എള്ളുപോലെ കറുത്ത മണലാണ് ആ ബീച്ചിൽ; ആൾത്തിരക്കില്ലാത്ത, സുന്ദരമായ കടൽത്തീരങ്ങളുള്ള കാർവാർ

“കാർവാർ എന്ന സ്ഥലത്തേക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?” അടുത്ത യാത്രയ്ക്ക് എവിടെ പോകണമെന്ന മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്ന് കൂട്ടുകാരി സൂർമ ചോദിച്ചു. പെട്ടെന്ന് ഗൂഗിളിൽ തിരഞ്ഞു. കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഒരു കുഞ്ഞു പട്ടണമാണ് കാർവാർ. കാർവാറിൽ നിന്ന് ഗോവയിലേക്ക് വെറും എഴുപതു കിലോമീറ്റർ മാത്രമേയുള്ളുവെങ്കിലും ഗോവയുടെ തിരക്കോ ബഹളങ്ങളോ ഇല്ലാത്ത സ്വഛസുന്ദരമായ ധാരാളം കടൽത്തീരങ്ങൾ കാർവാറിലുണ്ട്. എന്തുകൊണ്ടും പെർഫെക്ട്! “ഇത് ഫിക്‌സ് ചെയ്യാം.” കണ്ണുംപൂട്ടി ഞാൻ പറഞ്ഞു.
ബാംഗ്ലൂരിൽ നിന്നാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത്. കാർവാറിൽ ടൂ വീലർ വാടകയ്ക്ക് കിട്ടാത്തതുകൊണ്ടും ട്രെയിൻ ടിക്കറ്റ് സമയത്ത് ബുക്ക് ചെയ്യാൻ സാധിക്കാത്തതുകൊണ്ടും ഗോകർണത്തേക്ക് രാത്രി ബസ്സിൽ പുറപ്പെടാൻ തീരുമാനിച്ചു. അവിടെ ടൂവീലർ ലഭിക്കും. അതിരാവിലെ ഗോകർണത്തെത്തി. അഞ്ഞൂറ് രൂപ ദിവസവാടകയ്ക്ക് ടൂ വീലറുമെടുത്ത് ഞങ്ങൾ കാർവാർ ലക്ഷ്യമാക്കി പുറപ്പെട്ടു. ഒരു മണിക്കൂർ കൊണ്ട് കാർവാർ എത്തും. വണ്ടിയോടിക്കലും വിശേഷം പറച്ചിലും വീഡിയോ എടുക്കലുമൊക്കെ തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഏകദേശം ഇരുപതു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നാഷണൽ ഹൈവേയിൽ പോലീസ് കൈകാട്ടി. “എങ്ങോട്ടാണ്?” “കാർവാർ സർ”
“നല്ല ദൂരമുണ്ടല്ലോ! ലൈസൻസ് കാണിക്കൂ.” ലൈസൻസ് നല്ലപോലെ പരിശോധിച്ച ശേഷം തിരികെ നൽകി മൂപ്പര് അടിമുടി ഞങ്ങളെ നോക്കിക്കൊണ്ട് ചോദിച്ചു. "കാർവാർ എന്തിനാണ് പോകുന്നത്?”
“ഞങ്ങൾ ഇതുവരെ പോയിട്ടില്ല സർ. നല്ല സ്ഥലമാണെന്ന് കേട്ടു.” “കാർവാർ വഴി ഗോവയ്ക്ക് പൊയ്ക്കളയരുത്. കർണാടക രജിസ്‌ട്രേഷൻ വണ്ടിയാണ്. വാടകയ്ക്ക് എടുത്ത വണ്ടികൾ ബോർഡറിൽ പിടിച്ചാൽ അവർ നല്ല പിഴ ഈടാക്കും.” “ഇല്ല സർ. ഞങ്ങൾ കാർവാർ വരെ മാത്രമേ പോകുന്നുള്ളൂ.” “നിങ്ങൾ രണ്ടു പെൺകുട്ടികൾ മാത്രമേ ഉള്ളോ? അതോ പിന്നാലെ വേറെ ആരേലുമുണ്ടോ?”
“ഇല്ല.” അല്പം അമർഷത്തോടെ ഞാൻ മറുപടി പറഞ്ഞു.
“ആ ശെരി പൊക്കോ! സൂക്ഷിച്ചൊക്കെ ഓടിക്കണം.” 'എന്തൊക്കെ അറിയണം മൂപ്പിലാന്!' വണ്ടിയുടെ പിന്നിലിരുന്ന് സൂർമ മുറുമുറുത്തു. കുറച്ചു മുന്നിലായി കണ്ട പെട്ടിക്കടയിൽനിന്ന് നാരങ്ങ സോഡയും കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു.
Content Highlights: Discover Karwar, Karnataka`s serene beaches with unique black sand, visit the INS Chapal museum, and savor local seafood.