യാത്രകൾ ജീവിതമാക്കി, ഇൻസ്റ്റഗ്രാമിലെ ലൈഫ് ഓൺ റോഡ്സ് ദമ്പതികൾ

യാത്രകളെ പ്രണയിച്ച്, യാത്രകളിലൂടെ ജീവിക്കുന്ന ദമ്പതികളാണ് സംഗീതും, കാവ്യയും. പ്രകൃതിയെ സ്നേഹിക്കുന്ന ഈ യാത്രികര്‍, മണ്ണിന്റെ മനമറിഞ്ഞ കര്‍ഷകര്‍ കൂടിയാണ്. നാടും കാടും കണ്ടും മണ്ണില്‍ തണലൊരുക്കിയും അവര്‍ സന്തോഷം കൊയ്‌തെടുക്കുന്നു. കണ്ടുമുട്ടുന്ന മനുഷ്യരില്‍ നിന്നവര്‍ സ്‌നേഹത്തിന്റെ കഥകള്‍ മെനയുന്നു. പാലക്കാട് പട്ടാമ്പി സ്വദേശികളായ ഈ ദമ്പതികള്‍, 'ലൈഫ് ഓണ്‍ റോഡ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയും, യൂട്യൂബ് ചാനലിലൂടെയും സഞ്ചാരത്തിന്റെ സൗന്ദര്യകാഴ്ചകള്‍ പുറംലോകത്തെത്തിക്കുന്നു. “യാത്രകള്‍ ഒരുക്കലും വലിയ ചിലവുളള കാര്യമല്ല. അതിന് സജ്ജമായ മനസ്സാണ് പ്രധാനം.” യാത്രയോടുളള പ്രണയവും വര്‍ഷങ്ങളുടെ ആഴമുളള യാത്രാനുഭവങ്ങളും അവര്‍ പറഞ്ഞു തുടങ്ങി.

യാത്രകളുടെ തുടക്കം?

“ഞാനും സംഗീതും ചെറുപ്പം മുതലേ നല്ല സുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലം മുതലേ യാത്രകള്‍ ഇഷ്ടമായിരുന്നു. ആ ഇഷ്ടം തന്നെയായിരിക്കണം ജീവിതപങ്കാളികളാവാന്‍ കാരണമായതും. കോളേജില്‍ പഠിക്കുന്നകാലത്താണ്, പാര്‍ടൈം ജോലി ചെയ്ത് സംമ്പാദിച്ച പണവുമായി ചെറിയ യാത്രകള്‍ പോയി തുടങ്ങിയത്. ബൈക്കിലായിരുന്നു സഞ്ചാരം. സൗത്ത് ഇന്ത്യയിലും പിന്നീട് ഗുജറാത്ത്, വാരണാസി തുടങ്ങിയ സ്ഥലങ്ങളും പോയിരുന്നു. അതായിരുന്നു യാത്രകളുടെ തുടക്കം” എന്ന് കാവ്യ പറയുന്നു.

ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്. പുതിയ സ്ഥലം,ആളുകള്‍ അങ്ങനം വിസ്മയിപ്പിക്കുന്ന പലതും യാത്രകളില്‍ ഉണ്ടാകാറുണ്ട്. കോര്‍പ്പറേറ്റ് കംബനിയിലെ ജോലി വിട്ടാണ് ഇവർ മുഴുവന്‍ സമയവും യാത്രയ്ക്കായി മാറ്റി വെച്ചത്. ജോലിത്തിരക്കിനിടയിലും യാത്രകള്‍ ചെയ്തിരുന്നു. “ജോലിയിലെ സമ്മര്‍ദ്ദം കാരണം മനുഷ്യന്റെ ക്രിയാത്മകത നഷ്ടപ്പെടും, റൂഡാകും. നമ്മളുടെ സ്വഭാവംത്തന്നെ മാറിപ്പോകും. അങ്ങനെയാണ് ജോലി രാജിവെച്ചത്. ഇപ്പോള്‍ ഫ്രീലാന്‍സായി ജോലി ചെയ്യുന്നുണ്ട്” സംഗീത് കൂട്ടിച്ചേർത്തു.

