ഭാര്യമാരെ തല്ലുന്ന ഭര്‍ത്താക്കന്‍മാരുടെ കാല്‍ഞരമ്പ് മുറിക്കുന്നതാണ് പാപ്പുവ ദ്വീപിലെ രീതി

മണ്ണിനടിയില്‍ സ്വര്‍ണശേഖരമുള്ള കൊച്ചുരാജ്യം. എന്നാല്‍ അതിന്റെ തിളക്കം പാപ്പുവ ന്യൂഗിനിയിലെ ഗോത്രജീവിതങ്ങള്‍ക്കില്ല. നായാടിയും പാരമ്പര്യത്തില്‍ വിശ്വസിച്ചും അവര്‍ ജീവിക്കുന്നു. ആ മണ്ണിലേക്കാണ് 11 വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം എത്തിച്ചേര്‍ന്നത്.
ഓസ്ട്രേലിയന്‍ ഉപഭൂഖണ്ഡത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സന്ദര്‍ശിക്കണമെന്നത് നീണ്ട കാലത്തെ സ്വപ്‌നമായിരുന്നു. പാപ്പുവയിലെത്തിയശേഷം വേരിരാറ്റ നാഷണല്‍ പാര്‍ക്കായിരുന്നു ആദ്യലക്ഷ്യം. വളഞ്ഞും പുളഞ്ഞും നീളുന്ന വീതികുറഞ്ഞ റോഡിലൂടെയുള്ള യാത്ര സാഹസികമായിരുന്നു. കുന്നിന്‍മുകളിലെ വനത്തിലെത്തിയപ്പോഴേക്കും തണുത്ത കാറ്റിന്റെ ശക്തി കൂടിവന്നു. ഒടുവില്‍ റാഗിയാനപ്പക്ഷികളെ കാണാറുള്ള സ്ഥലത്തിറങ്ങി. ''ഈ കാറ്റില്‍ പക്ഷികള്‍ വരാന്‍ സാധ്യതയില്ല''-കുറച്ചുനേരം നിരീക്ഷിച്ചശേഷം ഗൈഡ് പറഞ്ഞു. നിരാശയോടെ ഞങ്ങള്‍ താഴ്വാരത്തിലേക്ക് മടങ്ങി.
പോകുന്നവഴി വേരിരാറ്റ നാഷണല്‍ പാര്‍ക്കില്‍നിന്ന് ലോകത്തെ വലിയ മീന്‍കൊത്തിയായ കുക്കുബറയെ കണ്ടു. പറുദീസയിലെ പക്ഷികളെ കാണാമെന്ന ഗൈഡിന്റെ ഉറപ്പില്‍ വൈകീട്ടോടെ കുന്നിന്‍മുകളിലെ വനത്തിലെത്തി. ബസ്സില്‍നിന്ന് ഗൈഡ് ചാടിയിറങ്ങി, നിശ്ശബ്ദരായി ഞങ്ങള്‍ പിറകെയും. റാഗിയാനപ്പക്ഷികള്‍ ഉയരമുള്ള മരക്കൊമ്പിലിരുന്ന് നൃത്തംവെയ്ക്കുകയായിരുന്നു. ഇണയെ ആകര്‍ഷിക്കാനുള്ള നൃത്തം. ജീവിതത്തിലാദ്യമായി പറുദീസയിലെ പക്ഷികളെ കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു ഏവരും.
റാഗിയാനയാണ് പാപ്പുവ ന്യൂഗിനിയുടെ ദേശീയപക്ഷി. എവിടെ നോക്കിയാലും അവയുടെ ചിത്രങ്ങളും പ്രതിമകളും ലോഗോയും കാണാം. മിക്ക ഉത്പന്നങ്ങളുടെ കവറിലും റാഗിയാനയുടെ ചിത്രമുണ്ടാകും. ആദിവാസിവിഭാഗങ്ങളുടെ പരിപാടികളില്‍ അലങ്കാരത്തിന് ഇവയുടെ തൂവലുകളാണ് ഉപയോഗിക്കുന്നത്. ഇതിനായി അവയെ അമ്പെയ്തുപിടിക്കുന്നതില്‍ അതിസമര്‍ഥരാണിവര്‍. ഇപ്പോള്‍, റാഗിയാന വംശനാശഭീഷണിയിലാണ്.
