ചവിട്ടിത്തേഞ്ഞ ചെരിപ്പുപോലൊരു പട്ടണം, ചെരിപ്പിന്റെ പേരിലറിയപ്പെടുന്ന മഹാരാഷ്ട്രയിലെ കോലാപൂര്‍

കോലാപുരിനെ നഗരമെന്ന് വിളിക്കാനാവില്ല, അതൊരു ഗ്രാമവുമല്ല. ആധുനികതയുടെ സ്പര്‍ശം അധികമേല്‍ക്കാത്ത ഒരിടം. പഴമ മണക്കുന്ന ഏതേതോ തെരുവുകളെ ഓര്‍ത്തുപോയി. അല്ലെങ്കിലും പലവിധം ഗന്ധങ്ങളാണ് ഓരോയിടത്തെയും മനസ്സിലടയാളപ്പെടുത്തുക. കോലാപുരിന് മൃഗങ്ങളുടെ തുകലിന്റെയും കളിമണ്‍പാവകളുടെയും ആട്ടിറച്ചിയുടെയും പൂക്കളുടെയും ഗന്ധമാണ്.
മഹാരാഷ്ട്രയിലാണ് കോലാപുര്‍. മറ്റ് മറാഠി നഗരങ്ങളായ മുംബൈയുടെയോ പുണെയുടെയോ ഔറംഗാബാദിന്റെയോ പൊലിമയോ പകിട്ടോ ഇല്ല. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമായതുകൊണ്ട് ഇവിടെ കന്നഡ സംസാരിക്കുന്നവരും ഏറെയുണ്ട്. കന്നഡ-മറാഠി ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പലപ്പോഴും ചെറിയതോതിലുള്ള ഏറ്റുമുട്ടലുകളില്‍ കലാശിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെ, പുരോഗതിയുടെ കാര്യത്തിലും ഏറെ പിന്നാക്കമാണ്. റോഡുകളുടെയും യാത്രാസൗകര്യങ്ങളുടെയും അവസ്ഥ പരിതാപകരം. ഉറങ്ങിക്കിടക്കുന്ന തെരുവുകള്‍ ചേര്‍ന്ന് ചവിട്ടിത്തേഞ്ഞ ചെരിപ്പുപോലെ പട്ടണം!
കലപോലെ സുന്ദരം
സമ്പന്നമായൊരു ഭൂതകാലമുണ്ട് കോലാപുരിന്. ആ പൈതൃകത്തിന്റെ ശേഷിപ്പാണ് ഇവിടത്തെ, കലപോലെ സുന്ദരമായ ചെരിപ്പുകള്‍. തെരുവുകളില്‍ 'കോലാപുരി ചെരിപ്പുകള്‍' വില്‍ക്കുന്ന കടകളുടെ നീണ്ട നിര. ബേക്കറിയില്‍ മധുരപലഹാരങ്ങളെന്നപോലെ കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെരിപ്പുകളുടെ ശേഖരം കണ്ടുനടക്കുക രസകരമായ അനുഭവമാണ്. ഓരോ തരം ചെരിപ്പും എടുത്തുനീട്ടി വില്‍പ്പനക്കാര്‍ അതിനെക്കുറിച്ചുള്ള കഥകള്‍ പറയും. 'ഇത് വലിയ കാലുള്ള രാജാവിനുവേണ്ടി പ്രത്യേകമായി നിര്‍മിച്ചിരുന്ന ചെരിപ്പുകള്‍, രാജ്ഞിയുടെ സുന്ദരമായ പാദങ്ങളെ അലങ്കരിച്ചിരിക്കുന്നവ...' എന്നിങ്ങനെ.
ഇവിടുത്തെ ഓരോ ചെരിപ്പും എഴുതപ്പെടാത്ത ചരിത്രത്തെ ഉള്ളില്‍ വഹിക്കുന്നുണ്ട്. വില പറഞ്ഞും പേശിയും ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ ചോദിച്ചു: ''എവിടെയാണ് ഇതെല്ലാം ഉണ്ടാക്കുന്ന ഫാക്ടറികള്‍?'' രാജുഭയ്യയെന്ന് സ്വയം പേരിട്ട് വിളിക്കുന്ന കൊമ്പന്‍മീശക്കാരനായ യുവാവ് പറഞ്ഞു: ''ഫാക്ടറികളൊന്നുമില്ല സാബ്, വീടുകളിലാണ് ഉണ്ടാക്കുന്നത്.''ചെരിപ്പുകുത്തികളുടെ തെരുവായ സുഭാഷ് നഗറിലേക്കുള്ള വഴിയും രാജുഭയ്യ പറഞ്ഞുതന്നു.
