അയല, മത്തി, ചൂര, കാരി, കണവ, കിളിമീന്‍, കൂരി, കരിമീന്‍... നാടന്‍ കടയിലെ മറക്കാനാവാത്ത ഒരൂണ്

രുചിയോര്‍മ
#ഡോ.ജിജി ജെ. അലക്‌സ്
വര- ലിജീഷ് കാക്കൂർ
വര- ലിജീഷ് കാക്കൂർ

ല്ല ചൂട് ചെമ്പാവരിച്ചോറ് കറിയും കൂട്ടി വീട്ടില്‍ കഴിക്കുന്ന അതേ രുചിയില്‍ കിട്ടുന്ന ഒരു കടയുണ്ട് വഞ്ചിയൂര് കച്ചേരിക്കടുത്ത്. അതാണ് 'നാടന്‍ കടയും വീട്ടിലെ ഊണും', ഭര്‍ത്താവ് ഒരു വക്കീലായത് കൊണ്ടു മാത്രം അറിയാന്‍ കഴിഞ്ഞ ഒരിടം. ചെറിയ ഒരു ഹാള്‍. അവിടെ ഒരു കൗണ്ടറും, പിറകിലായി അടുപ്പുകളും ഒക്കെ ഉള്ള ഒരിടം. അവിടേക്കാണ് ഒരിക്കല്‍ എന്റെ പ്രിയതമന്‍ ഭക്ഷണം കഴിക്കാനായി കൊണ്ട് പോയത്. ഈ ഇട്ടാവട്ടത്തിരുന്നു എന്തു കഴിക്കണം എന്ന് മനസ്സില്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് അകത്തു നിന്നും കടന്നുവന്ന രുചിക്കാറ്റ് ആ ഇടത്തിലേക്കെന്നെ ഉന്തിയിട്ടത്. 

ചിരിച്ചുകൊണ്ടുള്ള സ്വീകരണം, 'ആ വരണം ഇരിക്കണം, അകത്തോട്ടു പൊയ്‌ക്കോളൂ സീറ്റുണ്ട്', ഇങ്ങനെ അശരീരി പോലെ ആരോ പറയുന്നുണ്ട്. ആളെഴുന്നേല്‍ക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇരിക്കുന്നുണ്ട്. 'ആ അഞ്ചാമത്തെ മേശ ഇരുന്നൂറ്റമ്പതു' 'ഏഴില് ഒരൂണും രണ്ട് കൊഞ്ചും' അങ്ങനെയും അശരീരികള്‍ മുഴങ്ങുന്നുണ്ട്.എങ്ങും സ്ഥലമില്ലല്ലോയെന്ന് വിചാരിച്ച്, ഏകദേശം കഴിച്ചു തീരാറായ ഒരു ചേട്ടന്റെ അടുത്ത് വെറുതെ ഇപ്പൊ തീരൂല്ലോ എന്ന പ്രതീക്ഷയുമായി ഞാന്‍ നിന്നു, അപ്പുറത്തു തന്നെ എന്റണ്ണനും. അവസാനം റിലേ മത്സരത്തിന് ഓടാനെന്നോണം ആ ചേട്ടന്‍ എഴുന്നേല്‍ക്കലും, ഞാന്‍ ഇരിക്കലും ഒരുമിച്ചു നടന്നു, 'ഇതെന്തു പാടപ്പ' എന്ന് വിചാരിച്ച്  ആ ചേട്ടന്‍ എണീറ്റ് തന്നു.  

അങ്ങനെ ഇരുന്നപ്പോഴേക്കും ഇലയിട്ട് ഒരു ചേട്ടന്‍ മാറി, അപ്പോഴേക്കും ഒരു ചേച്ചി തൂക്കുപാത്രവുമായി വന്ന് നാല് കൂട്ടം കറികള്‍ വിളമ്പി. അതില്‍ അച്ചാറും ഞങ്ങള്‍ ചള്ളാസ് എന്ന് ചെല്ലപ്പേരിട്ടിരിക്കുന്ന സാലഡും  പിന്നൊരു തോരനും ചെറിയ ഒരു സ്പൂണ്‍ അവിയലും. മേശപ്പുറത്തു വെണ്ണപോലെ വെന്ത കപ്പ, വെള്ളം പോലത്തെ ചാറുമീന്‍കറി, സാമ്പാര്‍, രസം, പച്ചമോര്, വെള്ളം എന്നിവ നിരന്നു. അപ്പോഴേക്കും പ്രധാന കഥാപാത്രങ്ങള്‍ രംഗത്തെത്തി. അവര്‍ ഒരു ട്രേയില്‍ ചെറിയ സോസറുകളില്‍ വന്നു മുന്‍പില്‍ നിന്ന് പ്രലോഭിപ്പിക്കാന്‍ തുടങ്ങി.

