നോമ്പുള്ളവരോട് ആഹാരമെവിടെ കിട്ടുമെന്ന് ചോദിച്ചു. അറിവില്ലായ്മയാണ്; പകരമവർ ദേഷ്യപ്പെട്ടിരുന്നെങ്കിൽ

സിറ്റിസ്കേപ് ദുബായ്| ഫോട്ടോ: getty images
സിറ്റിസ്കേപ് ദുബായ്| ഫോട്ടോ: getty images

ദുബായ്, ഒരിക്കലും എന്റെ യാത്രാലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലമല്ലായിരുന്നു. അമ്പരചുമ്പികളായ സമുച്ചയങ്ങളോട് വലിയ പ്രതിപത്തി പണ്ടുമുതൽക്കെ ഇല്ലാത്തതുകൊണ്ടും ദുബായ് സാമാന്യം പോക്കറ്റ് കീറുന്ന നഗരമായതുകൊണ്ടുമാവാം. പക്ഷെ, അമ്മ കുറച്ചു നാളായി ദുബായ് കാണണം എന്ന മോഹം പറയുന്നു. “ഇനിയെത്ര കാലമാ എനിക്ക് മര്യാദയ്ക്ക് നടക്കാൻ പറ്റുന്നതെന്നറിയില്ല. വല്ലോടത്തും വീഴുന്നതിനു മുൻപ് എനിക്കൊന്ന് ദുബായ് കാണണം.” ഈ ഡയലോഗ് കൂടി കേട്ടപ്പോൾ, എങ്കിൽ പിന്നെ പൊയ്ക്കളയാം എന്ന തീരുമാനത്തിൽ പുറപ്പെട്ടതാണ്! യാത്ര, നോമ്പുമാസം തുടങ്ങി പിറ്റേദിവസമാണ്. “ദുബായിയിൽ പകൽ ഭക്ഷണം കിട്ടാൻ അത്ര പ്രയാസമൊന്നുമില്ല. ധൈര്യമായി ഇങ്ങുപോരെ”, ദുബായിൽ സ്ഥിര താമസമാക്കിയ രാഖിച്ചേച്ചിയുടെ ഉറപ്പിൽ ബാക്കിയൊന്നും നോക്കിയില്ല.

ഉച്ചയോടെ ഞങ്ങൾ അമ്മയുടെ സ്വപ്നനഗരിയിൽ ലാൻഡ് ചെയ്തു. ഫ്‌ളൈറ്റ് ഇറങ്ങി ഇമിഗ്രേഷനും മറ്റും കഴിഞ്ഞപ്പോഴേക്കും സമയം രണ്ടുമണി കഴിഞ്ഞു. പുറത്ത് രാഖിച്ചേച്ചി കാത്തുനിൽപ്പുണ്ട്. 'വിശക്കുന്നു' എന്ന പല്ലവിയോടെയാണ് ഞാൻ കാറിൽ കയറിയതുതന്നെ. വണ്ടി വല്ലവിധേനെയും ഒരു മാളിൽ നിർത്തിയ ശേഷം ഞങ്ങൾ മൂന്നാളും അതിനകത്തേക്ക് കയറി. ഫുഡ് കോർട്ട് എവിടെ എന്ന് ആർക്കും പിടിയില്ല. താഴത്തെ നിലയുടെ ഒത്തനടുക്ക് മൂന്നു സുന്ദരികൾ നിൽപ്പുണ്ട്. കൂട്ടത്തിൽ അപ്‌സരസ്സിനെപ്പോലെ ഒരു പെണ്ണ്. നീളത്തിലുള്ള ചെമ്പൻ മുടി! മുന്നിൽ നെറ്റിക്ക് മുകളിലായി കുറച്ചു മുടി അലസമായി പാറുന്നുണ്ട്. ഇടതൂർന്ന കൺപീലികൾ. ലേശം ഫില്ലറുകൾ കയറ്റിയ, തക്കാളിപ്പഴം പോലെയുള്ള ചുണ്ടുകൾ. “ഫുഡ് കോർട്ട് എവിടെയാണ്?” രാഖിച്ചേച്ചി അവളോട് ഭവ്യമായി ചോദിച്ചു. മുകളിലേക്ക് കണ്ണുരുട്ടി കൂടെയുള്ള സുന്ദരികളോട് എന്തൊക്കെയോ പറഞ്ഞ്, അവൾ വഴിപറഞ്ഞുതന്നു. അതുപ്രകാരം ഞങ്ങൾ ഇടത്തേക്കും വലത്തേക്കുമൊക്കെ കറങ്ങിത്തിരിഞ്ഞെങ്കിലും ഫുഡ് കോർട്ടിന്റെ പൊടിപോലുമില്ല. അണ്ഡകടാഹം പോലെ കിടക്കുന്ന മാളിൽ കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ ആ പെൺപിള്ളേരുടെ അടുത്തുതന്നെ തിരിച്ചെത്തി. പിന്നീട് അവരുടെ തൊട്ടടുത്ത കൗണ്ടറിലെ ഒരു പെൺകുട്ടിയോട് വഴി ചോദിച്ചു. അവൾ വഴി പറഞ്ഞുതന്നശേഷം ഒരു ഡയലോഗ് കൂടെ ചേർത്തു, 'I am fasting.' അപ്പോഴാണ് രാഖിച്ചേച്ചിയുടെ ബൾബ് കത്തിയത്! “എടി അവർ നോമ്പെടുക്കുകയല്ലേ. ഫുഡ് കോർട്ട് എവിടെയാണെന്ന് ചോദിച്ചതിന് ഒരു പണി തന്നതാവും.” എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ശരിയാണ്, നോമ്പെടുക്കുന്നവരോട് ഭക്ഷണം എവിടെ കിട്ടും എന്ന് ചോദിച്ചത് ഞങ്ങളുടെ അറിവില്ലായ്മയാണ്. അവർ ദേഷ്യപ്പെട്ടിരുന്നെങ്കിൽ പോലും കുഴപ്പമില്ല. പക്ഷെ പ്രായമായ എന്റെ അമ്മയെ ഇത്രയും നടത്തിയിട്ട് എന്തു നേടി? എന്റെ രക്തം തിളച്ചു. “നീ ചോദിയ്ക്കാനൊന്നും നിൽക്കണ്ട. ഇവിടെ ചിലരൊക്കെ ഇങ്ങനെയാണ്. ഉച്ച കഴിയുമ്പോഴേക്കും അവർക്കിച്ചിരി ബുദ്ധിമുട്ടാണ്.” നമ്മുടെ നാട്ടിലെ നോമ്പും നോമ്പുതുറയുമെല്ലാം ഞാൻ മനസ്സുകൊണ്ട് സ്മരിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ഫുഡ് കോർട്ടും കണ്ടുപിടിച്ച് ഭക്ഷണവും കഴിച്ച് നേരെ ഹോട്ടലിൽ പോയി. 

Content Highlights: Visiting Dubai during the holy month of Ramadan. Discovery of authentic food spots like the famous Al Ustad Special Kabab., Exploration of Karama, Dubai's 'Mini Kerala', and its vibrant street food culture.

Continue reading