കാട്ടില്‍ പക്ഷികളെ കണ്ടെത്തുന്നതുതന്നെ അതിസാഹസികമായാണ്. മനുഷ്യരെ ഭയന്ന്, ഉയര്‍ന്ന കൊമ്പിലാണ് ചേക്കേറുന്നത്. മനുഷ്യസാമീപ്യം കണ്ടാല്‍ പറന്നുപോകും. പക്ഷികള്‍ ചേക്കേറുന്ന പറമ്പിന്റെ ഉടമകള്‍ അവയുടെ ചലനം നിരീക്ഷിച്ച് സഞ്ചാരികള്‍ക്ക് കാണിച്ചുകൊടുക്കും. ഓരോസമയത്തും എവിടെയൊക്കെ പക്ഷികള്‍ വന്നിരിക്കുമെന്നത് അവര്‍ക്ക് ഹൃദിസ്ഥമാണ്.
ടൂറിസ്റ്റുകള്‍ക്ക് പക്ഷികളെ കാണിച്ചുകൊടുക്കുന്നതിന് സ്ഥലമുടമ പണമീടാക്കും. സ്വന്തം പറമ്പില്‍ പക്ഷി ചേക്കേറാത്ത ദേഷ്യത്തിന്, അയല്‍വാസിയുടെ പറമ്പിലെത്തുന്ന പക്ഷികളെ കൊല്ലുന്ന സ്ഥിതിവരെയുണ്ടാകാറുണ്ട്. ഇതും വംശനാശത്തിനു കാരണമാണെന്ന് ഗൈഡായ മാക്‌സ് പറഞ്ഞു. പഴയകാലത്ത് യൂറോപ്പിലെ പട്ടാളക്കാരുടെ തൊപ്പികളില്‍ ഇവയുടെ തൂവലുകള്‍ വെയ്ക്കാറുണ്ടായിരുന്നു. ഇതിനായി കൊളോണിയല്‍ കാലത്ത് ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നുവത്രേ.
ഇപ്പോള്‍ പക്ഷികളുടെ അലങ്കാരത്തൂവലുകളുടെ വിപണനം നിയമപരമായി തടഞ്ഞിട്ടുണ്ടെങ്കിലും ആചാരങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തടസ്സമില്ല. അതുകൊണ്ടുതന്നെ തൂവലുകള്‍ക്കായി ഇപ്പോഴും സ്വര്‍ഗത്തിലെ പക്ഷികളെ കൊല്ലുന്നുണ്ട്. 80 ശതമാനവും പരമ്പരാഗത ആദിവാസിവിഭാഗങ്ങളായതിനാല്‍ വന്യജീവിസംരക്ഷണ നിയമങ്ങളൊന്നും പാപ്പുവയില്‍ എളുപ്പത്തില്‍ നടപ്പാകില്ല.
രണ്ടാം ദിനം മൗണ്ട് ഹേഗനിലേക്കാണ് പോയത്. കാടുകളും മലകളും നദികളും നിറഞ്ഞ പ്രദേശത്തേക്ക് റോഡുഗതാഗതമുണ്ടായിരുന്നില്ല. ഇതുവരെ മനുഷ്യര്‍ എത്തിപ്പെടാത്ത കാടുകളും ദ്വീപുകളും ഇവിടെയുണ്ട്. പാപ്പുവയുടെ ഭൂവിസ്തൃതിയില്‍ 60 ശതമാനവും മഴക്കാടുകളാണ്. വൈദ്യുതി, റോഡ്, വീട്, കുടിവെള്ളം എന്നീ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാല്‍ സഞ്ചാരികള്‍പോലും ഇവിടേക്കെത്താന്‍ മടിക്കുന്നു.
കാര്‍ഷിക-മൃഗസംരക്ഷണ മേഖലയിലും വികസനം കുറവാണ്. സ്വന്തം ആവശ്യങ്ങള്‍ക്കു മാത്രമായാണ് ഇവര്‍ മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നത്. കൃഷി പൂര്‍ണമായും ജൈവരീതിയിലാണ്. രാസവളം രാജ്യത്ത് ഉപയോഗിക്കാറേയില്ല. കപ്പയും കാച്ചിലും ഉരുളക്കിഴങ്ങും മധുരക്കിഴങ്ങുമാണ് പ്രധാനം. വിമാനത്തില്‍നിന്നു നോക്കിയാല്‍ താഴേയുള്ള കാഴ്ച മനോഹരമാണ്. മഞ്ഞുമലകള്‍ മേഘംകൊണ്ട് തലപ്പാവുകെട്ടി നില്‍ക്കുന്നതുപോലെ തോന്നും.
ഞങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത കുമുള്‍ ലോഡ്ജ് ഒരു മലമുകളിലെ ഇടതൂര്‍ന്ന കാട്ടിലായിരുന്നു. പക്ഷികളെ നിരീക്ഷിക്കാന്‍ മറകെട്ടിയ സ്ഥലത്ത് ഞങ്ങള്‍ ചെന്നു. നിരവധി പക്ഷികള്‍ അവിടെ വന്നുപോകുന്നുണ്ട്. ഒരുമീറ്ററോളം വെളുത്ത വാലുള്ള റിബണ്‍ ടെയില്‍ഡ് അസ്ട്രാപിയാ, ടൈഗര്‍ പാരക്കീറ്റ്, ഗ്രേ സ്ട്രീക്ക്ഡ് ഹണി ഈറ്റര്‍, സ്‌മോക്കി ഹണി ഈറ്റര്‍ തുടങ്ങിയവ.
ലോഡ്ജില്‍ നിന്ന് പുലര്‍ച്ചെ യാത്രതിരിച്ചു. പത്ത് കി.മീ. ദൂരെയുള്ള ഗ്രാമമായിരുന്നു ലക്ഷ്യം. മലഞ്ചെരിവിലെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര പേടിപ്പെടുത്തി. വലിയ ട്രക്കുകള്‍ നിരനിരയായി ഓടുന്നു. സ്വര്‍ണഖനികളില്‍നിന്ന് അയിരുമായി പോകുന്ന ട്രക്കുകളാണവ. പാപ്പുവ ന്യൂഗിനി സ്വര്‍ണശേഖരമുള്ള നാടാണ്. പക്ഷേ, ഖനിയുടമകള്‍ വിദേശികളാണെന്നുമാത്രം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സഞ്ചരിച്ച ബസ്സിന്റെ ടയര്‍ കത്താന്‍ തുടങ്ങി. ബ്രേക്ക് പ്ലേറ്റ് ചൂടായി കത്തിയതാണ്. ഒരുമണിക്കൂറിന്റെ കാത്തിരിപ്പിനൊടുവില്‍ മറ്റൊരു ബസ് എത്തിച്ചേര്‍ന്നു.
ഗ്രാമത്തിലെത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളും ഞങ്ങളെ സ്വീകരിച്ചു. അവര്‍ ഒരു വീടിന്റെ മുറ്റത്തേക്ക് കൊണ്ടുപോയി. അവിടെ അവരുണ്ടാക്കിയ കല്ലുമാലകള്‍, കൈകൊണ്ട് തുന്നിയ നൂല്‍സഞ്ചികള്‍, ഉടുപ്പുകള്‍, തൊപ്പികള്‍ എന്നിവ വില്‍പ്പനയ്ക്കായി വെച്ചിരുന്നു. ഓരോ ഗ്രാമത്തിലും പക്ഷികള്‍ ചേക്കേറുന്ന സ്ഥലം അവര്‍ക്കറിയാം. അവര്‍ അവിടെ മറകെട്ടി സഞ്ചാരി കളെ കാത്തിരിക്കും. ടൂറിസ്റ്റുകള്‍ നല്‍കുന്ന ടിപ്പാണ് അവരുടെ വരുമാനം.
മടക്കയാത്രയ്ക്കിടെ ചെറിയൊരാള്‍ക്കൂട്ടം. പ്രത്യേക വേഷം ധരിച്ച രണ്ടു പെണ്‍കുട്ടികളുടെ ചുറ്റും നിന്ന് കുറച്ചാളുകള്‍ പാട്ടുപാടുന്നു. പെണ്‍കുട്ടികളുടെ കഴുത്തില്‍ കല്ലുമാലയും തലയിലൊരു തൊപ്പിയുമുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളെ അവരുടെ ഗോത്രവേഷമണിയിച്ച് നിര്‍ത്തിയിരിക്കുകയാണ്. ബന്ധുക്കള്‍ ആടിയും പാടിയും യുവാക്കളെ ആകര്‍ഷിക്കും. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ അവരുടെ ബന്ധുക്കളുമായി വന്ന് പുരുഷധനം ഓഫര്‍ ചെയ്യും. പണം, പന്നി, ആട് എന്നിവയാണ് സാധാരണയുള്ള ഓഫര്‍. പണമാണെങ്കില്‍ 3000 കിന (ഒരു കിന 25 രൂപ) മുതല്‍ മൂന്നുലക്ഷം കിനവരെ ഓഫര്‍ നല്‍കാറുണ്ട്. ഏറ്റവും കൂടിയ ഓഫര്‍ നല്‍കിയ പുരുഷന് അവളെ വിവാഹം ചെയ്തുനല്‍കുന്നതാണ് ഇവിടത്തെ രീതി. ഇവരുടെ പല ആചാരങ്ങളും വിചിത്രമായി തോന്നിയേക്കാം.
