രാധാനാമം സ്മരിക്കുന്നത് ഭഗവാന്‍ കടാക്ഷിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം

മഥുര, വൃന്ദാവന്‍, ഗോകുലം ഈ മൂന്നു സ്ഥലങ്ങളും ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. മഥുരയിലാണ് ശ്രീകൃഷ്ണന്റെ ജനനമെങ്കില്‍ വൃന്ദാവനത്തിലും ഗോകുലത്തിലുമായിട്ടാണ് ഭഗവാൻ ബാല്യവും യൗവ്വനവും ചിലവഴിച്ചത്. എന്നാല്‍ ഈ മൂന്നു സ്ഥലങ്ങളിലും പോകണമെന്നോ അവിടെ നടന്നുകാണണമെന്നോ ഒരിക്കല്‍ പോലും മനസ്സില്‍ തോന്നിയിട്ടില്ല. ലഖ്നൗവില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന യാത്ര, വാരാണസിയിൽ, ആ സമയത്തെ ആള്‍ത്തിരക്ക് പേടിച്ച് മാറ്റിവെക്കാമെന്ന് കരുതി. നാലഞ്ച് ദിവസം വെറുതെ ലഖ്നൗവില്‍ ഇരിക്കണമല്ലോ എന്നാലോചിച്ചപ്പോള്‍ ഒരു ചടപ്പ്. ഉത്തര്‍പ്രദേശില്‍ മറ്റെവിടെ പോകും എന്ന ആലോചന ചെന്നെത്തിയത് മഥുരയിലാണ്. ചില യാത്രകള്‍ അങ്ങനെയാണ്. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങള്‍ നമ്മളെ അങ്ങ് വിളിക്കും.
മഥുരയിലെത്തി നേരെ പോയത് ശ്രീകൃഷ്ണജന്മഭൂമിയിലേക്കാണ്. വഴിനീളെ കച്ചവടക്കാര്‍ തുളസിമാലകള്‍ വില്‍ക്കുന്നു. എങ്ങും കേള്‍ക്കുന്നത് 'രാധേ രാധേ' വിളികൾ മാത്രം. അവിടെ മനുഷ്യര്‍ നേരിൽ കാണുമ്പോള്‍ ആദ്യം പറയുന്നതും 'രാധേ രാധേ' എന്നാണ്. പുരിയില്‍ 'ജയ് ജഗന്നാഥ്', കാശിയില്‍ 'ഹര്‍ ഹര്‍ മഹാദേവ്', ഉജ്ജയിനിയില്‍ 'ജയ് മഹാകാല്‍' പോലെ വൃന്ദാവനത്തിലും മഥുരയിലും 'രാധേ... രാധേ!' ഒരുപക്ഷേ മറ്റൊരു നാമം സ്മരിച്ചുകൊണ്ട് ഭാഗവാനിലേക്കെത്തുന്ന രീതി അവിടെ മാത്രമേ കാണൂ! രാധാനാമം സ്മരിക്കുന്നതാണ് ഭഗവാന്‍ കടാക്ഷിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം എന്നാണ് അവിടെയുള്ളവരുടെ വിശ്വാസം. ഭഗവാന്‍ തന്റെ നാമം കേള്‍ക്കുന്നതിലും കൂടുതല്‍ രാധയുടെ നാമമാണ് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്നത് എത്ര മനോഹരമായ സങ്കല്പമാണ്.
Content Highlights: Explore Mathura, Vrindavan, and Gokul, the sacred lands of Lord Krishna`s life. Discover ancient temples, divine stories, and the spiritual essence of Braj