ഗോവയിലേക്കൊരു ട്രിപ്പ് പ്ലാൻ ചെയ്താലോ?

കൊങ്കണ്‍ സ്റ്റേഷനായ മഡ്ഗാവ്, സൗത് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനായ വാസ്‌കോ ഡാ ഗാമ എന്നിങ്ങനെ രണ്ട് പ്രധാന റെയില്‍വേ സ്‌റ്റേഷനുകളാണ് ഗോവയിലുള്ളത്. ഗോവയിൽ എയർപോർട്ട് സൗകര്യവും ലഭ്യമാണ്. നല്ല റോഡ് ഗതാഗതമുള്ള സ്ഥലം കൂടിയാണ് ഗോവ. അതുകൊണ്ട് ഗോവയിലേക്കെത്താൻ ഇഷ്ടമുള്ള ഏത് മാർഗവും തെരഞ്ഞെടുക്കാം.
അഗ്വാഡ ഫോര്‍ട്ട്
മണ്ഡോവി പുഴ കടലിലേക്ക് ചേരുന്ന കുന്നിന്‍മുകളിലാണ് ഫോര്‍ട്ട്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള, നാല് നിലയുള്ള ലൈറ്റ് ഹൗസ് കോട്ടയുടെ പ്രധാന ആകര്‍ഷണമാണ്. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് കോട്ട പണിതത്. തലസ്ഥാനമായ പനാജിയില്‍ നിന്ന് 15 കിലോമീറ്റര്‍ താണ്ടി വേണം ഇവിടെയെത്താന്‍. കൂറ്റന്‍ പീരങ്കികളും അതിശയകരമായ വലിയ ജല സംഭരണിയും കോട്ടയ്ക്കുള്ളിലുണ്ട്. ഇറ്റാലിയന്‍ രീതിയില്‍, ലാറ്ററൈറ്റ് കല്ലിലാണ് കോട്ടയുടെ നിര്‍മാണം.
എല്ലാ ദിവസവും 9.30 മുതല്‍ 6 വരെ കോട്ടയില്‍ പ്രവേശിക്കാം, അതും സൗജന്യമായി.
പുരാതന ഗോവ
മഡ്ഗാവില്‍ നിന്ന് 36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുരാതന ഗോവ എന്നറിയപ്പെടുന്ന നോര്‍ത്ത് ഗോവയിലെത്താം. കര്‍മാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ആണ് പുരാതന ഗോവയിലേക്കുള്ള ദൂരം. മഡ്ഗാവില്‍ നിന്ന് കര്‍മാലിയിലേക്ക് ട്രെയിന്‍ കയറുകയുമാകാം.
*ബസിലിക്ക ഓഫ് ബോം ജീസസ് - ലോക പൈതൃക സ്മാരകങ്ങളില്‍പെട്ട നിര്‍മാണം. പള്ളിയുടെ ബസാള്‍ട്ട് തൂണുകളും കറുത്ത ഗ്രാനൈറ്റ് ചുമരുകളും ലാറ്റിന്‍ -പോര്‍ച്ചുഗീസ് കൊത്തുപണികളും ഏറെ പ്രശസ്തമാണ്
വിശുദ്ധ ഫ്രാന്‍സിസ് പുണ്യാളന്റെ കല്ലറ ബസിലിക്കയുടെ സമുച്ചയത്തിലാണ്. ചൈനയില്‍ വെച്ച് മരണപ്പെട്ട വിശുദ്ധന്റെ ഭൗതികാവശിഷ്ടം ഗോവയിലേക്ക് കൊണ്ടുവരികയായിരുന്നു. പത്തു വര്‍ഷം കൂടുമ്പോള്‍ വിശുദ്ധദേഹം പൊതുദര്‍ശനത്തിനു വെക്കാറുണ്ട്. 9- 6.30 വരെയാണ് പ്രവേശനം.
*സെ കത്തീഡ്രല്‍ - ഏഷ്യയിലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയില്‍ ഏറ്റവും വലിയ പള്ളിയാണിത്. പതിനാറാം നൂറ്റാണ്ടില്‍ പണിത ഈ പള്ളി മരപ്പണികളും ഉയര്‍ന്ന മേല്‍ക്കൂരയും മൊസൈക്ക് പണികളും ചുമര്‍ ചിത്രങ്ങളും ചേര്‍ന്ന ഐബീരിയന്‍ വാസ്തുവിന്റെ ഉദാത്ത ഉദാഹരണമാണ്. 7.30-6 വരെ പള്ളിയില്‍ പ്രവേശിക്കാം.