മാസമുറ വന്നാല്‍ സ്ത്രീകള്‍ വീടിനുപുറത്താകും. മിക്കപ്പോഴും പന്നിക്കൂട്ടിനുള്ളിലാകും അവരുടെ വിശ്രമം. നാലാം നാള്‍ ഭര്‍ത്താവ് പ്രത്യേക ചെടി കൊണ്ടുകൊടുക്കും. അത് ചവച്ചരച്ച് വീടിനകത്ത് തുപ്പിയാല്‍ അയിത്തം മാറിയെന്നാണ് വിശ്വാസം. പ്രസവം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും വേറേ താമസിക്കുന്ന ഗോത്രങ്ങളുണ്ട്. ആണ്‍കുട്ടിയെ അച്ഛനും പെണ്‍കുട്ടിയെ അമ്മയും നോക്കും. പുരുഷന്‍മാര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വിവാഹമാകാം. അത്രയും പുരുഷധനം നല്‍കണമെന്നുമാത്രം. ഭാര്യമാരെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് കാലിലെ ഞരമ്പ് മുറിച്ച് നടക്കാന്‍ പറ്റാതെയാക്കുന്നതാണ് ഗോത്രശിക്ഷ. ഭാര്യമാര്‍ പിണങ്ങിപ്പോയാല്‍ ഭര്‍ത്താവ് ചെന്ന് മാപ്പുപറഞ്ഞ് കൂട്ടിക്കൊണ്ടുവരണമെന്നാണ് ഗോത്രനിയമം. പ്രതിശ്രുതവധുക്കളെ ആശീര്‍വദിച്ച് ഞങ്ങള്‍ അവിടെനിന്ന് മടങ്ങി.
പറുദീസയിലെ പക്ഷികളില്‍ ഏറ്റവും സൗന്ദര്യമുള്ള ബ്ലൂബേഡിനെ കാണുകയായിരുന്നു അടുത്ത ലക്ഷ്യം. ഗ്രാമത്തലവന്റെ പറമ്പിലാണ് അവയുള്ളത്. അവിടെയുള്ള ഒരു മരത്തില്‍ പഴം തിന്നാനായി അവ പുലര്‍ക്കാലങ്ങളില്‍ എത്താറുണ്ടത്രേ. ക്യാമറയുമായി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. മലമുകളില്‍ കയറിയാല്‍ പക്ഷിയെ കാണാന്‍ സാധ്യതയുണ്ടെന്ന് കേട്ടു. ഞങ്ങള്‍ ചെങ്കുത്തായ മല കയറി. വൈകാതെ ആ സുന്ദരന്‍പക്ഷിയെ കണ്ടു, ദൂരെ ഒരു മരക്കൊമ്പില്‍.
മടക്കയാത്ര ഗ്രാമത്തിന്റെ തെരുവിലൂടെയാണ്. പൊതുനിരത്തില്‍ കുടക്കീഴില്‍ പലക നിരത്തി പഴങ്ങളും പച്ചക്കറിയും വില്‍ക്കുന്ന സ്ത്രീകള്‍. വന്യമൃഗങ്ങളെ കൊന്ന് റോഡരികില്‍ തൂക്കിയിട്ട് വില്‍ക്കുന്നതും കാണാം. നായാട്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ നടപ്പാകുമെന്ന് തോന്നിയില്ല. പാപ്പുവയിലെത്തിയ അഞ്ചാംദിനം കിങ് ഓഫ് സാക്‌സോണിയെന്ന പക്ഷിയെ കാണാനായി പുറപ്പെട്ടു. ഒരു ആദിവാസി കര്‍ഷകന്റെ പറമ്പിലാണ് പക്ഷിയുള്ളത്. അവിടെയും മറകെട്ടി അവയെ കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കാട്ടിലൂടെ നടന്നുവേണം അവിടെയെത്താന്‍. ഒരുമണിക്കൂര്‍ കാത്തിരുന്നു. അകലെ മരക്കൊമ്പിലിരിക്കുന്ന പറുദീസയുടെ രാജാവിനെ ഞങ്ങള്‍ കണ്ടു. തലയില്‍ നീളമുള്ള പ്ലൂമേജ് തൂവല്‍ അവയുടെ പ്രത്യേകതയാണ്.