അങ്കാരികളുടെ കരവിരുത്
സുഭാഷ് നഗറില്‍ പഴയ സര്‍ക്കാരാപ്പീസിന്റെ ഛായയിലുള്ള ലെയ്ന്‍ വീടുകള്‍. ഓരോ വീടിന് മുന്നിലും ഫ്‌ളക്‌സുകളില്‍ ചെരിപ്പിന്റെ ചിത്രങ്ങളും ജിലേബിപോലെ തോന്നിക്കുന്ന മറാഠി അക്ഷരങ്ങള്‍കൊണ്ടുള്ള എഴുത്തും. ഓട്ടോക്കാരന്‍ നയിച്ചത് ദിലീപ് അങ്കാരിയുടെ വീട്ടിലേക്കാണ്. ലുങ്കിപോലെ കള്ളികളുള്ള ബര്‍മുഡയും കൈയില്ലാത്ത മുഷിഞ്ഞ ബനിയനും ധരിച്ച അങ്കാരി, നിലത്ത് ചമ്രംപടിഞ്ഞിരുന്ന് മേട്ടികൊണ്ടടിച്ച് ചെരിപ്പിനുള്ള തുകല്‍ പരുവപ്പെടുത്തുകയാണ്. അതിശയിപ്പിക്കുന്ന കൈവേഗം!
''ഇത്രയധികം തുകലെവിടെ നിന്നാണ്? കോലാപുരില്‍ അത്രയ്ക്ക് വളര്‍ത്തുമൃഗങ്ങളുണ്ടോ?''നിഷേധഭാവത്തില്‍ തലയാട്ടിക്കൊണ്ട് അങ്കാരിയുടെ മറുപടി : ''പണ്ടൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ തുകല്‍ ചെന്നൈയില്‍നിന്ന് കൊണ്ടുവരികയാണ്.''
ചത്ത പശുവിന്റെയും എരുമയുടെയുമെല്ലാം തോല് പൊളിച്ചെടുത്ത് മെഷീനില്‍ അടിച്ചുപരത്തിയ തുകല്‍ വൃത്തിയാക്കിയെത്തിക്കും. മൃഗത്തിന്റെ ശരീരത്തില്‍നിന്ന് പൊളിച്ചെടുത്ത അതേ ആകൃതിയില്‍ തുകല്‍ അടുക്കിവെച്ചിരിക്കുന്നു. ദിലീപിന്റെ കൗമാരപ്രായക്കാരനായ മകന്‍ വൈഭവ് അങ്കാരി ചെരിപ്പിന്റെ ആകൃതി വരച്ചുകൊടുക്കുന്നു. ബാക്കി ജോലി ചെയ്യുന്നത് ദിലീപാണ്.
ഉളികൊണ്ട് വെട്ടിയെടുത്ത് ചുറ്റികകൊണ്ട് അടിച്ചുപരുവപ്പെടുത്തി തുകലുകള്‍ പരസ്പരം ഒട്ടിച്ചശേഷം മുകള്‍ഭാഗത്ത് വള്ളികള്‍ തുന്നിച്ചേര്‍ക്കുന്നു. അതിനുശേഷമാണ് പശപോലുള്ള പോളിഷ് തേച്ച് നിറവും തിളക്കവും വരുത്തുന്നത്. രാജഭരണകാലത്തേയുള്ള കൈത്തൊഴില്‍ പരമ്പരാഗതമായി തുടരുകയാണ് അങ്കാരിമാര്‍. 'സമ്പാര്‍' എന്ന ജാതിയില്‍പ്പെട്ടവരാണ് ഈ കൈത്തൊഴിലുകാര്‍.
