നീല നഗരത്തിലെ ശാപമേറ്റ മരങ്ങള്‍; ഒരു ജോധ്പുര്‍ യാത്ര

വര്‍ണങ്ങള്‍ എല്ലാവരെയും എപ്പോഴും ആകര്‍ഷിക്കും. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ യാത്രാവേളയില്‍ വര്‍ണങ്ങളുടെപേരില്‍ അറിയപ്പെടുന്ന എല്ലാ നഗരങ്ങളും കാണണം എന്ന് തീരുമാനിച്ചു. അങ്ങനെ ഗോള്‍ഡണ്‍ സിറ്റിയായ ജയ്സാല്‍മേര്‍, പിങ്ക് സിറ്റി ആയ ജയ്പുര്‍, ബ്ലൂ സിറ്റി ആയ ജോധ്പുര്‍ എല്ലാം എന്റെ ലിസ്റ്റില്‍ കടന്നുകൂടി.
ജയ്സാമേരില്‍നിന്ന് ജയ്പുര്‍ പോകുന്ന വഴിക്കാണ് ജോധ്പുര്‍. രാവിലെ ഏഴുമണിക്കുള്ള ട്രെയിനില്‍ ജയ്സാല്‍മേരില്‍നിന്ന് പുറപ്പെട്ട് ഒരുമണിയോടെ ജോധ്പുരില്‍ എത്തി. ആദ്യംതന്നെ പോയത് ജിപ്സി റെസ്റ്റോറന്റിലേക്കാണ്. അവിടത്തെ രാജസ്ഥാനി താലി മീല്‍സ് വളരെ പ്രശസ്തമാണ്. 31 രാജസ്ഥാനി തനത് വിഭവങ്ങളാണ് ഈ താലിയില്‍ വിളമ്പുന്നത്. 31 രുചികള്‍ കഴിച്ച് കിളി പോയ അവസ്ഥയില്‍ പുറത്തിറങ്ങി.
നഗരത്തിന്റെ ഏതാണ്ട് ഒത്ത നടുവിലായിരുന്നു ഞങ്ങളുടെ താമസസ്ഥലം.കുറച്ച് വിശ്രമിച്ചിട്ട് ഞങ്ങള്‍ പുറത്തിറങ്ങി. മനസ്സില്‍ മൊത്തം നീലനിറത്തിലുള്ള ആ നഗരം കാണാനുള്ള വെമ്പലായിരുന്നു. എന്നാല്‍ നഗരത്തിലിറങ്ങിയപ്പോള്‍ എവിടെയും നീല പോയിട്ട് അതിന്റെ വകഭേദംപോലും കാണാനില്ല. ആകെ ആശയക്കുഴപ്പത്തിലായി. ഞാന്‍ വായിച്ചത് മാറിപ്പോയതാണോ എന്ന്. തൊട്ടടുത്ത കടയില്‍ കയറി അന്വേഷിച്ചു. ആ ചേട്ടനാണ് പറഞ്ഞത് നീലനിറത്തിലുള്ള വീടുകള്‍ കാണണമെങ്കില്‍ നഗരത്തിന്റെ പഴയ ഭാഗത്തേക്ക് പോകണമെന്ന്. അങ്ങനെ ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ അങ്ങോട്ട് പോയി. നഗരത്തിന്റെ പഴയ ഭാഗം ശരിക്കും ഒരു വീര്‍പ്പുമുട്ടുന്ന അനുഭവമായിരുന്നു. വളരെ ചെറിയ വീഥികള്‍. രണ്ട് ഓട്ടോ നേര്‍ക്കുനേര്‍ വന്നാല്‍ മൊത്തം ബ്ലോക്കാകും. പിന്നെ വാഹനങ്ങളുടെ ഹോണ്‍ മുഴക്കവും ആളുകളുടെ ചീത്തവിളിയും എല്ലാംകൂടി കേള്‍ക്കുമ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നും. എതായാലും 1/2 മണിക്കൂര്‍ യാത്രയുടെ അന്ത്യത്തില്‍ ഞങ്ങള്‍ നീലനഗരത്തില്‍ എത്തി. ഭൂരിഭാഗം വീടുകള്‍ക്ക് നീല നിറവും ജനാലകള്‍ക്ക് പച്ച നിറവും ആയിരുന്നു. നാലുചുറ്റിനും കുഞ്ഞുകുഞ്ഞു വഴികളും വഴികളുടെ ഇരുവശത്തായി പഴയ കെട്ടിടങ്ങളും. കാലങ്ങളായി നിലനില്‍ക്കുന്ന ചില കെട്ടിടങ്ങളുടെ നീലനിറം വല്ലാതെ മങ്ങിയതായിരുന്നു.
