എന്തുപറ്റിയെന്ന് ചോദിച്ചില്ല. പകരം പറഞ്ഞു, 'നാൻ അപ്പോവേ സൊന്നേ ല്ല! ഇങ്കെ യാരുമേ വരമാട്ടാങ്ക!'

എ. ഐ നിർമിത ചിത്രം
എ. ഐ നിർമിത ചിത്രം

'മോഡീസിലെ ഹോട്ട് ചോക്ലേറ്റ്! എന്റെ വീടും വീട്ടുകാരെയും മിസ്സ് ചെയ്യുന്നതിനേക്കാൾ ഞാനാ ഹോട്ട് ചോക്ലേറ്റ് മിസ്സ് ചെയ്യുന്നുണ്ട്!' കോളേജ് ഹോസ്റ്റലിലെ എന്റെ റൂംമേറ്റും ഊട്ടിക്കാരിയുമായ ഡെബ്ര ഇതുപറഞ്ഞപ്പോൾ മുതൽ മോഡീസ് മനസ്സിലുണ്ട്. പാലിൽ കൊക്കോപ്പൊടി കലക്കി, തിളപ്പിച്ചെടുക്കുന്ന ബൂസ്റ്റ് പോലൊരു സാധനമാണ് ഇവിടെ കിട്ടാറുള്ള മിക്ക ഹോട്ട് ചോക്ലേറ്റും. അതിന് ഇത്രയ്ക്ക് ഹൈപ്പ് കൊടുക്കാൻ എന്താ? ഈ കൗതുകം പേറിക്കൊണ്ട് നടന്നത് ഏകദേശം പത്തുവർഷമാണ്! ഊട്ടിയിൽ ചെറുങ്ങനെ മഴ പെയ്യുന്നുണ്ട്. സുഖമുള്ള, നേരിയ തണുപ്പ്. ഈ സമയത്ത് ആ ചൂട് ഹോട്ട് ചോക്ലേറ്റ് ഊതികുടിച്ചാൽ... ഉഫ്! ആ ചിന്ത മസ്തിഷ്‌കത്തെ പൊതിഞ്ഞ മാത്രയിൽ ഞാൻ സ്‌കൂട്ടറെടുത്തു പുറപ്പെട്ടു മോഡീസിലേക്ക്! ബോട്ടാണിക്കൽ ഗാർഡന് അടുത്താണ് മോഡീസ്. 1951-ൽ തുടങ്ങിയ ഈ ബേക്കറി ഊട്ടിക്കാർക്ക് ഒരു വികാരമാണ്. തുടങ്ങിയത് മോഡേൺ സ്റ്റോഴ്സ് എന്ന പേരിൽ ബ്രിട്ടനിലെ പലവ്യജ്ഞനങ്ങൾ വിൽക്കുന്ന കടയായാണെങ്കിലും പിൽക്കാലത്ത്, ബ്രിട്ടീഷ് ഓഫീസർമാരുടെ ഒരു പാചകക്കാരനെ കിട്ടിയതോടെ മോഡീസ് ഒരു ബേക്കറിയായി പരിണമിച്ചു! ഇന്നും മോഡേൺ സ്റ്റോഴ്‌സ് മോഡീസിന്റെ ഒരു ഭാഗത്തുണ്ട്. അകത്തേക്ക് കയറിയതും രണ്ട് യന്ത്രങ്ങളിൽ ഹോട്ട് ചോക്ലേറ്റ് കറങ്ങിക്കൊണ്ടിരുന്നു. ചുറ്റുമുള്ള ചില്ലലമാരകളിൽ വിവിധയിനം പേസ്ട്രികളും ബ്രെഡ് റോളുകളും നിരത്തി വെച്ചിട്ടുണ്ട്. മറ്റൊരു അറ്റത്തായി ഹാൻഡ്മെയ്ഡ് ചോക്ലേറ്റുകൾ. ഹേസൽനട്ട്, കാഷ്യൂ തുടങ്ങി റോസാപ്പൂവും മുളകുപൊടിയും വരെയിട്ട ചോക്ലേറ്റുകൾ. അവ രുചിച്ചുനോക്കി വാങ്ങിക്കാം. മുകളിലെ നിലയിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഞാൻ ഓർഡർ ചെയ്തു 'ഒരു ഹോട്ട് ചോക്ലേറ്റ്'. നിമിഷങ്ങൾക്കകം ഒരു വെളുത്ത കോപ്പയുടെ അറ്റംവരെ തുളുമ്പനെ നിറച്ച ഹോട്ട് ചോക്ലേറ്റ് വന്നു. ചെറുതായൊന്ന് ഊതി ഞാൻ രുചിച്ചുനോക്കി. The closest thing to heaven, എന്നു മാത്രമേ ആ ഹോട്ട് ചോക്ലേറ്റിനെ വിശേഷിപ്പിക്കാൻ എനിക്ക് സാധിക്കൂ. കറുവാപ്പട്ടയുടെ നേരിയ രുചിയുള്ള, മധുരം പൊടിക്കുപോലും കൂടുതലോ കുറവോ ആകാത്ത കൊഴുത്ത പാനീയം! മായൻ ജനത കൊക്കോപ്പാനീയത്തെ ദൈവങ്ങളുടെ പാനീയമായാണ് കരുതിയിരുന്നത്. അതങ്ങനെ ആസ്വദിച്ചു കുടിക്കുമ്പോൾ ഞാൻ വെയ്റ്റർ അണ്ണനോട് ചോദിച്ചു, 'ഇവിടുത്തെ ഏറ്റവും ഉഗ്രൻ പേസ്ട്രി ഏതാണ്?' 'ജപ്പോനയ്‌സ്.' യൂറോപ്പിൽ നിന്നെത്തിയ ആ പേസ്ട്രി ഊട്ടിയിലെ മിക്ക ചായക്കടകളിലും കിട്ടും. പൊതുവെ, മുട്ടയുടെ വെള്ളയും പഞ്ചസാരയും അടിച്ചു പതപ്പിച്ച 'മെരിങ്' പേസ്ട്രികൾ എനിക്കിഷ്ടമല്ല. അതുകൊണ്ട് ജപ്പോനയ്‌സ് എനിക്കത്ര പഥ്യമല്ല. പക്ഷെ അവിടുത്തെ ഉഗ്രൻ സാധനം അതാണെന്നു പറയുമ്പോൾ കഴിക്കാതെ എങ്ങനെ? പക്ഷേ, എനിക്കിഷ്ടമായില്ല. വായില് വെക്കാൻ കൊള്ളില്ലായിരുന്നു!

