840 ഭാഷകള്‍ സംസാരിക്കുന്ന രാജ്യം; ലോകത്ത് ഏറ്റവുമധികം ഭാഷകളിവിടെ

പപ്പുവ ന്യൂഗിനിയിലെ ഗോത്രക്കാര്‍ | Getty Images
പപ്പുവ ന്യൂഗിനിയിലെ ഗോത്രക്കാര്‍ | Getty Images

ഒറ്റപ്പെട്ട തുരുത്തുകളായി ജീവിച്ചുപോന്ന പലതരം ഗോത്രവിഭാഗങ്ങളുടെ നാടാണ് പപ്പുവ ന്യൂഗിനി. തെക്കുപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രം. പ്രകൃതിതന്നെ പലതായി വിഭജിച്ചിട്ട ഇക്കൂട്ടര്‍ക്കിടയില്‍ കാലക്രമേണ അനേകം ഭാഷകള്‍ പരുവപ്പെട്ടുവന്നു. അതത് ഗോത്രങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന സ്വന്തം സമുദായഭാഷകള്‍. ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്കുമുമ്പേ ഉത്ഭവിച്ച് പലകാലത്ത് പല പരിണാമങ്ങളും സംഭവിച്ച് ചെറുകൂട്ടങ്ങള്‍ക്കിടയില്‍ പ്രാചീനഭാഷകളൊതുങ്ങി. മറ്റു ഭാഷകളുമായി പരസ്പരം ഇടപഴകാതെ, തമ്മില്‍ കൂടിക്കലരാതെ അവ സ്വത്വം വിടാതെ നിന്നു.

ഇന്ന് പപ്പുവ ന്യൂഗിനിയില്‍ 840 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. ഒരു രാജ്യത്തിന് കീഴില്‍ ഇത്രയും ഭാഷകള്‍ അണിനിരക്കുന്നത് ഈ ദ്വീപുരാഷ്ട്രത്തിന്റെ പ്രത്യേകതയാണ്. ലോകത്ത് ഏറ്റവുമധികം ഭാഷാവൈവിധ്യങ്ങളുള്ള രാജ്യത്തിന് സാംസ്‌കാരികമായും പ്രത്യേകതകളേറെയുണ്ട്. പപ്പുവ ന്യൂഗിനിയിലേത് ഏറെയും ഗോത്രഭാഷകളാണ്. ഔദ്യോഗികഭാഷയില്‍ ഇംഗ്ലീഷുമുണ്ട്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുത്തിരിഞ്ഞ് പിന്നീട് മണ്‍മറഞ്ഞുപോയ ഒട്ടേറെ ഭാഷകളുണ്ട്. എത്രഭാഷകള്‍ ജനിച്ചുമരിച്ചുവെന്നതിന് കണക്കുകളുമില്ല. നിലവില്‍ ലോകത്താകമാനം 7000-ത്തിലധികം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പത്തുശതമാനവുമുള്ളത് പപ്പുവ ന്യൂഗിനിയിലാണ്.

അവികസിതരാജ്യം 
ഏറ്റവും അവികസിതമായ രാജ്യങ്ങളിലൊന്നുകൂടിയാണ് പപ്പുവ ന്യൂഗിനി. 463,000 ചതുരശ്രകിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശം. 90 ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. 20 പ്രവിശ്യകളും 85 ജില്ലകളുമാണ് രാജ്യത്തിന്. നാലുഭാഷകള്‍ മാത്രമേ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. ഇംഗ്ലീഷ്, ടോക് പിസിന്‍, ഹിരി മോതു, പപ്പുവ ന്യൂഗിനി സൈന്‍ ഭാഷ.
 
എന്തുകൊണ്ട് ഇത്രയധികം ഭാഷ
പപ്പുവ ന്യൂ ഗിനിയയുടെ ഭൂപ്രകൃതിയുടെ ഭൂരിഭാഗവും പര്‍വതനിരകളാണ്. ഇടതൂര്‍ന്ന വനങ്ങളും, വലിയ താഴ്വരകളും, ദുര്‍ഘടമായ ഭൂപ്രകൃതിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടെ ജീവിച്ചവര്‍ക്കിടയില്‍ തടസ്സമായിരുന്നു. പ്രകൃതിയൊരുക്കിയ വൈവിധ്യങ്ങളില്‍ വ്യത്യസ്ത ഗോത്രങ്ങള്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. പരസ്പരം ആശയവിനിമയോ മറ്റു ബന്ധങ്ങളോ ഉണ്ടായിരുന്നില്ല. അയല്‍ സമൂഹങ്ങള്‍ക്കിടയില്‍ പരിമിതമായി മാത്രം സമ്പര്‍ക്കം. അതുകൊണ്ടുതന്നെ ഓരോ സമൂഹങ്ങളും സ്വന്തം ഭാഷകളും ഭാഷാഭേദങ്ങളും വികസിപ്പിച്ചെടുത്തു. തങ്ങളുടേതായ ഭാഷകളിലും സംസ്‌കാരത്തിലും ആചാരങ്ങളിലും ഗോത്രക്കാര്‍ അഭിമാനിച്ചു. 

