പാഷൻഫ്രൂട്ട് പച്ചടി, പച്ചമാങ്ങ കൊണ്ടുള്ള രസം, ചീരയില ബജി, റമ്പൂട്ടാൻ അച്ചാർ എന്നിവ തയ്യാറാക്കിയാലോ?

മധുരപലഹാരം
തുമ്പപ്പൂവ്- ഒരു ടേബിൾസ്പൂൺ
മുക്കുറ്റിപ്പൂവ്- അര ടീസ്പൂൺ
അശോക പൂവ്- രണ്ട് ടേബിൾസ്പൂൺ
മല്ലികപ്പൂവ്- നാലിതളുകൾ
റോസാപ്പൂവ്- രണ്ടെണ്ണം
പിച്ചകപ്പൂവ്- നാലിതളുകൾ
തെച്ചിപ്പൂവ്- ഒരു ടേബിൾസ്പൂൺ
ശംഖുപുഷ്പം മൂന്നെണ്ണം (ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ചത്)
അരിപ്പൊടി- 150 ഗ്രാം
തേങ്ങ ചിരകിയത്- അരക്കപ്പ്
ശർക്കര- 150 ഗ്രാം
ഉണ്ടാക്കുന്ന വിധം
ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് അരിപ്പൊടി കുഴച്ചു ചെറിയ ഉരുളകളാക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ശർക്കര അല്പം വെള്ളത്തിൽ ഉരുക്കി അതിലേക്ക് തേങ്ങയും പൂക്കളും ചേർത്ത് വിളയിച്ചു എടുക്കുക. ഇത് ഓരോ ഉരുളയിലും നിറച്ചു ഉരുട്ടിയെടുത്ത് ആവിയിൽ വേവിക്കുക.
കായത്തൊലി തോരൻ
കായത്തൊലി- അഞ്ച് കായയുടേത്
ചെറിയുള്ളി- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
വെളുത്തുള്ളി- രണ്ടല്ലി
തേങ്ങ ചിരവിയത്- രണ്ട് ടേബിൾസ്പൂൺ
വെളിച്ചെണ്ണ- ഒരു ടേബിൾസ്പൂൺ
കടുക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾപ്പൊടി- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കായത്തൊലി പൊടിയായി അരിഞ്ഞ് അര ഗ്ലാസ് വെള്ളം ഒഴിച്ച് ഉപ്പിട്ട് വേവിക്കുക. തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ചെറിയുള്ളി, മഞ്ഞൾപ്പൊടി എന്നിവ ചതച്ചെടുക്കുക. ഇത് കായത്തൊലി കൂട്ടിലേക്ക് ചേർത്തിളക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇതിൽ ചേർക്കുക.
ചക്ക മടൽ റോസ്റ്റ്
ചക്ക മടൽ മുള്ള് കളഞ്ഞ് ചതുര ക്കഷ്ണങ്ങളാക്കിയത്- ഒരുകപ്പ്
സവാള- ഒരുകപ്പ് (നീളത്തിൽ കട്ടി കുറച്ച് അരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി- ഒരു ടേബിൾസ്പൂൺ (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക്- രണ്ടെണ്ണം(നീളത്തിൽ അരിഞ്ഞത്)
തക്കാളി- ഒന്ന് (നീളത്തിൽ അരിഞ്ഞത്)
മല്ലിപ്പൊടി- ഒരുടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരുടേബിൾസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചക്ക മടൽ കഷ്ണങ്ങളാക്കിയത് മഞ്ഞൾപ്പൊടിയും ഉപ്പും മുളകു പൊടിയും ചേർത്ത് വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. നല്ലതുപോലെ വഴറ്റി അതിലേക്ക് മല്ലിപ്പൊടി ചേർക്കുക. തക്കാളി ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ച ചക്ക മടൽ, കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
പാഷൻഫ്രൂട്ട് പച്ചടി
പാഷൻഫ്രൂട്ട് പൾപ്പ്- അരക്കപ്പ്
തൈര്- ഒരു കപ്പ് (നന്നായി അടിച്ചത്)
പഞ്ചസാര- ഒരു ടീസ്പൂൺ
തേങ്ങ ചിരവിയത്- അരക്കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ജീരകം- അര ടീസ്പൂൺ
കടുക്- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരു ടേബിൾസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- ഒരുതണ്ട്
ഉണ്ടാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ജീരകം, കടുക് എന്നിവ ചേർത്ത് അല്പം വെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക. ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റി പാഷൻ ഫ്രൂട്ട് പൾപ്പ് ചേർത്തിളക്കുക. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും അടിച്ച തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. (തൈര് ചേർത്തതിന് ശേഷം തിളപ്പിക്കരുത്.) ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിക്കുക. ഈ താളിപ്പ് പച്ചടിയിലേക്ക് ഒഴിച്ച് ഇളക്കുക.
