ഗ്രേറ്റ് ബ്രിട്ടനിലെ ആ ഗ്രാമത്തില്‍നിന്നാണ്, ഈ മഞ്ഞുമൂടിയ പട്ടണത്തിന് പേര് കിട്ടിയത്

'The world keeps on changing, but there is always something, somewhere, that remains the same.'- Ruskin Bond
പ്രശസ്ത സാഹിത്യകാരനായ റസ്‌കിന്‍ ബോണ്ടിന്റെ ഈ വാക്കുകള്‍ അര്‍ഥവത്താകുന്ന ഒരു കൊച്ചുസ്ഥലമാണ് ലാന്‍ഡോര്‍ (Landour). ഹിമാലയത്തിന്റെ അഞ്ച് സമാന്തര മടക്കുകളില്‍ രണ്ടാമത്തെതായ മുസ്സൂറി പര്‍വതനിരയില്‍, ലോവര്‍ വെസ്റ്റേണ്‍ ഹിമാലയത്തിലാണ് ലാന്‍ഡോര്‍ സ്ഥിതിചെയ്യുന്നത്. മുസ്സൂറിയില്‍നിന്ന് 7 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ ഈ ചെറിയ കന്റോണ്‍മെന്റ് പട്ടണത്തില്‍ എത്തിച്ചേരാം.
ഗ്രേറ്റ് ബ്രിട്ടനിലെ ഒരു ചെറിയ വെല്‍ഷ് ഗ്രാമമായ ലാന്‍ഡ്ഡോറില്‍നിന്നാണ് ലാന്‍ഡോറിന് ഈ പേര് ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് പട്ടാളക്കാര്‍ക്ക് ഗൃഹാതുരത്വം തോന്നിയപ്പോള്‍, അവര്‍ ഇന്ത്യയിലെ പട്ടണങ്ങള്‍ക്ക് അവരുടെ മാതൃരാജ്യത്തെ ഛായ നല്‍കിയതാവണം. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം 1827-ല്‍ പരിക്കേറ്റ സൈനികരെ പരിചരിക്കുന്നതിനായി ലാന്‍ഡോറില്‍ ഒരു സാനിറ്റോറിയം നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്തു. അതിനുശേഷം, ലാന്‍ഡോര്‍ എല്ലായ്പ്പോഴും സൈന്യത്തിന്റെ കന്റോണ്‍മെന്റ് ഏരിയ സ്റ്റേഷനായി തുടര്‍ന്നു.
1924-ലെ കന്റോണ്‍മെന്റ് ആക്ട് പ്രകാരം ഈ പ്രദേശത്തെ എല്ലാ മരങ്ങളും ചെടികളും സൈന്യത്തിന്റെതാണ്. അതുകൊണ്ടായിരിക്കാം വര്‍ഷങ്ങളായി ലാന്‍ഡോറില്‍ മരം മുറിക്കലോ വനനശീകരണമോ നടന്നിട്ടില്ല. നിയമപ്രകാരം പുതിയ നിര്‍മാണങ്ങളും സാധ്യമല്ല. താത്കാലിക നിര്‍മാണങ്ങളും പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും മാത്രമേ അനുവദിക്കൂ. അതുകൊണ്ടായിരിക്കാം ലാന്‍ഡോറില്‍ വീടുകള്‍ പരിമിതമായിരിക്കുന്നത്.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ലാന്‍ഡോറില്‍ 24 വീടുകള്‍ ഉണ്ടായിരുന്നു, ഇപ്പോഴും അതില്‍ പലതും ഉണ്ട്. പ്രദേശവാസികള്‍ പറയുന്നതുപോലെ ''ചൗബിസ് മകാന്‍ ഔര്‍ ചാര്‍ ദുകാന്‍, ബസ് ഇത്നാ ഹെ ലന്ദൂര്‍'' (24 വീടുകളും 4 കടകളും ചേര്‍ന്നാല്‍ ലാന്‍ഡോര്‍ ആയെന്ന്).
'8-ന്റെ രൂപത്തിലാണ് ലാന്‍ഡോറിലെ റോഡിന്റെ ആകൃതി, ഈ റോഡിനെ 'അപ്പര്‍ ചക്കര്‍' എന്നാണ് വിളിക്കുന്നത്. എല്ലാ കാഴ്ചകളും യാഥാര്‍ഥ്യത്തോടെ ആസ്വദിക്കാന്‍ നടത്തമാണ് നല്ലത്. എല്ലാ റോഡുകളും നല്ല രീതിയില്‍ പരിപാലിച്ചിരിക്കുന്നു. റോഡുകള്‍ക്ക് അതിരിട്ട് ഉയരമുള്ള ദേവദാരുമരങ്ങളുണ്ട്. അപ്പര്‍ ചക്കറിന്റെ ആകെ നീളം വെറും 3.5 കിലോമീറ്ററാണ്. ഉദ്ധരണികളും കവിതകളും ഉള്ള നിരവധി സൈന്‍ബോര്‍ഡുകള്‍കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. കയറ്റമോ ഇറക്കമോ ഇല്ലാത്ത നടത്തം എളുപ്പമാണ്. വളഞ്ഞുപുളഞ്ഞ പാതകളുടെ ശാന്തതയും പൂക്കളുടെ ഗന്ധവും ധാരാളം.
