പാതിമനുഷ്യനും പാതി ആട്ടിന്‍രൂപവുമായി പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നവര്‍

ക്രാംപസ് പരേഡ്‌ / Photo: Shutterstock
ക്രാംപസ് പരേഡ്‌ / Photo: Shutterstock

കടല്‍ത്തിരമാലകള്‍ മുത്തമിടാത്ത ഓസ്ട്രിയന്‍ ഭൂമിക ഓരോ നോക്കിലും അഴകിനെ പുനര്‍നിര്‍വചിക്കും. നേര്‍ത്ത പച്ച ഉടയാട ഹംഗേറിയന്‍ അതിര്‍ത്തിയിലഴിച്ചുവെച്ച് കരിങ്കടലിലേക്ക് തിരക്കിട്ടൊഴുകുന്ന നീലഡാന്യൂബും വെണ്മയുടെ പൂര്‍വ ആല്‍പൈന്‍ മലനിരകളും ഇന്ദ്രനീല തടാകങ്ങളും ഡിസംബറോടെ നിര്‍മലതയുടെ വെളുപ്പണിയും. ഇലകൊഴിഞ്ഞ ശരത്കാലത്തിന്റെ ഓര്‍മകളെ വര്‍ത്തമാനത്തിന്റെ ശൈത്യപാളികള്‍ വാരിപ്പുണരും. ഡിസംബര്‍ അഞ്ചിലെ തണുത്ത രാത്രി കുട്ടികള്‍ കെട്ടിത്തൂക്കിയ ഷൂസുകള്‍, അദ്ഭുതങ്ങള്‍ക്ക് പേരെടുത്ത നിക്കോളാസിന്റെ വരവ് നോക്കും. മാലാഖമാരുടെ കണക്കുപുസ്തകം നോക്കി, നല്ല കുട്ടികളെ കണ്ടെത്തി നിക്ക് എന്ന നിക്കോളായ് രാത്രിയുടെ കുളിരേറി വരുകയായി. 

അവരുടെ കുഞ്ഞുഷൂസുകള്‍ മിഠായിമധുരത്താല്‍ നിറയ്ക്കാന്‍. സമ്മാനപ്പൊതികള്‍ കൂടാതെ ചിലപ്പോള്‍ നിക്കോളായ് ഒരാളെക്കൂടി കൊണ്ടുവരും- ക്രാംപസ്. പകുതി മനുഷ്യനും പകുതി ആടും ചേര്‍ന്ന രൂപം. ഒരു കാലും ഒരു കുളമ്പും. തലയില്‍ മൂര്‍ച്ചയുള്ള ഒറ്റക്കൊമ്പ്. ചുവന്ന് കൂര്‍ത്ത നാക്ക് പാമ്പിനെപ്പോലെ പുറത്തേക്ക് നീണ്ടുകിടക്കും. വെട്ടിത്തിളങ്ങുന്ന വിഷപ്പല്ലുകള്‍. മൃഗത്തോലുകൊണ്ട് നിര്‍മിച്ച വേഷം. അരയില്‍ കെട്ടിയിട്ട വലിയ മണികള്‍. കൈയില്‍ ഭാരിച്ച ചങ്ങലക്കൂട്ടം. റൂട്ടന്‍ എന്ന് പേരുള്ള പൂവരശിന്‍ചില്ലകളുടെ കെട്ടും കൈയില്‍ക്കാണും. അനുസരണക്കേട് കാട്ടുന്ന വികൃതിക്കാരെ പേടിപ്പിക്കാനാണ് ക്രാംപസിന്റെ വരവ്. വടി വീശിയും കൈയിലെ സഞ്ചിയില്‍ പിടിച്ചിടുമെന്ന് പേടിപ്പിച്ചും ക്രാംപസ് കുട്ടികളെ നേര്‍വഴി നടത്താന്‍ നോക്കും. നിക്കോളാസിന്റെ കൂടെയല്ലാതെ ക്രാംപസ് ഒറ്റയ്ക്ക് വരുന്ന ഗ്രാമങ്ങളുണ്ട്. നിക്കോളാസിന് ഒരുനാള്‍ മുന്‍പേ ഡിസംബര്‍ നാലിനാണ് ഇവിടങ്ങളില്‍ ക്രാംപസ് വരുന്നത്.

