട് ചേര്‍ന്നുള്ള കോട്ടയും

ത്രിവേണീസംഗമം / ANI
ത്രിവേണീസംഗമം / ANI

കുംഭമേള നടക്കുന്ന പ്രദേശം എന്ന പേരില്‍ ഏറെ പ്രസിദ്ധമാണ് പ്രയാഗ്‌രാജ്. പഴയ അലഹബാദ് നഗരമാണ് ഇന്നത്തെ പ്രയാഗ്‌രാജ്. 2018-ലാണ് നഗരത്തിന്റെ പേരുമാറ്റുന്നത്. പ്രശസ്തമായ ത്രിവേണിസംഗമവും ഇതിനോട് ചേര്‍ന്നുതന്നെ.  

അക്ബര്‍ ചക്രവര്‍ത്തിയാണ് ഈ നഗരം നിര്‍മിച്ചത്. അന്ന് ഇല്ലാഹബാസ് എന്നായിരുന്നുവത്രേ പേര്. അതാണ് പിന്നീട് അലഹബാദ് ആയതെന്നും രേഖകള്‍ പറയുന്നു. പുരാണങ്ങളില്‍ വിവരിക്കുന്ന പ്രയാഗ് (പ്രയാഗ) ഇതാണെന്നും പറയപ്പെടുന്നു. കുംഭമേള നടക്കുന്ന സ്ഥലം എന്നതിനൊപ്പം തന്നെ വിനോദസഞ്ചാരത്തിനും ഏറെ പേരുകേട്ടയിടമാണിത്.   

അലഹബാദ് കോട്ട / ഫോട്ടോ: സുജ കറപ്പത്ത്

യമുന നദിക്ക് കുറുകെയുള്ള പാലം, കോട്ട തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. യമുന നദിക്ക് കുറുകെയുള്ള 'ന്യൂ യമുന ബ്രിഡ്ജ്' ആളുകള്‍ക്ക് ഏറെ കൗതുകം പകരുന്നതാണ്. തൂക്കുപാലത്തിന്റെ മാതൃകയിലുള്ള പാലത്തിന്, ഒന്നര കിലോമീറ്ററാണ് നീളം. പ്രയാഗ്‌രാജിലുള്ള മയോ മെമ്മോറിയല്‍-ടൗണ്‍ ഹാളും അലഹബാദ് പബ്ലിക് ലൈബ്രറിയുമെല്ലാം സ്‌കോട്ടിഷ് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളാണ്. 

പ്രയാഗ് രാജ് ക്ലോക്ക് ടവര്‍- 1913-ല്‍ നിര്‍മിച്ച ക്ലോക്ക് ടവര്‍, ഇന്ത്യയിലെ തന്നെ വളരെ പഴക്കമുള്ളവയിലൊന്നാണ്. 

ആനന്ദ് ഭവന്‍- മോത്തിലാല്‍ നെഹ്‌റുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭവനമാണിത്. 1900-ലാണ് മോത്തിലാല്‍ നെഹ്‌റു ആനന്ദ് ഭവന്‍ വാങ്ങുന്നത്. സ്വരാജ് ഭവന്‍ എന്നും പേരുള്ള ഭവനമിപ്പോള്‍ മ്യൂസിയമാണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്ക, നെഹ്‌റു കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, പഴയ ചിത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. ദിവസവും സന്ദര്‍ശകര്‍ക്കായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഇവിടെ സംഘടിപ്പിക്കുന്നു. 

ഖുസ്രോ ബാഗ് / ഫോട്ടോ: സുജ കറപ്പത്ത്

ഖുസ്രോ ബാഗ്- 40 ഏക്കറില്‍ പരന്നുകിടക്കുന്ന ഇവിടെ പൂന്തോട്ടവും ശവകുടീരങ്ങളും അടങ്ങുന്നു. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ മക്കളായ ഖുസ്രു മിര്‍സ, നിതാര്‍ ബീഗം, ഭാര്യ ഷാ ബീഗം തുടങ്ങിയവരുടെ ശവകുടീരങ്ങളാണ് ഖുസ്രോ ബാഗിലുള്ളത്. മുഗള്‍ രാജവംശത്തിന്റെ വാസ്തുവിദ്യയുടെ മനോഹാരിത എടുത്തുകാണിക്കുന്നതാണ് ഖുസ്രോ ബാഗ്.

അലഹബാദ് കോട്ട- ത്രിവേണീസംഗമത്തിനോട് ചേര്‍ന്ന്, സ്ഥിതി ചെയ്യുന്ന മനോഹരമായ കോട്ട. മുഗള്‍രാജവംശം 1583-ലാണിത് നിര്‍മിച്ചത്. അക്ബര്‍ ചക്രവര്‍ത്തി നിര്‍മിച്ചതില്‍ ഏറ്റവും വലിയ കോട്ടയും ഇതാണ്. ഇതിപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമാണുള്ളത്. കോട്ടയുടെ ചില ഭാഗങ്ങളിലേക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. 

ആനന്ദ് ഭവന്‍ / AFP

സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ അതിശൈത്യകാലമാണ്. അപ്പോള്‍ പൂജ്യത്തിലും താഴെയാവും പലപ്പോഴും താപനില. ലസ്സി, ഗുലാബ് ജമുന്‍, ഛോളേ സമൂസെ, കച്ചോരി-സബ്‌സി, ബിരിയാണി, ചാട്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനവിഭവങ്ങള്‍. 


 

Content Highlights: prayagraj where devotees are gathering for maha kumbh mela