മല്ലികപ്പൂവും മുളകിന്റെ പൂവും ചെമ്പരത്തിപ്പൂവും ചേർത്തരച്ച ചമ്മന്തി

പൂക്കൾചേർത്ത ചമ്മന്തി
വാഴപ്പൂ ചെറുതായി മുറിച്ചത് അരക്കപ്പ്
മുളകിന്റെ പൂവ് കാൽ കപ്പ്
ചെമ്പരത്തിപ്പൂ ചെറുതായി മുറിച്ചത് അരക്കപ്പ്
മല്ലികപ്പൂ ഒരു ടീസ്പൂൺ (ഇതളുകൾ)
തേങ്ങ ചിരകിയത് അരക്കപ്പ്
ഇഞ്ചി ഒരു കഷണം
ചെറിയുള്ളി നാലെണ്ണം
വറ്റൽമുളക് ആറെണ്ണം
നാരങ്ങാനീര് ഒരു ടേബിൾസ്പൂൺ
കറിവേപ്പില ഒരു തണ്ട്
ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അരിഞ്ഞുവെച്ച വാഴപ്പൂവിൽ അല്പം വെളിച്ചെണ്ണയും ഉപ്പും തൂവി തിളച്ച വെള്ളത്തിൽ ഇട്ട് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. ഇത് വെളിച്ചെണ്ണയിൽ വഴറ്റി വെള്ളം വറ്റിക്കുക. മുളകിന്റെ പൂ, ചെമ്പരത്തിപ്പൂ, മല്ലികപ്പൂവ് എന്നിവ ചേർക്കുക. വറ്റൽ മുളക് ചുട്ടെടുക്കുക. എല്ലാ ചേരുവകളും ഒന്നിച്ച് അരച്ചെടുക്കുക. പുളിക്ക് ആവശ്യത്തിനുള്ള ചെറുനാരങ്ങാനീര് ചേർത്ത് വിളമ്പാം.
ചേന കൊണ്ടൊരു മസാലക്കറി
ചേന 200 ഗ്രാം (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)
സവാള ഒന്ന് (അരിഞ്ഞത്)
തക്കാളി ഒന്ന് (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
കടുക് അര ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
എണ്ണ രണ്ട് ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചേനയിൽ അല്പം മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പിലയും സവാളയും ചേർത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറും വരെ ഇളക്കുക. തക്കാളി ചേർത്ത് നന്നായി വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ ഇളക്കുക. വേവിച്ച ചേന ചേർത്ത് മസാല നന്നായി പിടിപ്പിക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 5-7 മിനിറ്റ് തിളപ്പിക്കുക. അവസാനം ഗരംമസാല ചേർത്ത് കറിവേപ്പില വിതറി അടുപ്പിൽനിന്നിറക്കാം.
മധുരക്കൂട്ടാൻ
അധികം പഴുക്കാത്ത പപ്പായ 500 ഗ്രാം (ചെറുതായി അരിഞ്ഞത്)
ശർക്കര 100 ഗ്രാം
തേങ്ങ ചിരകിയത് ഒരുകപ്പ്
ജീരകം ഒരു ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില രണ്ടുതണ്ട്
താളിക്കാൻ:
വെളിച്ചെണ്ണ രണ്ടുടേബിൾസ്പൂൺ
കടുക് ഒരു ടീസ്പൂൺ
വറ്റൽമുളക് രണ്ടെണ്ണം
തേങ്ങാക്കൊത്ത് രണ്ടു ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം
മഞ്ഞൾപ്പൊടി, ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് പപ്പായ വേവിക്കുക. ശർക്കര അല്പം വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്ത് വേവിച്ച പപ്പായയിൽ ചേർക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നന്നായി അരച്ച് കറിയിൽ ചേർക്കുക. 35 മിനിറ്റ് ചെറുതീയിൽ ഇളക്കി വേവിച്ച് കറിവേപ്പില ചേർക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് വറ്റൽമുളകും തേങ്ങാക്കൊത്തും സ്വർണ്ണനിറമാകുന്നതുവരെ വറുത്ത് കറിയിലേക്ക് ഒഴിക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.
ഉരുളക്കിഴങ്ങ്-കടല കറി
ഉരുളക്കിഴങ്ങ് മൂന്നെണ്ണം (കഷണങ്ങളാക്കിയത്)
വേവിച്ച കടല ഒരു കപ്പ്
സവാള ഒന്ന് (ചെറുതായി മുറിച്ചത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
മല്ലിയില ഒരു പിടി(ചെറുതായി അരിഞ്ഞത്)
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
പൊട്ടുകടല ഒരു ടേബിൾസ്പൂൺ
വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പും പൊട്ടുകടലയും മൂപ്പിക്കുക. സവാള ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് ചെറുതീയിൽ വഴറ്റുക. ഉരുളക്കിഴങ്ങും വേവിച്ച കടലയും ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങ് വെന്ത് കറി കട്ടിയാകുന്നതുവരെ വേവിക്കുക. അവസാനം ഗരംമസാല ചേർത്ത് 2 മിനിറ്റ് കൂടി വേവിച്ച് ഇറക്കുക. മല്ലിയില ചേർക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Unique flower chutney made with jasmine, hibiscus, and chilli flowers. Flavorful and spicy yam masala curry recipe