 തയ്യാറെടുപ്പുകള്‍

 യാത്രകള്‍ക്ക് ഉപയോഗിക്കുന്നത് ഇവരുടെ ഗൂര്‍ഖ ജീപ്പാണ്. അത്യാവശ്യം താമസ സൗകര്യങ്ങളൊക്കെ ഒരുക്കിയ ജീപ്പിൽ തന്നെയാണ് വിശ്രമവും, ഭക്ഷണം പാകം ചെയ്യലുമെല്ലാം. ഭക്ഷണത്തിനും, താമസത്തിനും ഹോട്ടലുകള്‍ ഉപയോഗിക്കുന്നത് നന്നേകുറവാണ്. കൂടുതലും ടെന്‍ഡുകളാണ് ഇവർ ഉപയോഗിക്കുന്നത്.

“അവസാനമായി പോയിരുന്നത് മധ്യപ്രദേശിലായിരുന്നു. അത് രണ്ടുമാസത്തെ യാത്ര ആയിരുന്നു. അത്തരം വലിയ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് പോവുക. അത്യാവശ്യത്തിനുളള സാധനങ്ങളെല്ലാം കരുതിവയ്ക്കും. ഒരാഴ്ചയോളമുളള യാത്രകള്‍ക്ക് വലിയ പ്ലാനിങ് ഒന്നു നടത്താറില്ല” എന്ന് ഇരുവരും പറയുന്നു. 

വെല്ലുവിളികള്‍

“ടെന്റുകളില്‍ താമസിക്കുന്നത് ചിലയിടങ്ങളില്‍ സുരക്ഷിതമല്ല. കാലാവസ്ഥ മോശമാണെങ്കിലും പ്രയാസമായിരിക്കും. കൊടും വേനലിൽ പല സ്ഥലങ്ങളിലും വിശ്രമിക്കാൻ തണല്‍ മരങ്ങളില്ലാതിരുന്നത് യാത്രകളില്‍ പ്രയാസപ്പെടുത്തി. അങ്ങനെയാണ് ഒാരോ യാത്രയിലും എന്തുകൊണ്ട് ഒരു ചെടി നട്ടുകൂടാ എന്ന ചിന്തയില്‍ എത്തുന്നത്. ആ ചിന്തയാണ് ഒരു ലക്ഷം ചെടി നടാനുളള ദൗത്യത്തിലേക്കെത്തുന്നത്. പോകുന്ന സ്ഥലങ്ങളിലെല്ലാം ചെടി നടാറുണ്ട്. നട്ടത്‌കൊണ്ട് മാത്രം കാര്യമില്ല. അത് പരിപാലിക്കുകയും വേണം. ഓരോ നാട്ടിലെയും ഞങ്ങളുടെ സുഹൃത്തുക്കള്‍ അത് പരിപാലിക്കാനും ശ്രദ്ധിക്കാറുണ്ട്. ഒന്നര വർഷത്തിനിടെ ഏകദേശം 20000 ചെടികള്‍ നടാന്‍ സാധിച്ചു”.

യാത്രാനുഭവങ്ങള്‍

കാവ്യ: ഓരോ യാത്രകളിലും ആ നാട്ടിലെ ആളുകളുമായി നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍. ഒരു സ്ഥലത്തേക്ക് വീണ്ടും പോകുമ്പോള്‍ സ്വീകരിക്കുന്നത് ആ സൗഹൃദങ്ങളാണ്. അങ്ങനെ ഓരോ സ്ഥലങ്ങളിലും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരുണ്ട്. ആ സുഹ‍ത്തുക്കളാണ് അതാത് നാടുകളിലെ ഞങ്ങളുടെ വഴികാട്ടികൾ. അങ്ങനെ നാടുകാണാനാണ് ഞങ്ങള്‍ക്കിഷ്ടം. മണ്ണിനെയും, മനുഷ്യനെയുമറിഞ്ഞുളള യാത്രകളാണ് ഞങ്ങളുടെ ജീവിതം. ബൈക്കില്‍ യാത്ര ചെയ്യുന്ന കാലത്ത് തന്നെ നാല് തവണ ഇന്ത്യ മുഴുവന്‍ കറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ ഇനിയും ഒരുപാട് കാണാന്‍ ബാക്കിയുണ്ട്. വളര്‍ത്തുനായ ഡ്രോഗോ എന്ന അപ്പുവും യാത്രകളില്‍ ഞങ്ങള്‍ക്ക് കൂട്ടാകാറുണ്ട് എന്ന് കാവ്യ പറയുന്നു.