ഇത്രയധികം നീല വീടുകള്‍ ഒന്നിച്ച് കണ്ടപ്പോള്‍ എന്താകും ഈ നീലയുടെ രഹസ്യം എന്ന് കൗതുകം തോന്നി. ഒരു നീല വീടിന്റെ മുന്നില്‍ നിന്ന അല്പം പ്രായം കൂടിയ മനുഷ്യനോട് വെറുതേ എന്റെ സംശയം ചോദിച്ചു. പുള്ളിക്കാരന്‍ പറഞ്ഞത് പണ്ട് ജാതിവ്യവസ്ഥ നിലനിന്നിരുന്നകാലത്ത് ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ മറ്റുള്ളവരില്‍നിന്ന് തിരിച്ചറിയപ്പെടാന്‍ അവരുടെ വീട് നീല നിറമാക്കി. കാലാകാലങ്ങളായി ഈ നിറംതന്നെ അവര്‍ വീടുകള്‍ക്ക് അടിക്കുന്നു. എന്നാല്‍ പുതുതലമുറക്കാര്‍ ഇന്ന് ജാതിഭേദമെന്യേ അവരുടെ വീടുകള്‍ക്ക് നീലനിറമടിക്കുന്നു.
വേറൊരു കാരണം പുള്ളി പറഞ്ഞത്, നീല നിറം അടിച്ചാല്‍ പൊതുവേ വീടുകള്‍ക്ക് നല്ല തണുപ്പായിരിക്കും. അങ്ങനെ ചൂടില്‍നിന്ന് രക്ഷനേടാന്‍കൂടിയാണ് വീടുകള്‍ക്ക് നീല നിറം കൊടുക്കുന്നത്. കൂടാതെ പണ്ട് തുരിശും ചുണ്ണാമ്പും കൂട്ടിച്ചേര്‍ത്താണ് നീല തയ്യാറാക്കിയിരുന്നത്. അതുകൊണ്ടുതന്നെ കീടങ്ങളെ ചെറുക്കാന്‍ അത് സഹായിച്ചിരുന്നു. ഇപ്പൊ എല്ലാ കൊല്ലവും ദീപാവലിയുടെ സമയത്ത് ഈ വീടുകളില്‍ നീല ചായം പുതിയതായി അടിക്കും. ആളുകള്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഞാന്‍ ഫോട്ടോ എടുത്ത് നടക്കുന്നത് കണ്ട് ഒരു അപ്പൂപ്പന്‍ എന്നെ പുള്ളിയുടെ ടെറസില്‍ കൊണ്ടുപോയി. അവിടെ നിന്നാല്‍ ജോധ്പുര്‍ കോട്ടയുടെ ഒരു മനോഹരദൃശ്യം കാണാന്‍പറ്റും. ഭാഗ്യവശാല്‍ നല്ലൊരു സൂര്യാസ്തമയംകൂടി സാക്ഷ്യംവഹിക്കാന്‍പറ്റി. അപ്പൂപ്പനോട് നന്ദിപറഞ്ഞ് ഞങ്ങള്‍ തിരികെ താമസസ്ഥലത്തേക്ക് പോയി.