പാതി മനുഷ്യന്‍, പാതി മൃഗം 
ആടും മനുഷ്യനും ചേര്‍ന്ന രണ്ട് രൂപങ്ങളുണ്ട് ഗ്രീക്ക് മിത്തോളജിയില്‍;-സെന്റോറും സാറ്റിറും. പിരമിഡുകള്‍ക്ക് കാവല്‍ കിടക്കുന്ന സ്ഫിന്‍ക്‌സ്. തൂണ് പിളര്‍ന്ന നരസിംഹം. രണ്ടും സിംഹത്തിന്റെയും മനുഷ്യന്റെയും കലര്‍പ്പ്. വിര്‍ജിലിന്റെ ഇതിഹാസനായകന്‍ ഏനിഡിനെ പട്ടിണിയാക്കിയ പക്ഷി-മനുഷ്യരായ ഹാര്‍പ്പികള്‍, കുതിരത്തലയുള്ള അശ്വിനിദേവകള്‍..പകുതി മനുഷ്യനും പകുതി മൃഗവുമായ രൂപങ്ങള്‍ എല്ലാ മനുഷ്യവര്‍ഗത്തിന്റെയും സങ്കല്പസൃഷ്ടികളില്‍ കാണാം. നോസ് മിത്തോളജിയില്‍ പ്രതിപാദിക്കുന്ന പാതാളദേവതയുടെ മകനാണ് ക്രാംപസ് എന്ന് പറയുന്നവരുണ്ട്. ക്രാംപെന്‍ എന്ന ജര്‍മന്‍പദത്തിന് ഇരപിടിക്കാനാകുന്ന, മൂര്‍ച്ചയേറിയ നഖങ്ങളുള്ള കാല്‍ എന്നാണര്‍ഥം.
 

സെന്റ് നിക്കോളാസിനൊപ്പം കുട്ടികളെ കാണാനെത്തുന്ന ക്രാംപസ്, ചിത്രകാരന്റെ ഭാവനയില്‍

വഴിയോരത്ത് കൂടിനില്‍ക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ക്രാംപസ് കൂട്ടങ്ങള്‍ പാഞ്ഞടുക്കുന്ന 'ക്രാംപസ് റണ്‍' ഓസ്ട്രിയന്‍ ക്രിസ്മസ്-പുതുവത്സരങ്ങളുടെ സംഭ്രമിപ്പിക്കുന്ന ഏടാണ്. പുലിച്ഛായമെഴുതിയ കുമ്പ കുലുക്കി തൃശ്ശൂരിനെ വിറപ്പിക്കുന്ന ഓണപ്പുലികളെ കണ്ടുപരിചയിച്ച കണ്ണുകളെയും ഞെട്ടിക്കുന്നതാണ് ക്രാംപസുകളുടെ നഗരം ചുറ്റല്‍. ചങ്ങല ചുഴറ്റി, മണി മുഴക്കി, ക്രാംപസുകള്‍ കൂട്ടത്തോടെ ഓടിയടുക്കും. ബിര്‍ച്ച് ചില്ലകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ ഒരുപോലെ വീശും. ഇരുട്ടും കോടയും ക്രാംപസുകളുടെ ഭീകരത ഇരട്ടിപ്പിക്കും. അലറിപ്പായുന്ന ക്രാംപസുകള്‍ക്ക് വീഞ്ഞ് നല്‍കുന്ന കാണികളെയും കാണാം. പരമ്പരാഗത രീതി പിന്തുടരുന്ന ഗസ്‌റ്റൈന്‍ താഴ്വരയില്‍ നൂറുകണക്കിന് പാസ്സെകള്‍ (ക്രാംപസ് സംഘം) ഉണ്ട്. പൈന്‍മരത്തിന്റെ തടിയില്‍ തീര്‍ത്ത മാസ്‌കുകള്‍ ഇവരുടെ സവിശേഷതയാണ്.

പ്രാദേശികമായ വകഭേദങ്ങള്‍ ക്രാംപസുകളില്‍ കാണാം. ടിറോളിയന്‍ ഒബെര്‍ലാന്‍ഡ് മേഖലയില്‍ നവംബര്‍ മധ്യത്തോടു കൂടിത്തന്നെ ക്രാംപസുകള്‍ നിരത്തിലിറങ്ങും. ചുവന്ന കാലുകളുള്ള ക്രാംപസ് ഹെയ്മിങ്ങിലെ കൗതുകക്കാഴ്ചയാണ്. മട്രേയിലെ ക്രാംപസാകട്ടെ, കാണികളോട് മല്ലയുദ്ധത്തിനിറങ്ങും. ക്രൊയേഷ്യന്‍ ക്രാംപസുകള്‍ താരതമ്യേന ഭീകരത കുറവുള്ളവരാണ്. നല്ല കുട്ടികള്‍ക്കായി നിക്കോളാസ് സ്വര്‍ണച്ചില്ലകളും മിഠായികളും വെക്കുമ്പോള്‍ വികൃതികള്‍ക്ക് വെള്ളിച്ചില്ലകള്‍വെച്ച് മുന്നറിയിപ്പ് നല്‍കുന്നവരാണ് ഇവിടത്തെ ക്രാംപസുകള്‍. 