കാവ്യയും സംഗീതും

സന്തോഷങ്ങള്‍

ഈ നിമിഷത്തില്‍ ജീവിക്കുക എന്നതാണ് ഓരോ യാത്രകളും നല്‍കുന്ന സന്ദേശം. അതു തന്നയാണ് ഞങ്ങളുടെ സന്തോഷവും. യാത്രകള്‍ മാത്രമല്ല, ആസ്വദിച്ച് ചെയ്യുന്ന ഏതൊരു കാര്യവും നമുക്ക് സന്തോഷം തരും. ഇത്രയും കാലത്തെ യാത്രകളില്‍ കണ്ട മനുഷ്യരില്‍ പലരും ഞങ്ങള്‍ക്ക് കുടുംബംപോലെയാണ്. ഓരോ നാട് കാണാനും, അവിടെ അവര്‍ക്കൊപ്പം ജീവിക്കാനും കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഇന്‍സ്റ്റഗ്രാം പേജ് പണ്ടുമുതലേയുണ്ട്. യാത്രകള്‍ ചെയ്യാന്‍ താല്‍പ്പര്യമുളളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ എന്ന ചിന്തയോടെയാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഞങ്ങളുടെ യാത്രാനുഭവങ്ങളും ആശയങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റുളളവരുമായി പങ്കുവെയ്ക്കും. യാത്രകൾ തുടങ്ങാൻ ചിലർക്കെങ്കിലും പ്രചോദനമാകാന്‍ സാധിച്ചതില്‍ സന്തോഷം.

നെഗറ്റീവ് കമന്റുകള്‍ വരാരുണ്ടോ?

“സമൂഹത്തില്‍ എന്ത് കാര്യം ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്നവരുണ്ട്. അതുപോലെ വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നതില്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. അതങ്ങനെ കണ്ടാല്‍മതി. നമുക്ക് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്ന്”  ഇവർ പറയുന്നു.

പ്രകൃതിയോടിണങ്ങിയ വീട്

'സീറോ കോസ്റ്റ് ലിവിങ് ' എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവരുടെ വീട് നവീകരിച്ചത്. ബയോഗ്യാസ് പ്ലന്റ്, സോളാര്‍ പ്ലാന്റ്, കൃഷി എന്നിവയെല്ലാം വീട്ടിലുണ്ട്. പാചകത്തിനുളള ഗ്യാസ് ബയോഗ്യാസ് പ്ലന്റിലൂടെ ലഭിക്കും.അത് വീട്ടിലെ ജൈവ മാലിന്യങ്ങള്‍ക്ക് പരിഹാരവുമാണ്. ഇതിനുപുറമേ കോഴി,പശു,മീന്‍ എന്നിവയെ വളര്‍ത്തുന്നുമുണ്ട്. ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും വീട്ടില്‍ത്തന്നെ കൃഷി ചെയ്യും. പക്ഷി- മൃഗാദികളും,പൂക്കളും ഉൾപ്പെടെ എല്ലാ ജീവജാലങ്ങള്‍ക്കും വീടാവുകയാണ് ഇവിടം.

ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം

“ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും, അവസാനമായി പോയ മധ്യപ്രദേശ് തന്നെയാണ് അങ്ങനെ ചോദിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത്. രാജ്ഘട്ട് ജില്ലയിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു അത്. അവിടുത്തെ ആഴുകളുമായി ചേര്‍ന്നാണ് അവിടെ മുഴുവന്‍ കറങ്ങിയത്. അതൊരു നല്ല അനുഭവമായിരുന്നു” സംഗീത് ഒാർക്കുന്നു.

സ്വപനങ്ങള്‍

ഒന്നിനെക്കുറിച്ചാലോചിച്ചും ഖേദിക്കാതെ ജീവിക്കണം എന്നതാണ് ഇവരുടെ ഏറ്റവും വലിയ ആഗ്രഹം. “ചെയ്യാനുളള കാര്യങ്ങളെല്ലാം ചെയ്ത്, കാണാന്‍ ആഗ്രഹമുളള സ്ഥലങ്ങളൊക്കെ കണ്ട് സന്തോഷമായി ജീവിക്കണം. ഒപ്പം ഒരു ലക്ഷം മരങ്ങള്‍ എന്ന ലക്ഷ്യവും നേടണം” എന്ന് കാവ്യ പറയുന്നു.

അടുത്ത യാത്രയ്ക്കുളള തയ്യാറെടുപ്പുകളിലാണ് ഇരുവരും. ഭൂമിയാകുന്ന പറൂദീസയിലെ കാണാത്ത ലോകങ്ങള്‍ കാണാന്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Meet Sangeeth & Kavya, a couple who turned their passion for travel and nature into a sustainable lifestyle. Discover their `Life on Roads` adventures, farming, and eco-friendly living.