ദശപുഷ്പ അട പ്രഥമൻ, ചെമ്പരത്തിപ്പൂക്കൾ ചേർത്ത രസം, ചേന-പൈനാപ്പിൾ എരിശ്ശേരി… തിരുവോണവിഭവങ്ങൾ റെഡി

പ്രതീകാത്മകചിത്രം | മാതൃഭൂമി ആർക്കൈവ്‌സ്‌
പ്രതീകാത്മകചിത്രം | മാതൃഭൂമി ആർക്കൈവ്‌സ്‌

ദശ പുഷ്പ അട പ്രഥമൻ
റോസാപ്പൂവ്
മുക്കുറ്റിപ്പൂവ്
മത്തൻ പൂവ് (അരിഞ്ഞുവെക്കണം)
അശോകപൂവ് (അരിഞ്ഞുവെക്കണം)
തൊട്ടാവാടിപ്പൂവ്(തണ്ടിൽ നിന്നും അടർത്തി വെക്കുക
തുളസിപ്പൂവ്
ചെമ്പരത്തിപ്പൂവ് (അരിഞ്ഞുവെക്കുക)
ശംഖുപുഷ്പം
തുമ്പപ്പൂവ്
ചെത്തിപ്പൂവ് (അരിഞ്ഞു വെക്കുക)
ശർക്കര- 250 ഗ്രാം(ഉരുക്കി വെക്കുക)
ഒന്നാം പാൽ- അരക്കപ്പ്
രണ്ടാം പാൽ- രണ്ടര കപ്പ്
നെയ്യ്- രണ്ടുടേബിൾസ്പൂൺ
ഏലക്കാപ്പൊടി- അര ടീസ്പൂൺ
ചുക്കുപൊടി- കാൽ ടീസ്പൂൺ
ജീരകപ്പൊടി- ഒരു നുള്ള്
കശുവണ്ടി, ഉണക്കമുന്തിരി- ആവശ്യത്തിന്
അരിപ്പൊടി- 150 ഗ്രാം

ഉണ്ടാക്കുന്ന വിധം
പൂക്കൾ കീടനാശിനി/രാസവസ്തു തളിക്കാത്ത, ഭക്ഷണത്തിന് സുരക്ഷിതമായി ഉപയോഗിക്കാവുന്നവയായിരിക്കണം. വിൽക്കുന്ന പൂക്കൾ ഉപയോഗിക്കരുത്. പത്തിനം പൂക്കൾ ഓരോന്നും ഒന്നോ രണ്ടോ ടേബിൾസ്പൂൺ വീതമാണ് പായസത്തിന് ആവശ്യമായിട്ടുള്ളത്.

അരിപ്പൊടിയിൽ വെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും നെയ്യും ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കി വെക്കുക. ഇതിലേക്ക് മുക്കുറ്റിപ്പൂവ്, തുമ്പപ്പൂവ്, തൊട്ടാവാടിപ്പൂവ് എന്നിവ കൂടി ചേർക്കുക. ഇതൊരു വാഴയിലയിൽ ഒഴിച്ച് രണ്ടുവശവും കെട്ടി തിളക്കുന്ന വെള്ളത്തിലിട്ട് ഏകദേശം അഞ്ചുമിനുട്ട് തിളപ്പിച്ചു തണുത്ത വെള്ളത്തിൽ ഇട്ടുവെക്കുക. അതിനുശേഷം വെള്ളത്തിൽ നിന്നുമാറ്റി ഇല തുറന്ന് അട ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. ചുവടുകട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ശംഖുപുഷ്പം ഒഴിച്ച് മറ്റെല്ലാ പൂക്കളും ചേർക്കുക. അതിലേക്ക് ഉരുക്കി വെച്ച ശർക്കര ചേർത്ത് ഇളക്കുക. ശംഖുപുഷ്പം അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു പൂവ് മാറ്റി വെക്കുക. ആ വെള്ളത്തിൽ വേണം തേങ്ങാപ്പാൽ തയ്യാറാക്കാൻ. ഉരുളിയിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കി വെച്ച അട ചേർക്കുക. പാകമാകുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാക്കി പായസം മാറ്റിവെക്കുക. ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും കൂടി നെയ്യിൽ വറുത്ത് ചേർക്കാം. ഏലക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർത്തിളക്കുക.

