നിങ്ങൾക്ക് വീട് വാങ്ങാം, പക്ഷേ ഭൂമി സ്വന്തമാക്കാൻ കഴിയില്ല; കാരണമിതാണ്

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡിന് മറ്റെവിടെയും കാണാത്ത ചില സവിശേഷതകളുണ്ട്. അവിടെ ആർക്കും കെട്ടിടങ്ങൾ സ്വന്തമാക്കാം, എന്നാൽ ഭൂമി വാങ്ങാൻ കഴിയില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡിനെ അമേരിക്കയോട് ചേർക്കുമെന്ന് ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ, "ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ല" എന്ന മുദ്രാവാക്യവുമായി അവിടുത്തെ രാഷ്ട്രീയക്കാരും ജനങ്ങളും പ്രതിഷേധത്തിലാണ്.
ഡെന്മാർക്ക് രാജ്യത്തിന്റെ ഭാഗമായ ഈ സ്വയംഭരണ പ്രദേശത്തെ സ്വന്തമാക്കാൻ അമേരിക്ക താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഗ്രീൻലാൻഡിന് അതിന്റേതായ സവിശേഷമായ സ്വത്തവകാശ നിയമങ്ങളുണ്ട്. പ്രാദേശിക ഗ്രീൻലാൻഡ് നിവാസികൾക്ക് പോലും അവിടെ ഭൂമി വാങ്ങാൻ അനുവാദമില്ല. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിലെ നിയമമനുസരിച്ച്, വ്യക്തികൾക്ക് വീടോ മറ്റ് കെട്ടിടങ്ങളോ സ്വന്തമാക്കാം, പക്ഷേ ആ കെട്ടിടങ്ങൾ നിൽക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥതയിൽ വരികയില്ല.
ഭൂമി സ്വന്തമാക്കാൻ കഴിയാത്തതിന്റെ കാരണം
ഗ്രീൻലാൻഡിൽ എല്ലാ ഭൂമിയും ജനങ്ങളുടേതാണ്. ഇത് പൊതു അധികാരികളാണ് നിയന്ത്രിക്കുന്നത്. അവിടെ സ്വകാര്യ ഭൂവുടമസ്ഥത അനുവദനീയമല്ല. ഒരു വീട് പണിയണമെങ്കിൽ, ആ സ്ഥലത്തിനായുള്ള 'ഉപയോഗാവകാശം' ലഭിക്കുന്നതിന് മുൻസിപ്പാലിറ്റിയിൽ അപേക്ഷിക്കണം. ഇതിനെ 'സൈറ്റ് അലോക്കേഷൻ' എന്ന് വിളിക്കുന്നു. വീടോ മറ്റ് കെട്ടിടങ്ങളോ നിർമ്മിക്കാൻ, നിലവിലുള്ള വീട് വികസിപ്പിക്കാൻ, ഒരു വീട് വാങ്ങിയ ശേഷം ആ സ്ഥലത്തിനായുള്ള ഉപയോഗാവകാശത്തിന്, കാർ പാർക്കിങ് നിർമ്മിക്കാൻ, കടകൾ വീടുകളാക്കി മാറ്റുന്നത് പോലുള്ള ആവശ്യങ്ങൾക്കായി ഇത്തരം അപേക്ഷകൾ നൽകാം.
ഉടമസ്ഥാവകാശ നിയമം
ഭൂമി എന്നത് എല്ലാവർക്കും അവകാശപ്പെട്ട ഒരു പൊതു വിഭവമാണെന്ന തത്വചിന്തയാണ് ഈ നിയമത്തിന് പിന്നിൽ. ഭൂമി വ്യക്തികൾക്ക് സ്വന്തമായിരിക്കേണ്ട ഒന്നല്ലെന്ന് അവർ വിശ്വസിക്കുന്നു.
ഗ്രീൻലാൻഡ്, ഡെന്മാർക്ക് അല്ലെങ്കിൽ ഫറോ ദ്വീപുകൾ എന്നിവിടങ്ങളിലെ പൗരന്മാരല്ലാത്തവർക്ക് സ്വത്ത് വാങ്ങാൻ അനുവാദമില്ല. എന്നാൽ, രണ്ടു വർഷമായി അവിടെ താമസിച്ച് നികുതി അടയ്ക്കുന്നവർക്ക് സ്വത്തിനായി അപേക്ഷിക്കാം.
ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് വീടിന്റെ വലിപ്പം നിശ്ചയിക്കുന്നത് (ഉദാഹരണത്തിന് നാലംഗ കുടുംബത്തിന് നാല് ബെഡ്റൂം അപ്പാർട്ട്മെന്റ്).
നിശ്ചിത അപേക്ഷാ ഫോമുകൾ വഴിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ അപേക്ഷിക്കാം. എല്ലാ അലോട്ട്‌മെന്റുകൾക്കും ഗവൺമെന്റിന്റെ അനുമതി ആവശ്യമാണ്. ഭൂമിയുടെ ഉപയോഗാവകാശമില്ലാതെ ഒരു കെട്ടിടം മാത്രം വിൽക്കാൻ ഉടമയ്ക്ക് കഴിയില്ല. ഗ്രീൻലാൻഡിലെ പ്രധാന നഗരങ്ങളിൽ ഇപ്പോൾ കടുത്ത ഭവനക്ഷാമം നേരിടുന്നുണ്ട്. തലസ്ഥാനമായ നൂക്കിൽ ഒരു വീട് വാടകയ്ക്ക് ലഭിക്കുന്നതിന് 10 മുതൽ 12 വർഷം വരെയാണ്. അതിനാൽ, പുറത്തുനിന്ന് ജോലിക്ക് വരുന്നവർക്ക് തൊഴിലുടമകൾ തന്നെ താമസസൗകര്യം ഒരുക്കാറാണ് പതിവ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why you can own a house in Greenland but not the land. Understand unique property laws & residency requirements.