ബോണ്ടിന്റെ ലാന്‍ഡോര്‍
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരനാണ് റസ്‌കിന്‍ ബോണ്ട്. ഡല്‍ഹിയിലും ദെഹ്റാദൂണിലും പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1963-ല്‍ അദ്ദേഹം മുസ്സൂറിയിലേക്ക് മാറി. സഹോദരന്റെ മരണശേഷം, കുടുംബത്തോടൊപ്പം ലാന്‍ഡോറിലെ ആര്‍മി കന്റോണ്‍മെന്റിലേക്ക് താമസം മാറി. 1981 മുതല്‍ ഐവി കോട്ടേജിലാണ് താമസം.
I feel drawn to little temples on lonely hilltops. With the mist swirling round them, and the wind humming in the stunted pines, they absorb some of the magic and mystery of their surroundings and transmit it to the questing pilgrim.'
-Ruskin Bond, Landour Days
സമൃദ്ധമായ ദേവദാരു വനങ്ങളാല്‍ ചുറ്റപ്പെട്ട, കാറ്റ് വീശുന്ന വഴികള്‍, കാവല്‍ നില്‍ക്കുന്ന കോട്ടേജുകള്‍, ശാന്തവും മനോഹരവുമായ പ്രാന്തപ്രദേശം; ലാന്‍ഡോറിലായിരിക്കുമ്പോള്‍, സമയം നിങ്ങളുടെ ഉറ്റ ചങ്ങാതിയാകും.
സൈനിക ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാന്‍ഡോര്‍ ഭാഷാസ്‌കൂള്‍ വിദ്യാര്‍ഥികള്‍, വുഡ്സ്റ്റോക്ക് സ്‌കൂള്‍ രക്ഷിതാക്കള്‍, ജീവനക്കാര്‍ എന്നിവരുടെ അവിശ്വസനീയമായ മിശ്രണം ലാന്‍ഡോറില്‍ ഉണ്ടായിരുന്നു. അവരുടെ പാചകക്കുറിപ്പുകള്‍ ഒരുമിച്ചുചേര്‍ത്ത്, പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഈ പാചകക്കുറിപ്പുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1980-ല്‍ ലാന്‍ഡോര്‍ ബേക്ക് ഹൗസ് തുടങ്ങിയത്. തടികൊണ്ടുള്ള അലങ്കാരം, നാടന്‍ അന്തരീക്ഷം, പത്തൊന്‍പതാംനൂറ്റാണ്ടിലെ അടുക്കള നിര്‍മാണം എന്നിവകൊണ്ട് ഈ ബേക്കറി കം കഫേക്ക് ഒരു പഴയലോക ചാരുതയുണ്ട്.
ലാന്‍ഡോര്‍ ബേക്ക്ഹൗസിലെ ഏറ്റവും മികച്ച ടേബിള്‍, ജനാലയ്ക്കരികിലാണ്. അവിടെനിന്ന് നോക്കിയാല്‍ ഉയരമുള്ള ഹിമാലയന്‍ ഓക്ക് മരങ്ങള്‍ നിറഞ്ഞ താഴ്വര കാണാം. ''ഞങ്ങള്‍ക്ക് വൈഫൈ ഇല്ല; ഇത് 1980-കളാണെന്ന് നിനച്ച് പരസ്പരം സംസാരിക്കുക''-എന്ന് ലാന്‍ഡോര്‍ ബേക്ക്ഹൗസിലെ കറുത്ത ചോക്ക്ബോര്‍ഡില്‍ എഴുതിയിരുന്നു.
സിസ്‌റ്റേഴ്‌സ് ബസാറും പള്ളികളും
സിസ്റ്റേഴ്സ് ബസാറിനടുത്തുള്ള ലാന്‍ഡോറിലെ ചരിത്രപ്രസിദ്ധമായ നാല് കടകളുടെ നിരയാണ് ചാര്‍ ദുകാന്‍. തിരക്കേറിയ റോഡുകളില്‍നിന്നും സഞ്ചാരികളുടെ കലപിലകളില്‍നിന്നും അകലെയാണ് ഇത്. 1840-ല്‍ പണികഴിപ്പിച്ച ഒരു പഴയ കന്റോണ്‍മെന്റ് പള്ളിയാണ് സെന്റ് പോള്‍സ് ചര്‍ച്ച്. ചാര്‍ ദുകാനിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. റൈഫിളുകള്‍ അകത്തേക്ക് കൊണ്ടുവരാന്‍ അനുവദിച്ച ആദ്യത്തെ പള്ളിയാണിത്. പ്രാര്‍ഥനയ്ക്കിടെ പള്ളിക്ക് പുറത്തുനിന്ന് തങ്ങളുടെ റൈഫിളുകള്‍ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് ബ്രിട്ടീഷ് സൈനികര്‍ പരാതിപ്പെട്ടുപോലും. അതിനാല്‍, 1857-ല്‍ റൈഫിളുകള്‍ സൂക്ഷിക്കാനായി തടികൊണ്ടുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കി. അവിടെ റൈഫിളുകള്‍ വിശ്രമിച്ചു. പള്ളിയില്‍ ഇപ്പോഴും അവ കാണാം.