മറ്റൊന്ന് ദ്വീപുകളാണ്. പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന നൂറുകണക്കിന് ദ്വീപുകള്‍ ചേര്‍ന്നതാണ് പപ്പുവ ന്യൂഗിനി. ഈ ദ്വീപുകളില്‍ പലതും പരസ്പരം ഒറ്റപ്പെട്ടതാണ്, ഇതും ഭാഷാവൈവിധ്യത്തിന് കാരണമായി. തീരദേശക്കാരും ഉള്‍നാടന്‍ പ്രദേശക്കാരും പരിമിതമായേ പരസ്പരം ഇടപെടലുകള്‍ നടത്തിയിരുന്നുള്ളൂ. 

ഏകദേശം 50000 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ദ്വീപുകളില്‍ മനുഷ്യര്‍ അധിവസിച്ചത്. രാജ്യത്ത് ഒരു കേന്ദ്രീകൃതഭരണം ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാരണമാണ്. ഭാഷകള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ ഒരു രാഷ്ട്രീയനേതൃത്വം ഇവിടെയുണ്ടായിരുന്നില്ല. 

ജര്‍മന്‍, ബ്രിട്ടിഷ്, ഓസ്ട്രേലിയന്‍ കോളനിയായിരുന്നു രാജ്യമെങ്കിലും കോളനിവാസികള്‍ക്ക് മേല്‍ രാജ്യത്തുടനീളം ഒരു ഏകീകൃത ഭാഷ അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി മാറിയെങ്കിലും, അത് ദൈനംദിന ആശയവിനിമയത്തിനുപയോഗിച്ചില്ല, ഭരണത്തിനും വിദ്യാഭ്യാസത്തിനുമാണ് ഉപയോഗിച്ചത്. അങ്ങനെ പ്രാദേശിക ഭാഷകള്‍ അഭിവൃദ്ധി പ്രാപിച്ചു.

അതേസമയം, രണ്ട് പ്രധാന ഭാഷകളായ ടോക് പിസിന്‍, ഹിരി മോതു എന്നിവ കൊളോണിയല്‍ കാലഘട്ടത്തില്‍ വ്യാപാരത്തിനും ഭരണത്തിനുമുള്ള ആശയവിനിമയമാര്‍ഗമായി ഉയര്‍ന്നുവന്നു. ദശലക്ഷക്കണക്കിനാളുകള്‍ രണ്ടാം ഭാഷകളായി ഉപയോഗിച്ചെങ്കിലും പ്രാദേശിക ഭാഷകളില്‍ മാറ്റംവന്നില്ല.

40 ശതമാനം ചെറുഭാഷകള്‍ മരണവക്കില്‍ 

ഇംഗ്ലീഷിന്റെ അതിപ്രസരവും ആഗോളവത്കരണത്തിന്റെ ഭാഗവുമായി ചെറുഭാഷകള്‍ക്ക് അന്ത്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകവുമായി ബന്ധപ്പെടാന്‍ തങ്ങളുടെ ഭാഷ മതിയാവില്ലെന്ന തിരിച്ചറിവ് ഇംഗ്ലീഷിലേക്ക് ചുവടുമാറ്റാന്‍ യുവതയെ പ്രേരിപ്പിക്കുന്നു. വിദ്യാഭ്യാസത്തിനും പുറംലോകവുമായി ബന്ധപ്പെടാനും നിരന്തരം ശ്രമിക്കുമ്പോള്‍ പ്രാദേശിക ഭാഷയില്‍ ഇവര്‍ക്കുള്ള പരിജ്ഞാനം കുറഞ്ഞുവരുന്നു.  

ലോകത്തെ കണക്കിലേക്ക് തിരിച്ചുവന്നാല്‍ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാത്തതുകൊണ്ടുതന്നെ 40 ശതമാനത്തോളം ഭാഷകള്‍ മരണത്തിന്റെ വക്കിലാണ്. മേല്‍ക്കോയ്മയുള്ള 23 ഭാഷകള്‍ സംസാരിക്കുന്നവരാണ് ലോകജനസംഖ്യയുടെ പകുതിയും. പപ്പുവ ന്യൂഗിനി കഴിഞ്ഞാല്‍ ഭാഷാവൈവിധ്യത്തില്‍ തൊട്ടുപിന്നില്‍ ഇന്‍ഡോനേഷ്യയാണ്. 711 ഭാഷകളാണവിടെ. 517 ഭാഷകളുമായി നൈജീരിയ മൂന്നാമതാണ്.

Content Highlights: papua new guinea linguistically diverse place