നീളംകൂടിയ മുളപ്പാലം; മഴക്കാലമാകുമ്പോൾ പൊളിച്ചുമാറ്റും, വേനൽക്കാലത്ത് പുനർനിർമാണവും

മുളകൊണ്ടുള്ള ലോകത്തിലെ ഏറ്റവും നീളംകൂടിയ പാലമുള്ളത് കംബോഡിയയിലാണ്. എന്നാൽ അതിനേക്കാൾ കൗതുകകരമായ കാര്യം, ഈ പാലം എല്ലാ വർഷവും പൊളിച്ചുമാറ്റുമെന്നതാണ്.
മെകോങ് നദിക്ക് കുറുകെയാണ് ഈ പാലമുള്ളത്. ഈ പാലം ബന്ധിപ്പിക്കുന്നത് കോ പായെൻ ദ്വീപിനെയും, കംബോഡിയയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ കാംപോങ് ചാമിനെയുമാണ്. മറ്റൊരു കോൺക്രീറ്റ് പാലവുമുണ്ടെങ്കിലും, ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് ഈ മുളപ്പാലത്തെയാണ്. അതുകൊണ്ടുതന്നെ പട്ടണത്തിലേക്കുള്ള സഞ്ചാരം എളുപ്പമാക്കുന്നു എന്നതിലുപരി, വിനോദസഞ്ചാരസാധ്യത കൂടിയാണ് പാലം തുറന്നിടുന്നത്.
ആളുകൾക്ക് സുഖമായി നടന്നുപോകാമെന്ന് മാത്രമല്ല, ചെറുവാഹനങ്ങൾക്കും കടന്നുപോവാൻ പറ്റുന്ന രീതിയിലാണ് അതിന്റെ നിർമാണം. കാറുകൾക്കും ചെറിയ ട്രക്കുകൾക്കുമെല്ലാം സുഖമായി സഞ്ചരിക്കാൻ പറ്റും.
മഴക്കാലമാകുമ്പോൾ മെകോങ് നദിയിലെ ജലനിരപ്പ് കൂടും, അടിയൊഴുക്കിലും വലിയ വ്യത്യാസം വരുന്നത്. മുളപ്പാലത്തിന് അതിനെയെല്ലാം അതിജീവിക്കാൻ കഴിയാതെ വരികയും ചെയ്യും. ആ സമയമാകുമ്പോഴേക്കും മുളപ്പാലം പൊളിച്ചുമാറ്റി, മുളയെല്ലാം കൂടി സൂക്ഷിച്ചുവെക്കും. അതല്ലെങ്കിൽ മറ്റെന്തെങ്കിലും നിർമാണത്തിനായി ഉപയോഗിച്ചേക്കാം.
മഴക്കാലത്ത് ഫെറികളെയും ബോട്ടുകളെയുമാണ് ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്. മഴ മാറി വേനലിലേക്ക് കടക്കുമ്പോൾ വീണ്ടും പാലം ഉയർന്നുതുടങ്ങും. ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് മെകോങ് നദിക്ക് കുറുകെ പാലമുയരുന്നത്. അപ്പോഴേക്കും നദിയിലെ ജലനിരപ്പ് ഏറ്റവും കുറഞ്ഞ നിലയിലായിരിക്കും.
തദ്ദേശവാസികൾ മാത്രമല്ല, ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ പാലത്തിലൂടെ യാത്ര ചെയ്യാനായി ഇവിടെയെത്തുക. ആദ്യമൊക്കെ സൗജന്യമായിരുന്നു മുളപ്പാലത്തിലൂടെയുള്ള യാത്ര. ഇപ്പോഴതിന് ഒരു ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് ഒരു ഡോളറാണ് ചാർജ്.
പാലം നിർമിക്കുന്നതും പൊളിച്ചുമാറ്റുന്നതുമെല്ലാം പ്രദേശവാസികളാണ്. വിനോദസഞ്ചാരികൾ ഈ പാലം പ്രധാനമായും ഉപയോഗിക്കുന്നത് ദ്വീപിലേക്കുള്ള യാത്രയ്ക്കാണ്. പ്രാദേശികഭക്ഷണം രുചിക്കാനും ദ്വീപ് നിവാസികളുടെ സംസ്‌കാരവും ജീവിതവും അടുത്തറിയാനുമാണ് അവരിവിടേക്കെത്തുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Cambodia`s longest bamboo bridge, rebuilt annually after the rainy season