നല്ല ചൂട് ബുഖാരി റൈസും മസാല ഷവായയും; പെരുന്നാൾ പാചകം 'പൊളിക്കും'

പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

റംസാൻ നിലാവ് കണ്ടാൽ പിന്നെ പെരുന്നാളിന് വിളമ്പാനുള്ള മെനു തയ്യാറാക്കുന്നതാണ് പ്രധാന ജോലി. ഇത്തവണ ബിരിയാണി വേണ്ടെന്നുവെച്ചാലോ? വ്യത്യസ്തമായി അറേബ്യൻ പാചകം പരീക്ഷിച്ചുനോക്കാം. നല്ല ചൂട് ബുഖാരി റൈസിന് മുകളിൽ മസാല ഷവായ വെച്ച് വിളമ്പി, സമൃദ്ധമായൊരു പെരുന്നാൾ വിരുന്ന് ആഘോഷിക്കാം.
ബുഖാരി റൈസ്
ചേരുവകൾ:

ബസ്മതി അരി - മൂന്ന് കപ്പ്
നെയ്യ് - മുക്കാൽ കപ്പ്
സവാള - രണ്ടെണ്ണം
കാരറ്റ് - രണ്ടെണ്ണം
ടൊമാറ്റോ പേസ്റ്റ് - മൂന്ന് ടേബിൾ സ്പൂൺ
കിസ്മിസ് - കാൽ കപ്പ്
അറബിക് മസാല - രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ഡ്രൈഡ് ലെമൺ - രണ്ടെണ്ണം
ബേ ലീഫ് - രണ്ട്
പട്ട - രണ്ട് ഇഞ്ച് നീളത്തിൽ
ഗ്രാമ്പൂ - അഞ്ച്
ഏലക്ക - അഞ്ച്
തക്കോലം - മൂന്ന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ബസ്മതി അരി കഴുകി വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി അതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, ബേ ലീഫ് എന്നിവ ചേർക്കുക. നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് ഇളം ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റുക. ശേഷം കാരറ്റ് നീളത്തിൽ നേരിയതായി അരിഞ്ഞ് ചേർക്കുക. ഇടത്തരം തീയിൽ വച്ച് കാരറ്റ് പകുതി വേവ് ആകുമ്പോൾ കിസ്മിസ് ചേർക്കുക. ടൊമാറ്റോ പേസ്റ്റും ചേർത്ത് വഴറ്റുക. ഇനി അറബിക് മസാലയും കുരുമുളകുപൊടിയും ചേർക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം നാലര കപ്പ് തിളച്ച വെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത്, കുതിർത്തുവെച്ച അരിയും ചേർക്കുക. ഡ്രൈഡ് ലെമണിട്ട് തിളച്ചതിനുശേഷം ചെറുതീയിൽ മൂടിവെച്ച്, ഇടയ്ക്ക് ഇളക്കി, വെള്ളം വറ്റുന്നതുവരെ വേവിച്ചെടുക്കാം.
മസാല ഷവായ
ചേരുവകൾ:

ഫുൾ ചിക്കൻ - ഒന്ന്
സവാള - ഒന്ന്
തക്കാളി - ഒന്ന്
ഇഞ്ചി - രണ്ട് ഇഞ്ച് നീളത്തിൽ
വെളുത്തുള്ളി - ഒന്ന്
ടൊമാറ്റോ പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
അറബിക് മസാല - മൂന്ന് ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
വിനീഗർ - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്, എണ്ണ, മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കൻ തൊലിയോടുകൂടി തന്നെ നന്നായി കഴുകി, ഒരു ഫോർക്ക് കൊണ്ട് എല്ലാ ഭാഗത്തും പ്രിക്ക് ചെയ്തുവയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിന എന്നിവ അരച്ചെടുക്കുക. ഇതിലേക്ക് അറബിക് മസാലയും കാശ്മീരി മുളകുപൊടിയും ടൊമാറ്റോ പേസ്റ്റും വിനീഗറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. പ്രിക്ക് ചെയ്തുവെച്ച ചിക്കനിലേക്ക് ഈ കൂട്ട് ചേർത്ത് കൈകൊണ്ട് തിരുമ്മി യോജിപ്പിച്ച്, മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം. ശേഷം കുക്കറിൽ ചിക്കൻ, മസാലയോടു കൂടി ചേർത്ത്, ഒരു വിസിൽ വന്നതിനുശേഷം ചെറുതീയിൽ വെച്ച് മൂന്നു വിസിൽ കൂടി വരുന്നതുവരെ വേവിക്കുക. പാനിൽ മൂന്ന് ടേബിൾ സ്പൂൺ സൺഫ്‌ളവർ ഓയിൽ ചൂടാക്കി, വേവിച്ച ചിക്കൻ വെച്ച് തിരിച്ചും മറിച്ചുമിട്ട് എല്ലാ വശവും മൊരിയുന്നതുവരെ ഷാലോ ഫ്രൈ ചെയ്‌തെടുക്കുക. ശേഷം ഇതേ പാനിലേക്ക് മസാലയും ചേർത്ത് കുറുക്കി എടുത്ത് ചിക്കനുമുകളിൽ തൂവി വിളമ്പാം.

അറബിക് മസാല വീട്ടിൽ തന്നെ തയ്യാറാക്കാം. മല്ലി, വറ്റൽ മുളക്, പെരുംജീരകം, കുരുമുളക്, പട്ട, ഗ്രാമ്പു, ഏലക്ക, ജാതിപത്രി, സാ ജീരകം, നല്ല ജീരകം എന്നിവ ഒന്ന് ചൂടാക്കി പൊടിച്ചെടുത്താൽ മതി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bring the taste of Arabia to your iftar table with this delicious Bukhari Rice