റമ്പൂട്ടാൻ അച്ചാർ
റമ്പൂട്ടാൻ- 500 ഗ്രാം (തൊലിയും കുരുവും നീക്കിയത്)
മുളകുപൊടി- രണ്ട് ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കായപ്പൊടി- കാൽ ടീസ്പൂൺ
ഉലുവപ്പൊടി- അര ടീസ്പൂൺ
കടുക്- ഒരു ടീസ്പൂൺ
ഇഞ്ചി- ഒരു ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി- 12 അല്ലി (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- മൂന്നെണ്ണം (നീളത്തിൽ കീറിയത്)
നല്ലെണ്ണ- നാല് ടേബിൾസ്പൂൺ
വിനാഗിരി- കാൽ കപ്പ്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- കുറച്ച്
ഉണ്ടാക്കുന്ന വിധം
ഒരു ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. തീ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി ചേർത്തിളക്കുക. റമ്പൂട്ടാൻ ചേർത്ത് മൂന്നുമിനിറ്റ് പതുക്കെ ഇളക്കുക. ഉപ്പ്, ഉലുവപ്പൊടി, വിനാഗിരി ചേർത്ത് അഞ്ചുമിനിറ്റ് കൂടി വേവിക്കുക. പൂർണമായും തണുത്തശേഷം വൃത്തിയുള്ള, ഉണങ്ങിയ കുപ്പിയിലേക്ക് മാറ്റുക.
ചീരയില ബജി
ചീരയില- 15 എണ്ണം
കടലമാവ്- ഒരുകപ്പ്
അരിപ്പൊടി- രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി- ഒരുടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കായം- ഒരു നുള്ള്
ജീരകം- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
എണ്ണ- വറുക്കാൻ
ഉണ്ടാക്കുന്ന വിധം
കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം, കായം, ഉപ്പ് എന്നിവ ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക. ചീരയില ഓരോന്നും മാവിൽ നന്നായി മുക്കുക. ചൂടായ എണ്ണയിൽ ഓരോ ഇലയും ഇട്ട് സ്വർണ്ണനിറമാകുന്നതുവരെ ഇരുവശവും വറുത്തെടുക്കുക. എണ്ണ വാർന്ന ശേഷം ചൂടോടെ തക്കാളി സോസ്, പച്ച ചമ്മന്തി എന്നിവയ്‌ക്കൊപ്പം കഴിക്കാം.
പച്ചമാങ്ങ രസം
പച്ചമാങ്ങ- ഒന്ന് (തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
പച്ചമുളക്- രണ്ടെണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
കായപ്പൊടി- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- നാലുകപ്പ്
മല്ലിയില- കുറച്ച്
താളിക്കാൻ
വെളിച്ചെണ്ണ- ഒരുടേബിൾസ്പൂൺ
കടുക്- അര ടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- ഒരുതണ്ട്
ഉണ്ടാക്കുന്ന വിധം
പച്ചമുളക്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മാങ്ങ നന്നായി വേവിക്കുക. വേവിച്ച മാങ്ങ ചെറുതായി ഉടച്ചോ മിക്‌സിയിൽ ഒന്ന് ചതച്ചോ വീണ്ടും പാത്രത്തിലേക്ക് ചേർക്കുക. കുരുമുളകുപൊടി, ജീരകപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. അധികം തിളപ്പിക്കരുത്. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് രസത്തിലേക്ക് ഒഴിക്കുക. അവസാനം മല്ലിയില വിതറി ചൂടോടെ വിളമ്പാം.
മല്ലിയുള്ളിചമ്മന്തി
ചെറിയുള്ളി- 25 എണ്ണം
തക്കാളി- രണ്ടെണ്ണം (കഷണങ്ങളാക്കിയത്)
മല്ലിയില- ഒരുപിടി
പുതിനയില- കുറച്ച്
വറ്റൽമുളക്- എട്ടെണ്ണം
പുളി- ചെറിയ നെല്ലിക്ക വലിപ്പം
വെളുത്തുള്ളി- അഞ്ചല്ലി
ഉപ്പ്- ആവശ്യത്തിന്
എണ്ണ- രണ്ടുടേബിൾസ്പൂൺ
കടുക്- അര ടീസ്പൂൺ
കറിവേപ്പില- കുറച്ച്
ഉണ്ടാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ചൂടാക്കി വറ്റൽമുളക് ഒന്ന് വറുത്ത് മാറ്റിവയ്ക്കുക. അതേ എണ്ണയിൽ ചെറിയുള്ളി ചേർത്ത് നന്നായി ഗോൾഡൻ നിറമാകുന്നതുവരെ വറുക്കുക. വെളുത്തുള്ളി ചേർത്തിളക്കുക. തുടർന്ന് തക്കാളി ചേർത്ത് നന്നായി വഴറ്റി വെള്ളം വറ്റിച്ച് മൃദുവാകുന്നതുവരെ വേവിക്കുക. അവസാനം മല്ലിയിലയും പുതിനയിലയും ചേർത്ത് ഒരുമിനിറ്റ് മാത്രം വഴറ്റുക. ഇത് തണുത്തശേഷം വറുത്ത വറ്റൽമുളക്, പുളി, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് തരുതരുപ്പായി അരയ്ക്കുക. വേണമെങ്കിൽ കടുകും കറിവേപ്പിലയും താളിച്ച് മുകളിൽ ഒഴിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to make a special sweet dish using 8 edible flowers and rice flour. Step-by-step instructions for healthy raw banana peel thoran