ഇവിടെവെച്ച് കാണാതായ കുട്ടിയെ 5 വർഷത്തിനുശേഷം കണ്ടെത്തി; വസ്ത്രത്തില്‍ ഒരുതരി അഴുക്കില്ല, ഒരുദിവസം പോലും പ്രായവ്യത്യാസവുമില്ല

റൊമാനിയയിലെ ഹൊയ ബാച്യു വനം, 'ട്രാന്‍സില്‍വാനിയയുടെ ബെര്‍മുഡ ട്രയാംഗിള്‍' എന്നാണറിയപ്പെടുന്നത്. 200 ആടുകളുമായി പണ്ടൊരിക്കല്‍ ഈ വനത്തിലേക്ക് ഒരിടയന്‍ പോയി. അയാളെ പിന്നെയാരും കണ്ടിട്ടില്ല, ആയാളുടെ ആടുകളെയും. അതോടെയാണ് ഈ വനത്തിന്റെ കുപ്രസിദ്ധി ആരംഭിക്കുന്നത്. പിന്നാടൊരിക്കല്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ ഇവിടെവെച്ച് ഒരു അഞ്ചുവയസ്സുകാരി അപ്രത്യക്ഷയായി. അഞ്ചുവര്‍ഷത്തിനുശേഷം വസ്ത്രത്തില്‍ ഒരു തരി അഴുക്കുപോലുമില്ലാതെ, പ്രായവ്യത്യാസമില്ലാതെ അവള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുവത്രെ. കാലം അവളെ വിഴുങ്ങി പുറന്തള്ളിയതുപോലെ. വീരമൃത്യു വരിച്ച സൈനികര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അപ്രത്യക്ഷരായ ഗ്രാമീണര്‍.. അങ്ങനെ അടുത്തുചെല്ലുമ്പോള്‍ മാഞ്ഞുപോകുന്ന പേരില്ലാത്ത നിഴലുകളായി പ്രേതരൂപങ്ങള്‍ ഇവിടെ അലഞ്ഞുനടക്കുന്നതായി പറയപ്പെടുന്നു. മരച്ചില്ലകളില്‍ നിന്ന് അശരീരിയായ മന്ത്രണങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ആളുകള്‍ അവകാശപ്പെടുന്നു, സമീപത്ത് മറ്റാരുമില്ലാത്തപ്പോള്‍ ആരോ കൈകള്‍ പിടിക്കുകയോ തള്ളുകയോ ചെയ്തതായി ചിലര്‍ തറപ്പിച്ചുപറയുന്നുണ്ട്.
മരങ്ങള്‍ക്കിടയിലൂടെ ഒഴുകിനടക്കുന്ന തിളങ്ങുന്ന ഗോളങ്ങള്‍, രൂപം മാറുന്ന നിഴലുകള്‍, ശ്വാസമെന്നപോലെ ചര്‍മ്മത്തില്‍ തട്ടുന്ന തണുത്ത കാറ്റ്... സന്ദര്‍ശകര്‍ക്ക് തലകറക്കം, ഓക്കാനം, ദിശാബോധമില്ലായ്മ, ആരോ നിരീക്ഷിക്കുകയോ പിന്തുടരുകയോവെന്ന തോന്നല്‍ എന്നിവ അനുഭവപ്പെടും. വനം തന്നെ ജീവനുള്ള, നിരീക്ഷിക്കുന്ന ഒരു സാന്നിധ്യമാണെന്നപോലെ. ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ അതിയായ ആനന്ദം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റുചിലര്‍ വനത്തിന് മുന്നിലെത്തുന്ന നിമിഷം തന്നെ ഭയന്നുവിറച്ചതായും പറയപ്പെടുന്നു. ഇവിടുത്തെ വായുവില്‍ അദൃശ്യമായ എന്തോ തരംഗങ്ങള്‍ ഉണ്ടെന്ന വാദത്തിന് ശക്തി പകര്‍ന്നുകൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുന്നറിയിപ്പില്ലാതെ മിന്നുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യാറുണ്ട്. പതിറ്റാണ്ടുകളുടെ ഗവേഷണങ്ങള്‍ക്കൊടുവിലും, വനത്തിലെ വിചിത്രമായ വൈദ്യുതകാന്തിക വ്യതിയാനങ്ങള്‍ക്ക് ഒരു വിശദീകരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.
1968-ല്‍, സൈനിക സാങ്കേതിക വിദഗ്ദ്ധനായ എമില്‍ ബര്‍നിയ, പുല്ലുപോലും മുളക്കാത്ത ഒരു വിചിത്രമായ വൃത്താകൃതിയിലുള്ള തുറന്ന സ്ഥലം ഈ വനത്തിലുണ്ടെന്ന് കണ്ടെത്തി. ഭയാനകമായ ഈ മൊട്ടക്കുന്നിനെ ഇന്ന് 'ദി ക്ലിയറിംഗ്' എന്ന് വിളിക്കുന്നു. ഭൂമി ജീവനെത്തന്നെ നിരസിക്കുന്നതുപോലെയുള്ള ആ ഒഴിഞ്ഞയിടം വനത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി തുടരുന്നു.
പേടിസ്വപ്‌നം പോലെ പന്തലിച്ച മരങ്ങള്‍, കൊളുത്തുകള്‍ പോലെ വളഞ്ഞും പിരിഞ്ഞുമുള്ള തടി., എന്തിനെയോ ഒളിപ്പിക്കുന്നതുപോലെ വീര്‍ത്ത ചുവട്, ബിര്‍ച്ച് മരങ്ങള്‍ സൃഷ്ടിക്കുന്ന ഭയാനകമായ പ്രകൃതിദത്ത കമാനങ്ങള്‍... ഈ വിചിത്രമായ ആകൃതികള്‍ക്കും കൃത്യമായ വിശദീകരണമില്ല. ചുഴലിക്കാറ്റുകള്‍ മരങ്ങളെ വളച്ചതാണെന്ന് ചിലര്‍ വാദിക്കുന്നു. മറ്റുചിലര്‍ മണ്ണിലെ റേഡിയേഷനെ കുറ്റപ്പെടുത്തുന്നു. വനത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന പലരും സമയബോധം നഷ്ടപ്പെടുന്നതായി ആനുഭവിച്ചിട്ടുണ്ട്. മിനിറ്റുകള്‍ മണിക്കൂറുകളായി തോന്നുന്നുവത്രെ. ഗവേഷകര്‍, യോഗികള്‍, ശാസ്ത്രജ്ഞര്‍ എന്നിങ്ങനെ എണ്ണമറ്റ അന്വേഷകര്‍ വനത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാമെന്ന പ്രതീക്ഷയില്‍ വരുന്നുണ്ടെങ്കിലും, മിക്കവരും കൂടുതല്‍ ചോദ്യങ്ങളുമായാണ് മടങ്ങുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A child vanished in Romania`s Hoia Baciu Forest for 5 years, reappearing with no signs of aging or dirt. Explore this mysterious `Bermuda Triangle of Transylvania`.