ചോറ് ബാക്കിയുണ്ടെങ്കില്‍, പക്കാവടയും പായസവുമുണ്ടാക്കാം

എത്ര കുറഞ്ഞ അളവില്‍ ഉണ്ടാക്കിയാലും മിക്കവാറും ചോറ് ബാക്കിയായിരിക്കും പല വീടുകളിലും. പിന്നെ ഫ്രിഡ്ജില്‍ വെക്കണം, പിറ്റേന്ന് ചൂടാക്കി വീണ്ടും കഴിക്കണം. ഇതിലും നല്ലത് പുതിയ ചില വിഭവങ്ങള്‍ ഉണ്ടാക്കുന്നതല്ലേ?
ചോറിന് തന്നെ പലതരം മേക്കോവറുകള്‍ കൊടുക്കാം. തക്കാളിയും സവാളയും ചേര്‍ത്ത് ടൊമാറ്റോ റൈസ്, ചെറുനാരങ്ങാനീരും മഞ്ഞള്‍പൊടിയും നിലക്കടല വറുത്തതും കശുവണ്ടിയും കറിവേപ്പിലയുമിട്ട് ലെമണ്‍ റൈസ്...ഇങ്ങനെ പലതരം പരീക്ഷണങ്ങളാവാം.
ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അതില്‍ ഒരു സവാള നുറുക്കിയതും മൂന്ന് പച്ചമുളക് നുറുക്കിയതും ഒരു തക്കാളി നുറുക്കിയതും ചേര്‍ത്ത് വഴറ്റുക. ശേഷം അതിലേക്ക് അരക്കപ്പ് വേവിച്ച ഗ്രീന്‍പീസ്, നുറുക്കിയ രണ്ട് കാരറ്റ്, കോളിഫ്‌ളവര്‍ നുറുക്കിയത് അരക്കപ്പ് എന്നിവ ചേര്‍ത്ത് ഒന്ന് വേവിക്കുക. അതിലേക്ക് ബിരിയാണി മസാലയും ചേര്‍ത്ത് നന്നായിളക്കുക. വെന്തുകഴിഞ്ഞാല്‍ ബാക്കി വന്ന നാല് കപ്പ് ചേര്‍ത്തിളക്കാം. എളുപ്പത്തില്‍ ഒരു വെജിറ്റബിള്‍ ബിരിയാണി റെഡി.
അര ലിറ്റര്‍ പാല്‍ ചൂടാകുമ്പോള്‍, അതിലേക്ക് ബാക്കി വന്ന ചോറും ആവശ്യത്തിന് പഞ്ചസാരയുമിട്ട് നന്നായി തിളപ്പിക്കുക. ശേഷം അല്പം നെയ്യ് ചേര്‍ത്ത് വീണ്ടുമിളക്കുക. നന്നായി തിളയ്ക്കുമ്പോള്‍, നെയ്യില്‍ മൂപ്പിച്ച കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കാം. ഏലക്കയുടെ രുചി ഇഷ്ടമാണെങ്കില്‍, തിളപ്പിക്കുമ്പോള്‍ രണ്ട് ഏലക്ക പൊടിച്ചതും കൂടി ചേര്‍ത്തുകൊടുക്കാം. ഇങ്ങനെ ചോറുകൊണ്ടുള്ള പായസമുണ്ടാക്കാം.
ഒരു കപ്പ് ചോറ് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് കാല്‍ കപ്പ് കടലപ്പൊടി, ഒരു സവാളയുടെ പകുതി നുറുക്കിയത്, നാല് പച്ചമുളക് നുറുക്കിയത്, ഒരു കഷണം ഇഞ്ചി നുറുക്കിയത്, മല്ലിയില നുറുക്കിയത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്തുകൊടുക്കാം. ഇതില്‍നിന്ന് ഒരു സ്പൂണുപയോഗിച്ച് കുറേശ്ശെ മാവെടുത്ത് ചൂടായ എണ്ണയിലിട്ട് വറുത്തുകോരിയെടുക്കാം. ഈ പക്കവട നല്ല രുചികരമായിരിക്കും. ചട്ണി അല്ലെങ്കില്‍ സോസിനൊപ്പം കഴിക്കാം.
ഒന്നര കപ്പ് ചോറ് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് ഉടച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഒരു സവാള നുറുക്കിയത്, ആറ് പച്ചമുളക് നുറുക്കിയത്, ആവശ്യത്തിന് ഉപ്പ്, മല്ലിയില നുറുക്കിയത്, അല്പം മുളകുപൊടി, കാല്‍ കപ്പ് റൊട്ടിപ്പൊടി (ബ്രെഡ് മിക്‌സിയിലിട്ട് പൊടിച്ചാല്‍ മതി) അല്ലെങ്കില്‍ റസ്‌ക് പൊടിച്ചതോ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. ഇതില്‍നിന്ന് ഓരോ ഉരുളയെടുത്ത് ചെറുതായി പരത്തി, പാനിലിട്ട് ഷാലോ ഫ്രൈ ചെയ്‌തെടുക്കാം. ഒരുവശം വേവുമ്പോള്‍, മറിച്ചിട്ട് വേവിക്കാം.
ബാക്കിയുള്ള ചോറില്‍ ആവശ്യത്തിന് കട്ടിത്തൈര്, ജീരകം, നുറുക്കിയ പച്ചമുളക്, കറിവേപ്പില, അല്പം മല്ലിയില നുറുക്കിയത് എന്നിവ ചേര്‍ത്തിളക്കാം. തൈര് ചോറ് തയ്യാര്‍.
Content Highlights: food items from leftover rice