അവിടുന്നിറങ്ങിയപ്പോൾ ബോട്ടാനിക്കൽ ഗാർഡൻ കണ്ടാലോ എന്ന തോന്നൽ. ടൂറിസ്റ്റ് സ്ഥലങ്ങൾ വേണ്ടെന്ന് വെച്ചെങ്കിലും കുഞ്ഞിലേ പോയ സ്ഥലം വീണ്ടും കാണാൻ ഒരു മോഹം. അകത്തേക്ക് കയറി. വലിയ മാറ്റങ്ങളൊന്നുമില്ല. പുൽത്തകിടികളും സുഗന്ധമുള്ള ബഹുവർണ പൂക്കളും. കറങ്ങി നടന്ന ശേഷം ഒരു പൈൻമരത്തിന്റെ തണലിൽ വിശാലമായ പുൽത്തകിടിയിൽ മാനവും നോക്കിക്കിടന്നു. യൂക്കാലിയുടെ നേരിയ മണമുള്ള കാറ്റ്. അൽപനേരം അവിടെക്കിടന്നു മയങ്ങി. കണ്ണു തുറന്നപ്പോഴേക്കും സമയം മൂന്നുമണി. വെൻലോക്ക് ഡൗൺ പോകേണ്ട സമയമായി. ഒൻപതാം മൈൽ എന്ന് ഊട്ടിക്കാർ സ്‌നേഹത്തോടെ വിളിക്കുന്ന വെൻലോക്ക് ഡൗൺ എന്ന മൊട്ടക്കുന്നിൽ ചിത്രീകരിച്ച സിനിമകൾ എണ്ണിയാൽ ഒടുങ്ങില്ല. മൂൻഡ്രാം പിറൈ, കിലുക്കം, ദിൽ സേ, ചിത്രം, കുഛ് കുഛ് ഹോത്താ ഹേ, ഒളിംപിയൻ അന്തോണി ആദം... തുടങ്ങി അനേകം സിനിമകളിലൂടെ നാം കണ്ടു ശീലിച്ചൊരിടം. എന്നാൽ എനിക്ക് ഈ ഇടം അത്രമേൽ പ്രിയങ്കരമായത് 'സമ്മർ ഇൻ ബേദ്‌ലഹേം' കണ്ട ശേഷമാണ്. ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പാട്ട് ഹെഡ്‌സെറ്റിൽ കേട്ടുകൊണ്ട് ഞാൻ ലക്ഷ്യമില്ലാതെ നടന്നു. ഓഫ് സീസൺ ആയതുകൊണ്ടാവാം ആളുകൾ കുറവാണ്. സ്വസ്ഥം, സുന്ദരം.

Content Highlights: Experience the iconic hot chocolate at Moddy's Bakery in Ooty., Explore cinematic locations like Wenlock Downs (9th Mile)., Travel via the UNESCO heritage Nilgiri Mountain Railway to Coonoor., Discover the history and mystery of Tiger Hill Cemetery., Taste the authentic Wellington Parotta at Hotel Ramachandra.

Continue reading