ചെരിപ്പിന്റെ ചരിത്രം
സാധാരണ ചെരിപ്പ് നൂറുരൂപയ്ക്കാണ് കച്ചവടക്കാര്‍ക്ക് കൊടുക്കുന്നത്. രണ്ടുകിലോമീറ്റര്‍ അകലെയുള്ള കടകളില്‍ അത് അഞ്ഞൂറും അറുനൂറും രൂപയ്ക്ക് വില്‍ക്കുന്നു! ചൂഷണത്തിന് ദേശഭേദമില്ല. ചെരിപ്പുകുത്തികള്‍ വീടുകള്‍ക്ക് മുന്നില്‍ അഴിച്ചിട്ടിരിക്കുന്നത് സാധാരണ പ്ലാസ്റ്റിക്, ഫൈബര്‍ ചെരിപ്പുകളാണ്. അവരാരും 'കോലാപുരി ചെരിപ്പുകള്‍' ഉപയോഗിക്കുന്നില്ല. അക്കാര്യം ശ്രദ്ധിക്കാതിരിക്കാനായില്ല.
ദിലീപ് അങ്കാരിയുടെ വീട്ടിനപ്പുറത്തെ ലെയ്‌നിലാണ് സുനില്‍ ചോക്രെയുടെ പണിശാല. അയാളും ഭാര്യ റാണി ചോക്രെയുമുള്‍പ്പെടെ അഞ്ചുപേരിരുന്ന് പണിയെടുക്കുന്നു. മെച്ചപ്പെട്ട ചെരിപ്പുകളാണ് അവരുണ്ടാക്കുന്നത്. അല്പം അകലെയാണ് ചോക്രെ കുടുംബത്തിന്റെ താമസം. വലിയ വീടുകളാണ് അവരുടേത്. തുകല്‍ വെട്ടുന്നതും പരുവപ്പെടുത്തുന്നതും പുരുഷന്മാര്‍. ചെരിപ്പ് തുന്നുന്നത് സ്ത്രീകളും.
മഹാരാജാ ചപ്പലുകളൊക്കെ മുംബൈയിലേക്കും മറ്റും കൊണ്ടുപോവുകയാണ്. അവിടെ മൂവായിരം രൂപവരെ വിലകിട്ടും. ചോക്രെ ഇടനിലക്കാര്‍ക്ക് വില്‍ക്കുന്നത് ആയിരം രൂപയ്ക്കും. പഴയകാലത്ത് കോലാപുര്‍ ഭരിച്ചിരുന്ന ഷൗ മഹാരാജാവിനുവേണ്ടി ഉണ്ടാക്കിയിരുന്ന ചെരിപ്പുകളാണിവയെന്ന് ചോക്രെ പറഞ്ഞു. യാത്രപറഞ്ഞ് പിരിയുമ്പോള്‍ ചോക്രെ അകത്തുനിന്ന് മാഗസിനുകളുടെ ഒരു കെട്ട് കൊണ്ടുവന്നു. വിവിധ ഭാഷകളില്‍ 'കോലാപുരി ചെരിപ്പുകളെ'ക്കുറിച്ച് വന്ന ഫീച്ചറുകള്‍. ചില്ലറക്കാരനല്ല താനെന്ന ഭാവത്തില്‍ അതിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ താത്പര്യപൂര്‍വം കാട്ടിത്തന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ കോലാപുരുള്‍പ്പെട്ട പ്രദേശങ്ങള്‍ കല്യാണി ചാലൂക്യവംശത്തിന്റെ അധീനതയിലായിരുന്നു. ഭരണാധികാരിയായിരുന്ന ബിജാലരാജാവും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയും അക്കാലത്തെ പ്രശസ്ത കവിയുമായിരുന്ന ബസവണ്ണയുമാണ് 'കോലാപുരി ചെരിപ്പുകളു'ടെ ഉത്പത്തിക്ക് കാരണക്കാര്‍.
നാട്ടിലെ ചെരിപ്പുകുത്തികളുടെ കരവിരുത് തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു രാജാവും മന്ത്രിയും. ചെരിപ്പുകുത്തികളുടെ ഗ്രാമങ്ങളുടെ പേരിലായിരുന്നു ചെരിപ്പുകള്‍ അക്കാലത്ത് അറിയപ്പെട്ടത്. പൈത്താന്‍, കച്ചികടി, കപാഷി, പുക്രി എന്നീ പേരുകളുണ്ടായിരുന്ന ചെരിപ്പുകള്‍ പില്‍ക്കാലത്ത് പൊതുവായി 'കോലാപുരി ചെരിപ്പുകളെ'ന്ന് വിളിക്കപ്പെട്ടു.
Content Highlights: handcrafted leather sandals and their roots to the historic city of kolhapur in maharashtra