വിശ്വാസങ്ങളുടെ ആഘോഷങ്ങള്‍ 
വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ യൂറോപ്പില്‍ പടര്‍ന്ന ജെര്‍മാനിക് ഗോത്രവര്‍ഗക്കാരുടെ വിശ്വാസമാമൂലുകള്‍ അറ്റുപോകാതെ കാക്കുന്നവരാണ് ഓസ്ട്രിയക്കാര്‍. ക്രിസ്തുമതം റോമിന് പുറത്തേക്ക് പ്രസരിക്കുന്നതിനുമുന്‍പ് ശൈത്യത്തിന്റെ ഡിസംബര്‍ മാസം ഭൂതങ്ങള്‍ക്കും ദുരാത്മാക്കള്‍ക്കും അവകാശപ്പെട്ടതായിരുന്നു. മേഘങ്ങള്‍ പൊതിഞ്ഞുപിടിച്ച മഞ്ഞുപാളികളുടെ ഉള്ളുകീറി ദുഷ്ടശക്തികള്‍ മനുഷ്യരെ തേടിവരുമെന്ന് കഥകളുണ്ടായിരുന്നു. ശീതക്കാറ്റിന്റെ മറപിടിച്ചെത്തുന്ന ചെകുത്താന്മാരെ ഭയന്ന് വീടുകളില്‍ നെരിപ്പോടുകള്‍ സദാ എരിഞ്ഞു. മധ്യകാലഘട്ടത്തില്‍ ആല്‍പ്പൈന്‍ മലയോരവാസികളെ ദുര്‍ഭൂതങ്ങളില്‍നിന്ന് രക്ഷിക്കാന്‍ വിരൂപയായ പെര്‍ച്റ്റ ദേവത തെരുവുകളില്‍ റോന്തുചുറ്റിത്തുടങ്ങി. കാലാന്തരത്തില്‍ ക്രിസ്മസ് മന്ത്രവാദിനിയായി ഇടിച്ചു താഴ്ത്തപ്പെട്ടെങ്കിലും ഇന്നും ക്രിസ്മസ് മുതല്‍ ജനുവരി ആറ് വരെ ദുര്‍മുഖിയായ പെര്‍ച്റ്റ ഓസ്ട്രിയന്‍ കവലകള്‍ കൈയടക്കുന്നു. പെര്‍ച്റ്റയുടെ ഭീകരതയില്‍ നിന്നാകാം ക്രാംപസ് രൂപം പിറവിയെടുത്തതെന്നും അനുമാനിക്കപ്പെടുന്നു. 

ആദ്യാഗമനത്തിന്റെ (ക്രിസ്മസിന് മുന്‍പുള്ള നാല് ആഴ്ചവട്ടങ്ങള്‍) നാളുകള്‍ ഓസ്ട്രിയയില്‍ വിശേഷപ്പെട്ടതാണ്. ദേവദാരുവിന്റെ സൂചിയിലക്കൊമ്പുകള്‍ കൊണ്ടുണ്ടാക്കിയ റീത്തില്‍ നാല് മെഴുതിരികള്‍ ഓരോ ഞായറാഴ്ചകളിലായി തെളിയും. ജോസഫും മേരിയും താമസിക്കാന്‍ ഇടംതേടി അലഞ്ഞതിന്റെ ഓര്‍മയ്ക്ക് ഗായകര്‍ വീടുകള്‍ കയറി കരോള്‍ഗാനങ്ങള്‍ ആലപിക്കും. ഡിസംബറിലെ നാലാം തീയതി ഓസ്ട്രിയക്കാര്‍ക്ക് നേരത്തെ എഴുന്നേല്‍ക്കണം. ശ്വാസമുറച്ചുപോകുന്ന തണുപ്പില്‍ തോട്ടത്തില്‍നിന്ന് ചെറിയുടെ ചെറുചില്ലകള്‍ ഒടിച്ചെടുക്കാനുണ്ട്. അവ വെള്ളത്തിലിട്ടുവെച്ച് തളിര് വരുന്നതിനായുള്ള കാത്തിരിപ്പാണ്് അവിടുന്നങ്ങോട്ട്. ക്രിസ്മസ് നാളില്‍ അതിലൊരു പൂവെങ്കിലും വന്നുവെങ്കില്‍. വരാനിരിക്കുന്ന ഭാഗ്യനാളുകളുടെ പിഴയ്ക്കാത്ത സൂചനയാകും ആ പൂക്കള്‍. 

