വനത്തിനുള്ളില്‍ കൂമ്പാരമായി 20 മൃതദേഹങ്ങള്‍, ഒന്നിലും പരിക്കില്ല; നിലവിളിയുയരുന്ന, നിഴലനങ്ങുന്ന പ്രേതവനം

ഡെറിങ് വുഡ്‌സ്(Getty Images)
ഡെറിങ് വുഡ്‌സ്(Getty Images)

ഇംഗ്ലണ്ടിലെ കെന്റില്‍ സ്മാര്‍ഡന്‍, പ്ലക്ക്‌ലി എന്നീ ഗ്രാമങ്ങള്‍ക്കിടയിലാണ് കുപ്രസിദ്ധമായ ഡെറിങ് വുഡ്‌സ്. പ്രേതബാധയുള്ള ഈ വനത്തിന് സ്‌ക്രീമിങ് വുഡ്‌സ് (നിലവിളിക്കുന്ന വനം) എന്നും പേരുണ്ട്. രാത്രികാലങ്ങളില്‍ വനത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഭയാനകമായ നിലവിളികളെയും മൂടല്‍മഞ്ഞുള്ള ദിവസങ്ങളില്‍ കേള്‍ക്കുന്ന കാല്‍പ്പെരുമാറ്റങ്ങളെയും അടക്കംപറച്ചിലുകളെയും കണക്കിലെടുത്താണ് ഇങ്ങനെയൊരു പേര്.

വഴിതെറ്റിപ്പോയവരുടെ ആത്മാക്കളാണ് വനത്തില്‍ അലഞ്ഞുതിരിയുന്നതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ ആത്മഹത്യ ചെയ്ത ഒരു കേണലിന്റെയും മരത്തില്‍ തറച്ച് ശിരച്ഛേദം ചെയ്യപ്പെട്ട ഒരു കൊള്ളക്കാരന്റെയും ആത്മാക്കള്‍ ഇവിടെയുണ്ടെന്നാണ് കഥ. വനത്തിലൂടെ കടന്നുപോയപ്പോള്‍ കറുത്ത നിഴല്‍ രൂപങ്ങള്‍ പിന്തുടര്‍ന്നതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. 

ഡെറിങ് വുഡ് കൂട്ടക്കൊലയുടെ കഥ ഏറെ പ്രശസ്തമാണ്. 1948 നവംബര്‍ 1-ന് രാവിലെ, മാള്‍ട്ട്മാന്‍സ് ഹില്‍ പ്രദേശത്തുനിന്നുള്ള ഇരുപത് പേരെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതില്‍ പതിനൊന്ന് പേരും കുട്ടികളായിരുന്നു. കൂമ്പാരമായിക്കിടന്ന മൃതദേഹങ്ങളില്‍ ആരുടെ ശരീരത്തിലും മുറിവുകളൊന്നും കാണാനില്ലായിരുന്നു.

ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, ഹാലോവീന്‍ രാത്രിയില്‍ വനത്തില്‍ നിന്ന് വിചിത്രമായ പ്രകാശരശ്മികള്‍ പുറപ്പെടുന്നത് കണ്ടതായി സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതാനും ആഴ്ചകള്‍ക്കുശേഷം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയാണ് കാരണമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം തിടുക്കത്തില്‍ അവസാനിപ്പിച്ചത് അക്കാലത്ത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നില്‍ പോലീസിന്റെ പങ്കോ അല്ലെങ്കില്‍ എന്തെങ്കിലും മറച്ചുവെക്കലോ ഉണ്ടാകാമെന്ന് ചിലര്‍ വാദിച്ചു.

1964-ല്‍, സ്മാര്‍ഡനില്‍ ഒരു അജ്ഞാത മതവിഭാഗം പ്രവര്‍ത്തിക്കുന്നതായി കിംവദന്തി പടര്‍ന്നു. അതെക്കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്താനായി സ്വകാര്യ കുറ്റാന്വേഷകനായ റോബര്‍ട്ട് കോളിന്‍സ് പ്രദേശവാസികളെ കണ്ടുമുട്ടി അന്വേഷണം നടത്തി. അടുത്ത വര്‍ഷം ഒരു ദാരുണമായ കാറപകടത്തില്‍ അദ്ദേഹം മരിച്ചു. അങ്ങനെ ആ അന്വേഷണം പാതിവഴിയില്‍ നിലച്ചു. അതും പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

കൂട്ടക്കൊല നടന്ന് കൃത്യം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1998 ഒക്ടോബറില്‍ മറ്റൊരു ദുരൂഹസംഭവം കൂടിയുണ്ടായി. വനം സന്ദര്‍ശിക്കാനെത്തിയ നാല് കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി. അതേ രാത്രി, പ്ലക്ക്‌ലിയിലെ താമസക്കാര്‍ വനത്തിന് മുകളിലെ ആകാശത്ത് 'ചിലന്തിവലകള്‍ക്ക് സമാനമായ പ്രകാശരൂപങ്ങള്‍' തിളങ്ങുന്നത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഒരിക്കലും കണ്ടെത്താനായില്ല. മൂന്നാഴ്ചയ്ക്ക് ശേഷം പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

വിശദീകരിക്കാനാകാത്ത നിലവിളികളുടെയും പ്രേതരൂപങ്ങളുടെയും ദുരൂഹമരണങ്ങളുടെയും അപ്രത്യക്ഷരായ സന്ദര്‍ശകരുടെയും ചരിത്രം ഇവിടേക്ക് പാരാനോര്‍മല്‍ ഗവേഷകരെയും സാഹസികരെയും ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Dering Woods in England, famous for its chilling screams, ghostly sightings, and the unsolved 1948 massacre. Uncover the mysteries of this haunted forest. Click to learn more!