യേശുവിന്റെ മരണത്തോടുള്ള ആദരസൂചകമായി ദുഃഖവെള്ളി മുതൽ ഈസ്റ്റർ ഞായർ വരെ പള്ളി മണി മുഴങ്ങാറില്ല

ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ് ഈസ്റ്റർ. കുരിശിലേറ്റിയ യേശു, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്, ലോകത്തെ എല്ലാ മനുഷ്യർക്കുമുള്ള പ്രചോദനമാണ്. ജാതി-മതഭേദമന്യേ ലോകം മുഴുവൻ ആ ഉയർത്തെഴുന്നേൽപ്പ് ആഘോഷമാക്കുന്നത് വ്യത്യസ്ത രീതികളിലാണ്. കൗതുകമുണർത്തുന്ന ചില ഈസ്റ്റർ ആചാരങ്ങളിതാ.
ഇറ്റലിയിലെ ഈസ്റ്റർ
ഇറ്റലിയിൽ, ക്രിസ്തീയ ആഘോഷ ദിനങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഈസ്റ്റർ. പ്രിയപ്പെട്ടവരോടൊപ്പം പിക്‌നിക്കുകൾ സംഘടിപ്പിച്ചും, ഒത്തുചേർന്ന് ഭക്ഷണം കഴിച്ചും, ഈസ്റ്റർ മുട്ടകൾ കൈമാറിയും ഇത് ആഘോഷിക്കുന്നു. കുട്ടികളോടൊപ്പം ചേർന്ന് അലങ്കരിച്ചതോ അല്ലെങ്കിൽ ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചതോ ആയ മുട്ടകളാണ് ഇവിടെ ഉപയോഗിക്കുന്നത്. കൂടാതെ, 'കൊളംബ പാസ്‌ക്വേൽ' (colomba pasquale) എന്ന പരമ്പരാഗത ഈസ്റ്റർ കേക്കും ഇതിന്റെ ഭാഗമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, യേശുവിന്റെ ജീവിതത്തിലെ അവസാന ദിവസങ്ങൾ, അദ്ദേഹത്തിന്റെ പീഡാനുഭവങ്ങൾ, മരണം, പുനരുത്ഥാനം എന്നിവയെ സ്മരിക്കുന്ന ആത്മീയമായ ഒരു വശം കൂടി ഇതിനുണ്ട്.
കാലക്രമേണ, ക്രിസ്തീയ വിശ്വാസങ്ങൾ നിലവിലുണ്ടായിരുന്ന പ്രാദേശിക ആചാരങ്ങളുമായി ഒത്തുചേർന്നു. പുരാതന കാലം മുതൽ ശൈത്യകാലത്ത് നിന്ന് വസന്തത്തിലേക്കും, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുമുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന ചടങ്ങുകൾ ഈ കാലയളവിൽ നടക്കാറുണ്ടായിരുന്നു. ഇറ്റലിയിലും ലോകമെമ്പാടുമുള്ള പല ഈസ്റ്റർ ആചാരങ്ങളിലും ഈ പുരാതന ചടങ്ങുകളുടെ പ്രതിഫലനം കാണാം.
ഇംഗ്ലണ്ടിലെ Easter Monday
ഇംഗ്ലണ്ടിൽ ഈസ്റ്ററും തൊട്ടടുത്ത തിങ്കളാഴ്ചയും (Easter Monday) ആഘോഷിക്കുന്നു. 'ഈസ്റ്റർ' എന്ന വാക്ക് 'ഇയോസ്ട്രെ' (Eostre) എന്ന പുരാതന വസന്ത ദേവതയുടെ പേരിൽ നിന്നാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. കുട്ടികൾക്ക് ചോക്ലേറ്റ് മുട്ടകളും മുയലിന്റെ ആകൃതിയിലുള്ള മധുരപലഹാരങ്ങളും (Easter Bunnies) നൽകുന്ന പതിവ് ഇവിടെയുണ്ട്.
