സോസ് ഇല്ലെങ്കിലും സ്വാദ് കൂട്ടുന്ന ഫ്രൈഡ്‌റൈസ്

പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

കുട്ടികള്‍ക്കുള്ള ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നത് വലിയൊരു 'ടാസ്‌ക്' അല്ലാതായി ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇത്തവണ കുഞ്ഞുങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടുതരം റൈസ് പരീക്ഷിച്ചുനോക്കാം. സോസ് ചേര്‍ക്കാതെ തന്നെ സ്വാദ് കൂട്ടുന്ന വിഭവങ്ങളാണ് മിക്‌സഡ് ഫ്രൈഡ് റൈസും, സ്വീറ്റ് കോണ്‍ റൈസും…
മിക്‌സഡ് ഫ്രൈഡ് റൈസ്
ചേരുവകള്‍:
ബസ്മതി അരി - രണ്ട് കപ്പ്
ബോണ്‍ലെസ്സ് ചിക്കന്‍ -അര കപ്പ്
കാരറ്റ്, ബീന്‍സ്, ക്യാബേജ് എന്നിവ പൊടിയായി
അരിഞ്ഞത്- കാല്‍ കപ്പ് വീതം
മുട്ട - രണ്ട്
സവാള - ഒന്ന്
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - ഒന്ന്
പച്ചമുളക് - മൂന്ന്
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്, ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് ചെറിയ കഷണങ്ങളാക്കി വെക്കുക. അരി കഴുകി വേവിച്ച് വാര്‍ത്തു വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചുവെക്കുക. ഗ്രീന്‍ ചില്ലി സോസിനു പകരം പച്ചമുളകിന്റെ ഫ്‌ലേവര്‍ മതിയാവും. മുട്ടയിലേക്ക് അല്പം ഉപ്പ് ചേര്‍ത്ത് കലക്കിവയ്ക്കണം. പാനില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇളം ബ്രൗണ്‍ നിറം ആകുമ്പോള്‍ അരച്ച് വെച്ച പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഉപ്പും കുരുമുളകും ചേര്‍ത്തിളക്കി അഞ്ചു മിനിറ്റ് മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. വഴറ്റിയ പച്ചക്കറികള്‍ പാനിന്റെ ഒരു വശത്തേക്ക് നീക്കിയിട്ട് മുട്ട ചേര്‍ത്ത് ചെറുതായി ചിക്കുക. ശേഷം എല്ലാം യോജിപ്പിച്ച് ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതും ചേര്‍ക്കുക. വേവിച്ചുവെച്ച റൈസ് ചേര്‍ത്ത് ടോസ് ചെയ്ത് ബാക്കി കുരുമുളക് പൊടിയും തൂവി തീ അണയ്ക്കാം.

പ്രതീകാത്മകചിത്രം/Photo: Shutterstock

സ്വീറ്റ് കോണ്‍ റൈസ്
ചേരുവകള്‍:
ബസ്മതി അരി - ഒരു കപ്പ്
സ്വീറ്റ് കോണ്‍ - മുക്കാല്‍ കപ്പ്
സവാള - ഒന്ന് ചെറുത്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി
പട്ട - ഒരു കഷ്ണം
ഗ്രാമ്പു - നാല്
ഏലക്ക - രണ്ട്
തക്കോലം - ഒന്ന്
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
സണ്‍ഫ്‌ലവര്‍ ഓയില്‍ - രണ്ട് ടേബിള്‍സ്പൂണ്‍
ബട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മിക്‌സിയിലിട്ട് ഒറ്റത്തവണ അടിച്ചെടുക്കുക. കുക്കറില്‍ എണ്ണ ചേര്‍ത്ത് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം എന്നിവ ചേര്‍ത്ത് വഴറ്റിയതിനു ശേഷം ഈ ക്രഷ് ചെയ്ത കൂട്ട് ചേര്‍ത്ത് വഴറ്റുക. പച്ച മണം മാറുമ്പോള്‍ സ്വീറ്റ് കോണ്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് കുക്കര്‍ മൂടിവെച്ച് രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക. പ്രഷര്‍ പോയതിനു ശേഷം മൂടി തുറന്ന് ഒരു കപ്പ് വെള്ളവും ഗരംമസാലയും കൂടി ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കാം. തിളച്ചു വരുമ്പോള്‍ ഇതിലേക്ക് കുതിര്‍ത്തു വെച്ച റൈസും ചേര്‍ത്ത് ചെറുതീയില്‍ വെയിറ്റ് ഇടാതെ മൂടി വെച്ച് വേവിക്കുക. വെള്ളം വറ്റി, അരി വെന്ത് വരുമ്പോള്‍ മുകളില്‍ ബട്ടറും തൂവി നന്നായി യോജിപ്പിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: easy lunch box recipes for kids