വരമല്ലാത്ത മരവും പാതാളക്കിണറും
വരമല്ലാത്ത മരമോ? അതേ... സത്യമാണ്... ചില മരങ്ങള്‍ ശാപമാണ്... രാജസ്ഥാന്‍യാത്രയിലെ ഏറ്റവും വലിയ തിരിച്ചറിവുതന്നെയായിരുന്നു ഇത്... തിരിച്ചറിവുണ്ടായതോ മരുഭൂമിയിലെ നീലനഗരമായ ജോധ്പുരില്‍വെച്ചും! ആദ്യദിനത്തിലെ നീലനഗര കാഴ്ചകള്‍ക്കുശേഷം, രണ്ടാംദിനം ഇവിടത്തെ ചരിത്രപ്രധാനമായ ചില സ്മാരകങ്ങള്‍ കാണാനാണ് ഞങ്ങള്‍ ഇറങ്ങിയത്. പാതാളക്കിണറ്റില്‍നിന്നായിരുന്നു തുടക്കം. ജോധ്പുരിന്റെ മുഖമുദ്രയായ Toor ji ka jalra എന്ന് വിളിക്കുന്ന പാതാളക്കിണര്‍. രാവിലെ ആറരയ്ക്ക് അവിടെ എത്തിയപ്പോള്‍ അവിടം വിജനമായിരുന്നു. 740-ല്‍ പണികഴിപ്പിച്ച 200 അടി താഴ്ചയുള്ള ഒരു കിണര്‍. ദീര്‍ഘചതുരാകൃതിയില്‍ പണിത ഈ കിണറിന്റെ നാലുവശത്തായി, ആയിരം പടികള്‍...വെള്ളത്തിന്റെ കാലികമായ ഏറ്റക്കുറച്ചിലിനുള്ള പരിഹാരമാണ് ഇത്തരം ആഴത്തിലുള്ള കിണറുകള്‍. പാതാളക്കിണറുകളില്‍ വെള്ളം ഒരിക്കലും വറ്റില്ലപോലും...വെള്ളമെടുക്കാനുള്ള മോട്ടോറുകളും മറ്റും കാണാത്തതിനാല്‍, ഇത്രയും പടികള്‍ ഇറങ്ങിയാണോ വെള്ളമെടുക്കുന്നത് എന്ന് ചിന്തിച്ചപ്പോഴാണ് അവിടെ വെച്ചിരുന്ന ബോര്‍ഡ് കണ്ടത്. അതില്‍ എഴുതിയത് പ്രകാരം, കാളകളെവെച്ച് നിയന്ത്രിച്ചിരുന്ന ഒരു വലിയ പേര്‍ഷ്യന്‍ വീല്‍ കറക്കി വെള്ളം മുകളിലത്തെ തട്ടിലുള്ള ടാങ്കിലേക്ക് എത്തിക്കുകയും അതില്‍നിന്ന് ആവശ്യാനുസരണം വെള്ളമെടുക്കുകയുമാണ് ചെയ്യുന്നത്.വൈകുന്നേരങ്ങളില്‍ ഇവിടം പലപ്പോഴും സാമൂഹിക ഒത്തുചേരലുകള്‍ക്ക് സാക്ഷ്യംവഹിച്ചിരുന്നു. കാരണം ഈ കിണറിന്റെ ചുറ്റുഭാഗം ഏകദേശം പത്ത് ഡിഗ്രിവരെ ചൂട് കുറവായിരിക്കും. എനിക്ക് കിണറിന്റെ താഴെവരെ പോയി തണുപ്പ് പരീക്ഷിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും താഴത്തെ പടിയില്‍ നില്‍ക്കുന്ന ശുനകനെ കണ്ടപ്പോള്‍ ഒരു ഭയം. അവന്റെ പ്രാതലിനുള്ള വകുപ്പ് ഞാനാകുമോ എന്ന്. പരീക്ഷണത്തിന് നില്‍ക്കാതെ ഉദ്യമത്തില്‍നിന്ന് ഞാന്‍ പിന്‍തിരിഞ്ഞു.