മറ്റൊരു പ്രധാന വിഭവം കറുവപ്പട്ടയും ഉണക്കമുന്തിരിയും ചേർത്ത 'ഹോട്ട് ക്രോസ് ബൺസ്' (Hot Cross Buns) ആണ്. പെസഹാ വ്യാഴാഴ്ചയെ 'മോണ്ടി തേഴ്‌സ്‌ഡേ' (Maundy Thursday) എന്നാണ് വിളിക്കുന്നത്. ഈ ദിവസം ദരിദ്രരെ സഹായിക്കുന്നതിനും പ്രായമായവർക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിനും പ്രാധാന്യം നൽകുന്നു. 'ഈസ്റ്റർ എഗ്ഗ് റോളിംഗ്', 'ഈസ്റ്റർ എഗ്ഗ് ഹണ്ട്' (മുട്ട തിരയൽ) തുടങ്ങിയ വിനോദങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
സ്‌പെയിനിലെ സെമാന സാന്ത
സ്‌പെയിനിൽ 'സെമാന സാന്ത' (Semana Santa) അഥവാ വിശുദ്ധ വാരത്തിൽ വലിയ ഘോഷയാത്രകൾ നടക്കുന്നു. വിശുദ്ധരുടെ രൂപങ്ങളും കുരിശുകളും വഹിച്ചുകൊണ്ടുള്ള ഈ യാത്രകളിൽ വലിയ ജനപങ്കാളിത്തമുണ്ടാകാറുണ്ട്. കുരുത്തോല പെരുന്നാൾ ദിവസം ജനങ്ങൾ ഒലിവ് ഇലകളും ഈന്തപ്പനയോലകളും വെഞ്ചരിച്ച് വീടിന്റെ വാതിലുകളിലും ജനലുകളിലും തൂക്കുന്നു. 'മോണ ഡി പാസ്‌ക്വ' (Mona de Pascua) എന്ന കേക്കാണ് ഇവിടുത്തെ പ്രധാന ഈസ്റ്റർ വിഭവം.
ഫ്രാൻസിലെ മധുരപലഹാരങ്ങൾ
യേശുവിന്റെ മരണത്തോടുള്ള ആദരസൂചകമായി ദുഃഖവെള്ളി മുതൽ ഈസ്റ്റർ ഞായർ വരെ ഫ്രാൻസിലെ പള്ളികളിൽ മണി മുഴങ്ങാറില്ല. ഈ മണികൾ റോമിലേക്ക് പറന്നുപോയതാണെന്നാണ് കുട്ടികളോട് പറയാറുള്ളത്. ഈസ്റ്റർ രാവിലെ തിരിച്ചെത്തുന്ന മണികൾ മധുരപലഹാരങ്ങൾ കൊണ്ടുവരുമെന്ന് അവർ വിശ്വസിക്കുന്നു. ആട്ടിറച്ചിയും മുട്ട കൊണ്ടുള്ള വിഭവങ്ങളുമാണ് പ്രധാന ഈസ്റ്റർ ഭക്ഷണം.
നെതർലൻഡ്സിലെ Paasbrood
നെതർലൻഡ്സിലും ഈസ്റ്റർ Egg വളരെ സജീവമാണ്. ചായം പൂശിയ മുട്ടകൾ മരക്കൊമ്പുകളിലും ചെടികളിലും തൂക്കിയിടുന്നു. 'പാസ്ബ്രോഡ്' (Paasbrood) എന്ന മധുരപലഹാരവും ഉണങ്ങിയ പഴങ്ങൾ ചേർത്ത ഭക്ഷണവുമാണ് ഇവിടെ പ്രധാനം.
ഗ്രീസിന്റെ kokoretsi
ഗ്രീസിലെ ഓർത്തഡോക്‌സ് ഈസ്റ്റർ മിക്കവാറും ഏപ്രിൽ മാസത്തിലാണ് വരുന്നത്. വലിയ നോമ്പ് ഇവിടെ വളരെ കർശനമായി ആചരിക്കുന്നു. ദുഃഖശനിയാഴ്ച രാത്രിയിൽ പള്ളിയിൽ നിന്ന് പുനരുത്ഥാന വാർത്ത അറിയിക്കുമ്പോൾ എല്ലാവരും മെഴുകുതിരികൾ തെളിയിക്കുന്നു. ഈസ്റ്റർ ഞായറാഴ്ച ആട്ടിറച്ചി ചുട്ടതും 'കൊക്കോറെറ്റ്‌സി' (kokoretsi) എന്ന വിഭവവും ചേർത്ത് വലിയ വിരുന്നുകൾ ഒരുക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of diverse Easter 2026 customs across Italy, England, Spain, France, Netherlands, and Greece., Integration of ancient spring rituals with Christian resurrection faith., Cultural significance of traditional foods like Hot Cross Buns and Colomba Pasquale., Unique regional practices such as France's silent bells and Spain's Semana Santa processions.