ക്രാംപസും നിക്കോളാസും വന്നുപോയാല്‍, പിന്നീടുള്ള നാളുകള്‍ കവലതോറും വമ്പന്‍ ക്രിസ്മസ് ട്രീകള്‍ അണിയിച്ചൊരുക്കാനുള്ളതാണ്. സ്വര്‍ണം, വെള്ളി നിറത്തിലെ അലങ്കാരങ്ങളും വൈക്കോല്‍കൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളും മിഠായികളും ചില്ലകളില്‍ തൂങ്ങിയാടും. അന്തി പടരുന്നതോടെ ആദ്യമായി ക്രിസ്മസ് ട്രീയില്‍ വിളക്കുകള്‍ തെളിയും. കരോള്‍ഗാനങ്ങളുമായി നാട്ടുകാര്‍ കവലകളില്‍ ഒത്തുകൂടും. ജറുസലേമിലെ ദേവാലയത്തില്‍ മകനുമായി മരിയ പോയതിന്റെ ഓര്‍മദിവസമായ ഫെബ്രുവരി രണ്ട് കാന്‍ഡില്‍മാസ് ഡേ ആയി ആഘോഷിക്കുന്നു. ക്രിസ്മസ് മുതല്‍ അന്നേദിവസംവരെ വീടുകളില്‍ പുല്‍ക്കൂടൊരുക്കി പ്രദര്‍ശിപ്പിക്കും. ജോസഫ് രണ്ടാമന്‍ ചക്രവര്‍ത്തി പള്ളിയില്‍ പുല്‍ക്കൂടൊരുക്കുന്നത് വിലക്കിയിരുന്നു. ഇത് സാധാരണക്കാരായ കലാകാരന്മാര്‍ക്ക് അനുഗ്രഹമായി. അവരുടെ വൈഭവം വെളിപ്പെടുത്താനുള്ള രംഗഭൂമികൂടിയായി ക്രിസ്മസ്.

കാലക്രമേണ ആല്‍പൈന്‍ ജീവിതങ്ങള്‍ പേഗനിസത്തിന്റെ കെട്ടറുത്തെങ്കിലും പഴമയുടെ രസക്കൂട്ടുകള്‍ക്ക് ക്രൈസ്തവതയുടെ പുത്തന്‍തളികയില്‍ സ്വാദേറുകയാണുണ്ടായത്. ക്രിസ്മസിന്റെ ആഘോഷങ്ങളിലേക്ക് ക്രാംപസ് സമന്വയിക്കപ്പെട്ടു. 1932-34 കാലത്ത, ഡോള്‍ഫസിന്റെ കീഴില്‍ നിലവില്‍ വന്ന, പാരമ്പര്യവാദഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിനെയും ക്രാംപസ് അതിജീവിച്ചു. പിശാചിന്റെ വൈരൂപ്യത്തോടെ, വിശുദ്ധ നിക്കോളാസിന്റെ നിഴലും പ്രതിപുരുഷനുമായി, ക്രിസ്മസിന്റെ രാവുകളില്‍ ക്രാംപസ് അരങ്ങേറുന്നു. ബഹുജനസംസ്‌കാരത്തിന്റെ വിവിധങ്ങളായ രംഗഭൂമികയില്‍ ക്രാംപസ് പ്രാചീനതയുടെ അനിഷേധ്യ അടയാളമാണ്.

ഡിസംബറിന്റെ അവസാനത്തോടെ ആഘോഷങ്ങളില്‍ മനസ്സു നിറഞ്ഞ അതിഥികള്‍ മെല്ലെ മടക്കയാത്രയ്ക്ക് ഒരുങ്ങിത്തുടങ്ങും. അലങ്കാരങ്ങള്‍ നഷ്ടപ്പെട്ട ക്രിസ്മ സ് ട്രീകള്‍ കാഴ്ചയില്‍ നിന്ന് മറയും. ക്രാംപസ് താണ്ഡവമാടിയ നിരത്തുകളില്‍ വാഹനങ്ങള്‍ തിരക്കിടും. ഇനിയാരും വരാനില്ല, കാത്തുവെച്ച ചെറിപ്പൂവുകള്‍ വരവറിയിച്ച നല്ലനാളുകളുടെ പുതുവര്‍ഷമല്ലാതെ. സൗന്ദര്യത്തിന്റെയും വൈരൂപ്യത്തിന്റെയും മാത്രമല്ല നന്മയുടെയും തിന്മയുടെയും, പൗരാണികതയുടെയും പുതുമയുടെയും മനോഹരമായ സങ്കലനത്തോടെയാണ് ഓസ്ട്രിയക്കാര്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.

Content Highlights: new year celebrations around the world