അടുത്ത ലക്ഷ്യം ക്ലോക്ടവറായിരുന്നു. ജോധ്പുരിലെ പ്രധാന ചന്തകളിലൊന്നായ സര്‍ദാര്‍ മാര്‍ക്കറ്റിന് നടുവിലാണ് മൂന്നുനിലയുള്ള ഈ ടവര്‍. മൂന്നാമത്തെ നിലയില്‍ ഒരു വലിയ ഘടികാരം കാണാം.ഘടികാരസമയവും എന്റെ വാച്ചിലെ സമയവും ഒത്തുനോക്കി, കൃത്യസമയം. ഈ ക്ലോക്കിന് പിന്നിലെ രസകരമായ കഥ പറഞ്ഞുതന്നത് അടുത്ത ചായക്കടയിലെ കമലേശ്വര്‍ ഭായിയാണ്.വര്‍ഷങ്ങള്‍ക്കുമുന്‍പ് ബ്രിട്ടീഷുകാര്‍ നമ്മുടെ മണ്ണില്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ കാലത്ത് ജോധ്പുരില്‍ 'പോളോ' കളി നിലനിന്നിരുന്നു. ആ കാലത്ത് നാട്ടിലെ ഒരുപറ്റം ചെറുപ്പക്കാര്‍ ബ്രിട്ടീഷുകാരെ കളിയില്‍ തോല്‍പ്പിച്ചു. അന്ന് അവര്‍ക്ക് സമ്മാനമായി ലഭിച്ചതാണ് ഈ ക്ലോക്ക്. ഈ കളിക്കാരെ ആദരിക്കാന്‍വേണ്ടി അന്നത്തെ രാജാവായ സര്‍ദാര്‍ സിങ് ഈ ടവര്‍ സ്ഥാപിക്കുകയും അതില്‍ സമ്മാനം കിട്ടിയ ഘടികാരം സ്ഥാപിക്കുകയും ചെയ്തു എന്നതാണ് കഥ.രാവിലെയായതിനാല്‍ ക്ലോക്ടവറിനടുത്തുള്ള മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. എങ്കിലും അങ്ങാടിയിലെ ചില ജീവിതക്കാഴ്ചകള്‍ കാണാന്‍പറ്റി. റോഡരികില്‍ ഇരുന്നു. 'ദാല്‍ പക്വന്‍' കഴിക്കുന്ന വിദേശികളെയും വണ്ടി റോഡില്‍ നിര്‍ത്തി പേപ്പര്‍ വായിക്കുന്ന പാല്‍ക്കാരനെയും കണ്ടപ്പോള്‍ കൗതുകവും തലേദിവസത്തെ എച്ചില്‍പാത്രം കഴുകുന്ന തടിച്ച സ്ത്രീയെ കണ്ടപ്പോള്‍ സഹതാപവും തോന്നി.
നൂറ്റിയമ്പതുവര്‍ഷത്തിലധികം പഴക്കമുള്ള Kunj Bihaari ക്ഷേത്രം കാണുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. മഹാരാജാ വിജയ് സിങ് നിര്‍മിച്ച ഈ അമ്പലത്തില്‍ ഇന്നും ധാരാളം ഭക്തര്‍ എത്തുന്നുണ്ട്.അമ്പലത്തില്‍ കയറുന്നതിനടുത്ത് ഒരു വൃദ്ധ ഭിക്ഷയാചിക്കുന്നത് മനസ്സിനെ നൊമ്പരപ്പെടുത്തിയ കാഴ്ചയായിരുന്നു. പണ്ടത്തെ പ്രതാപകാലത്തിന്റെ ഓര്‍മയ്ക്ക് അവര്‍ ഇന്നും കാലില്‍ വെള്ളിത്തളകള്‍ ധരിച്ചിരുന്നു . അകത്ത് കയറിച്ചെല്ലുമ്പോള്‍തന്നെ ഭക്തമീരയുടെ ഒരു സുന്ദരപ്രതിഷ്ഠ കാണാം. അതിന്റെ മുന്നിലിരുന്ന് പ്രായമായ സ്ത്രീകള്‍ ഭജന പാടുന്നു. മീരയ്ക്ക് എതിര്‍വശത്തുള്ള പ്രധാന അമ്പലത്തില്‍ ഭഗവാന്‍ കൃഷ്ണനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പഴക്കംചെന്ന ചുവര്‍ചിത്രങ്ങളും ഭജനയും ദീപങ്ങളുടെ ശോഭയും എല്ലാം ചേര്‍ന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരുന്നു അവിടം. കുറച്ചുനേരം അവിടെ ചെലവഴിച്ച് ഞങ്ങള്‍ ഓട്ടോയില്‍ Rao Jodha National Rock Park ലക്ഷ്യമാക്കി നീങ്ങി.
ജോധാ പാര്‍ക്കിനെ പറ്റി തലേന്ന് രാത്രി ധാരാളം വായിച്ചിരുന്നതുകൊണ്ട് വളരെയധികം ആവേശത്തോടെയാണ് യാത്രചെയ്തത്. പുരാവസ്തുപരമായും പാരിസ്ഥിതികമായും ചെയ്ത ഒരു പുനരുദ്ധാരണത്തിന്റെ മകുടോദാഹരണമായിരുന്നു 170 ഏക്കറില്‍ പരന്നുകിടക്കുന്ന ദേശീയോദ്യാനം.