ഞങ്ങള്‍ക്കരികിലേക്കെത്താതെ രാജാവ് പറന്നകന്നു. അന്നത്തെ യാത്ര അവസാനിപ്പിച്ച് മടങ്ങി. ആറാംദിനം ഞങ്ങള്‍ കുമുള്‍ ലോഡ്ജില്‍നിന്ന് യാത്രതിരിച്ചു. ദൂരെയുള്ള കോമാനേജ് ലോഡ്ജിലായിരുന്നു താമസം. അത് പാപ്പുവയിലെ മറ്റൊരു സംസ്ഥാനത്തായിരുന്നു. അതിര്‍ത്തിയിലെത്തുമ്പോഴാണ് പ്രശ്‌നമറിയുന്നത്. ആ പ്രദേശത്ത് ഗോത്രങ്ങള്‍ തമ്മില്‍ കുറച്ച് ദിവസങ്ങളായി കലാപം നടക്കുകയാണ്. പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. നിരവധി വീടുകളും കടകളും അഗ്‌നിക്കിരയാക്കി. ആ പ്രദേശത്തുകൂടിയുള്ള യാത്ര അപകടകരമാണെന്ന് പോലീസറിയിച്ചു. ഒടുവില്‍, കലാപപ്രദേശം പിന്നിടും വരെ പോലീസ് എസ്‌കോര്‍ട്ട് വന്നു.
പാപ്പുവ ന്യൂഗിനിയിലെ ഒരു സംസ്ഥാനമാണ് എന്‍ഗ. 1980-ല്‍ തുടങ്ങി എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്‍പതുമുതല്‍ ഒരാഴ്ച ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികള്‍ അരങ്ങേറാറുണ്ട്. സങ്കീര്‍ണമായ ശിരോവസ്ത്രങ്ങള്‍ ധരിച്ചും മുഖത്തും ശരീരത്തിലും നിറങ്ങള്‍ പൂശിയും പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞും ഗോത്രങ്ങളെത്തിച്ചേരുന്നതോടെ, എന്‍ഗ ഫെസ്റ്റിന് കൊടിയേറും. പാപ്പുവയുടെ സാംസ്‌കാരിക ഭൂപ്രകൃതിയുടെ, വൈവിധ്യത്തിന്റെ പ്രതിഫലനമാണ് ഈ പ്രദര്‍ശനം.
കുട്ടികളും സ്ത്രീകളും പുരുഷന്മാരോടൊപ്പം ആടിയും പാടിയും ആഘോഷിക്കും. നായാടികളായും യുദ്ധത്തിനിറങ്ങുന്ന യോദ്ധാക്കളായും അവര്‍ വേഷമിടും. സ്ത്രീകള്‍ മാറുമറയ്ക്കാതെ ദേഹം മുഴുവന്‍ മണ്ണുതേച്ച്, പ്രത്യേക ഈണത്തില്‍ പാട്ടുപാടി നൃത്തംവയ്ക്കും. അന്ന് രാത്രി ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന കുമുള്‍ ലോഡ്ജിലെത്തി. പാപ്പുവയില്‍ തങ്ങിയ അവസാനദിവസം ഒരിക്കല്‍ക്കൂടി വേരിരാറ്റ നാഷണല്‍ പാര്‍ക്ക് കാണാനായി പുറപ്പെട്ടു. ലോകത്തിലെ മാരക വിഷപ്പക്ഷിയായ ഹുഡ്ഡ്ഡ് പിറ്റൂയി എന്ന പക്ഷിയെ കാണുകയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിതമായി അവന്‍ ഞങ്ങള്‍ക്ക് മുന്നിലൂടെ പറന്നകന്നു. ജീവിതത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപാട് അനുഭവങ്ങളുമായി ഞങ്ങള്‍ തിരിച്ചിറങ്ങി.
Content Highlights: Papua New Guinea is a paradisal heaven for birdwatchers