ഉയരമുള്ള ദേവദാരു മരങ്ങളുടെ പുതിയ സുഗന്ധം പള്ളിയെ ചുറ്റിപ്പറ്റിയുണ്ട്. മഞ്ഞ ചായം പൂശിയ പള്ളി, പശ്ചാത്തലത്തില്‍ നീലാകാശവും പച്ച മരങ്ങളുംകൊണ്ട് മനോഹരമായി കാണപ്പെടുന്നു. 1903-ലാണ് കെല്ലോഗ്സ് പള്ളി പണിതത്. ലാന്‍ഡോറിന്റെ വികസനത്തില്‍ വളരെ സജീവമായിരുന്ന അമേരിക്കന്‍ മിഷണറിയായിരുന്ന ഡോ. സാമുവല്‍ കെല്ലോഗിന്റെ പേരിലാണ് ഈ പള്ളി. ഗംഭീരമായ സ്റ്റെയിന്‍ ഗ്ലാസ് ജാലകങ്ങളുള്ള അദ്ഭുതകരമായ ഗോഥിക് വാസ്തുവിദ്യ കാണികളെ അമ്പരപ്പിക്കും. കെല്ലോഗ്സ് മെമ്മോറിയല്‍ ചര്‍ച്ചിന് തൊട്ടുപിറകിലാണ് ലാന്‍ഡോര്‍ ഭാഷാ സ്‌കൂള്‍.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ ഈ സ്‌കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്നു. ഡോ. സാമുവല്‍ കെല്ലോഗ് ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദി ഭാഷ നന്നായി മനസ്സിലാക്കാന്‍ ഇംഗ്ലീഷ് ഭാഷയില്‍ ഹിന്ദി വ്യാകരണത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി. ലാന്‍ഡോര്‍ ഭാഷാ സ്‌കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
വിന്റര്‍ ലൈനും ചുവന്നകുന്നും
പര്‍വതപ്രദേശത്ത്, സന്ധ്യാസമയത്ത് രൂപപ്പെടുന്ന പ്രതിഭാസമാണ് വിന്റര്‍ലൈന്‍. താഴെയുള്ള സമതലങ്ങളില്‍നിന്ന് പൊടിപടലങ്ങളും ഈര്‍പ്പവും പുകയും ഉയര്‍ന്നുപൊങ്ങി പര്‍വത വായുവിനോട് ചേരുമ്പോഴുണ്ടാകുന്ന ചക്രവാളദൃശ്യമാണിത്. ശൈത്യകാലത്ത് (ഒക്ടോബര്‍- ഫെബ്രുവരി) ലാന്‍ഡോറില്‍ ഇത് വ്യക്തമായി കാണാം.
വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയുള്ളതിനാല്‍, ഏത് സമയത്തും ലാന്‍ഡോര്‍ സന്ദര്‍ശിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ മിക്ക ആളുകളും ലാന്‍ഡോര്‍ സന്ദര്‍ശിക്കുന്നു. മഞ്ഞ് ആസ്വദിക്കാന്‍ ശൈത്യകാലത്ത് എത്തുന്നവരുമുണ്ട്. എങ്കിലും ശ്രദ്ധിക്കണം. ലാന്‍ഡോറിലേക്ക് പോകുന്ന മഞ്ഞുനിറഞ്ഞ ചരിവുകളില്‍ കാറുകള്‍ തെന്നി വീഴുന്നതിനാല്‍ ഇവിടേക്കുള്ള റോഡ് തടസ്സപ്പെട്ടേക്കാം.
ലാല്‍ ടിബ്ബയുടെ അര്‍ഥം ചുവന്ന കുന്ന് എന്നാണ്. 3025 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലാല്‍ ടിബ്ബ മസൂറിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്. ആകാശവാണിയുടെയും ദൂരദര്‍ശന്റെയും എല്ലാ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനുകളും ഇവിടെയാണ്. പാറയുടെ അരികിലുള്ള 20 മീറ്റര്‍ ഉയരമുള്ള ടവറിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ പര്‍വതങ്ങളുടെ മായക്കാഴ്ചകളും ദര്‍ശിക്കാം.
ശൈത്യകാലം ലാന്‍ഡോറിനെ ഒരു മായാലോകമാക്കും. സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറന്‍ ചക്രവാളം മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളില്‍ കുളിച്ചുനില്‍ക്കും. വിന്റര്‍ലൈന്‍ കൂടിയെത്തുമ്പോള്‍ മാസ്മരികമായൊരു അനുഭൂതിയാവും സഞ്ചാരികള്‍ക്ക് നുകരാനാവുക.
''It is always the same with mountains. Once you have lived with them for any length of time, you belong to them. There is no escape'' - Ruskin Bond.
Content Highlights: landour, mist bound city near mussourie