ചെമ്പരത്തിപ്പൂവ് രസം
ചെമ്പരത്തിപ്പൂവ്- എട്ടെണ്ണം (നന്നായി കഴുകിയത്)
പുളി- ചെറിയ നെല്ലിക്ക വലുപ്പം
തക്കാളി- ഒന്ന്
കുരുമുളക്- ഒരുടീസ്പൂൺ
ജീരകം- ഒരുടീസ്പൂൺ
വെളുത്തുള്ളി- മൂന്നല്ലി
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- ഒരുടീസ്പൂൺ
കടുക്- അരടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- കുറച്ച്
കായം- ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം
കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. പുളിവെള്ളത്തിൽ തക്കാളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ചതച്ച മസാലയും ചെമ്പരത്തിപ്പൂക്കളും ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക. കടുക്, വറ്റൽമുളക്, കായം കറിവേപ്പില എന്നിവ നെയ്യിൽ താളിച്ച് രസത്തിലേക്ക് ചേർക്കുക.

നേന്ത്രപ്പഴം കറി
പഴുത്ത നേന്ത്രപ്പഴം- രണ്ടെണ്ണം
തേങ്ങ ചിരകിയത്- ഒരുകപ്പ്
ജീരകം- അരടീസ്പൂൺ
പച്ചമുളക്- രണ്ടെണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
തൈര്- അരക്കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്- അല്പം
ഉലുവ- ഒരു നുള്ള്
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- അല്പം

ഉണ്ടാക്കുന്ന വിധം
നേന്ത്രപ്പഴം കഷണങ്ങളാക്കി മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് ചേർക്കുക. തിള വന്നാൽ തീ കുറച്ച് തൈര് ചേർക്കുക. വെളിച്ചെണ്ണയിൽ കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.

ചേന-പൈനാപ്പിൾ എരിശ്ശേരി
ചേന- 250 ഗ്രാം
പൈനാപ്പിൾ- ഒരുകപ്പ്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

അരയ്ക്കാൻ:
തേങ്ങ- ഒരുകപ്പ്
ജീരകം- ഒരുടീസ്പൂൺ
പച്ചമുളക്- രണ്ടെണ്ണം
തേങ്ങ ചിരകിയത്- കാൽ കപ്പ്
വെളിച്ചെണ്ണ- ഒരുടീസ്പൂൺ
കടുക്, വറ്റൽമുളക്, കറിവേപ്പില- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
ചേനയും പൈനാപ്പിളും മസാലകൾ ചേർത്ത് വേവിക്കുക. ഒരുകപ്പ് അരച്ച തേങ്ങ ചേർത്ത് ഒന്ന് തിളപ്പിക്കുക. കാൽകപ്പ് തേങ്ങ സ്വർണ്ണനിറമാകുന്നത് വരെ വറുത്ത് ചേർക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക.

മുതിര-വാഴപ്പിണ്ടി തോരൻ
മുതിര- ഒരുകപ്പ് (കുതിർത്ത് വേവിച്ചത്)
വാഴപ്പിണ്ടി- രണ്ട് കപ്പ് (ചെറുതായി അരിഞ്ഞത്)
തേങ്ങ ചിരകിയത്- അരക്കപ്പ്
പച്ചമുളക്- മൂന്നെണ്ണം
വെളുത്തുള്ളി- രണ്ടല്ലി
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
കടുക്- അര ടീസ്പൂൺ
ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- ഒരുതണ്ട്

