വെള്ളത്തിനടിയില്‍ മുതലകളോ ഹിപ്പോകളോ ഉണ്ടാകാം;ജാഗ്രതയോടെ തോണി തുഴഞ്ഞ് ഈ സ്ത്രീകള്‍

ബോട്‌സ്വാനയിലെ മനോഹരമായ ഒരു ഡെല്‍റ്റയാണ് ഒകവാന്‍ഗോ. ഇടയ്ക്കിടെ പുല്ലുകളും ചെറിയ തുരുത്തുകളും കൊണ്ട് മനോഹരമാണിവിടം. കാലഹാരി മരുഭൂമിയിലെ വജ്രം എന്നാണ് ഒകവാന്‍ഗോ അറിയപ്പെടുന്നത്. കറുത്ത റൈനോ, വെളുത്ത റൈനോ, ആഫ്രിക്കന്‍ വൈല്‍ഡ് ഡോഗ്...ഇങ്ങനെ വംശനാശഭീഷണി നേരിടുന്ന ഒരുപാട് മൃഗങ്ങളെ ഇവിടെ കാണാം.
അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണിവിടം. പ്രത്യേകിച്ച് തോണിയില്‍ ഒകവാന്‍ഗോയിലൂടെയുള്ള യാത്ര. പരമ്പരാഗതമായ ഒരു തോണിയാണ് അതിനായി ഉപയോഗിക്കുന്നത്. മൊക്കോറോ എന്നാണതിന് പറയുന്നത്. ആ യാത്രയില്‍ തോണി തുഴയുന്നയാള്‍ തന്നെയാണ് ഗൈഡായി പ്രവര്‍ത്തിക്കുന്നതും. പുല്ലും തുരുത്തുകളും കടന്ന് ഇതിലൂടെ തോണി തുഴഞ്ഞിരുന്നത് മുമ്പ് പുരുഷന്‍മാര്‍ മാത്രമായിരുന്നു. ശാരീരികശക്തി കൂടുതലാവശ്യമായതുകൊണ്ടായിരുന്നു അങ്ങനെ. എന്നാലിപ്പോള്‍ സ്ഥിതി മാറി. സ്ത്രീകളും പതുക്കെ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.
സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളൂ. കരയില്‍ കെട്ടിയിട്ട തോണികള്‍ പതുക്കെ പുല്ലിലൂടെ, നദിയിലേക്ക് ഇറങ്ങുന്നതിന്റെ ശബ്ദം മാത്രം. വിനോദസഞ്ചാരികള്‍ കിട്ടുന്ന ഓരോ ഫ്രെയിമുകളും ക്യാമറയില്‍ ഒപ്പിയെടുക്കുകയാണ്. തോണിയില്‍നിന്ന് ആഞ്ഞുതുഴയുന്നതിനിടയിലും വിനോദസഞ്ചാരികളുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരങ്ങള്‍ നല്‍കുകയാണ് ഗൈഡുകള്‍.
''ആത്മവിശ്വാസവും അടങ്ങാത്ത അഭിനിവേശവുമുണ്ടെങ്കില്‍, നമ്മളെക്കൊണ്ട് എന്തും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണമായിരുന്നു. അതുകൊണ്ടാണ് ഞാനിതിലേക്ക് വന്നത്,'' ഒരു സ്ത്രീ അഭിപ്രായപ്പെടുന്നു. ''ആദ്യമൊക്കെ ഒരു ചെറിയ ചമ്മലുണ്ടായിരുന്നു, ആളുകള്‍ എന്ത് പറയുമെന്ന ചിന്ത. കാരണം, ഇത് പുരുഷന്‍മാരുടെ ജോലിയാണെന്നാണല്ലോ വെപ്പ്. ആ ചിന്തയും എനിക്ക് തിരുത്തണമായിരുന്നു''.
'' നാടിന്റെ അംബാസഡറായി മാറുകയാണ് നമ്മളിവിടെ. അതുകൊണ്ട് ഈ ജോലി രസകരമാണ്''. ശീലം കാരണം മൃഗങ്ങളുടെ സാന്നിധ്യമൊക്കെ ഇവര്‍ക്കിപ്പോള്‍ വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. വെള്ളത്തിനടിയില്‍ ഹിപ്പോയും മുതലകളുമുണ്ടാകാം, ചിലപ്പോള്‍ അതിന്റെ ആക്രമണമുണ്ടാകാം. അതുകൊണ്ട് ജാഗ്രതയോടെ വേണം തോണി തുഴയാന്‍. അങ്ങനെയുണ്ടെങ്കില്‍, തോണിയൊന്ന് ചെറുതായി വഴി തിരിച്ചുവിടണം.
''മുമ്പും സ്ത്രീകള്‍ മൊക്കോറോ തുഴഞ്ഞിരുന്നു. അന്നൊക്കെ വീടുണ്ടാക്കുന്നതിനുള്ള പുല്ല് പറിക്കാനായിരുന്നു പോയിരുന്നത്. അതുമാറി, ഇപ്പോള്‍ ഗൈഡായെന്ന് മാത്രം'', മറ്റൊരു സ്ത്രീ പറയുന്നു.
സ്ത്രീകളുടെ സംഘവും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും തങ്ങളുടെ കൂടെ യാത്ര ചെയ്യാനാണ് കൂടുതലിഷ്ടപ്പെടുന്നതെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു.
Content Highlights: lady guides in Okavango Delta, botswana are setting an example