മെഹ്‌റാന്‍ഗഢ് കോട്ടയുടെ വളരെ അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 750 മില്യണ്‍ വര്‍ങ്ങള്‍ക്കുമുന്‍പ് ഒഴുകിയ ലാവ ഉറച്ചാണ് ഇവിടത്തെ അടിത്തട്ട് ഉണ്ടായിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. അതിന്റെ മുകളില്‍ ചുമന്ന മണല്‍ക്കല്ല് രൂപപ്പെട്ടു. അങ്ങനെ ഈ പ്രദേശം മൊത്തം പാറക്കല്ലുകളുള്ള ഭൂപ്രകൃതിയാണ്.
വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയ ഒരു കറുത്ത അധ്യായം ഈ ഉദ്യാനത്തിന് പിന്നിലുണ്ട്. 1930-ല്‍ അവിടെ വിറകിന് ക്ഷാമം നേരിട്ടപ്പോള്‍ അന്നത്തെ രാജാവ്, പെട്ടെന്ന് വളരുന്ന Prosposis julifora എന്ന ചെറുവൃക്ഷത്തിന്റെ വിത്ത് മെക്‌സിക്കോയില്‍നിന്ന് ഇറക്കുമതിചെയ്ത് ഈ പ്രദേശത്തെല്ലാം വിതച്ചു. അങ്ങനെ ചുരുങ്ങിയ സമയംകൊണ്ട് ഇവിടെ ഈ കുറ്റിവൃക്ഷങ്ങളെക്കൊണ്ട് നിറഞ്ഞു. വിറകുക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ പ്രാവര്‍ത്തികമാക്കിയ ഈ ആശയം അവിടത്തെ പരിസ്ഥിതിയെത്തന്നെ മാറ്റിമറിച്ചു. ഈ മെക്‌സിക്കന്‍ വൃക്ഷം ഭൂമിയുടെ അടിത്തട്ടില്‍നിന്നടക്കം വെള്ളം വലിച്ചെടുക്കുന്നതുകൊണ്ട് അവിടെ സ്വാഭാവികമായി വളരുന്ന സസ്യങ്ങളെല്ലാം വെള്ളം കിട്ടാതെയും മറ്റും നശിച്ചുകൊണ്ടിരുന്നു. അവയുടെ ഇലയില്‍ വിഷാംശം ഉള്ളതുകൊണ്ട് മൃഗങ്ങള്‍ ഇല കഴിക്കാറില്ല. ഇല ഭക്ഷിച്ചുകൊണ്ടിരുന്ന മൃഗങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിയിലായി നശിക്കാന്‍തുടങ്ങി.അങ്ങനെ അവിടത്തെ ആവാസവ്യവസ്ഥ മൊത്തത്തില്‍ അവതാളത്തിലായി. ഈ മരങ്ങള്‍ വെട്ടിമാറ്റി, പ്രകൃതിയെ രക്ഷിക്കാന്‍ പല ശ്രമങ്ങള്‍ നടന്നെങ്കിലും എല്ലാം പരാജയപ്പെട്ടു. കാരണം ഇതിന്റെ വേരില്‍നിന്ന് പുതിയ മരം കിളിര്‍ക്കും. ഇവയുടെ വേരാകട്ടെ കൂറ്റന്‍ പാറക്കെട്ടുകള്‍ക്കും അടിയിലായിരുന്നു. ഡയനാമിറ്റ് ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂപ്രകൃതിയും ഒപ്പം നശിക്കും എന്നതിനാല്‍ ആ ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു. ഈ വൃക്ഷത്തെ നാട്ടുകാര്‍ ബാവലിയ അഥവാ ഭ്രാന്തന്‍ചെടി എന്നായിരുന്നു വിളിച്ചിരുന്നത്.