ഉണ്ടാക്കുന്ന വിധം
വാഴപ്പിണ്ടി അരിഞ്ഞ ഉടൻ മോരിലോ വെള്ളത്തിലോ ഇട്ടുവെക്കുക. കറുത്തുപോകുന്നത് തടയാനാണിത്. പച്ചമുളക്, തേങ്ങ, വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിക്കുക. വാഴപ്പിണ്ടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് വെള്ളം തളിച്ച് മൂടിവെച്ച് വേവിക്കുക. വേവിച്ച മുതിര ചേർത്ത് നന്നായി ഇളക്കുക. അവസാനം തേങ്ങാക്കൂട്ട് ചേർത്ത് മൂന്നുമിനിറ്റ് ഇളക്കി തീ ഓഫ് ചെയ്യുക.

മാമ്പഴ കേസരി
റവ- ഒരുകപ്പ്
മാങ്ങ പൾപ്പ്- ഒരുകപ്പ്
വെള്ളം- മൂന്നുകപ്പ്
പഞ്ചസാര- മുക്കാൽ മുതൽ ഒരുകപ്പ് വരെ
(മാങ്ങയുടെ മധുരം അനുസരിച്ച്)
നെയ്യ്- നാല് ടേബിൾസ്പൂൺ
ഏലക്കാപ്പൊടി- അരടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
ഒരുടേബിൾസ്പൂൺ നെയ്യിൽ റവയിട്ട് ഇളം ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക. ഒരു പാനിൽ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് റവ പതുക്കെ ചേർത്ത് ഇളക്കി വേവിക്കുക. റവ വെന്താൽ പഞ്ചസാര ചേർക്കുക. ഇത് അല്പം ലൂസാകുന്നത് സ്വാഭാവികമാണ്. അപ്പോൾ മാങ്ങ പൾപ്പ് ചേർത്ത് മൂന്നുമിനിറ്റ് ചെറിയ തീയിൽ ഇളക്കുക. ബാക്കി നെയ്യ് കുറേശ്ശെയായി ചേർക്കുക. ഏലക്കാപ്പൊടിയും നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തിളക്കുക.

ബീറ്റ്‌റൂട്ട് അച്ചാർ
ബീറ്റ്‌റൂട്ട്- രണ്ടെണ്ണം (ചെറിയ ക്യൂബുകളാക്കി അരിഞ്ഞത്)
മുളകുപൊടി- രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കായപ്പൊടി- കാൽ ടീസ്പൂൺ
ഉലുവപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വിനാഗിരി- രണ്ട് ടേബിൾസ്പൂൺ
നല്ലെണ്ണ- മൂന്ന് ടേബിൾസ്പൂൺ
കടുക്- ഒരു ടീസ്പൂൺ
ഇഞ്ചി- ഒരു ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി- പത്തല്ലി (അരിഞ്ഞത്)
പച്ചമുളക്- രണ്ടെണ്ണം (നീളത്തിൽ കീറിയത്)
കറിവേപ്പില- ഒരുതണ്ട്

ഉണ്ടാക്കുന്ന വിധം
ബീറ്റ്‌റൂട്ട് അല്പം ആവിയിൽ വേവിക്കുകയോ മൂന്നുമിനിറ്റ് മാത്രം വേവിക്കുകയോ ചെയ്യുക. വെള്ളം പൂർണ്ണമായും ഊറ്റിക്കളയുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. തീ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് പെട്ടെന്നിളക്കുക. ഉടൻ തന്നെ ബീറ്റ്‌റൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ്, ഉലുവപ്പൊടി, വിനാഗിരി എന്നിവ ചേർത്ത് മൂന്നുമിനിറ്റ് ഇളക്കി തീ ഓഫ് ചെയ്യുക.