തൈക്കുടം ബ്രിഡ്ജിന്റെ പാട്ടു  പോലെ 'ഇടഞ്ഞെന്തേ നിന്നു പൊന്നേ, പിടഞ്ഞെന്നെ കൊല്ലും കണ്ണേ' എന്ന് മൂളി കൊണ്ട് ഞാനങ്ങനെ ഇരുന്നു, പിന്നെ നോക്കുമ്പോള്‍ അയല, മത്തി, ചൂര, കാരി, കണവ, കിളിമീന്‍, കൂരി, കരിമീന്‍ അങ്ങനെ എണ്ണമറ്റ വിഭവങ്ങള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടു. കൂട്ടത്തില്‍ നിന്നും, കൊഞ്ചും കണവയും ഭര്‍ത്താവ് തിരഞ്ഞെടുത്തു തന്നു, വറുത്തു വെച്ചിരുന്ന കൊഴിയാള അരപ്പിനടിയിലൂടെ എന്നെ കണ്ണിറുക്കി കാണിച്ചത് കൊണ്ട് എനിക്ക് അതിനെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. അതില്‍ ഒരു പ്ലേറ്റ് ഞാനും എടുത്തു. ഭക്ഷണം ഒരു നിര്‍വൃതി ആയിരുന്നു. ചാറു പോലെ വേവിച്ച കപ്പയും, ഏരിയന്‍ തീയലും, മീനില്ലാത്ത മീന്‍കറിയും. മോരും, സാമ്പാറും, രസവും, ഒക്കെ കൂട്ടിയൊരു ഗംഭീര ഊണ്. അവസാനം ഇറങ്ങാന്‍ നേരം ബില്ലടച്ചു ഒരു കപ്പലണ്ടിമുട്ടായി കൂടെ ആയാല്‍ സ്വസ്തി.

അതിന്റെ ഹാങ്ങോവര്‍ മാറാത്തത് കൊണ്ടാകും, മാസത്തിലൊരിക്കല്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഞാന്‍ ആ  ഊണിടം തേടി ചെല്ലുമായിരുന്നു. അവിടുത്തെ മറ്റൊരു പ്രത്യേകത അമ്മമാരും ചേച്ചിമാരുമാണ് മീന്‍ വറുക്കുന്നതും, കറി വിളമ്പുന്നതുമൊക്കെ. കേസ് ജയിച്ചവരും, തോറ്റവരും, നടന്നുകൊണ്ടിരിക്കുന്നവരും, അവരുടെ അഭിഭാഷകരും അങ്ങനെ ഒരു വലിയ ചെറിയ വ്യവഹാര കേന്ദ്രം അവിടെ ഭക്ഷണം കഴിക്കാന്‍ വരും. 

ഒരിക്കല്‍ ഒരു കൂട്ടുകാരി വിളിച്ചു ചോദിച്ചു, 'തിരുവനന്തപുരത്തു വെറൈറ്റി ഫുഡ്  എവിടെ കിട്ടും സഖി', 'ദാ ഇങ്ങു പോരെ നമ്മുടെ കോടതീടെ മുന്‍പില്‍' എന്ന് പറഞ്ഞ് കൊടുത്തു, അവര്‍ അവരുടെ മറ്റൊരു കൂട്ടുകാരിയുമായി വന്ന്, നിറയെ ഭക്ഷണം കഴിച്ച്, അവിടുത്തെ ഫോട്ടോ ഒക്കെ എടുത്തു, അതു മാഗസിനിലും കൊടുത്തു, ചേട്ടനും ഹോട്ടലും അങ്ങനെ ഫേമസ് ആയി, ഫേമസ് ആക്കിയതിന്റെ ക്രെഡിറ്റ് പലപ്പോഴും ചേട്ടന്‍ എനിക്ക് തന്നെ തരും. വല്ലപ്പോഴുമൊന്ന്  കഴിക്കാന്‍ കയറിയാല്‍ അപ്പോ ചേട്ടന്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയുമായി എത്തും. അയ്യോ മാഡമുണ്ടായിരുന്നോ. അല്‍പ്പം തീയല്‍, പിന്നെ ചിലപ്പോള്‍ അരപ്പ് കൂട്ടിയെടുത്ത വറുത്ത മീന്‍, ചിലപ്പോ മീന്‍ചാര്‍ അങ്ങനെ ആ ചേട്ടന്‍ തരുന്ന ഉപകാരസ്മരണകള്‍ ഓരോ പ്രാവശ്യവും അവിടെ പോകാന്‍ എനിക്ക് കിട്ടുന്ന കൈക്കൂലിയാണോ എന്നൊരു വര്‍ണ്യത്തിലാശങ്ക ഇല്ലാതില്ല.
 

Content Highlights: dr.gigi j alex share her memories about kerala special nadan lunch