* വാക്‌സ് വേള്‍ഡ് മ്യൂസിയം- ബസിലിക്ക ഓഫ് ബോം ജീസസിന് തൊട്ടടുത്താണ് ഈ മ്യൂസിയം. ഇന്ത്യയിലെ ചുരുക്കം ചില മെഴുക് മ്യൂസിയങ്ങളില്‍ ഒന്ന്. പ്രശസ്തരായ മുപ്പത് മഹത് വ്യക്തികളുടെ മെഴുക് രൂപങ്ങളാണ് ഇവിടെയുള്ളത്. മ്യൂസിയം 9.30- 6 30 വരെ പ്രവര്‍ത്തിക്കും. 30 രൂപ എന്‍ട്രി ഫീ. ക്യാമറയ്ക്ക് 10 രൂപയും.
* ദിവാര്‍ ദ്വീപ് -മണ്ഡോവി നദീതടം കനിഞ്ഞരുളിയ സുന്ദരപ്രദേശം. പഞ്ചിമില്‍ നിന്ന് പത്തുമിനിറ്റ് ജങ്കാര്‍ യാത്ര നടത്തിയാല്‍ ഈ ദ്വീപിലെത്താം. വൈസ്രോയി മാര്‍ച്ചില്‍ നിന്ന് പുറപ്പെടുന്ന ജങ്കാര്‍ സര്‍വീസുകളുമുണ്ട്. മൂന്ന് ഗ്രാമങ്ങളാണ് ദ്വീപിലുള്ളത്. സന്ദര്‍ശകര്‍ക്ക് ഹോം സ്റ്റേ സൗകര്യങ്ങളുണ്ട്. ലക്ഷ്വറി റിസോര്‍ട്ട് സൗകര്യവും ലഭിക്കും.
കൊങ്കണ്‍ റെയില്‍വേ വഴി വരുന്നവര്‍ക്ക് കാരംബൊലിം സ്റ്റേഷനില്‍ ഇറങ്ങി ജങ്കാര്‍ പിടിക്കാം. ഇങ്ങോട്ടുള്ള ജങ്കാറുകള്‍ സൗജന്യ യാത്രയാണ്.
സപ്തകോടേശ്വര ക്ഷേത്രം, സെന്റ് മാത്തിയാസ് ചര്‍ച്ച്, അവര്‍ ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ച് എന്നിങ്ങനെ ദ്വീപിനുള്ളില്‍ കാഴ്ചകള്‍ ഏറെയുണ്ട്. തൊട്ടടുത്തുള്ള വാന്‍ക്‌സിം ദ്വീപിലേക്കും പോകാം. പഴയ പോര്‍ച്ചുഗീസ് വീടുകളാണ് ദ്വീപിന്റെ മറ്റൊരു പ്രത്യേകത.
കടല്‍ കടന്ന കടല്‍പെരുമ
ഗോവന്‍ ബീച്ചുകളുടെ പെരുമ ആഗോളമാണ്. ബാഗ, ഡോണപോള, പാലോലെം, വാഗത്തൂര്‍, കണ്ടോലിം, കോള്‍വ, അന്‍ജുന, ബട്ടര്‍ഫ്ളൈ, അഗോണ്ട, കൊക്കോ, ബേതുല്‍, കോല, വാര്‍ക്ക, അറോസിം, രാജ്ബാഗ് ...എന്നിങ്ങനെ ഗോവയുടെ മിക്ക പ്രദേശങ്ങളിലും കടല്‍ അതിരുണ്ട്. ഗോവന്‍ ബീച്ചുകള്‍ വിവിധ തരം വാട്ടര്‍ സ്‌പോര്‍ട്ടുകള്‍ക്കും പേരുകേട്ടതാണ്.
ഗോവയുടെ തീന്‍മേശ
ഗോവന്‍ മീന്‍ കറി, ചിക്കന്‍ കഫ്രിയല്‍, പോര്‍ക്ക് വിന്താലു , സൊറാക്, സമറച്ചി കൊടി, പതായോ ബേബിന്‍ക, സന്നാസ്... ഇങ്ങനെ യൂറോപ്യന്‍ ഇന്ത്യന്‍ രുചികളുടെ സ്വര്‍ഗീയ സമ്മിശ്രണമാണ് ഗോവന്‍ വിഭവങ്ങള്‍.
Content Highlights: Explore GoaExplore Goa`s stunning beaches, historical forts like Aguada, Old Goa`s churches & more. Plan your trip with our complete guide.