നെല്ലിക്ക സംഭാരം
നെല്ലിക്ക- ആറെണ്ണം
തൈര്- ഒരുകപ്പ്
വെള്ളം- ഒന്നര കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി- ചെറിയ കഷണം
കറിവേപ്പില- ഒരുതണ്ട്
ഉപ്പ്- ആവശ്യത്തിന്
കായപ്പൊടി- ഒരു നുള്ള്
ജീരകപ്പൊടി- കാൽ ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം
നെല്ലിക്ക ചെറുതായി അരിഞ്ഞ് കുരു നീക്കി, കുറച്ച് വെള്ളവും ഉപ്പും ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക. അധികം മൃദുവാകേണ്ടതില്ല. തണുത്ത ശേഷം നെല്ലിക്ക മിക്‌സിയിൽ ചെറുതായി ചതച്ചെടുക്കുക. തൈര് നന്നായി അടിച്ച് വെള്ളം ചേർത്ത് സംഭാരത്തിന്റെ പാകത്തിലാക്കുക. ഇതിലേക്ക് ചതച്ച നെല്ലിക്ക, അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ജീരകപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കലക്കുക. 10 മിനിറ്റ് വെച്ച ശേഷം വിളമ്പാം.

കപ്പ ഇഷ്ടു
കപ്പ- 500 ഗ്രാം (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)
സവാള- ഒന്ന് (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി- ഒരു ചെറിയ കഷണം (ചതച്ചത്)
തേങ്ങാപ്പാൽ- ഒന്നര കപ്പ്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരുടേബിൾസ്പൂൺ
കറിവേപ്പില- കുറച്ച്

ഉണ്ടാക്കുന്ന വിധം
കപ്പ ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. വേവിച്ച കപ്പ ചേർത്ത് ഇളക്കുക. തേങ്ങാപ്പാൽ, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യുക.

മധുരപ്പയർ
വൻപയർ- ഒരുകപ്പ്
ശർക്കര- ഒന്നര കപ്പ്
വെള്ളം- ഒന്നര കപ്പ്
തേങ്ങയുടെ ഒന്നാം പാൽ- അരക്കപ്പ്
തേങ്ങയുടെ രണ്ടാം പാൽ- ഒരുകപ്പ്
ഏലക്കാപ്പൊടി- അരടീസ്പൂൺ
ചുക്കുപൊടി- ഒരുനുള്ള്
നെയ്യ്- ഒരുടേബിൾസ്പൂൺ
തേങ്ങാക്കൊത്ത്- രണ്ട് ടേബിൾസ്പൂൺ
കശുവണ്ടി- കുറച്ച്

ഉണ്ടാക്കുന്ന വിധം
വൻപയർ നന്നായി കഴുകി മൂന്നുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക. വെള്ളം ഊറ്റി വൻപയർ അല്പം മൃദുവാകുന്നതുവരെ വേവിക്കുക. പൂർണ്ണമായി ഉടയാതെ മണികൾ അതേപടി നിൽക്കണം. ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഒരു ഉരുളിയിൽ ശർക്കരപ്പാനി ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് വേവിച്ച വൻപയർ ചേർക്കുക. ചെറിയ തീയിൽ വൻപയർ ശർക്കരപ്പാനി നന്നായി വലിച്ചെടുക്കുന്നതുവരെ വേവിക്കുക.

രണ്ടാം പാൽ ചേർത്ത് രണ്ടുമിനിറ്റ് കൂടി തിളപ്പിക്കുക. അവസാനം ഒന്നാം പാൽ ചേർത്ത് തിളപ്പിക്കാതെ ചൂടാകുമ്പോൾ തന്നെ തീ ഓഫ് ചെയ്യുക. ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേർക്കുക. നെയ്യിൽ തേങ്ങാക്കൊത്തും കശുവണ്ടിയും വറുത്തുചേർക്കുക.

കോർഡിനേഷൻ: റീഷ്മ ദാമോദർ

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Unique Payasam recipe using ten medicinal flowers (Dasha Pushpa). Step-by-step instructions to make Ada for the pradhaman. Refreshing and healthy Hibiscus Rasam recipe, Traditional Kerala cooking methods with natural ingredients