006-ല്‍ Khandwalia എന്ന പരമ്പരാഗത ഖനിത്തൊഴിലാളികള്‍ ഈ വൃക്ഷത്തെ വംശനാശം വരുത്താന്‍ സഹായിക്കാമെന്ന് ഏറ്റ് മുന്നോട്ടുവരുകയും ആറുവര്‍ഷത്തെ കഠിനപരിശ്രമത്തിനൊടുവില്‍ ഈ മെക്‌സിക്കന്‍ വൃക്ഷത്തെ വേരോടെ പിഴുതെറിയുകയും ചെയ്തു എന്നുമാണ് ചരിത്രം. ഇവിടത്തെ മണല്‍ക്കല്ല് (സാന്‍ഡ്സ്റ്റോണ്‍) ഖനനംചെയ്ത് മെഹര്‍ഗഢ് കോട്ട പണിത പാരമ്പര്യമുള്ള ഈ ഖനിത്തൊഴിലാളികള്‍ക്ക്, അവരുടെ ചുറ്റികകൊണ്ട് കല്ലില്‍ തട്ടിയാല്‍ തിരിച്ചുവരുന്ന ശബ്ദത്തില്‍നിന്ന് ഈ കല്ലുകളുടെ ആഴവും അതിന്റെ അടിയില്‍ വളരുന്ന ചെറുവേരുകളുടെ സാന്നിധ്യവുമൊക്കെ മനസ്സിലാകുമെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം ബാവലിയ നിന്നിരുന്ന സ്ഥലത്ത്, പണ്ട് ഇവിടെ സ്വാഭാവികമായും വളര്‍ന്നിരുന്ന ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. അങ്ങനെ പലവിധ വെല്ലുവിളികള്‍ നേരിട്ടാണ് ഇവിടത്തെ പുനരുദ്ധാരണം നടന്നത്. ചെയ്തുപോയ 'അബദ്ധം' തിരിച്ചറിഞ്ഞ്, തുടര്‍ന്ന് വന്ന ഭരണകര്‍ത്താക്കളുടെ ഇച്ഛാശക്തിയും പാരമ്പര്യത്തിന്റെ കരുത്തും കൊണ്ട് 'പടപൊരുതി' വിജയം വരിച്ച ഒരു ചരിത്രസത്യമാണ് ഈ ഉദ്യാനമെന്ന് പറയാം.
2019-ല്‍ ഇവിടെ ഞങ്ങളെത്തുമ്പോള്‍ കാണുന്നത് അവിശ്വസനീയമായ രീതിയിലുള്ള പച്ചപ്പിന്റെയും പുഷ്പലതാതികളുടെയും കാഴ്ചകളായിരുന്നു.
പാര്‍ക്കിന് താഴെ പാറകളാണെന്നുപോലും തോന്നില്ല. പതിനേഴാംനൂറ്റാണ്ടില്‍ ജോധ്പുര്‍ എന്ന പട്ടണത്തിലേക്ക് കയറാന്‍ സ്ഥാപിച്ച ടശിഴവീൃശമ ുീഹ എന്ന പ്രവേശനകവാടത്തിലാണ് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. ഉദ്യാനം നിലവില്‍വന്നപ്പോള്‍ ഇതിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചു.കൗണ്ടറിന്റെ അടുത്ത്, ഇവിടെ കണ്ടുവരുന്ന മൂന്നൂറിനം ചെടികളെയും 200 ഇനം പക്ഷികളെയും 50 ഇനം പൂമ്പാറ്റകളെയും പറ്റിയുള്ള ലഘുലേഖ കിട്ടും. കൂടാതെ ഈ ഭൂപ്രകൃതിയുടെ ഭാഗമായ പലവിധ പാറക്കല്ലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇവിടെ സന്ദര്‍ശകര്‍ക്ക് ഉദ്യാനം നടന്നുകണ്ടാസ്വദിക്കാന്‍ 3-4 ട്രെക്കിങ് ട്രയല്‍ ഉണ്ട്. ഒരു ഗൈഡ് കൂടെ വരണമെങ്കില്‍ അഞ്ഞൂറുരൂപ കൊടുക്കണം. പണ്ട് നാട്ടില്‍ കുറച്ച് ചെറിയ ട്രെക്കിങ്ങുകള്‍ പോയതിന്റെ ആത്മവിശ്വാസവും അഹങ്കാരവും ഒക്കെ കൈമുതലുള്ളതുകൊണ്ട് 'ഗൈഡ് വേണ്ട, മാപ്പ് മതി' എന്ന് പറഞ്ഞ് മാപ്പും വാങ്ങി പുറപ്പെട്ടു. കൂടെ വന്ന ആശച്ചേച്ചി ഗത്യന്തരമില്ലാതെ പിന്നാലെ പോന്നു. ആദ്യത്തെ കുറച്ചുദൂരം ഒരു പ്രയാസവും ഇല്ലായിരുന്നു. 500 വര്‍ഷം പഴക്കമുള്ള hathi nahar എന്ന rain water gulleyയില്‍കൂടി, വലിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു.
Content Highlights: jodhpur travel